Skip to main content
Srishti-2022   >>  Article - Malayalam   >>  ആചാരനുഷ്ടാനങ്ങളും ഇന്ത്യൻ ഭരണഘടനയും

Manoj Rajan

Calpine Technologies

ആചാരനുഷ്ടാനങ്ങളും ഇന്ത്യൻ ഭരണഘടനയും

ശരിതെറ്റുകളാൽ നയിക്കപ്പെടുകയാണ് നമ്മുടെ ജീവിതങ്ങൾ.  എന്റെ ഇന്നലത്തെ ശരികൾ, നാളത്തെ ശരികൾ തന്നെ ആയിരിക്കുമൊ? ഇന്നലത്തെ തെറ്റുകൾ, നാളത്തെ ശരികളായി മാറുമോ? 

ഒരു ആത്മവിചിന്തനത്തിനു   മുതിരാതെ,  അടിച്ചേൽപ്പിക്കപ്പെടുന്ന ശരിതെറ്റുകളുടെ ചങ്ങലകളാൽ സ്വയം ബന്ധിതരായി, എനിക്കുമുന്നിൽ ഈ ഒരു പാതമാത്രമെ  ബാക്കിയുള്ളൂ എന്ന് പരിഭവിക്കുന്നതിൽ രസം കണ്ടെത്തുന്നവരാണ് നമ്മളിൽ പലരും. 

ഈയിടെ വന്ന ചില കോടതി വിധികൾ, ഇന്ന് നിലനിൽക്കുന്ന സാമൂഹിക വ്യവസ്ഥിതികളുടെ കാതലായ മാറ്റങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നതെങ്കിലും, ആ മാറ്റങ്ങൾ എങ്ങനെ പ്രവർത്തികമാക്കാം എന്ന ഒരു മാർഗ്ഗരേഖ മാധ്യമങ്ങളിലൊന്നും അച്ചടിച്ചു വന്നതായി കണ്ടില്ല.  അതിൽനിന്ന് ഊഹിക്കാൻ കഴിയുന്നത്, മറ്റേതു വിധികളെയും പോലെത്തന്നെയാണ്, ഒരു സമൂഹത്തിൽ ഉണ്ടാകേണ്ട മാറ്റത്തെയും കോടതികൾ നോക്കികാണുന്നത് എന്നാണ്.   മാറ്റങ്ങളെക്കുറിച്ചു പഠിച്ച ഇന്ത്യയിലെയും, വിദേശത്തെയും വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, എങ്ങിനെ മാറണം എന്നുള്ള ഒരു സമഗ്രമായ മാർഗരേഖയുടെ അഭാവത്തിൽ മാറ്റം എന്ന പ്രക്രിയ എളുപ്പമാവില്ല.  കാരണം, ഇത്തരം മാറ്റങ്ങൾ ഒറ്റയടിക്ക്, ഒരു രാത്രികൊണ്ട് സംഭവിക്കുന്നതല്ല.  മാറ്റങ്ങൾ അതിന്റെതായ ചലനപഥങ്ങളിലൂടെ സഞ്ചരിച്ചു മാത്രമേ അതിന്റെ പൂർണ്ണതയിലേക്ക് എത്തുകയുള്ളൂ.  ഇത്തരം മാറ്റങ്ങൾക്കായി പാലിക്കേണ്ട ചില നല്ല ശീലങ്ങളും, മാറ്റങ്ങളുടെ തോത് അളക്കാനുള്ള മാർഗ്ഗങ്ങളും, മാറ്റങ്ങളെ എങ്ങനെ നയിക്കണമെന്നും മറ്റും  ഈ വിദഗ്ദ്ധർ മാറ്റങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന പുസ്തകങ്ങളിൽ വിവരിക്കുന്നുണ്ട്.   ഇത്തരം മുന്നൊരുക്കങ്ങളൊന്നുമില്ലാതെ കോടതിയും, ഭരണകൂടവും ചേർന്ന് നടത്തുന്ന മാറ്റങ്ങളെ വളരെയധികം കൗതുകത്തോടുകൂടി മാത്രമേ നോക്കികാണുവാൻ കഴിയുകയുള്ളു.  അതുകൊണ്ടുതന്നെയാണ് ഭരണഘടനയെ അവലംബിച്ചുകൊണ്ട്  ആചാരാനുഷ്ട്ടാനങ്ങളെ ആസ്പദമാക്കിവന്ന വിധി പ്രസക്തമാകുന്നതും.  

നമ്മുടെ ആചാരനുഷ്ടാനങ്ങളും അവയിലെ ശരിതെറ്റുകളും:

നമ്മുടെ രാജ്യത്തിന്റെ അന്തസത്ത നാനാത്വത്തിലെ ഏകത്വമാണെന്ന സത്യം അംഗീകരിക്കുന്നുവെന്നാൽ വിവിധങ്ങളായ ആചാരനുഷ്ടാനങ്ങളേയും നാം അംഗീകരിച്ചെ മതിയാകൂ. ഒട്ടുമിക്ക ആചാരനുഷ്ടാനങ്ങളും അതാതു സമൂഹത്തിൽ നിലനിന്നിരുന്ന നീതി ബോധത്തിന്റെയും, കാലഘട്ടത്തിന്റെ ആവശ്യമാണെന്ന നിലയിലും ഉരുത്തിരിഞ്ഞു വന്നതാണെന്നു കണ്ടെത്തുവാൻ പ്രയാസമുണ്ടാവുകയില്ല. ആചാരനുഷ്ടാനങ്ങൾ സൃഷ്ടിക്കപ്പെട്ടപ്പോൾ അവയുടെ ലക്ഷ്യം മനുഷ്യനെ കാലഘട്ടത്തിന്റെ നീതി ബോധത്തിന് അനുസരിച്ച് നടത്തുക എന്നതുമായിരിക്കാം. ആചാരാനുഷ്ടാനങ്ങളിലൂടെ മനുഷ്യനെ ഒന്നിപ്പിക്കുവാനും, വേർതിരിപ്പിക്കുവാനുമുള്ള  മാസ്മരിക ശക്തി മനസ്സിലാക്കിയ ചിലർ സ്വാർത്ഥ ലാഭത്തിനായി ആചാരാനുഷ്ട്ടാനങ്ങളെ  ഉപയോഗിച്ചിരിക്കാം.

