Skip to main content
Srishti-2019   >>  Article - Malayalam   >>  പരിസ്ഥിതി സംരക്ഷിക്കാനുള്ള ഒരു സംസ്കാരം എങ്ങനെ ഉണ്ടാക്കിയെടുക്കാം

പരിസ്ഥിതി സംരക്ഷിക്കാനുള്ള ഒരു സംസ്കാരം എങ്ങനെ ഉണ്ടാക്കിയെടുക്കാം

Written By: Mini M Thomas
Company: PIT solutions

Total Votes: 0

പരിസ്ഥിതി സംരക്ഷിക്കാനുള്ള ഒരു സംസ്കാരം എങ്ങനെ ഉണ്ടാക്കിയെടുക്കാം.

 

“ പുഴയെ ഊറ്റി മണലെടുത്ത് വിറ്റ് വിറ്റ്,

മണലൂറ്റി പുഴ കെട്ടി പുഴ തന്നെ ഇല്ലാതായാൽ,

നാട് കേറി ചെന്ന് ചെന്ന് കാടുവെട്ടി തിന്നുതീർത്താൽ,

മരവുമില്ല മൃഗവുമില്ല കാട് തന്നെയില്ലാതായാൽ,

വണ്ടി തിങ്ങി തിങ്ങി റോഡ് മുഴുവൻ നിറഞ്ഞ് നിന്നാൽ,

യന്ത്രങ്ങൾ ഞരങ്ങി മൂളി നാട് മുഴുവൻ പുക നിറച്ചാൽ,

ശ്വാസമില്ലാതായാൽ,ഒരു ചെറിയ കാറ്റുപോലും വീശാതായാൽ,

വെള്ളമില്ലാതായാൽ, ഒരു കുഞ്ഞു മഴപോലും പെയ്യാതായാൽ,

കുറെയേറെ കഷ്ടപ്പെടും

നമ്മളൊക്കെ കഷ്ടപ്പെടും”

ഊരാളി എന്ന സംഗീത ബാൻഡിന്റെ ഈ ഗാനം ഇരുകൈകളും നീട്ടിയാണ് യുവത്വം ഏറ്റുവാങ്ങിയത് . ദുരന്തം വിതച്ച പ്രളയത്തെ അതിജീവിക്കുന്ന കേരളത്തിനുള്ള ഒരു ഓർമ്മപ്പെടുത്തലായിരുന്നു ഈ ഗാനം. മണ്ണും മലയും കാടും ജലവും അന്യമാക്കി , വികസനത്തിന്റെ പാതയിലേക്ക് ബഹുദൂരം കുതിക്കുന്ന ഓരോ മനുഷ്യനുമുള്ള മുന്നറിയിപ്പ് .

           പ്രളയം !! കേരളജനത ഇന്നും ഞെട്ടലോടെയാണ് ഈ ദുരന്തത്തെ ഓർക്കുന്നത് . നേടിയതൊക്കെ അന്യമായിപ്പോയ ദുരന്തഭൂമിയായി കേരളം മാറാൻ അധികദിവസങ്ങളൊന്നും വേണ്ടി വന്നില്ല. തോരാതെ പെയ്ത മഴയേയും, നിറഞ്ഞു കവിഞ്ഞ നദികളെയും നിയന്ത്രിക്കാൻ കഴിയാതെ മനുഷ്യർ നിഷ്ക്രിയരായിപോയ ദിനങ്ങൾ. ഇതൊരു മുന്നറിയിപ്പ് മാത്രം എന്ന് നമ്മെ പഠിപ്പിക്കാൻ തക്ക രീതിയിൽ വന്ന മഴ മാറി, നദികൾ അടങ്ങി, സൂര്യൻ തെളിഞ്ഞു. ഓരോ മനുഷ്യരും ജീവിതത്തിലേക്ക് തിരിച്ചുവരുവാൻ ഇപ്പോഴും കഷ്ടപ്പെടുന്നു. ഇനിയും ഇതുപോലൊരു ദുരന്തം താങ്ങാൻ കേരളത്തിന് കഴിയുമോ എന്ന് സംശയമാണ്. കേരളത്തിന് സംഭവിച്ചത് ഒരു ഉദാഹരണം മാത്രം. സ്ഥലകാലമില്ലാതെ നാളെ ഭൂമിയിൽ എവിടെയും ഇത്തരം പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കപ്പെടാം. ഭൂമിയോട് ചെയ്യുന്ന ഓരോ ക്രൂരതയ്ക്കും ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന ഭയം പരിസ്ഥിതി സംരക്ഷണത്തിനുള്ള ഒരു തുടക്കമാവട്ടെ .

