Skip to main content
Srishti-2019   >>  Article - Malayalam   >>  ജനാധിപത്യ റിപ്പബ്ലിക്കിലെ വിശ്വാസ സംരക്ഷണം

ജനാധിപത്യ റിപ്പബ്ലിക്കിലെ വിശ്വാസ സംരക്ഷണം

Written By: ABIN JACOB
Company: QBURST TECHNOLOGIES

Total Votes: 0
Vote.

ജനാധിപത്യ റിപ്പബ്ലിക്കിലെ വിശ്വാസ സംരക്ഷണം

 

“ഭാരതത്തിലെ ജനങ്ങളായ നാം ഭാരതത്തെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ളിക്കായി സംവിധാനം ചെയ്യുവാനും അതിലെ പൗരന്മാർക്കെല്ലാം: സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും; ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യവും; പദവിയിലും അവസരത്തിലും സമത്വവും; സംപ്രാപ്തമാക്കുവാനും; അവർക്കെല്ലാമിടയിൽ വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ട്  സാഹോദര്യം പുലർത്തുവാനും; സഗൗരവം തീരുമാനിച്ചിരിക്കയാൽ; നമ്മുടെ ഭരണഘടനാ നിർമ്മാണസഭയിൽ ഈ 1949 നവംബർ ഇരുപത്താറാം ദിവസം ഇതിനാൽ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.”

 

നൂറായിരം വ്യത്യസ്ത മാനുഷിക വികാരങ്ങളെ ആവാഹിച്ച് ഭാരതം എന്ന ചട്ടക്കൂടിൽ ഒതുക്കുന്ന ഈ വാക്കുകൾ മറ്റൊരു ജനതയ്ക്കും അവകാശപ്പെടാനാവാത്ത സുരക്ഷയും ബഹുമാനവും ഓരോ ഭാരതീയനും പ്രദാനം ചെയ്യുന്നു. ജാതിക്കോമരങ്ങൾ നിറഞ്ഞു തുള്ളിയ രാജഭരണക്കാലത്തെ വേദപ്രമാണങ്ങളിൽ നിന്നും സമത്വത്തിന്റെ ഈ ജനാധിപത്യസംഹിതയിലോട്ടുള്ള ദൂരം നൂറ്റാണ്ടുകളുടെ അടിമത്തവും അവകാശലംഘനങ്ങളുമായിരുന്നു. സ്വാതന്ത്ര്യം എന്ന അടങ്ങാത്ത മോഹം മനസ്സിൽ താലോലിച്ച ഭരണഘടനാ ശില്പികൾക്ക് നവഭാരതത്തിന്റെ തലക്കുറി എഴുതുവാൻ മഷി പകർന്നത് അടിച്ചമർത്തപ്പെട്ട വലിയൊരു സമൂഹത്തിന്റെ രക്തചൊരിച്ചിലായിരുന്നു. വർണ്ണക്കടലാസുകളിൽ ചേരാത്ത ആ വാക്കുകൾ രചിക്കപ്പെട്ടത് അവരുടെ ശവകൂടീരങ്ങൾക്കു മീതെയും.

 

കശ്മീർ മുതൽ കന്യാകുമാരി വരെ നിറഞ്ഞു നിൽക്കുന്ന വിഭിന്നങ്ങളായ സംസ്കാരങ്ങളെ ഉൾക്കൊള്ളുക എന്നത് തന്നെയാവും ഭരണഘടനാ ശിൽപ്പികൾ നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി. എന്നിരുന്നാലും ഭാരതത്തിന്റെ അന്തസ്സത്ത ഈ വൈവിധ്യത്തിലാണെന്ന ബോധ്യത്തോടെ ഓരോ പൗരന്റേയ്യും വിശ്വാസവും അവ ആചരിക്കുവാനുള്ള അവകാശവും എക്കാലവും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് അവർ നിർദ്ദേശിച്ചു. ഒപ്പം തുല്യതയും നീതിയും പരമപ്രാധാന്യത്തോടെ അവതരിപ്പിക്കുകയും ചെയ്തു. ശതകോടി ഭാരതീയരുടെ അനുഗ്രഹാശ്ശിസുകളോടെ നിലവിൽ വന്ന ഭരണഘടന ഇന്ന് നമ്മുടെ മുന്നേറ്റത്തിന്റെ നട്ടെല്ലായി വർത്തിക്കുന്നു.