പണ്ടുകാലത്ത്  നിലനിന്നിരുന്ന ജാതി സമ്പ്രദായങ്ങളുടെയും, ഉച്ചനീചത്വങ്ങളുടെയും, അധികാരവ്യവസ്ഥിതികളുടേയും ഉപോൽപ്പന്നങ്ങളായ ആചാരാനുഷ്ട്ടാനങ്ങൾ അധാർമികമായ ചുറ്റുപാടുകൾ  തുടർന്നുകൊണ്ടുപോകുവാൻ അധികാരികൾ ഉപയോഗിച്ചിരുന്നു.  അധാർമ്മികമായും, സങ്കുചിത താല്പര്യങ്ങളോടെയും സൃഷ്ട്ടിക്കപ്പെട്ട ആചാരാനുഷ്ടാനങ്ങൾ ആ വ്യവസ്ഥിതിയെത്തന്നെ ദുർബലമാക്കി എന്നു സമ്മതിക്കാതെവയ്യ.   

കാലഘട്ടത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ, സാമൂഹികമായി വന്ന മാറ്റങ്ങളും, ശാസ്ത്ര അവബോധവും അധാർമ്മികമായി സൃഷ്ട്ടിക്കപ്പെട്ട പല ആചാരാനുഷ്ടാനങ്ങളെയും അനാചാരങ്ങളായി മാറ്റുന്നതും നാം കണ്ടിരിക്കുന്നു. ആചാരനുഷ്ടാനങ്ങൾക്കും കാലോചിതമായ മാറ്റങ്ങൾ  വേണം എന്നതിൽ തർക്കമില്ല. പക്ഷേ, ഒരു ആചാരം സൃഷ്ടിക്കപ്പെട്ടതെന്തിനെന്നു പഠിക്കാതെ  എല്ലാ ആചാരനുഷ്ടാനങ്ങളെയും വിമർശിക്കുന്നത് കാടടച്ചു വെടിവെക്കലാകും. 

എല്ലാ ആചാരാനുഷ്ടനങ്ങളേയും കുറിച്ച് പ്രതിപാദിക്കുന്നത് ഈ അവസരത്തിൽ പ്രയോഗികമല്ലാത്തതുകൊണ്ട്,  ആചാരനുഷ്ടാനങ്ങൾ മൂലം സൃഷ്ടിക്കപ്പെടുന്ന പ്രശ്നങ്ങളെ പറ്റി ചിന്തിക്കുന്നതാവും ഉചിതമെന്നുതോന്നുന്നു. 

ആചാരനുഷ്ടാനങ്ങൾ മൂലം സൃഷ്ടിക്കപ്പെടുന്ന പ്രശ്നങ്ങളെ പ്രധാനമായും രണ്ടായി തിരിക്കാം. 

1. അടിച്ചേൽപ്പിക്കപ്പെടുന്ന ആചാരനുഷ്ടാനങ്ങൾ. 

ബാഹ്യ പ്രേരണയാൽ അനുഷ്ടികാൻ നിർബദ്ധിതമാവുന്ന ആചാരനുഷ്ടാനങ്ങൾ ഇന്നത്തെ സാഹചര്യങ്ങളിൽ മാറ്റി എടുക്കുവാൻ താരതമ്യേന എളുപ്പമായിരിക്കാം.  ഇത്തരത്തിലുള്ള ആചാരങ്ങൾ അനുഷ്ടിക്കുന്നവരുടെ  ശരികളായിരിക്കുകയില്ല.    മറ്റു മാർഗങ്ങളില്ലാത്തതിനാൽ, സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ അനുഷ്ടിക്കാൻ നിർബന്ധിതരാകുന്നതാകും. പലപ്പോഴും നാം മാറ്റിയിട്ടുള്ള ആചാരങ്ങൾ ഇത്തരത്തിലുള്ളതാണ്.  

2. ശരിയെന്നു വിശ്വസിക്കുന്ന ആചാരനുഷ്ടാനങ്ങൾ.

ഇത്തരം  ആചാരങൾ  അതനുഷ്ടിക്കുന്നവരുടെ ശരികളാണ്. അത് വെറും ശരികൾ മാത്രമല്ല, ആചരിക്കുന്നവരുടെ  ഉള്ളിൽ ആഴത്തിൽ വേരോടിയ ശരികളാണ്.  ഒരു സുപ്രഭാതത്തിൽ ആ ശരികൾ തെറ്റാണെന്ന് അംഗീകരിക്കുവാൻ അവർക്ക് കഴിയുകയില്ല.   അത്തരത്തിലുള്ള ആചാരനുഷ്ടാനങ്ങൾ മറ്റുചിലരുടെ തെറ്റുകളാകുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം.  

ആ പ്രശ്നത്തിന് എങ്ങനെ ഒരു ശാശ്വത പരിഹാരം കാണണമെന്നതാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി. അതിന് ഒറ്റ വാക്കിലൊരു ഉത്തരമില്ലതാനും. ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിനുള്ള വഴി ശരിതെറ്റുകളെ പറ്റി കൂടുതൽ മനസ്സിലാക്കുക എന്നതാവാം. 

ഭരണഘടനയും നീതിന്യായവ്യവസ്ഥിതിയും:

ഒരു നൂലിൽ കോർത്തെടുത്ത പല നിറങ്ങളിലുള്ള പൂവുകൾ കൊണ്ടുള്ള മാലപോലെ മനോഹരമാണ് നമ്മുടെ വിവിധങ്ങളായ ജാതി, മത, ഗോത്ര വിഭാഗങ്ങളുടെ ആചാരാനുഷ്ട്ടാനങ്ങളാൽ സമ്പന്നമായ സാമൂഹിക ഘടന  എന്ന് ഭംഗ്യന്തരേണ പറയാമെങ്കിലും, പ്രായോഗികതലത്തിൽ അവയുടെ നിലനിൽപ്പ് സന്തുലിതമായ സഹവർത്തിത്തത്തോടെയാണെന്ന് പറയുക വയ്യ. കാലഘട്ടത്തിന്റെ മാറ്റങ്ങൾക്ക് അനുസരിച്ച്  ആന്തരികമായും, ബാഹ്യമായുമുള്ള ചോദ്യംചെയ്യലുകൾക്ക് അവ നിരന്തരം വിധേയമായിക്കൊണ്ടിരിക്കുന്നു.  പലപ്പോഴും ഇത്തരത്തിലുള്ള ചോദ്യംചെയ്യലുകളുടെ ശരിതെറ്റുകൾ കണ്ടെത്തി തീർപ്പുകല്പിക്കേണ്ട ബാധ്യത നീതിന്യായ വ്യവസ്ഥിതിയുടേതായി തീർന്നിരിക്കുന്നു.   നീതിന്യായ വ്യവസ്ഥിതി അതിനു അവലംബമായി സ്വീകരിക്കുന്നത് ഭരണഘടനയെന്ന നിയമസംഹിതയെയും.  

