Skip to main content
Srishti-2022   >>  Article - Malayalam   >>  സ്ത്രീയും സിനിമയും

Lakshmi M Das

Allianz Technology

സ്ത്രീയും സിനിമയും

അരനൂറ്റാണ്ടിലേറെയായ്  സമൂഹത്തിന്റെ  പ്രത്യയശാസ്ത്രപരമായ താത്പര്യങ്ങളുടെയും അധികാരാബന്ധങ്ങളുടെയും സ്ഥാപനവത്ക്കരണത്തിനായുള്ള  ജനപ്രിയ  മാധ്യമമായി  സിനിമ പരിണമിച്ചിരിക്കുന്നത്  കൊണ്ട്  തന്നെ , സാമൂഹികമായ  മാറ്റങ്ങൾ  സിനിമയെയും  , തിരിച്ചും  ,വ്യക്തമായ  തലത്തിൽ  സ്വാധീനം  ചെലുത്തുന്നുണ്ടെന്നത്  ഒരു  യാഥാർഥ്യമാണ് . സിനിമക്കുള്ളിൽ  പ്രവർത്തിക്കുന്നവരുടെയും  ,അത്  കാണുന്ന പ്രേക്ഷക  സമൂഹത്തിന്റെയും  പൊതുബോധം  പൊരുത്തപ്പെടുമ്പോളാണല്ലോ  ഒരു  ജനപ്രിയ  സിനിമ  ഉണ്ടാകുന്നതു .അതുകൊണ്ടു  തന്നെ  സ്രഷ്ടാവിന്റെയും  ഉപഭോക്താവിന്റെയും  സാമൂഹികമായ  കാഴ്ച്ചപ്പാടുകൾ  ഒരു  സിനിമയുടെ , അത്  വഴി  സിനിമാലോകത്തിന്ടെ  തന്നെ  കാഴ്ചപാടായ്  മാറുകയാണ്  പതിവ് .പുരുഷകേന്ദ്രികൃതമായ  ഒരു  സമൂഹത്തിൽ  ഉണ്ടായ  സിനിമകൾ  എത്രത്തോളം  സ്ത്രീപക്ഷം  ആയിരുന്നെന്നും , അവ  ഏതു  രീതിയിൽ സ്വീകരിക്കപ്പെട്ടു  എന്ന്  മനസിലാക്കുന്നതിന് ആദ്യം  ഇംഗ്ലീഷ് സിനിമയെ  നിരീക്ഷിക്കാം .

 

സ്ത്രീപക്ഷ സിനിമകൾ ഹോളിവുഡിൽ :

 