 

ഭാരതത്തിന്റെ നവോത്ഥാന ചരിത്രം പരിശോധിക്കുമ്പോൾ, ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന പ്രമാണങ്ങളെ ആധാരമാക്കി ദുരാചാരങ്ങളും പലവിധ വിവേചനങ്ങളും തരംതിരിച്ച് തുടച്ചു നീക്കിയ ജനനായകരുടെ നാമങ്ങൾ പല താളുകളിലും കാണാം. അവരുടെ പിന്നിൽ ഉറച്ചുനിന്നിരുന്ന ബഹുജന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പങ്കും വിസ്മരിക്കാവുന്നതല്ല. എന്നാൽ കാലം ചെല്ലുന്തോറും, അധികാരത്തുടർച്ചയ്ക്ക് ഏതാനും  പ്രാദേശിക വോട്ടുബാങ്കുകളെ ഏകോപിപ്പിച്ചാൽ മാത്രം മതിയെന്ന കണ്ടെത്തൽ രാഷ്ട്രീയ പാർട്ടികളെ മത മേലാളന്മാരുടെ ചരടുപ്പാവകളാക്കിതീർത്തു. തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന്റെ നിയന്ത്രണത്തിനതീതമായി സ്വയംഭരണ സ്ഥാപനങ്ങളായി മതങ്ങൾ മാറി. രാഷ്ട്രീയ പാർട്ടികൾ വർഗ്ഗീയതയ്ക്ക് ചൂട്ട് പിടിച്ച് അധികാരകേന്ദ്രങ്ങൾ കയ്യടക്കിയ്യപ്പോൾ പെരുകി വരുന്ന ദുരാചാരങ്ങൾ കണ്ടില്ലെന്നു നടിച്ചു. മതേതര റിപ്പബ്ലിക്കായ ഇന്ത്യ മതങ്ങളുടെ റിപ്പബ്ലിക്കായി മാറി.

 

ബാല്യകാലം തൊട്ട് പുരാണങ്ങളിലും ഇതിഹാസങ്ങളിലും പ്രാർത്ഥനകളിലും അഭിരമിച്ച് കഴിയുന്ന ഭാരതീയരുടെ രക്തത്തിൽ മാതൃസ്നേഹം പോലെ അലിഞ്ഞു ചേർന്നിട്ടുള്ളതാണ് വിശ്വാസവും. പഴകുംത്തോറും വീര്യം കൂടുന്ന ആ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന മതനേതൃത്വം, ദൈവത്തെപ്പോലും വെറുമൊരു മതനേതാവാക്കുന്നു. വാമൊഴിയായോ വരമൊഴിയായോ തലമുറകൾ കൈമാറിപ്പോരുന്ന ആചാരങ്ങളിലെ ശരിതെറ്റുകളെ വേർതിരിച്ചു വിശ്വാസികളെ ബോധ്യപ്പെടുത്താതെ അവ ഓരോന്നും ശിരസ്സാവഹിക്കേണ്ട ആജ്ഞകളായി തെറ്റിദ്ധരിപ്പിക്കുന്നു. സ്വകാര്യാവശ്യങ്ങൾക്കുപ്പോലും ഭരണകൂടവുമായി വിലപേശാൻ വിശ്വാസികളെ ദുരുപയോഗപ്പെടുത്തുന്നു. അടിസ്ഥാന മില്ലാത്തതും മനുഷ്യന് ഹാനികരവുമായ പല ആചാരങ്ങളും അനുഷ്ഠാനങ്ങളും സമൂഹത്തിന്റെ നന്മയെ കരുതി ഭരണകൂടത്തിന്റെ ഒപ്പം നിന്ന് നിയന്ത്രിക്കേണ്ട മതനേതാക്കൾ ഇന്ന് വർഗ്ഗീയവാദികളായി തരം താഴുന്നു. ഭരണഘടനാ അനുശാസിക്കുന്ന ആരാധനാസ്വാതന്ത്ര്യത്തെക്കുറിച്ച്   എന്നും വാചാലരാകുന്നവർ സ്വന്തം വിശ്വാസാചാരങ്ങൾ മറ്റൊരുവന്റെ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമായി ചൂണ്ടിക്കാട്ടപ്പെടുമ്പോൾ ഭരണഘടനയെത്തന്നെ തള്ളി പറയുന്നത് നിലപാടുകളിലെ അവരുടെ ഇരട്ടത്താപ്പ് വെളിവാക്കുന്നു.