ഒട്ടുമിക്ക ജാതി, മത, ഗോത്ര വിഭാഗങ്ങൾക്കും അവരവരുടേതായ എഴുതപെട്ട ശരിതെറ്റുകളുടെ പരിപാവനമായ ഗ്രന്ഥങ്ങളോ, പാരമ്പര്യമായി പിന്തുടർന്നുപോരുന്ന വായ്ത്താരികളോ, വ്യവസ്ഥിതികളോ ഉണ്ട്.  ജാതി, മതങ്ങളുടെ ശരിതെറ്റുകൾ, രാജ്യത്തിന്റെ ഭരണഘടനയുടെ ശരിതെറ്റുകളിൽനിന്നും വിഭിന്നമാകുമ്പോൾ അവിടെ ഭിന്നാഭിപ്രായങ്ങൾ ഉടലെടുക്കുന്നു.  ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ മതഗ്രന്ഥത്തിൽ വിശ്വസിക്കുവാനാകും താല്പര്യം.  കാരണം, കുട്ടിക്കാലംതൊട്ടേ അവൻ കേട്ടുവളർന്ന, കണ്ടുവളർന്ന ശരിയെ നിരാകരിക്കുവാൻ, ഇന്നലെവരെ തെറ്റെന്നു കരുതിയതിനെ  അംഗീകരിക്കുവാൻ അവനു എളുപ്പത്തിൽ സാധിക്കുകയില്ലലോ?

നമ്മുടെ ഭരണഘടനയിൽ, ഭാവിയിൽ വരാൻ സാധ്യതയുള്ള എല്ലാ സംഘർഷസാധ്യതകളുടെയും ശരിതെറ്റുകൾ എഴുതിവെക്കുക എന്നത് പ്രയോഗികമല്ലലോ.  നീതിന്യായ വ്യവസ്ഥിതിക്കു ചെയ്യാൻ കഴിയുന്നത്, മുന്നിലുള്ള പ്രശ്നത്തെ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുക എന്നുമാത്രമാണ്.  അതുകൊണ്ടുതന്നെയാണ് രണ്ടു കോടതികൾ ഒരു പ്രശ്നത്തെ രണ്ടുവിധത്തിൽ അപഗ്രഥിക്കുന്നതും വൈരുദ്യങ്ങളായ ശരികൾ പ്രസ്താവിക്കുന്നതും.  അപ്പോൾ യഥാർത്ഥ ശരിയേതെന്ന ചോദ്യം ജനങ്ങളുടെ മനസ്സിൽ ചോദ്യചിഹ്നമായി നിലനിൽക്കുന്നു.  

ഏതൊരു ഭരണകൂടത്തെ സംബന്ധിച്ചിടത്തോളവും ആചാരനുഷ്ടാനങ്ങൾക്ക് ഒരു ഏകീകൃത സ്വഭാവം കൊണ്ടു വരുന്നതാവാം ഭരണ സൗകര്യത്തിനു ഉത്തമം.  പക്ഷെ അവ, നാനാത്വത്തിൻ ഏകത്വം എന്ന സങ്കല്പത്തിന്റെ കടക്കൽ കത്തിവെക്കലായി വ്യാഖ്യനിക്കപ്പെടുവാനും സാധ്യതയുണ്ട്. 

ഇന്ത്യൻ ഭരണഘടനയുടെ അന്തസത്ത അത് പൗരന്മാർക്ക് ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ സംരക്ഷണമാണ്.  ഇന്ത്യയെന്ന ലോകത്തിലെ ഏറ്റവും വലിയ മതേതര, ജനാധിപത്യ രാജ്യത്തെ നിർവചിക്കുന്നതും ഭരണഘടന തന്നെയാണ്.  ജനങ്ങളുടെ മൗലികാവകാശങ്ങളിലേക്കുള്ള ആചാരാനുഷ്ട്ടാനകളുടെ കടന്നുകയറ്റം  വേലികെട്ടിത്തിരിക്കുക പ്രയാസകരമാണ്.  കാലഘട്ടങ്ങൾക്കനുസരിച്ച് ഈ കടന്നുകയറ്റം പല രീതിയിൽ വ്യാഖ്യാനിക്കാവുന്നതുമാണ്.  കോടതികളിൽ നിന്നാണോ ഇത്തരം പ്രശ്നങ്ങൾക്ക് തീർപ്പുകല്പിക്കേണ്ടത് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.  കോടതികളല്ലെങ്കിൽ മറ്റു എന്തു മാർഗമാണ് നമുക്കുമുന്നിലുള്ളത്? ആചാരാനുഷ്ടാനങ്ങൾ പാലിക്കുന്നവർതന്നെ അതു മാറ്റുവാൻ മുൻകൈയെടുക്കുക എന്നുള്ളതാണ് അവശേഷിക്കുന്ന ഒരു മാർഗ്ഗം.  അതിനുള്ള സാധ്യത തുലോം കുറവാണുതാനും.  അതിനു കഴിയണമെങ്കിൽ നാം മറ്റുള്ളവരെപറ്റി ചിന്തിക്കുവാനും, പ്രശ്നങ്ങളെ തുറന്ന മനസ്സോടെ സമീപിക്കുവാനും പ്രാപ്തരായിരിക്കണം.  അതൊരു സാങ്കല്പിക നിരീക്ഷണം മാത്രമായതുകൊണ്ടും, ഇന്നത്തെ സാമൂഹിക പരിസ്ഥിതിയിൽ സംഭവിക്കാൻ സാദ്ധ്യതയില്ലാത്തതും ആയതുകൊണ്ട്, ഇന്നത്തെ സാമൂഹിക, രാഷ്ട്രീയ സംവിധാനത്തിൽ ഇത്തരം സംഘര്ഷങ്ങളിൽ കോടതി തന്നെയായിരിക്കും പരിഹാരനിർദ്ദേശത്തിനുത്തമം.  