          വളർന്നുവരുന്ന തലമുറയാണ് ഭൂമിയുടെ നിലനിൽപ്പ്. ഏതൊരു സംസ്കാരത്തിന്റെയും വിത്ത് പാകേണ്ടത് ഇളം മനസ്സുകളിലാണ്. വരും തലമുറകൾ പരിസ്ഥിതി സംരക്ഷകരാകണമെങ്കിൽ, ഇന്നത്തെ തലമുറ നമ്മുടെ മണ്ണിനെയും മരത്തെയും നദികളെയുമൊക്കെ സ്നേഹിക്കാനും സംരക്ഷിക്കാനും പരിശീലിക്കണം. ഇംഗ്ലീഷ് സംസാരിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് ഭയപ്പെടുത്തുന്ന വിദ്യാലയങ്ങൾ, അശ്രദ്ധമായി വലിച്ചെറിയുന്ന ഓരോ പേപ്പർ കഷണങ്ങൾക്കും പിഴ ഈടാക്കണം. ഭൂമിയെന്നത് പക്ഷിമൃഗാദികളും , മരവും, പുഴയും, കാടും, മഴയും ഒക്കെയുള്ളതാണെന്ന തിരിച്ചറിവ് ഓരോ കുഞ്ഞുഹൃദയങ്ങളിലും ഉണ്ടാകണം.
ആഗോളതാപനവും, വരൾച്ചയും, മലിനീകരണവും വനനശീകരണവുമൊക്കെ പുസ്തകത്താളുകളിലെ അധ്യായങ്ങളായി മാറിയത് കൊണ്ട് മാത്രം വിദ്യാർഥികൾ പരിസ്ഥിതി സംരക്ഷകരാകില്ല. സ്വന്തം വീടുകളിൽ അവർക്ക് പാലിക്കാൻ തക്ക മാതൃകകൾ ഉണ്ടാവണം. പ്ലാസ്റ്റിക് കത്തിക്കാത്ത അമ്മൂമ്മയെയും, വൈദ്യുതി പാഴാക്കാത്ത അച്ഛനേയും, പരിസരങ്ങൾ വൃത്തിയാക്കുന്ന അമ്മയേയുമൊക്കെ ഓരോ കുട്ടിയും കണ്ട് വളരണം. പാഠപുസ്തകങ്ങളിലെ പരിസ്ഥിതി സംരക്ഷണപാഠങ്ങൾ പരീക്ഷകളിൽ ജയിക്കാനുള്ള ഒരു ഉപാധിയായി കണ്ട് ഹൃദിസ്ഥമാക്കുന്നത്കൊണ്ട് നമ്മുടെ പ്രകൃതി നിലനിൽക്കില്ല. അക്ഷരങ്ങൾ പ്രവർത്തികളായി ഉടലെടുക്കാൻ ശരിയായ പ്രവർത്തനശൈലി വീടുകളും വിദ്യാലയങ്ങളും കൈക്കൊള്ളണം.

വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനകളും വിദ്യാഭ്യാസസ്ഥാപനങ്ങളും പരിസ്ഥിതിദിനത്തിൽ നടത്തുന്ന വൃക്ഷത്തൈ വിതരണവും, വൃക്ഷത്തൈ നടീലും ഗാന്ധിജയന്തി ദിനത്തിലെ ശുചീകരണ പ്രവർത്തനങ്ങളും ഏറെ ശ്ലാഘനീയമാണ് . ഒക്ടോബർ 2 ന്റെ സേവനവാരവും , ജൂണ് 5 ലെ വൃക്ഷത്തൈ നടീലും കൊണ്ട്‌ മാത്രം ഭൂമി സംരക്ഷിക്കപ്പെടില്ല. നട്ട മരങ്ങളെ മാത്രമല്ല, വളർന്നുവരുന്ന ഓരോ ചെറുനാമ്പുകളെയും സംരക്ഷിക്കുവാൻ കഴിയുന്ന മനസ്സും,  മണ്ണിനെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കുറയ്ക്കാനുള്ള തന്റേടവുമൊക്കെ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാണ് .