 

വിശ്വാസങ്ങളെ വ്രണപ്പെടുത്തി നിഗൂഡമായ അജണ്ടകൾ നടപ്പാക്കാനുള്ള ശ്രമങ്ങളിൽ കോടതികളും പലപ്പോഴും നിസ്സഹായമായ ഉപകരണമായിത്തീരുന്നു. തെളിവുകളെ ആധാരമാക്കി പ്രവർത്തിക്കുന്ന കോടതി സംവിധാനങ്ങളിൽ വാക്കുകളാൽ വ്യാഖ്യാനിക്കാൻ കഴിയാത്ത വിശ്വാസങ്ങളും എഴുതപ്പെടാത്ത കീഴ് വഴക്കങ്ങളും പരാജയപ്പെടുമെന്നതിൽ അത്ഭുതമില്ല. പക്ഷേ ഒരു മഹാഭൂരിപക്ഷത്തെ ബാധിക്കുന്നതാണെങ്കിൽ ഹർജ്ജിയുടെ പിന്നിലുള്ള താല്പര്യങ്ങളും അടിയന്തരമായി വിധിക്കേണ്ട ആവശ്യകതയും ജനഹിതവും പരിശോധിക്കുന്നത് നീതിപീഠത്തിന്റെ ശോഭ വർധിപ്പിക്കും. രാജ്യത്തിന്റെ ഭരണസംവിധാനത്തിൽ നിക്ഷിപ്ത താൽപര്യങ്ങളില്ലാത്ത ഒരേയൊരു തലം കോടതികളായതിനാൽ നാട്ടിൽ അരാജകത്വം സൃഷ്ടിക്കുവാനുള്ള ഗൂഡശ്രമങ്ങൾ തിരിച്ചറിയുവാനും ചെറുക്കുവാനും കോടതികൾക്ക് സാധിക്കും.

 

രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കുന്ന ഭരണകൂടത്തിന് മാത്രമേ ഭരണഘടനയോട് ചേർന്ന് നിന്ന് വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കുവാനും ആചാരങ്ങളെ ക്രമപ്പെടുത്തുവാനും ദുരാചാരങ്ങളെ തുടച്ചു നീക്കുവാനും സാധിക്കുകയുള്ളൂ. പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രത്തിലോ മാർഗദർശികളാലോ പരാമർശിക്കപ്പെടാതെ പോയ പല സവിശേഷ സാഹചര്യങ്ങളിലും സംയമനത്തോടെ എല്ലാ വിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുത്ത് നയപരമായി നീതി നടപ്പാക്കുന്നതിലാണ് ഒരു ഭരണാധികാരിയുടെയ്യും സർക്കാരിന്റെയ്യും ഭരണനിപുണത വെളിവാകുന്നത്. അപ്പോഴാണ് ജനങ്ങൾക്ക് ഉദ്യോഗസ്ഥ ഭരണത്തിന്റെയ്യും ജനാധിപത്യ ഭരണത്തിന്റെയ്യും വ്യത്യാസം വ്യക്തമാകുന്നത്. മറിച്ച് വ്യക്തിപരമായ നിലപാടുകൾ ഒറ്റപ്പെടുന്ന വിഭാഗങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ നാട്ടിൽ അരാജകത്വം സൃഷ്ടിക്കുകയും വർഗ്ഗീയവാദികൾക്കത് കലാപത്തിന് തിരി കൊളുത്താൻ തീപ്പന്തം കൈമാറുന്നതിന് തുല്യവുമാവും.

