Skip to main content
Srishti-2022   >>  Article - Malayalam   >>  സുപ്രീം കോടതി വിധികളും ആചാരങ്ങളും.

Biju Sundaran

UST Global

സുപ്രീം കോടതി വിധികളും ആചാരങ്ങളും.

ഇന്ത്യ എന്ന ഭാരതം ഒരേ സമയം ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടേയും വൈവിധ്യങ്ങളുടേയും ഉദാത്തമായ ഉദാഹരണമായാണ് ലോകം നോക്കിക്കാണുന്നത്. താരതമ്യേന ചെറുപ്പമായ ജനാധിപത്യ പ്രക്രിയകളും അനേകായിരം വർഷങ്ങളുടെ പാരമ്പര്യവുമുള്ള സംസ്കാരങ്ങളും ഒരേ ഭരണഘടനക്കു കീഴിൽ ചേർന്നു നിൽക്കുന്നത് പലപ്പോഴും വിസ്മയത്തോടു കൂടെയാണ് വിശകലനം ചെയ്യപ്പെട്ടിട്ടുള്ളത്. പക്ഷേ അലിഖിതമായ മാമൂലുകളും വ്യവസ്ഥാപിതമായ ഭരണഘടനയും ചേരുന്നിടത്ത് ചിലപ്പോഴെങ്കിലും ചില പോരായ്മകൾ പ്രകടമാകാറുണ്ട്. ഈ യാഥാർത്ഥ്യങ്ങളെ പൂർണ്ണമായും ഉൾക്കൊണ്ട്  ക്രിയാത്മകമായ വിശകലനങ്ങളിലൂടെയും സംവാദങ്ങളിലൂടെയും പരിഹാരം കാണാനുള്ള സംവിധാനങ്ങളും ഭരണഘടന നൽകിയിട്ടുണ്ട്. പരമോന്നത നീതിപീഠം അത്തരം സംവിധാനങ്ങളിലൊന്നു മാത്രമാണ്.

 

സുപ്രീം കോടതിയും ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളും.

 

ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ ഉൾപ്പെടുന്ന ചാപ്റ്റർ നാലും അഞ്ചും വിവരിക്കുന്നത് പ്രകാരം രൂപീകൃതമായ സുപ്രീം കോടതി, ഭരണഘടനാ തത്വങ്ങളും പൗരൻമാരുടെ മാലികാവകാശങ്ങളും സംരക്ഷിക്കുവാൻ ബാധ്യസ്ഥമാണ്. ഇതിൽ തന്നെ ഭരണഘടനയുടെ മുന്നാം ഭാഗത്തിൽ ഉൾപ്പെടുന്ന 12 മുതൽ 35 വരെയുള്ള അനുഛേദങ്ങൾ വിവരിക്കുന്ന പൗരന്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ബാധ്യത പൂർണ്ണമായും സുപ്രീം കോടതിയിൽ നിക്ഷിപ്തമാണ്.സുപ്രധാനമായ വിധിന്യായങ്ങളിലൂടെയും മാതൃകാപരമായ ഇടപെടലുകളിലൂടെയും പരമോന്നത കോടതി തങ്ങളുടേതായ ദൗത്യങ്ങൾ  നിർവ്വഹിച്ചു പോരുന്നു.ഏറെക്കാലത്തെ സംവാദങ്ങളിലൂടെയും വിസ്താരങ്ങളിലൂടെയും വിശകലനം ചെയ്യപ്പെടുന്ന വിഷയങ്ങൾ അനുഭവത്തിന്റേയും അറിവിന്റെയും പിൻബലത്തിൽ വിധിന്യായങ്ങളായി പുറപ്പെടുവിക്കുമ്പോൾ അത് ഇന്ത്യയെമ്പാടുമുള്ള കീഴ്ക്കോടതികൾക്ക് മാർഗ്ഗദർശിയായി മാറുന്നു.ഇത്തരം ഒരു സാഹചര്യത്തിൽ നിന്നു വേണം സമീപകാലത്തെ ചില വിധിന്യായങ്ങളെ, വിശിഷ്യ ആചാരങ്ങളുമായി ബന്ധപ്പെട്ട വിധിന്യായങ്ങളെ അപഗ്രഥിക്കാൻ.

 

ആചാരാനുഷ്‌ഠാനങ്ങളുമായി ബന്ധപ്പെട്ട ചില ചരിത്ര പ്രാധാന്യമുള്ള സുപ്രീം കോടതി വിധികൾ.

