Skip to main content

ഭരണഘടനയും വിശ്വാസങ്ങളും 

       ജാതി ,മത, വൈവിധ്യങ്ങൾക്കു പേര് കേട്ട നാടാണ് ഇന്ത്യ. നാനാത്വത്തിൽ ഏകത്വം കാത്തു സൂക്ഷിക്കുന്ന രാജ്യം. അത് നില നിർത്താൻ ഇന്ത്യൻ നിയമ വ്യവസ്ഥ വഹിക്കുന്ന പങ്ക് ചെറുതല്ല. അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും  അതിന്റേതായ കാലങ്ങളിൽ നിയമാനുസൃതം നിർത്തലാക്കിയ നാടാണ് നമ്മുടേത്. എങ്കിൽ തന്നെയും വിശ്വാസ തടവറയിൽ പെട്ട് നില  നിന്ന് പോകുന്ന അനേകം ആചാരങ്ങൾ ഉണ്ട്. അത്തരം ആചാരങ്ങൾ നിയമാനുസൃതം നിർത്തലാക്കുമ്പോൾ ഉണ്ടാകുന്ന വെല്ലുവിളികളും ചെറുതല്ല.  അത്തരം ഒന്നാണ് ശബരിമലയിലെ സ്ത്രീ പ്രവേശനവും ആയി ബന്ധപ്പെട്ടു ഇപ്പോൾ കേരളത്തിൽ അരങ്ങേറുന്ന പ്രശ്നങ്ങൾ. ഇന്ത്യയിൽ എവിടെയും നടപ്പാക്കേണ്ട ഏതൊരു നിയമത്തെയും നിർവചിക്കാനുള്ള പരമാധികാരം ഭരണഘടനാപരമായി സുപ്രീം കോടതിയിൽ അധിഷ്ടിതമാണ്. അത് നടപ്പിലാക്കാൻ സർക്കാർ സംവിധാനങ്ങൾ ബാധ്യസ്ഥരുമാണ്. 

ആചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ഇന്ത്യ. 

     ചരിത്രം പരിശോധിച്ചാൽ നിയമം മൂലമോ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടോ ഇല്ലാതായ ഒട്ടനവധി അനാചാരങ്ങൾ കാണാൻ കഴിയും. ഇന്ത്യയിൽ നില നിന്നിരുന്ന ഏറ്റവും പ്രാകൃതവും മനുഷ്യത്യ രഹിതവുമായ ആചാരം ആയിരുന്നു സതി. 1829 -ൽ ബ്രിട്ടീഷ് ഗവണ്മെന്റ് സതി നിരോധിച്ചു. ശൈശവ വിവാഹം അത്തരത്തിൽ ഒന്നാണ്. കന്യാദാനം പോലുള്ള അനാചാരങ്ങൾ നില നിന്നിരുന്ന നാട് ഒട്ടേറെ  നവോത്ഥാന വഴികളിലൂടെ നടന്നാണ് ഇവിടെയെത്തിയത് എന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. എങ്കിൽ തന്നെയും വർഷങ്ങൾ പഴക്കമുള്ള ആചാരങ്ങൾ ഭരണഘടനയും, നിയമ വ്യവസ്ഥയും കൊണ്ട്  നിരോധിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ എല്ലാ കാലത്തും നില നിന്നിരുന്നു എന്ന് വേണം മനസ്സിലാക്കാൻ. സതി നിർത്തലാക്കുമ്പോൾ അത് ആചാരത്തിന്റെ ഭാഗം ആണെന്നും തടയാൻ ആവില്ലെന്നും ആയിരുന്നു ഹിന്ദു മത മൗലിക വാദികളുടെ നിലപാട്. 

ജെല്ലിക്കെട്ടും സുപ്രീം കോടതിയും. 