ഇന്ന്  ഏറെ  തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന  ഫെമിനിസം  എന്ന  ആശയം ,അതിന്റെ    പ്രാരംഭ  കാലഘട്ടത്തിൽ  ഹോളിവുഡ്   സിനിമകളിൽ  ശക്തമായ  സ്വാധീനം  ചെലുത്തിയിരുന്നു  എന്ന്  വേണം  മനസിലാക്കാൻ . 1934 lil ഹേസ്  നിയമങ്ങളുടെ  ചട്ടക്കൂടിൽ  ഒതുങ്ങി  നിന്ന  ഇംഗ്ലീഷ്  സിനിമയ്ക്കു  മുൻപ്   തന്നെ  ശക്തമായ  സ്ത്രീ  കഥാപാത്രങ്ങൾ  ഇംഗ്ലീഷ്  സിനിമയിൽ  ഉണ്ടായിട്ടുണ്ട് .'നോര്മ  ഷെയറെർ  ' The Divorcee' എന്ന  ചിത്രത്തിൽ അവതരിപ്പിച്ച  പരസ്ത്രീ  ബന്ധം   പുലർത്തി  ചതിക്കുന്ന  ഭർത്താവിനോട്   അതെ  നാണയത്തിൽ  പകരം  വീട്ടുന്ന  ഭാര്യയുടെ  കഥാപാത്രം  , ആ  കാലത്ത്   അമേരിക്കൻ   ജനതയ്ക്ക്  ഉൾകൊള്ളാവുന്നതിൽ  അപ്പുറത്തായിരുന്നു . പല  കത്തോലിക്ക  ദേവാലയങ്ങളും   ഷെയറെർടെ  ചിത്രങ്ങൾ  കാണുന്നതിൽ  നിന്ന്  പിൻവാങ്ങണം  എന്ന്  ആഹ്വനം  ചെയ്ക  പോലും  ഉണ്ടായി .ഒരേസമയം  ലിംഗവിവേചനവും  വർഗവിവേചനവും  നേരിട്ട്  ഹോളിവുഡിൽ  ശക്തമായ  സാന്നിധ്യമായ  കറുത്തവർഗകാരിയാ  നടിയാണ്  Hattie McDaniel.' The Lion in winter ' പോലുള്ള  സിനിമകളിൽ  ശക്തമായ  സ്ത്രീ  കഥാപാത്രങ്ങൾ  ചെയ്ത  Katherine Hepburn, നടി മാത്രം  അല്ല  ഓസ്കാർ  ലഭിച്ച  ചിത്രത്തിന്റെ  നിർമാതാവും  ആയിരന്നു .
ഇത്തരത്തിൽ  ശക്തമായ  സ്ത്രീ  കഥാപാത്രങ്ങൾ  അഭ്രപാളിയിൽ  വിരിയിച്ച  ഹോളിവുഡ്  സിനിമയിൽ  തന്നെ  വെറും  സെക്സ്  സിംബൽ   ആയി  കണക്കാക്കപെട്ട  സ്ത്രീ  കഥാപാത്രങ്ങൾക്കും  കുറവില്ലായിരുന്നു . ചില  അഭിനേത്രികൾ  ഈ  vamp പ്രതിച്ഛായയിൽ  നിന്നും  പുറത്തു  വരാൻ  കഴിയാത്ത  തക്കവണ്ണം  തളച്ചിടപ്പെടുകയും  ചെയ്തു . ആധുനിക  കാലഘട്ടത്തിലെ  ഹോളിവുഡ്  സിനിമയിൽ  അമാനുഷികത്വത്തിന്റെ  ചിറകിൽ  ഏറി  ആരാധകരുടെ  ഹൃദയങ്ങൾ   കീഴടക്കിയ  ‘Wonder Women’ , ‘Black Widow’  ‘ Hermione’ പോലുള്ള  കഥാപാത്രങ്ങൾ  മാറ്റി  നിർത്തിയാൽ , ജീവിതഗന്ധികളായി  ശ്കതമായ  സ്ത്രീ  കഥാപാത്രങ്ങൾ  എത്രത്തോളം  ഉണ്ട്  എന്ന്  സംശയിക്കേണ്ടി  ഇരിക്കുന്നു .