 

സ്വാതന്ത്ര്യാനന്തരം ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സുപ്രീം കോടതി വിധിന്യായങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. യുക്തിയുടേയോ ശാസ്ത്രത്തിന്റേയോ പിൻബലമില്ലാതെ കാലാകാലങ്ങളായി നില നിന്ന ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും ഭരണഘടനയുടെ വിവരണത്തിന്റെ വെളിച്ചത്തിൽ വിശകലനം ചെയ്യാനും വിധിന്യായങ്ങൾ പുറപ്പെടുവിക്കാനും ഒരിക്കലും മടിച്ചു നിന്നിട്ടില്ല. എങ്കിലും വിധിന്യായങ്ങളുടെ അപഗ്രഥനത്തിലേക്കു കടക്കുമ്പോൾ സമീപകാലത്തെ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിലെ ഇടപെടൽ തീർത്തും വേറിട്ടു നിൽക്കുന്നതാണെന്നു കാണാം.

 

പത്തു വയസ്സിനും അൻപത് വയസ്സിനും ഇടയിലുള്ള യുവതികളായ സ്ത്രീകൾക്കു ശബരിമലയിൽ ദർശനം നടത്തുന്നതിന് അലിഖിതമായുള്ള വിലക്ക് സുപ്രീം കോടതി സെപ്റ്റംബർ 28ന് നടത്തിയ വിധി പ്രസ്താവനയിലൂടെ എടുത്തു കളയുകയുണ്ടായി. വിശ്വാസത്തിന്റെ പേരിൽ സ്ത്രീകളോട് വിവേചനം പാടില്ല എന്നും സ്ത്രീകള ആരാധിക്കുന്ന ഒരു രാജ്യത്ത് അവരോട് വിശ്വാസത്തിന്റെ പേരിൽ ഇരട്ടത്താപ്പ് കാണിക്കുന്നത് ശരിയല്ല എന്നുമുള്ള നിലപാട് സുപ്രീം കോടതി എടുക്കുകയുണ്ടായി. ശാരീരികവും ജൈവികമുമായുള്ള നിലകൾ കണക്കിലെടുത്താകരുത് ദൈവവുമായുള്ള ബന്ധം വിലയിരുത്തേണ്ടത് എന്ന നിരീക്ഷണം ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബഞ്ച് നടത്തുകയുണ്ടായി. പത്ത് വയസ്സിനും അൻപത് വയസ്സിനും ഇടയിലുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കാത്തത് ഭരണഘടനയുടെ 26-ാം അനുച്ഛേദത്തിന്റെ ലംഘനമായാണ് കോടതി കാണുന്നത്. നാൽപ്പത്തി ഒന്നു ദിവസത്തെ വ്രതം സ്ത്രീകൾക്ക് എടുക്കാനാവില്ല എന്ന വാദം അംഗീകരിക്കാനാവില്ല. മത നിയമങ്ങൾക്കനുസരിച്ച് ആചാരങ്ങളാകാം പക്ഷേ മത നിയമങ്ങൾ ഭരണ ഘടനക്കുള്ളിൽ നിന്നു കൊണ്ടാകണമെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി.

 

ലിംഗസമത്വവും തുല്യ നീതിയും ഉറപ്പുവരുത്തുന്ന ഒരു പാട്  വിധിന്യായങ്ങൾ അടുത്തിടെ ഉണ്ടായെങ്കിലും അത്തരത്തിലുള്ള ഒന്നു മാത്രമായി നമുക്കിതിനെ കാണാനാകില്ല. കാലാകാലങ്ങളായി ആചാരങ്ങളുമായി ബന്ധപ്പെട്ട് പരമോന്നത കോടതി പുറപ്പെടുവിച്ച വിധികളിൽ നിന്നും തീർത്തും ദൃഢവും, പുരോഗമനപരവും വ്യത്യസ്ഥവുമായിരുന്നു ഈ വിധി. എന്തുകൊണ്ട് വ്യത്യസ്ഥമാകുന്നു എന്നുള്ളത് ചർച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്. ഒരു പക്ഷേ സന്താര എന്ന ജൈനമത ആചാരവുമായി ബന്ധപ്പെട്ട കോടതിയുടെ ഇടപെടലുമായി താരതമ്യം ചെയ്താൽ ആ വ്യത്യസ്ഥത നമുക്കു മനസ്സിലാക്കാൻ കഴിയും.