കോടതി ഭരണഘടനക്കനുസൃതമായി കാലാകാലങ്ങളായി പാലിച്ചുകൊണ്ടിരിക്കുന്ന ഒരു ആചാരത്തെ മാറ്റണമെന്ന് പറയുമ്പോൾ, അത് എങ്ങനെ മാറ്റണം എന്ന് പറയാനുള്ള ഉത്തരവാദിത്തവും കോടതികൾ ഏറ്റെടുക്കണം.  കാരണം, മാറുക എന്ന പ്രക്രിയ എളുപ്പമല്ല എന്നതുതന്നെ.  അടിച്ചേൽപ്പിക്കപ്പെടുന്ന മാറ്റങ്ങൾ അടിച്ചേൽപ്പിക്കപ്പെടുന്ന ആചാരങ്ങൾ പോലെതന്നെ അരോചകങ്ങളാണ്.  അവ മനുഷ്യമനസ്സിൽ ഉണ്ടാക്കാൻ സാദ്ധ്യതയുള്ള അപകര്ഷതാബോധത്തെപ്പറ്റിയും, മുറിവുകളെ പറ്റിയും നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇത്തരം സന്ദർഭങ്ങൾ ശരിതെറ്റുകളെപ്പറ്റി ചിന്തിക്കുവാൻ വീണ്ടും നമ്മെ  നിർബന്ധിതരാക്കുന്നു. 

എന്താണ് ശരിയും, തെറ്റും?

അലക്സാണ്ടറുടെ കുട്ടിക്കാലത്ത്, അയൽരാജ്യങ്ങൾ ആക്രമിച്ച് കീഴടക്കിവരുന്ന പിതാവിനോട് അദ്ദേഹം ചോദിച്ചിരുന്നുപോലും, "അങ്ങ് അയൽരാജ്യങ്ങളെല്ലാം ആക്രമിച്ചു കീഴടക്കിയാൽ വലുതായാൽ ഞാനെന്തു ചെയ്യും?" തികച്ചും ന്യായമായ ചോദ്യം. കുഞ്ഞലക്സാണ്ടറുടെ മനസ്സിൽ രൂപപ്പെട്ട ശരി,  'ആക്രമിക്കുക കീഴടക്കുക' എന്നതായിരുന്നു.  നിർഭാഗ്യമെന്നു പറയട്ടെ, ആ ശരി അദ്ദേഹത്തിന്റെ അവസാന കാലംവരെ നിലനിന്നിരുന്നു എന്നതാണ് ചരിത്രം സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.  മരിക്കുന്നതിന് തൊട്ടുമുമ്പാണ് അദ്ദേഹത്തിന് പുതിയൊരു ശരിയിലേക്ക് മാറാൻ കഴിഞ്ഞത്.   അദ്ദേഹം ഭൃത്യൻമാരോട് പറഞ്ഞു പോലും,  "ശവമഞ്ചത്തിനു പുറത്ത്  എന്റെ കൈ മലർക്കെ തുറന്നു വെക്കണം."  'എന്റെ യെൻ്റെയെന്നാർത്തും കയർത്തും' ഞാൻ നേടിയെടുത്തതൊന്നും കൊണ്ടുപോകാൻ എനിക്ക് കഴിയുന്നില്ല എന്ന ശരി എല്ലാവരും മനസ്സിലാക്കട്ടെ.     അലക്സാണ്ടറിന് പുതിയ ശരിയിലേക്ക് മാറാൻ നേരത്തെ കഴിഞ്ഞിരുന്നുവെങ്കിൽ എന്തുമാത്രം രക്തചൊരിച്ചിലുകൾ ഒഴിവാക്കാമായിരുന്നു. ഒരു ശരിയിൽനിന്നും മറ്റൊരു ശരിയിലേക്ക്  മാറാൻ  ഒരു പുരുഷായുസ്സു മുഴുവനും കാത്തിരിക്കണമൊ എന്ന ചോദ്യം    പ്രസക്തമാകുന്നത് അവിടെയാണ്.

യഥാർത്ഥത്തിൽ എന്താണ് ശരിയും, തെറ്റും?  വിശാലമായ ഈ ലോകത്തിലെ വിവിധങ്ങളായ ഭൂപ്രദേശങ്ങൾ നിരീക്ഷിച്ചു കഴിഞ്ഞാൽ മനസ്സിലാകും, ശരിതെറ്റുകൾക്ക് സ്ഥായിഭാവമില്ലെന്നത്.  ചൂതാട്ടവും, ദയാവധവും ശരിയെന്നും തെറ്റെന്നും കരുതപ്പെടുന്ന ഭൂപ്രദേശങ്ങളുണ്ട്.  തെറ്റുചെയ്തവരെ തൂക്കി കൊല്ലുന്നതും, വെടിവെച്ചുകൊല്ലുന്നതും, കല്ലെറിഞ്ഞു കൊല്ലുന്നതും ശരിയെന്നു കരുതുന്നവരുണ്ട്.  തെറ്റുചെയ്തവരെ കൊല്ലാനുള്ള അധികാരം നമുക്കില്ല എന്ന ശരിയിൽ വിശ്വസിക്കുന്നവരേയും കാണാം. 