ഇന്ത്യൻ  സിനിമയിലെ സ്ത്രീ


ലോകത്തിൽ  ഏറ്റവും  അധികം  സിനിമകൾ  പ്രതി  വര്ഷം  പുറത്തിറങ്ങുന്ന  ഇന്ത്യൻ  സിനിമയിലേക്ക്  കടക്കുമ്പോൾ  ആദ്യം  ഹിന്ദി  ചിത്രങ്ങളിൽ   നിന്ന്  തുടങ്ങാം .ഇന്ത്യൻ   സിനിമയിൽ   വിവിധ  സാങ്കേതിക  മേഖലകളിൽ  ഒരളവു വരെ എങ്കിലും സ്ത്രീ സാന്നിധ്യം കാണാവുന്നത്   ഹിന്ദി  സിനിമ രംഗത്താണ്   . സംവിധാനവും  , നിർമാണവും   മുതൽ  ചിത്ര  സംയോജനം   , ഛായാഗ്രഹണം  പോലുള്ള  തികച്ചും  സാങ്കേതികത്തികവ്  പുലർത്തണ്ടേ മേഖലകളിലേക്കും  സ്ത്രീകൾ  കടന്നു  വരുന്നു  എന്നത്  തീർത്തും  പ്രതീക്ഷാവഹമായ  ഒരു  മുന്നേറ്റമാണ് .
ഹിന്ദി  സിനിമയുടെ  ചരിത്രത്തിൽ  സ്ത്രീ  പ്രധാനമായ  കഥാപാത്രങ്ങൾ  പരിശോധിക്കുമ്പോൾ  , ‘Mother India’ എന്ന  ചിത്രത്തിലെ  നർഗിസിന്റെ   കഥാപാത്രത്തെ  മാറ്റി  നിർത്താൻ  ഒരിക്കലും  സാധിക്കില്ല .കുടുംബത്തിന്  നേരിടേണ്ടി  വന്ന  കൊടും  കഷ്ടതകളിലും  മനസ്  മടുക്കാതെ   ഉറച്ചു  നിന്ന  ഈ  കഥാപാത്രം ,ശക്തമായ  സ്ത്രീത്വത്തിന്റെ  മുഖം  ആയി  ആണ്  കണക്കാക്കപെടുന്നത് . കൊള്ളക്കാരനായ  സ്വന്തം  മകനെ  കൊല്ലുമ്പോൾ 
 അവർ  അവരുടെ  മാതൃത്വത്തിനും  മുകളിൽ  കണ്ടത്  ആദർശങ്ങളെ  ആണ് എന്ന് തെളിയുന്നു  . ശബാന  അസ്‌മി  ,Arth എന്ന  ചിത്രത്തിൽ  അവതരിപ്പിച്ച  വീട്ടമ്മയായ  കഥാപാത്രത്തിന്  വിവിധ  തലങ്ങൾ   ഉണ്ട് .ജീവിതത്തിൽ  നേരിടേണ്ടി  വന്ന  ചതിക്കും  ദുരനുഭവങ്ങൾക്കും   ഒടുവിൽ  അവർ  സ്വയം  ഉയർത്തെഴുനേൽക്കുന്നതു  ഒരു   സ്ത്രീയുടെ  പകരം  വയ്ക്കാനില്ലാത്ത   മനഃശക്തിക്കു  ഉദാഹരണമാണ് . Guide എന്ന  ചിത്രത്തിൽ  വഹീദ  റഹ്മാൻ  അവതരിപ്പിച്ച  കഥാപാത്രം  തന്റെ   ഏറ്റവും  വല്യ  ആഗ്രഹമായ  നർത്തകിയ്യാകുന്നതിനു  വേണ്ടി  നേരിടുന്ന  ദുരനനുഭവങ്ങളും , അതിനെല്ലാം ഒടുവിലും  അവർ  തന്റെ   അഭിനിവേശത്തിൽ  നിന്ന്  പിന്മാറാതെ  അത്  നേടിയെടുക്കുന്നതിലും  സ്ത്രീയുടെ  പോരാട്ട  വീര്യം  തെളിഞ്ഞു  നിൽക്കുന്നു .

 

നായകൻറെ നിഴലിൽ

80 കളുടെ  അവസാന  പാദത്തോടെ  നായക  പ്രാധാന്യമുള്ള സിനിമകളുടെ  അതിപ്രസരത്തിൽ  , ശക്തമായ  നായികാ  കഥാപാത്രങ്ങൾ   കാര്യമായി  ഉണ്ടായില്ല  എന്ന്  പറയേണ്ടി  വരും . ഹിന്ദി  സിനിമകൾ  പ്രധാനമായും  പ്രണയ  സിനിമകളും  ആക്ഷൻ  ചിത്രങ്ങളൂം  ആയി  തരം  തിരിക്കപ്പെട്ട  ആ  കാലഘട്ടതയിൽ  നായകന്റെ  നിഴൽ  മാത്രം  ആയി  ഒതുങ്ങിയവരോ   പ്രണയത്തിനു  വേണ്ടി  മാത്രം  ശബ്ദം  ഉയർത്തുന്നവരോ  ആയി  നായികാ  കഥാപാത്രങ്ങൾ  ഒതുങ്ങി .ഇതിൽ  രണ്ടിലും  പെടാത്ത  ഒരു  വിഭാഗം , അൽപ  വസ്ത്രധാരികളായി  നൃത്തം  ചെയുന്ന  മാദക  സുന്ദരികളായ  നടികൾ  ആണ് .ഇവരുടെ  കഥാപാത്രങ്ങൾക്കു  പലപ്പോളും  ഒരു  പേര്  പോലും  ഉണ്ടാകണം  എന്നില്ല .സ്ത്രീ  ശരീരത്തെ  വെറും  ഉപഭോഗ  വസ്തുവായി  തരംതാഴ്ത്തുന്ന  തരത്തിലുള്ള  ഇത്തരം  കഥാപാത്രങ്ങൾ  ഇന്നും  പല  ചിത്രങ്ങളിലും  കാണാം  എന്നത്  തികച്ചും  പരിതാപകരം  ആണ് .