 

ജന്താര എന്ന ജൈനമത ആചാര പ്രകാരം വിശ്വാസികൾക്ക് നിരാഹാരം അനുഷ്ഠിച്ച് മരണം വരിക്കുന്നതിനുള്ള  അനുവാദം നൂറ്റാണ്ടുകളായി മത നിയമപ്രകാരം അനുവദിക്കപ്പെട്ടിട്ടുണ്ട്. അത്തരം ഒരു മരണത്തെ വിശ്വാസികൾ ഒരു പുണ്യ പ്രവർത്തിയായി കാണുകയും ചെയ്യുന്നു. എന്നാൽ 2015ൽ രാജസ്ഥാൻ ഹൈക്കോടതി ഇതിനെതിരെ വിധി പ്രസ്താവിക്കുകയും നിരോധനം ഏർപ്പെടുത്തുകയും ചെയ്തു.  ഇത്തരം ഒരു മരണം ആത്മഹത്യക്കു തുല്യമാണെന്നും ജീവിക്കാനുള്ള ഭരണ ഘടനാ അവകാശത്തിന് എതിരാണെന്നും കോടതി വ്യാഖ്യാനിച്ചു. ഏറെ വിവാദമുണ്ടാക്കിയ ഈ വിധി സുപ്രീം കോടതിയിൽ  പരിഗണനക്കു വരികയും ജീവിക്കാനുള്ള സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും തമ്മിലുള്ള വാദcപതിവാദങ്ങൾക്ക് സാക്ഷിയാകുകയും ചെയ്തു. തുടർന്ന് മതസ്വാതന്ത്ര്യത്തിന് മുൻഗണന നൽകുക വഴി ഹൈക്കോടതി വിധിന്യായത്തെ സ്റ്റേ ചെയ്യുകയുണ്ടായി. മതനിയമം ഭരണഘടനക്കകത്തു നിൽക്കുന്നതാകണമെന്ന ശബരിമല വിധിയുമായി തട്ടിച്ചു നോക്കുമ്പോൾ ജന്താരയുമായി ബന്ധപ്പെട്ട വിധി സുദൃഢ മോ പുരോഗമനപരമോ അല്ല എന്നു കാണാം.

 

വിധിന്യായങ്ങളും സമൂഹവും 

 

പരമോന്നത കോടതിയുടെ വിധിന്യായങ്ങൾ ഉത്തമ ബോധ്യത്തോടു കൂടെ അനുസരിക്കാൻ നാമടങ്ങുന്ന സമൂഹം ബാധ്യസ്ഥമാണ്. അതിനു വേണ്ട സാഹചര്യങ്ങൾ ഒരുക്കേണ്ടത് ജനാധിപത്യ സംവിധാനത്തിൽ ഭരണത്തിലിരിക്കുന്ന സർക്കാരും അതിന്റെ സംവിധാനങ്ങളുമാണ്. ചിലപ്പോഴെങ്കിലും അത്തരം വിധിന്യായങ്ങൾ പൊതു സമൂഹത്തിന്റെ താത്പര്യം കണക്കിലെടുത്തു കൊണ്ടാകണം എന്നില്ല പകരം യുക്തിയും ധർമ്മവും അറിവും അനുഭവവും ഭരണഘടനയെ നിർവ്വചിക്കുന്നതിലൂടെ ഉരുത്തിരിയുന്നതാകണം വിധികൾ എന്ന തിരിച്ചറിവ് സമൂഹം നിലനിർത്തണം. ഭൂരിപക്ഷത്തിനും അധികാരികൾക്കും യോജ്യമായ വിധികൾ മാത്രം പുറപ്പെടുവിക്കുക എന്നതല്ല കോടതിയുടെ ധർമ്മം. ആൾക്കൂട്ടങ്ങൾ ചിന്തിക്കുന്ന പോലെ കോടതികൾ ചിന്തിക്കണമെന്ന് വിശ്വസിക്കുന്നവർ ചോദ്യം ചെയ്യുന്നത് സ്വാതന്ത്ര്യത്തേയും മനുഷ്യ സംസ്കാരത്തേയുമാണെന്ന് വില്യം ഹോൺ ബ്ലോവർ 1912 ൽ എഴുതുകയുണ്ടായി. ഒരു നൂറ്റാണ്ടിനിപ്പുറവും അദ്ദേഹത്തിന്റെ വാക്കുകളെ അന്വർത്ഥമാക്കും വിധം സമൂഹത്തെ വ്രണപ്പെടുത്തുന്ന തത്പര കക്ഷികളുടെ നീണ്ട നിര തന്നെ നമുക്കു കാണാൻ കഴിയും എന്നുള്ളത് സങ്കടകരമാണ്.