 

രാഷ്ട്രീയ തൊഴിലാളികളുടെയ്യും സാമുദിയിക ദല്ലാളന്മാരുടെയ്യും ആജ്ഞാനുവർത്തികളായ ചിന്താശേഷിയില്ലാത്ത ഒരു വലിയ വിഭാഗം ജനങ്ങൾ ഏതു നടപടിയുടെയും ആക്കം കൂട്ടുന്നു.  നേതാക്കന്മാരുടെ സ്വാർത്ഥതാല്പര്യങ്ങൾ നടപ്പിലാക്കുവാൻ പ്രാഥമിക വിദ്യാഭ്യാസം പോലും നിഷേധിച്ച് അന്ധവിശ്വാസങ്ങൾ കുത്തിനിറച്ച് ജനങ്ങളെ ദാരിദ്ര്യത്തിൽ നിലനിർത്തുന്ന സംവിധാനം ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ശക്തമായി പ്രവർത്തിക്കുന്നു. ദുരാചാരങ്ങളെ എതിർക്കുന്നവരുടെ ശ്രദ്ധയിൽ പലപ്പോഴും ഇത്തരം പരമ്പരാഗത ‘ആചാരങ്ങൾക്ക്’ സ്ഥാനമില്ല.

 

നവോത്ഥാനം ഒരു തുടർപ്രക്രിയ ആണ്. കാലഹരണപ്പെട്ട നിയമങ്ങളും കീഴ് വഴക്കങ്ങളും മാറേണ്ടിയിരിക്കുന്നു. എന്നാൽ അത് വിശ്വാസത്തെ സംബന്ധിച്ചാവുമ്പോൾ ഓർക്കേണ്ടത് കാലപ്പഴക്കം ആചാരങ്ങളുടെ തീവ്രത കൂട്ടുന്നു എന്നുള്ളതാണ്. വേണ്ടത് ദുരാചാരങ്ങളെ തിരിച്ചറിയുവാനുള്ള സൂചകങ്ങളാണ്. ഒരുപക്ഷേ ഭരണഘടനയിലെ നിർവചനങ്ങൾക്കാണ്ടുമാത്രം ആചാരങ്ങളെ വേർതിരിക്കുവാൻ സാധിച്ചെന്നു വരില്ല. ഭരണഘടനയുടെ ന്യൂനതയായി അതിനെ കാണുന്നതിനു പകരം മാനുഷിക വികാരങ്ങളുടെ തുറന്ന വിഹായസ്സിനെ അക്ഷരങ്ങളിലേക്ക് പകർത്തുന്നതിലുള്ള പരിമിതിയായി കണക്കാക്കുന്നതാണുചിതം. അതിനാൽ മറ്റൊരുവന്റെ സ്വാതന്ത്ര്യവും സ്വൈര്യജീവിതവും ഹനിക്കാത്തിടത്തോളവും വിശ്വാസികൾ സുരക്ഷിതരായിരിക്കുന്നിടത്തോളവും ആചാരങ്ങൾ ആചരിക്കപ്പെടട്ടെ. മറിച്ച് സംഭവിക്കുമ്പോൾ സമൂഹത്തിൽ എല്ലാ തലങ്ങളിലുമുള്ള ചർച്ചകൾക്കും ശരിയായ ബോധവൽക്കരണത്തിനും ശേഷം ദുരാചാരങ്ങൾ അവസാനിക്കട്ടെ. അത്തരത്തിൽ.. വാഴട്ടെ.. നമ്മുടെ ഭരണഘടന നിർവചിക്കുന്ന ജനാധിപത്യ റിപ്പബ്ലിക്ക് !

Comment