ഉയർത്തെഴുനേൽപ്പ്‌

എന്നാൽ  ഈ  കാലഘട്ടത്തിനു  ശേഷം  ഒട്ടനവധി  ശക്തമായ  സ്ത്രീ  കഥാപാത്രങ്ങൾ  ഹിന്ദി  ചിത്രങ്ങളിൽ  ഉണ്ടായി .ആധുനിക  സ്ത്രീയുടെ  പ്രശ്നങ്ങൾ   കൈകാര്യം  ചെയ്യാൻ  ചിത്രങ്ങൾ  തയ്യാറായി   എന്നും  ഒരു  വസ്തുതയാണ് . പിങ്ക്  എന്ന  ചിത്രം  മുന്നോട്ടു  വയ്ക്കുന്ന  ഒരു  ശക്തമായ  ആശയം  ഉണ്ട് . ഒരു  സ്ത്രീയുടെ  സമ്മതത്തിന്റെ   വില , പലപ്പോഴും  സമൂഹം  അംഗീകരിക്കാൻ  മടി  കാണിച്ചിട്ടുള്ള  ഇത്തരം  പ്രമേയങ്ങളെ  വളരെ  ശക്തമായി  മുന്നോട്ടു  വച്ച  സിനിമകൾ ഹിന്ദിയിൽ  ഉണ്ടായി . ചെറു  പ്രായത്തിൽ  ഒരു  പെൺകുട്ടി  ഏറ്റവും  സുരക്ഷിത  എന്ന്  അവകാശപ്പെടുന്ന  വീട്ടിൽ  വച്ച്  അനുഭവിക്കേണ്ടി  വന്ന  പീഡനം  വളർന്നിട്ടും  അവളുടെ  മനസ്സിൽ  മായാത്ത  മുറിവായി  നില്കുന്നു  എന്നും , അതിൽ  നിന്നും  ശക്തമായി  പുറത്തു  വരാനും  എല്ലാം  തുറന്നു  പറയാനും  അവൾക്കു  കഴിയുന്നു  എന്നും  വിവരിക്കുന്ന  Highway എന്ന  ചിത്രത്തിൽ  ആലിയ  ഭട്ടിന്റെ  കഥാപാത്രം ഒരു ഉത്തമ ഉദാഹരണമാണ് . ഭർത്താവിന്റെ  കൊലപാതകത്തിന്  പകരം  വീട്ടാൻ  എത്തുന്ന  വിദ്യ  ബാലന്റെ  കഹാനിയിലെ  കഥാപാത്രവും , ഗ്രാമത്തിൽ  തന്റെ  അപകർഷതാ  ബോധത്തിന്റെ  ചങ്ങലകൾ  പൊട്ടിച്ചെറിഞ്ഞു  ലോകം  കാണാനിറങ്ങുന്ന കങ്കണയുടെ  Queen ഇലെ  കഥാപാത്രവും  അവയിൽ  ചിലതു  മാത്രം .