ചരിത്രം പരിശോധിച്ചുകഴിഞ്ഞാൽ നമുക്ക് മനസ്സിലാകും, ജീവിതത്തിൽ പുതിയ ശരികൾ കണ്ടെത്തിയ പലരുടെയും ഉദാഹരണങ്ങൾ.  ജീവിതത്തിന്റെ ആദ്യകാലങ്ങളിലെ ശരിയിൽനിന്നും ഗാന്ധിജി കണ്ടെത്തിയ പുതിയൊരു ശരിയായിരുന്നു അഹിംസ.  സിദ്ധാർഥനും, ശങ്കരനുമെല്ലാം കണ്ടെത്തിയ പുതിയ ശരികളുടെ  ഉദാഹരണങ്ങൾ നമുക്കുമുന്നിലുണ്ട്.  അപ്പോൾ തോന്നാം, മാറ്റം എന്ന പ്രക്രിയ മഹാന്മാർക്കുമാത്രം കഴിയുന്ന ഒരു പ്രതിഭാസമാണെന്ന്.  തീർച്ചയായും അല്ല.  ജീവിതത്തിൽ മാറ്റങ്ങൾ ഉൾകൊണ്ട സാധാരണക്കാരിൽ സാധാരക്കാരായ ആൾക്കാരെ ഒന്ന് കണ്ണുതുറന്നു നോക്കിയാൽ നമുക്ക് ചുറ്റും കാണുവാൻ സാധിക്കും.  നമ്മുടെ ഇന്നത്തെ മാധ്യമ സംസ്ക്കാരം ഇത്തരം വാർത്തകളെ നമ്മുടെ മുന്നിൽ എത്തിക്കുന്നില്ല എന്ന് മാത്രം.  മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അത്തരം മാറ്റങ്ങളെക്കുറിച്ചുള്ള വാർത്തകൾ  വായിക്കാൻ നമ്മൾ തയ്യാറല്ല എന്നും അംഗീകരിക്കേണ്ടിവരും.  നമ്മുടെ വീക്ഷണത്തിൽ ബാഹ്യപ്രേരണയില്ലാതെ മാറുന്നവർ പരാജിതരാണ്.  നമുക്ക് വായിക്കുവാൻ താല്പര്യം വിജയിക്കുന്നവരുടെ വാർത്തകളും.   

ശരിതെറ്റുകൾക്ക് നിയതമായ രൂപഭാവങ്ങളില്ലെങ്കിൽ; നമ്മുടെയെല്ലാം മനസ്സിൽ  അടിഞ്ഞുകൂടുന്ന ശരിതെറ്റുകളെ മാറ്റുവാൻ നമുക്കെന്തുകൊണ്ടാണ് കഴിയാതെപോകുന്നത്? 

മാറ്റം എന്ന പ്രക്രിയ:

നമ്മുടെ ഇന്നത്തെ ശരിയിൽനിന്നും നാം കണ്ടെത്തുന്ന പുതിയ ശരിയിലേക്കുള്ള പ്രയാണത്തെയാണ് സ്വാഭാവികമായ മാറ്റം എന്ന പദംകൊണ്ടു വിവക്ഷിക്കുന്നത്. മാറ്റത്തിന്റെ ശാസ്ത്രം രസകരമാണ്.   ഒരു കുടുംബനാഥൻ വിചാരിക്കുന്നു, എന്റെ ഭാര്യ അല്പമൊന്നു മാറി ചിന്തിച്ചിരുന്നെങ്കിൽ ഈ കുടുംബമൊരു സ്വർഗ്ഗമായേനെയെന്ന്.  ആ ഭാര്യ ചിന്തിക്കുന്നത്, എന്റെ അമ്മായിയമ്മ ഒന്ന് മാറിയിരിന്നെങ്കിൽ ഈ കുടുംബമൊരു പറുദീസ ആയേനെയെന്ന്, അച്ഛൻ വിചാരിക്കുന്നു, എന്റെ മകൻ മാറിയിരുന്നെങ്കിലെന്ന്.. .  ആ കുടുബത്തിൽ എല്ലാവരും ആഗ്രഹിക്കുന്നത് മാറ്റമാണ്,  മറ്റുള്ളവരിലെ മാറ്റം എന്നുമാത്രം. എന്തുകൊണ്ടാണ് നമ്മളാണ് മാറേണ്ടതെന്ന് ചിന്തിക്കാൻ കഴിയാതെ, മറ്റുള്ളവരിലെ മാറ്റത്തിനായ് നാം ശഠിക്കുന്നത്?

അതുതന്നെയാണ് നമ്മുടെ സമൂഹത്തിലും സംഭവിക്കുന്നത്.  ഒരു കൂട്ടർ വിശ്വസിക്കുന്നു മതങ്ങളാണ് മാറേണ്ടതെന്ന്, മറ്റൊരു കൂട്ടർ വിശ്വസിക്കുന്നു രാക്ഷ്ട്രിയപാർട്ടികളാണ് മാറേണ്ടതെന്ന്, ഒരു കൂട്ടർക്ക് മാറേണ്ടത് ഭരണകക്ഷിയാണ്, മറ്റൊരുകൂട്ടർക്ക് പ്രതിപക്ഷവും.  ഇത്തരം ചേരിതിരുവുകൾക്കിടയിൽ മാറ്റം എന്ന മാനസിക പ്രക്രിയ ശാരീരിക അക്രമങ്ങളിലേക്കും, പോർവിളികളിലേക്കും വഴിമാറുന്നു.  

എന്റെ ഇന്നത്തെ അറിവ് അപൂർണ്ണമാണെന്നും, ലോകത്തിലെ ഏത് ചരാചരവസ്തുക്കളേയും പോലെ എന്റെ ശരിതെറ്റുകളും മാറ്റത്തിന് വിധേയമാണെന്ന ബോധവും,  ഇന്നത്തെ എന്റെ ശെരിയെക്കാൾ  നല്ലൊരു ശെരി കണ്ടെത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന ചിന്തയുമുണ്ടായാൽ; മാറ്റത്തിന്റെ പുതിയ കഥകളെഴുതാൻ  മനസ്സ് പാകപ്പെടുകയായി.   