 

ആചാരങ്ങൾ മുതലെടുപ്പിനുള്ള അവസരങ്ങളാകുമ്പോൾ 

 

ശബരിമല വിധി നിലവിൽ വന്നിട്ടു ഇന്നേക്ക് ഒരു മാസത്തിലേറെ ആയി. ഇത്ര സമയം കഴിഞ്ഞിട്ടും അനേക ലക്ഷം വിശ്വാസികൾ ദർശനം നടത്തിയിട്ടും ഒരൊറ്റ വനിതക്കു പോലും കോടതി വിധിയുടെ ഗുണഫലം പറ്റാൻ കഴിഞ്ഞില്ല എന്ന സാഹചര്യത്തിൽ നിന്നു തുടങ്ങണം മുതലെടുപ്പുകളെക്കുറിച്ചുള്ള ചർച്ചകൾ. വിശ്വാസികൾ സ്വമേധയാ ഇത്തരം വിധികളോട് വിയോജിപ്പ് രേഖപ്പെടുത്താം, ഓർക്കുക സ്ത്രീകൾക്ക് സ്വത്തവകാശത്തിനുള്ള അധികാരമുണ്ട് എന്ന വിധിക്കെതിരെ സ്ത്രീകൾ പ്രതിഷേധിച്ച നാടാണിത്. പക്ഷേ വിശ്വാസികളുടെ മുഖാവരണം എടുത്തണിഞ്ഞ് രാഷ്ട്രീയ പ്രചരണം നടത്തുന്ന രാഷ്ട്രീയ പ്രചരണങ്ങൾ നമ്മൾ കാണാതെ പോകരുത്. വിശ്വാസികളെന്ന വ്യാജേനെ ഒരു മതത്തിന്റെ വക്താവാകാൻ ശ്രമിക്കുന്നതും സ്വന്തം നിലയിൽ ആചാരങ്ങൾ നിർവ്വചിക്കാൻ ശ്രമിക്കുന്നതും ഇന്ന് നാം നിരന്തരം കണ്ടു കൊണ്ടിരിക്കുകയാണ്. വിയോജിപ്പുകളുണ്ടെങ്കിൽ നിയമപരമായോ ഭരണഘടനാപരമായോ ഉള്ള ഉപാധികൾ സ്വീകരിക്കാൻ തയ്യാറാകാതെ തികച്ചും അനഭിലഷണീയമായ രീതിയിൽ സംഘർഷങ്ങളോ ഹർത്താലുകൾ ഉൾപ്പടെയുള്ള ജനദ്രോഹ നടപടികളോ സ്വീകരിച്ച് മുന്നോട്ട് പോകുന്ന ഖേദകരമായ അവസ്ഥയാണ് ഇന്ന് നാം കാണുന്നത്. സത്യവുമായി പുലബന്ധം പോലുമില്ലാത്ത കാരണങ്ങളെ സോഷ്യൽ മീഡിയയുടെ സഹായത്തോടെ ജനങ്ങളിലേക്ക് എത്തിച്ച് അവരെ അസ്വസ്ഥരാക്കാൻ ഈ വിഭാഗത്തിന് കഴിയുന്നു എന്നുള്ളതാണ് ഇന്നത്തെ സ്ഥിതി വിശേഷം. 

 

സത്യത്തിന്റെ മുഖം മൂടി വക്കാൻ ഏറെക്കാലം കഴിയില്ല എന്നു തന്നെയാണ് കാലം തെളിയിച്ചിരിക്കുന്നത്. മനസ്സിൽ സ്വാതന്ത്ര്യം കൈവരിക്കാത്ത അത്തരക്കാരോട് നമുക്ക് പൊറുക്കാം കാരണം  മനസ്സിൽ സ്വാതന്ത്ര്യം കൈവരിക്കാത്തവർക്ക് സ്വാതന്ത്യമെന്നത് മരീചിക മാത്രമാകും എന്ന ബി ആർ അബേദ്ക്കറുടെ കാലങ്ങൾക്കു മുന്നേയുള്ള വാക്കുകൾ മാത്രം മതി ഈ രാജ്യത്തെ നേരോടെ, നിർഭയം മുന്നോട്ട് നയിക്കാൻ.