 

മലയാള സിനിമയിലെ സ്ത്രീയുടെ സ്ഥാനം

 

പോരാട്ടങ്ങൾ

മലയാള  സിനിമയിലേക്ക്  കടക്കുകയാണെങ്കിൽ  സ്ത്രീകൾ  തങ്ങളുടെ  അവകാശങ്ങൾ  നേടിയെടുക്കുന്നതിനായ്  ശക്തമായ  പോരാട്ടം  നടത്തുന്ന കാലഘട്ടനമിതു .സ്ത്രീകൾക്കായി  ശബ്ദം  ഉയർത്തുന്നവർ  ഒറ്റപെടുന്നതും  അവരുടെ  ആവശ്യങ്ങൾക്ക്  കേൾവിക്കാരില്ലാത്തതും  ആയ  ഒരു  സാഹചര്യത്തിൽ  അവകാശങ്ങൾ  നേടിയെടുക്കാൻ  ചിലരെങ്കിലും  ഒരു  പോരാട്ടത്തിനായി  ഇറങ്ങി  തിരിച്ചിരിക്കുന്നത്  ശ്രദ്ദേയം  ആണ് .സിനിമയുടെ  ആഖ്യാനത്തിന്റെ  സൂക്ഷമ  രാഷ്ട്രീയത്തെ  നിയന്ത്രിക്കുന്നത്  സമൂഹത്തിൽ  നിലനിൽക്കുന്ന  പുരുഷകേന്ദ്രികൃത  വ്യവസ്ഥകൾ  ആണ്  എന്ന്  ഒരു  തിരിച്ചറിവ്  ഉണ്ടാക്കുന്ന  രീതിയിൽ  ഉള്ള  സംഭവ  വികാസങ്ങൾ  ആണ്  പലപ്പോഴും  മലയാള  സിനിമയിൽ  ഉണ്ടായി കൊണ്ടിരിക്കുന്നത് .

 

ചരിത്രത്തിലൂടെ

മലയാള  സിനിമ  ചരിത്രം  പരിശോധിക്കുകയാണെണെങ്കിൽ   അഭിനയ  രംഗത്തും  ഗാനാലാപന  രംഗത്തും  ഉള്ള  ചിലർ  ഒഴിച്ചാൽ  കാര്യമായ  സ്ത്രീ  പങ്കാളിത്തം  ആദ്യകാലങ്ങളിൽ   ഇല്ലായിരുന്നു .എന്നാൽ  അഭ്രപാളിയിൽ   ശക്തമായ  സ്ത്രീ  കഥാപാത്രങ്ങൾ  ഈ  കാലഘട്ടത്തിലും  മലയാള  സിനിമയ്ക്കു  ഉണ്ടായിരുന്നു .നീലക്കുയിൽ  മുതൽ .തുലാഭാരം  എന്ന  ചിത്രത്തിൽ   ശാരദയ്ക്ക്  ദേശിയ  പുരസ്‌കാരം  നേടി  കൊടുത്ത  നായികാ  കഥാപാത്രം , കള്ളിച്ചെല്ലമ്മ   പോലുള്ള  നിരവധി  ശക്തമായ  സ്ത്രീ  കഥാപാത്രങ്ങൾ  ആ  കാലഘട്ടത്തിൽ  മലയാള  സിനിമയിൽ  ഉണ്ടായി .

 