പക്ഷെ, അങ്ങനെയൊരു മനസികാവസ്ഥയിലേക്കെത്താൻ ഞാനും, നിങ്ങളുമടങ്ങിയ ഇന്നത്തെ സമൂഹം പര്യാപ്തമല്ല.   ഉയർന്ന വിദ്യാഭ്യാസവും, ലോക പരിചയവുമുള്ള എനിക്ക് തെറ്റുപറ്റുകയൊ? എന്ന അധമ വിചാരത്തിന് അടിമപ്പെടുന്നതുകൊണ്ടാണ്; നാമാണ് മാറേണ്ടത് എന്ന യാഥാര്ത്ഥ്യം മനസ്സിലാകാതെ പോകുന്നത്.   എനിക്ക് തെറ്റുപറ്റി എന്ന് പറയുന്നവൻ ദുർബ്ബലനും, ഞാൻ പിടിച്ച മുയലിനു രണ്ടുകോമ്പെന്ന് സ്ഥാപിക്കുന്നവൻ കാര്യപ്രാപ്തിയുടെ ഉത്തമോദാഹരണമായി പ്രകീർത്തിക്കപ്പെടുകയും ചെയ്യുന്ന ഒരു സംസ്കാരത്തിലാണ് നാം ജീവിക്കുന്നത്.  മാറ്റങ്ങൾ ഒരു തുടർച്ചയെന്നോണം സംഭവിച്ചുകൊണ്ടിരിക്കണം.  ഒരു മാറ്റം പലപ്പോഴും മറ്റൊരു മാറ്റത്തിന് പ്രേരണയാകും.  

എന്ടെ മനസ്സിൽ വേണമെന്ന് തോന്നാത്ത ഒരു മാറ്റത്തിലേക്ക് മാറാൻ സാഹചര്യങ്ങൾ എന്നെ നിർബ്ബന്ധിച്ചാൽ, അതിനെ കഴിയുന്ന രീതിയിൽ എതിർക്കുക എന്നത് മനുഷ്യസഹജമാണ്.  അടിച്ചേൽപ്പിക്കപ്പെടുന്ന മാറ്റങ്ങൾ, അടിച്ചേൽപ്പിക്കപ്പെടുന്ന വിശ്വാസങ്ങളെപ്പലെതന്നെ അസ്വീകാര്യമാണ്.  

മാറ്റത്തിലേക്കുള്ള ഒരു ചട്ടക്കൂട്:

ഏതൊരു മാറ്റത്തിനും പ്രധാനമാണ് മാറ്റത്തിനുള്ള കാരണം.  മാറുന്നവർ ആ കാരണം ഉൾക്കൊള്ളണം.  ആ കാരണം മാറ്റത്തിനൊരു പ്രജോദനമാകണം.  മാറ്റത്തിനുള്ള കാരണം പുറത്തുനിന്നാണെങ്കിൽ മാറുന്നവർക്ക് അത് ഉൾക്കൊള്ളുവാൻ പ്രയാസമായിരിക്കും.  മാറേണ്ട സമൂഹത്തിലെ  എല്ലാ വിഭാഗങ്ങൾക്കും മാറ്റത്തിന്റെ ആവശ്യം മനസിലായിരിക്കണം.  ഉദാഹരണത്തിന് ഒരു സംഘടനയുടെ മുകളിൽ ഉള്ളവർ മാത്രം വിചാരിച്ചാൽ ആ സംഘടനയിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരുവാൻ സാധിക്കുകയില്ല.  ആ സംഘടനയിലെ എല്ലാ വിഭാഗത്തിലും, തലത്തിലുമുള്ള കുറച്ചുപേരെങ്കിലും ആ മാറ്റത്തെ മനസ്സിലാക്കുകയും അംഗീകരിക്കുകയും വേണം.  

ഒരു സംഘടനക്കുള്ളിലെ മാറ്റത്തെപ്പറ്റി കുറെക്കാലം നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്ത  കുർട് ലെവിൻ വളരെ ലളിതമായി പറഞ്ഞിരിക്കുന്നത് 'നിശ്ചലമാക്കാതിരിക്കുക - മാറ്റുക - നിശ്ചലമാക്കുക' എന്നതാണ്.  സംഘടനകൾക്കുള്ളിൽ വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഈ സിദ്ധാന്ധം സമൂഹത്തിലേക്ക് പറിച്ചുനടുമ്പോൾ മാറ്റങ്ങൾ ഉൾകൊള്ളുന്നതുവരെ നിശ്ചലമാക്കാതിരിക്കുന്ന അവസ്ഥ സമൂഹത്തിൽ അസ്ഥിരതക്ക് കാരണമായേക്കാം.  മാത്രവുമല്ല ഒരു സംഘടനയെ നിയന്ത്രിക്കുന്നതുപോലെ എളുപ്പമാവില്ല വത്യസ്തങ്ങളായ ചിന്താഗതികളുള്ള ഭരണകൂടങ്ങളാൽ സ്വാധീനിക്കപ്പെടുകയും, നിയന്ത്രിക്കപ്പെടുകയും  ചെയ്യപ്പെടുന്ന സമൂഹം.  അതിനാൽ മാറ്റങ്ങളിലേക്ക് മാറുന്നതിന് മുമ്പ് അവ മാറ്റങ്ങളെ തന്നെ അസ്ഥിരപ്പെടുത്തുവാൻ സാദ്ധ്യതയുണ്ട്.

ഹാർവാർഡ് ബിസിനസ് സ്കൂളിലെ പ്രൊഫസറായ ജോൺ കൊട്ടെറുടെ അഭിപ്രായത്തിൽ മാറ്റം എന്ന പ്രക്രിയക്ക് ഘടനാപരമായ ഒരു സമീപനം ആവശ്യമാണ്.  അദ്ദേഹത്തിന്റെ വാദത്തിൽ, എട്ടു ഘട്ടങ്ങളുള്ള ഒരു പാതയിലൂടെ ഒന്നിന് പുറകെ ഒന്നായി തുടർച്ചയായി വിജയകരമായി സഞ്ചരിച്ചാൽ മാത്രമേ നാം ആഗ്രഹിക്കുന്ന മാറ്റത്തിലേക്ക് ഒരു സംഘടനക്ക് / സമൂഹത്തിന് എത്തിപ്പെടുവാൻ സാധിക്കുകയുള്ളു.  അദ്ദേഹം പ്രതിപാദിച്ച മാറ്റങ്ങളുടെ എട്ടു ഘട്ടങ്ങൾ ചുവടെ ചേർക്കുന്നു. 