        ഇന്നത്തെ നദികൾ, മാലിന്യങ്ങളുടെ കൂമ്പാരങ്ങളാണ് . മലിന്യനിർമാർജനത്തിനുള്ള ശരിയായ സംസ്കരണമാർഗങ്ങൾ നമ്മുടെയിടയിൽ നടപ്പാക്കാത്തിടത്തോളം കാലം നദികളും റോഡരികുകളും മാലിന്യകേന്ദ്രങ്ങൾ തന്നെയായിരിക്കും . ജനനായകർ, ഗവണ്മെന്റ് അധികാരികൾ ഇത്തരം വിഷയങ്ങളിൽ പഠനം നടത്തുകയും ഓരോ വീടുകളിലെയും മാലിന്യ നിർമാർജനത്തിനുള്ള വഴികൾ കണ്ടെത്തുകയും വേണം.വനനശീകരണം, മാലിന്യനിർമാർജനം, പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം,വായു മലിനീകരണം, വയൽനികത്തൽ തുടങ്ങി ഭൂമിക്ക് ഭാരം നൽകുന്ന എല്ലാ പ്രവർത്തനങ്ങളെയും പൂർണമായി നീക്കം ചെയ്യാൻ സാധിക്കണം.  പണചിലവ് കുറച്ച് ജീവിക്കാനുള്ള വഴികളാണ് മനുഷ്യർ തിരയുന്നത്. മാലിന്യനിർമാർജനത്തിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ഒരു രൂപപോലും ചെലവില്ലാതെ , പ്ലാസ്റ്റിക്കുകൾ കത്തിക്കാനും മാലിന്യങ്ങൾ വഴിയിലേക്ക് വലിച്ചെറിയാനും നാം മടിക്കാത്തത്. മറ്റുമാർഗങ്ങൾ കണ്ടെത്താൻ കഴിയാതെ വരുമ്പോൾ വീടുകളിലെ പ്ലാസ്റ്റിക്കുകൾ കത്തിക്കുകയല്ലാതെ നിർവാഹമില്ല. മാലിന്യങ്ങൾ പുഴകളിലേക്ക് വലിച്ചെറിയുന്നത് തന്നെയാണ് മനുഷ്യർക്ക് ഏറ്റവും പണക്കുറവുള്ള പണി. പ്ലാസ്റ്റിക്

കത്തിക്കാതെയും മാലിന്യങ്ങൾ വലിച്ചെറിയതെയുമിരിക്കണമെങ്കിൽ, അവ നിർമാർജനം ചെയ്യാനുള്ള വഴികളും മുൻപിൽ തുറന്നിടണം.അപ്രസക്തമായ വിഷയങ്ങളെച്ചൊല്ലി ഭരണപക്ഷങ്ങളും പ്രതിപക്ഷങ്ങളും തമ്മിൽ തല്ലുമ്പോൾ, എല്ലാത്തിനേക്കാളും വലുത് നാം ചവിട്ടി നിൽക്കുന്ന മണ്ണും ശ്വസിക്കുന്ന വായുവുമാണെന്ന സത്യം വിസ്മരിക്കരുത് .

 

          കെട്ടിപ്പെടുത്തുന്ന ബിസിനസ്സ് സാമ്രാജ്യമല്ല , കാലിനടിയിലെ മണ്ണാണ് വലുത് എന്ന് ചിന്തിക്കാൻ കഴിയുന്ന സമൂഹമായി നാം മാറണം . പച്ചപ്പ് തേടി വിവിധരാജ്യങ്ങളിൽനിന്ന് നമ്മുടെ നാടുകളിൽ കടന്നുവരുന്നവർ നമുക്കൊരു പ്രതീക്ഷയാണ് . പണത്തെക്കാൾ വലുതാണ് , ഹരിതാഭമായ അന്തരീക്ഷം എന്ന സന്ദേശമാണ് അവർ നമുക്ക് പകർന്ന് തരുന്നത്. അപ്പോൾ പരിസ്ഥിതി സംരക്ഷിക്കുന്ന സംസ്കാരം നാം വളർത്തിയില്ലെങ്കിൽ, നഷ്ടപ്പെടുന്നത് ഹരിതാഭമായ നമ്മുടെ നാടിനെയാണ്.  ലോകം വികസനത്തിന്റെ പാതയിലാണ്. ശാസ്ത്രസാങ്കേതിക വിദ്യയുടെ കടന്നുകയറ്റം ലോകത്തെ മുഴുവൻ ഒരു കുടക്കീഴിൽ ആക്കിയിരിക്കുന്നു. വ്യാവസായിക വികസനങ്ങളോടൊപ്പം പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനങ്ങൾക്ക് പ്രാധാന്യം കൊടുത്താൽ രാഷ്ട്രീയ എതിർപ്പുകളും സമരങ്ങളും ഒരു പരിധിവരെ നമുക്ക് ഇല്ലാതാക്കാം. തണൽ വിരിയ്ക്കുന്ന മരങ്ങൾ നിറഞ്ഞ പാർക്കുകളുടെ നിർമാണം, നമ്മുടെ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാണ്. എതിർപ്പുകൾ അധികമില്ലാതെ നടപ്പിലാക്കാൻ കഴിയുന്ന ഇത്തരം സംരംഭങ്ങൾക്ക് നാം ഊന്നൽ കൊടുക്കണം.