ഹിന്ദി  സിനിമയിൽ  എന്ന  പോലെ  മലയാളത്തിലും   ഒരു  കാലത്തു  മീശപിരിച്ചുള്ള  അമാനുഷികരായ  നായക  കഥാപാത്രങ്ങൾ  അരങ്ങു  വാണപ്പോൾ , അവരെ  ആരാധിക്കാനും , അവരാൽ  രക്ഷിക്കപ്പെടാനും   വേണ്ടി  മാത്രമുള്ളവരായി  സ്ത്രീ  കഥാപാത്രങ്ങൾ .നായകന്  കാലു  മടക്കി  തൊഴിക്കാൻ  വേണ്ടി  കൂടെ  ആണ്  നായികാ  എന്ന്  ഒരു  മടിയും  കൂടാതെ  വിളിച്ചു  പറയാൻ  സിനിമയും  അത്  കേട്ട്  കയ്യടിക്കാൻ  പ്രേക്ഷകരും  തയ്യാറായി  .ഇതിനടയിൽ മലയാള സിനിമയിൽ ഉണ്ടായ ഒരു മാറ്റമാണ് 'ഇക്കിളി ചിത്രങ്ങൾ' എന്ന ഓമന പേരിൽ അറിയപ്പെട്ടിരുന്ന  സിനിമകൾ .സദാചാര പ്രസംഗത്തിൽ എന്നും മുന്നിൽ ഉള്ള മലയാളി തലയിൽ മുണ്ടിട്ടു തീയേറ്ററുകളിൽ പോയി കണ്ടു വിജയിപ്പിച്ച ഇത്തരം ചിത്രങ്ങൾ സ്ത്രീ ശരീരത്തെ വെറും ഒരു ഉപഭോഗ വസ്തുവായി ചിത്രീകരിക്കുന്നവയായിരുന്നു.

 

എന്നാൽ  ഇതിനിടക്കും  , അതിനു  ശേഷവും  മലയാളത്തിൽ  എക്കാലത്തെയും ശക്തരായ  സ്ത്രീ  കഥാപാത്രങ്ങൾ  സൃഷ്ടിക്കപ്പെടുകയുണ്ടായി .സ്ത്രീ  ശാക്തീകരണത്തിന്റെ  വ്യത്യസ്തമായ  ഒരു  താളം   മടി  കൂടാതെ  കൈകാര്യം  ചെയ്ത  ചിത്രമായിരുന്നു  22 Female Kottyam.അതിലെ  ടെസ്സ  എന്ന  കഥാപാത്രം  തന്നെ  ചതിച്ചവരോട്  പകരം   ചോദിക്കുമ്പോൾ  ഓരോ  സ്ത്രീയും  അവളെ  ബഹുമാനിക്കുന്ന  പുരുഷനും  കയ്യടിച്ചത്ത്  ഹ്ര്യദയത്തിൽ  നിന്നായിരുന്നു . മനസിൽ  എന്നും  ഒരു  വിങ്ങൽ  ആയി  നിലകൊള്ളുന്ന  സ്ത്രീ  കഥാപാത്രങ്ങളും  മലയാള  സിനിമ  പ്രേക്ഷകർക്കായി  സമ്മാനിച്ചു് . 5 സുന്ദരികൽ എന്ന  ചിത്രത്തിൽ  അവസാന  സീനിൽ സൈക്കിളിയിൽ  ഇരുന്നു  പോകുന്ന  ആ  കുഞ്ഞു  പെൺകുട്ടിയുടെ  മുഖം  എത്രയോ  മാതാപിതാക്കളുടെ  ഉറക്കം കെടുത്തിട്ടുണ്ടാവാം .അതുപോലെ തന്നെ   'സക്കറിയയുടെ  ഗർഭിണികൾ ' എന്ന  ചിത്രത്തിൽ  സനുഷ  അവതരിപ്പിച്ച  കഥാപാത്രം .ആ  കഥാപാത്രത്തിന്റെ  പിന്നിലെ  കഥയെന്താണെന്നു  ചിത്രത്തിന്റെ  അവസാനം  വെളിപ്പെടുമ്പോൾ  നമുക്ക്  അവളോട്  തോന്നുന്നത്  സ്നേഹമാണോ . സഹതാപമോ , ആദരവാണോ  എന്ന്  പറയാൻ  പ്രയാസമാണ് .കണ്ണെഴുതി  പൊട്ടും  തൊട്ടു   എന്ന  ചിത്രം  മഞ്ജു വാര്യരുടെ മാത്രം  അല്ല  മലയാള സിനിമയുടെ  തന്നെ  ഏറ്റവും  ശക്തമായ  സ്ത്രീ  കഥാപാത്രങ്ങളിൽ  ഒന്നായിരുന്നു .