1.  മാറുവാനുള്ള അടിയന്തിരമായ സാഹചര്യം സൃഷ്ട്ടിക്കുക: മാറേണ്ടതിന്റെ ആവശ്യകതയും, മാറ്റങ്ങൾ  മനസ്സിൽ ഉൾകൊള്ളുവാനുമുള്ള സാഹചര്യം സൃഷ്ടിക്കണം.  അടിയന്തിരമായി മാറേണ്ടതിന്റെ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുമുണ്ട്.  

2.   നയിക്കുവാനായി ഒരു കൂട്ടുകക്ഷിയെ സൃഷ്ട്ടിച്ചെടുക്കുക: മാറേണ്ട സമൂഹത്തിലെ പല തലങ്ങളിലുള്ള ആദരണീയരായ വ്യക്തികൾ ഉൾകൊള്ളുന്നതാകണം ഈ മാറ്റത്തെ നയിക്കുവാനുള്ള കൂട്ടുകക്ഷി. അവരുടെ വ്യക്തിപ്രഭാവം മറ്റുള്ളവരെ സ്വാധീനിക്കുവാനും, മാറ്റത്തിലേക്ക് നയിക്കുവാനും കഴിയുന്നതായിരിക്കണം.  

3.  മാറിക്കഴിഞ്ഞുള്ള സാഹചര്യത്തെപറ്റിയുള്ള കാഴ്ചപ്പാട് സൃഷ്ട്ടിക്കുക: ഈ കാഴ്ചപ്പാടായിരിക്കണം മാറുവാനുള്ള പ്രചോദനം.  മാറുവാനുള്ള തന്ത്രങ്ങളും ഈ സുന്ദരമായ കാഴ്ചപ്പാടിനെ ഉൾകൊണ്ടുകൊണ്ടായിരിക്കണം.

4.  മാറിക്കഴിഞ്ഞുള്ള സാഹചര്യത്തെപ്പറ്റി പ്രചോദനന്മകമായ ആശയവിനിമയം നടത്തുക: മാറ്റത്തെപ്പറ്റിയുള്ള ആശയവിനിമയം വളരെ പ്രധാനപ്പെട്ടതാണ്.  ഭീഷണിയുടെ സ്വരത്തിലുള്ളതോ, നിർബന്ധിച്ചുള്ളതോ ആയ ആശയവിനിമയം ഗുണം ചെയ്യുകയില്ല.  മാറ്റങ്ങൾ സാധ്യമാകുന്നത്തിനുള്ള സാഹചര്യം നിലനിൽക്കണമെങ്കിൽ; ഇന്ന് നിലനിൽക്കുന്ന വ്യവസ്ഥിതിയോടുള്ള അസംതൃപ്തിയും,  മാറിക്കഴിഞ്ഞാൽ കിട്ടുന്ന ആനുകൂല്യങ്ങളും,  മാറ്റത്തിനുള്ള വിജയിക്കാനുള്ള സാധ്യതയും ,  മാറ്റത്തിനു വേണ്ടി ഒരാൾ ചെലവഴിക്കുന്നതിനേക്കാൾ കൂടുതലായിരിക്കണം.  സുതാര്യമായ ആശയവിനിമയമാകും മാറ്റത്തിനു വേണ്ടിയുള്ള സാഹചര്യങ്ങൾ സൃഷ്ട്ടിക്കാനും ഗുണപ്രദമാവുക.  

5.  മാറ്റത്തിനാഗ്രഹിക്കുന്നവരെ ശക്തിപ്പെടുത്തുക: മാറ്റം ഉൾക്കൊണ്ട് മുന്നോട്ട് വരുന്നവരെ അവരുടെ വിശ്വാസസംഹിതക്ക് മുറിവേൽക്കാത്ത വിധത്തിൽ സ്വയം മാറുവാനുള്ള അധികാരം നൽകുക. 

6.  വലിയ മാറ്റങ്ങൾക്കു പ്രചോദനമായി ചെറിയ ചെറിയ വിജയങ്ങൾ സൃഷ്ടിക്കുക: ഒരു വലിയ മാറ്റത്തിന്റെ ഉപവിഭാഗങ്ങളായി ചെറിയ, ചെറിയ മാറ്റങ്ങൾ സൃഷ്ടിക്കുക.  ചെറിയ ചെറിയ മാറ്റങ്ങളിലേക്ക് എത്തിച്ചേരുന്നത് വിജയമായി ആഘോഷിക്കുക.   

7.  ചെറിയ ചെറിയ വിജയങ്ങളിൽക്കൂടി വലിയ മാറ്റങ്ങൾക്ക് ശക്തിയാർജ്ജിക്കുക: ചെറിയ മാറ്റങ്ങളുടെ ഫലപ്രാപ്തി വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർക്ക് ആത്മവിശ്വാസം പകരും. വലിയ മാറ്റങ്ങൾക്കുള്ള ശക്തിയും, പ്രചോദനമായി ചെറിയ മാറ്റങ്ങൾ നിലനിർത്തുക.  

8.  മാറ്റങ്ങൾക്കനുസരിച്ചുള്ള പുതിയ സാംസ്കാരിക വ്യവസ്ഥകളും, മൂല്യങ്ങളും സൃഷ്ട്ടിക്കുക:  മാറ്റങ്ങൾ ഉൾകൊള്ളുന്ന പുതിയ മൂല്യ വ്യവസ്ഥകളും, സംബ്രദായകളും സൃഷ്ട്ടിക്കുക.  മാറ്റങ്ങൾ ഉൾകൊള്ളുന്നവർക്ക് പുതിയ വ്യവസ്ഥിതി സംതൃപ്‌തി പകരണം.