        ഒരു വ്യക്തിയുടെ നല്ല സ്വഭാവമാണ് നല്ല സംസ്കാരത്തെ വാർത്തെടുക്കുന്നത്. പ്രളയംപോലെയുള്ള വലിയ ദുരന്തത്തെ നേരിട്ടപ്പോൾ സാക്ഷികളായത് വളർന്നുവരുന്ന ഒരു തലമുറകൂടിയാണ്. നമ്മുടെ ചെയ്തികളാണ് , ഇത്തരം പ്രകൃതിദുരന്തങ്ങളുടെ കാരണമെന്നും പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ചുമതലയാണെന്നുമുള്ള ബോധവൽകരണം എല്ലാ അധ്യാപകരും മാതാപിതാക്കളും കുട്ടികൾക്ക് നൽകണം. ദുരന്തത്തെ ഭയന്നിട്ടെങ്കിലും പ്രകൃതിയെ സ്നേഹിക്കാൻ അവർ പഠിക്കട്ടെ. പരിസ്ഥിതി സംരക്ഷണം നമ്മുടെ ജീവിതത്തിന്റെ ഭാഗമാകട്ടെ. വഴിയരികിൽ വലിച്ചെറിയുന്ന ഓരോ മിട്ടായികവറുകൾ പോലും നമ്മുടെ തെറ്റായ സംസ്കാരത്തെയാണ് ചൂണ്ടിക്കാണിക്കുന്നത് എന്ന് മറക്കാതിരിക്കാം.

         റെഡ് ഇന്ത്യൻ തലവൻ അമേരിക്കൻ പ്രസിഡന്റിന് എഴുതിയ കത്തിൽ ഇപ്രകാരം പറയുന്നു :
“ഭൂമി മനുഷ്യരുടേതല്ല , മനുഷ്യൻ ഭൂമിയുടേതാണ് . രക്തം മനുഷ്യരെ ബന്ധിപ്പിക്കുന്നപോലെ എല്ലാ വസ്തുക്കളും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യൻ ജീവന്റെ വല നെയ്യുകയല്ല, അവൻ അതിലെ ഒരു ഇഴ മാത്രമാണ്. ആ വലയിൽ അവൻ എന്ത് ചെയ്താലും, അതവനോട് തന്നെ ചെയ്യുകയാണ് .” ഈ ഭൂമി നമ്മുടെ സ്വന്തമല്ല. നമ്മുടെ പൂർവികരിൽ നിന്ന് നാം കടം വാങ്ങി, വരും തലമുറയ്ക്ക് കൈമാറേണ്ട സ്വത്താണ് ഭൂമി . പരിസ്ഥിതി സംരക്ഷിക്കാനുള്ള സംസ്കാരം നാം രൂപപ്പെടുത്തിയില്ലെങ്കിൽ നാം നഷ്ടമാക്കുന്നത് , നാളത്തെ തലമുറയ്ക്ക് കൈമാറേണ്ട വിലയേറിയ സമ്പത്താണ്. ഇനിയുമൊരു പ്രളയം താങ്ങാൻ കേരളത്തിന് സാധ്യമായി എന്ന് വരില്ല. അഥവാ അങ്ങനെ സംഭവിച്ചാൽ ഊരാളിയുടെ ഗാനം അർത്ഥവത്താകും. നമ്മളൊക്കെ ഒരുപാട് കഷ്ടപ്പെടും.നമ്മൾ മാത്രമല്ല നമ്മുടെ ഭാവി തലമുറയും. ഭൂമി എന്ന വിലയേറിയ സ്വത്തിനെ നമുക്ക് സംരക്ഷിക്കാം. വളർന്നുവരുന്ന ഇളം തലമുറ നല്ല വായു ശ്വസിക്കട്ടെ. മലിനപ്പെടാത്ത വെള്ളം അവർ കുടിക്കട്ടെ. പരിസ്ഥിതി സംരക്ഷണം നമ്മുടെ സ്വഭാവത്തിന്റെ ഭാഗമാക്കാം.

പച്ചപ്പ് മങ്ങാത്ത നമ്മുടെ ഭൂമിക്കായി നമുക്കുണരാം, അതിജീവിക്കാം, പ്രവർത്തിക്കാം.

Comment