 

ഇത്തരത്തിൽ  ശക്തമായ  ഒട്ടനവധി  സ്ത്രീ  കഥാപാത്രങ്ങൾ  മലയാള  സിനിമയിൽ  ഉണ്ടാകുന്നുണ്ട് .Take off,How old are you, ഉദാഹരണം  സുജാത ,ഒഴിമുറി , കളിമണ്ണ്  പോലുള്ള  ചിത്രങ്ങൾ  അവയുടെ  നിരയിൽ  പുതിയതാണ് .സ്വാഭാവികമായ  ആഖ്യാനശൈലി  കൊണ്ടും  , യാഥാർഥ്യത്തോട്   അടുത്ത്  നിൽക്കുന്ന  അവതരണം  കൊണ്ടും  എന്നും  മറ്റു  ഇന്ത്യൻ  സിനിമകളിൽ  നിന്ന്  വേറിട്ട്  നിൽക്കുന്ന  മലയാള  സിനിമയ്ക്കു  സാധിച്ചിട്ടുണ്ട് .അത്  കൊണ്ട്  തന്നെ   ശക്തമായ  സ്ത്രീ  കഥാപാത്രങ്ങൾ  ഇനിയും  മലയാള  സിനിമയിൽ  ഉണ്ടാകും  എന്ന്  പ്രത്യാശിക്കാം .

 

മറ്റു ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങൾ


നായകന്റെ  മാത്രം  സിനിമയായി   പലപ്പോഴും  കണക്കാക്കപ്പെടുന്ന  ചിത്ത്രങ്ങളായിരുന്നു  ഇവ .എന്നാൽ  ഇതിൽ  നിന്നും  പ്രകടമായ  ഒരു  മാറ്റം  തമിഴ്  സിനിമ  രംഗത്ത്  അടുത്തകാലത്തായി  നമുക്ക്  കാണാൻ  സാധിക്കും .തമിഴ്  സിനിമ  രണ്ടായി  തരം  തിരിഞ്ഞിരിക്കുന്നു .മാസ്സ്  സിനിമയും  യാഥാർഥ്യത്തോട്  അടുത്ത്  നിൽക്കുന്ന  സാധാരണക്കാരന്റെ  സിനിമയും .രണ്ടിനും  പ്രേക്ഷകർ  ഉണ്ട്   എന്നതാണ്  ശ്രദ്ദേയം .മാസ്സ്  Super hero ചിത്രങ്ങൾക്കിടിയിലും   മുത്തഴകും (പരുത്തിവീരൻ )   സുബ്ബു്വും ( ആരണ്യ  കാണ്ഡം ),യാമിനിയും (മയക്കം  എന്ന ) ,നീലാംബരിയും (പടയപ്പാ) എല്ലാം  ശക്തമായ  സ്ത്രീ  സാന്നിധ്യമായി  നിലകൊള്ളുന്നതും  അത്  കൊണ്ടാകാം .സ്ത്രീ  പക്ഷത്തു  നിന്ന്  ചിന്തിക്കുന്ന  'ഇരൈവി '  പോലുള്ള  ചിത്രങ്ങൾ  തമ്മിൽ  ഉണ്ടാകുന്നു  എന്നത്  ഒരു  നല്ല  സൂചനയാണ് .

കന്നഡ  ,തെലുങ്കു  ചിത്രങ്ങളിൽ  തമിഴിൽ  ഉള്ളത്  പോലുള്ള  ഒരു  സമാന്തര  ശ്രേണി  അത്ര  തന്നെ  സജീവമായി   കാണാൻ  കഴയില്ല  എങ്കിലും  'മുങ്ങിന  മനസ്സ് ' , 'അരുന്ധതി ', 'ബാഗ്മതി' പോലുള്ള  ചില  ചിത്രങ്ങൾ  പതിവ്  നായക ആരാധന  വിട്ടു  സ്ത്രീ  പ്രാധാന്യം  നൽകിയിട്ടുള്ള  സിനിമകൾ  ആണ് .