ഭരണഘടനയെ  ആസ്പദമാക്കിയുള്ള കോടതി വിധികളിലൂടെയൊ, ഇച്ഛാശക്തിയുള്ള ഭരണവ്യവസ്ഥിതിയിലൂടെയോ മാത്രം കോട്ടറുടെ മേല്പറഞ്ഞ എട്ട് ഘട്ടങ്ങളിലൂടെയുള്ള ഒരു മാറ്റം സമൂഹത്തിൽ എളുപ്പത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കുകയില്ലെന്നു കാണാം.  കാരണം, മാറ്റങ്ങൾ കൊണ്ടുവരുന്നവർക്ക് മാറ്റങ്ങൾ അംഗീകരിക്കേണ്ട സമൂഹത്തിൽ സ്വീകാര്യത വേണം.  നിർഭാഗ്യമെന്നു പറയട്ടെ ഇന്നത്തെ രാഷ്ട്രീയ, നിയമ  വ്യവസ്ഥിതികൾക്കോ, ഭരണ, പ്രതിപക്ഷ വിഭാഗങ്ങൾക്കോ മാറ്റങ്ങൾ ഉൾക്കൊള്ളേണ്ട സാധാരണ ജനവിഭാഗങ്ങൾക്കിടയിൽ ആവശ്യമുള്ള സ്വീകാര്യത ലഭിക്കാറില്ല.  മേൽപ്പറഞ്ഞ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ സുതാര്യമല്ലാത്തതും, അവർ സന്ദർഭങ്ങൾക്കനുസരിച് ആദർശ്ശങ്ങൾ ബലികഴിക്കുന്നതും  അവരുടെ സ്വീകാര്യതക്ക് മങ്ങലേൽപ്പിക്കുന്നു.   അതുകൊണ്ടു തന്നെയാണ് മാറ്റങ്ങൾ എങ്ങിനെ പ്രവർത്തികമാക്കണം എന്നുള്ള ഒരു മാർഗ്ഗരേഖയും മാറ്റങ്ങൾ ഉൾക്കൊള്ളുന്ന വിധിയൊടൊപ്പം പുറപ്പെടുവിക്കേണ്ടതിന്റെ ആവശ്യകതയെ പ്രസക്തമാകുന്നത്. സമൂഹത്തിലെ മാറ്റങ്ങൾക്കായുള്ള വിധികൾ സാധാരണ വിധികളിൽ നിന്നും വ്യത്യസ്താമാകേണ്ടതും അതുകൊണ്ടാണ്.

എനിക്ക് തോന്നുന്നു, ഇന്നത്തെ സാഹചര്യങ്ങളിൽ മാറ്റത്തിന്റെ ഉത്തരവാദിത്തം മാറേണ്ട സമൂഹത്തെത്തന്നെ ഏൽപ്പിക്കുന്നതാകും അഭികാമ്യം.  കോടതിയുടെയും, ഭരണകൂടത്തിന്റെയും മേൽനോട്ടത്തോടെ മാറേണ്ട സമൂഹത്തെ എങ്ങിനെയാണ് മാറ്റം പ്രാവർത്തികമാക്കേണ്ടത് എന്ന അധികാരം നൽകി മാറ്റത്തിനായി പ്രേരിപ്പിക്കുക.   അപ്പോൾ ബാഹ്യ പ്രേരണ ഇല്ലാതെതന്നെ, അഭിമാനത്തോടുകൂടി ആ സമൂഹത്തിന് സമയബന്ധിതമായി മാറുവാൻ സാധിക്കും.  

ബാഹ്യപ്രേരണയില്ലാതെ നാമോരോരുത്തരും മാറ്റങ്ങൾ സ്വയം തിരഞ്ഞെടുത്തുകഴിഞ്ഞാൽ, കോടതി വിധികളില്ലാതെതന്നെ നമ്മുടെ ആചാരാനുഷ്ടാനങ്ങളെ കാലോചിതമായി പരിഷ്‌ക്കരിക്കുവാൻ നമുക്ക് കഴിയും.  അത്തരത്തിലേക്ക് നമുക്ക് ഉയരാൻ കഴിയണമെങ്കിൽ; മുൻവിധികളില്ലാതെ, തുറന്ന മനോസോടെ, തുറന്ന ഹൃദയത്തോടെ, ജിജ്ഞാസയോടെ  കാര്യങ്ങളെ നോക്കികാണുവാൻ നമുക്ക് കഴിയണം.  

നാം മാറാനുള്ള തീരുമാനം എടുത്തുകഴിയുമ്പോൾ ഒരു ചോദ്യം ബാക്കിയാകും. എന്റെ മുന്നിൽ ശരിയുടെ നിരവധി വാതായനങ്ങൾ തുറക്കപ്പെട്ടുമ്പോൾ അതിൽ നിന്ന് നല്ലൊരു ശരി ഞാനെങ്ങനെ തിരഞ്ഞെടുക്കും?  

നമുക്ക് മുന്നിലുള്ള പല ശരികളിൽനിന്നും ഒരു ശരി തിരഞ്ഞെടുക്കാനുള്ള ലളിതമായ  നീതിശാസ്ത്രം, വയലാറിന്റെ നമ്മൾ കേട്ടു തഴമ്പിച്ച ആ നാലു വരികൾ തന്നെയാണ്. 

"സ്നേഹിക്കയില്ല ഞാൻ 

നോവുമാത്മാവിനെ 

സ്നേഹിച്ചിടാത്തൊരു

തത്വശാസ്ത്രത്തെയും.. . "

നമ്മൾ കണ്ടെത്തുന്ന പുതിയ ശരികളിലൂടെ,  നമ്മുടെ ചുറ്റുമുള്ള ജീവിതങ്ങളെ, സഹജീവികളെ, സ്നേഹത്തിന്റെ, അനുകമ്പയുടെ കണ്ണുകൾകൊണ്ട് നോക്കിക്കാണാൻ നമുക്ക് കഴിഞ്ഞാൽ, തീർച്ചയായും നമ്മുടെ ഇന്നത്തെ ശരിയിൽനിന്നും പവിത്രമാണ് നാം കണ്ടെത്തിയ പുതിയ ശരിയെന്നുറപ്പിക്കാം.  

ഈ ചെറിയ ജീവിതത്തിൽ, നിരവധി പുതിയ ശരികൾ കണ്ടെത്തി, അടിച്ചേൽപ്പിക്കപ്പെടുന്ന ശരിതെറ്റുകളുടെ ചങ്ങലകളിൽ നിന്നും മോചിതരായി, മറ്റുള്ളവർക്ക് പുതിയൊരു ശരികണ്ടെത്തുന്നതിനുള്ള ഒരു രാസത്വരഗമായി പ്രവർത്തിക്കുവാൻ എനിക്കും, നിങ്ങള്ക്കും കഴിയട്ടെ എന്നാഗ്രഹിച്ചുകൊണ്ട്...

നന്ദി  നമസ്കാരം.