 

ക്യാമറക്കു പിന്നിലെ സ്ത്രീ  സാന്നിധ്യം

 

ഇന്ത്യൻ  സിനിമയിൽ  സ്ത്രീകൾ  അധികം  കടന്നു  വരാതിരുന്ന  മേഖലകളിൽ  പോലും  ഇന്ന്  സ്ത്രീ  സാന്നിധ്യങ്ങൾ  ഉണ്ട്  എന്നത്  പ്രശംസനീയമായ  വസ്തുതയാണ് .അപർണ  സെൻ ,ദീപ  മെഹ്ത  ,കൊങ്കണ  സെൻ , ,അഞ്ജലി  മേനോൻ ,രേവതി  എന്നിവർ  സംവിധാന  മേഖലയിൽ  തങ്ങളുടേതായ  സ്ഥാനം  ഉറപ്പിക്കുമ്പോൾ , സാങ്കേതിക  മേഖലയിൽ സ്ത്രീ  സാനിധ്യം  താരതമേന്യ  കുറവാണു .ശർമിഷ്ഠ  റോയ്  ( കലാ സംവിധാനം ),അഞ്ജലി   ശുക്ല (ഛായാഗ്രഹണം ),അർഘ്യ കമൽ ,ബീന  പോൾ (ചിത്ര സംയോജനം )ഭാനു  ആദിത്യ (വസ്ത്രലങ്കാരം ) എന്നിവർ  ഈ  മേഖലയിൽ  പ്രാവീണ്യം  തെളിയിച്ച  വളരെ  ചുരുക്കം  സ്ത്രീകൾ  ആണ് .എന്തുകൊണ്ടോ  സ്ത്രീകൾ  ഇന്നും  ക്യാമറയുടെ  പിന്നിലുള്ള  സിനിമ  മേഖല  തങ്ങളുടേതല്ല  എന്ന  ധാരണ  വച്ച്  പുലർത്തുന്നുണ്ട്  .ഈ  ധാരണ  മാറി  സിനിമയുടെ  എല്ലാ  മേഖലകളിലും  സ്ത്രീകൾ  സജീവമായി  രംഗത്ത്  വരാൻ  സ്ത്രീകൾക്ക്  ജോലി  ചെയ്യാൻ  ഉള്ള  സാഹചര്യം  സിനിമയിൽ   ഉണ്ടാകണം .

 

പ്രത്യാശയുടെ പുതു വെളിച്ചം

 

സമീപ  കാലത്തു  ഉണ്ടായ  'Mee too' campaigin   ഭാഗമായി  സിനിമ  രംഗത്ത്  ഉള്ള  എത്രയോ  സ്ത്രീകൾ  തങ്ങളുടെ  ദുരനുഭവങ്ങൾ   പങ്കു   വക്കുക  ഉണ്ടായി .സ്ത്രീകൾക്ക്  സുരക്ഷിതമായി  ജോലി  ചെയ്യാൻ  ഉള്ള  സാഹചര്യം  മറ്റേതൊരു  മേഖലയിലും  എന്ന  പോലെ  സിനിമയിലും  ഉണ്ടായാൽ  മാത്രമേ  കൂടുതൽ  സ്ത്രീകൾ  ഈ  രംഗത്തേക്ക്  കടന്നു  വരികയുള്ളു .ഇതിനായി  കൂട്ടായ  ഒരു  പരിശ്രമമാണ്  ആവശ്യം .സ്ത്രീകളുടെ ഉന്നമനത്തിനായി സമൂഹത്തിൽ ഒട്ടനവധി പരിഷ്കരണങ്ങൾ നടക്കുന്ന ഈ കാലയളവിൽ തത്തുല്യമായ ഒരു പ്രതിഫലനം വെള്ളിത്തിരയിലും ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. അത് വഴി സ്ത്രീകൾക്ക് ക്യാമറക്കു മുന്നിലും പിന്നിലും സുരക്ഷിതരായി ജോലി ചെയ്തു വിലയേറിയ സംഭാവനകൾ നല്കാൻ കഴിയുന്ന  ഒരു നല്ല നാളേക്കായുള്ള കാത്തിരുപ്പു നമുക്ക് തുടരാം