അയ്യായിരം വർഷത്തോളം പഴക്കമുള്ള ഒരു കായിക ഇനമാണ് ജെല്ലിക്കെട്ട്. പൊങ്കൽ ഉത്സവത്തോടു അനുബന്ധിച്ചു തമിഴ് നാട്ടിൽ നടന്നു വരുന്ന പ്രധാന ആചാരങ്ങളിൽ ഒന്ന്. 2016  -ൽ സുപ്രീം  കോടതി ജെല്ലിക്കെട്ട് നിരോധിക്കുകയും തുടർന്ന് തമിഴ്നാട് ഇന്നോളം കാണാത്ത വിധത്തിൽ പ്രക്ഷോഭങ്ങൾ ഉണ്ടാവുകയും ചെയ്തു. ഒടുവിൽ തമിഴ്നാട് ഗവണ്മെന്റ് വിധിക്കെതിരെ ഭേദഗതി വരുത്തുകയും ജെല്ലിക്കെട്ട് താത്കാലികമായി നിലനിർത്തുകയും ചെയ്തു. അതി ക്രൂരമായി കാളകൾ  പീഡിപ്പിക്കപ്പെടുന്ന ഒരു വിനോദമാണ് ജെല്ലിക്കെട്ട്. അത് നിയമം മൂലം തുടച്ചു മാറ്റപ്പെടേണ്ടതിനു പകരം വൈകാരികമായി അതിനെ സമീപിക്കുകയും പ്രക്ഷോഭങ്ങൾ ഉടലെടുക്കുകയും ചെയ്യുകയാണ് ഉണ്ടായതു. അത്തരം സമീപനങ്ങൾ ആദ്യമോ അവസാനമോ എല്ലാ എന്നതാണ് വസ്തുത. 

നവോത്ഥാന വഴിയിലെ കേരളം 

   എണ്ണിയാലൊടുങ്ങാത്ത അനാചാരങ്ങൾ വാണിരുന്ന നാടാണ് കേരളം. ഒരു വലിയ വിഭാഗത്തിന് ക്ഷേത്ര പ്രവേശനവും ആരാധനാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല. അക്ഷരം പഠിക്കുവാനുള്ള സ്വാതന്ത്ര്യവും, സഞ്ചാര സ്വാതന്ത്ര്യവും അടക്കം നിഷേധിക്കപ്പെട്ടിരുന്നു. പിന്നോക്ക ദളിത് വിഭാഗങ്ങൾക്ക് മാനുഷിക പരിഗണന പോലും നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലം. അവർണനു ക്ഷേത്ര മതിൽക്കെട്ടിനകത്തു കൂടി പോലും നടന്നു കൂടെന്നുള്ള ആചാരത്തിനെതിരായി വൈക്കം സത്യാഗ്രഹവും, അവർണനു ക്ഷേത്ര ദർശനം ഇല്ലാത്തതിന് എതിരായി കെ കേളപ്പൻ, എ കെ ഗോപാലൻ, കൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഗുരുവായൂർ സത്യാഗ്രഹവും നടന്ന മണ്ണാണ് കേരളം. തൊട്ടു കൂടായ്മയും തീണ്ടലും നില നിന്ന് കാലത്തു അരുവിപ്പുറത്തു ശിവനെ പ്രതിഷ്ഠിച്ചു കൊണ്ട്, വിപ്ലവത്തിന്റെ തീജ്വാലകൾ  പടർത്തിയ നവോത്ഥാന നായകൻ ആയിരുന്നു ശ്രീനാരായണ ഗുരു. "ഞങ്ങളുടെ കുട്ടികളെ പഠിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാടത്തു ഞങ്ങൾ പണിക്കിറങ്ങില്ല" എന്ന് സമരം പ്രഖ്യാപിച്ച അയ്യൻ‌കാളി സഞ്ചാര സ്വാതന്ത്രത്തിനു വേണ്ടി നടത്തിയ വില്ലു വണ്ടി സമരത്തിന്റെ 125 -ആം വാർഷികം ആഘോഷിക്കുകയാണ് കേരള ജനത.. നവോത്ഥാന പാതയിൽ നടന്നു കൊണ്ട് ഇന്ത്യയ്ക്കു തന്നെ മാതൃക ആയ ചരിത്രമാണ് കേരളത്തിനുള്ളത്. 

ശബരിമലയും സുപ്രീംകോടതിയും.

       നവോത്ഥാന പാതയിൽ മുന്നേറുന്ന കേരളത്തിലും പിന്നോട്ട് നയിക്കുന്ന ആചാരങ്ങൾ ഇപ്പോളും നിലനിൽക്കുന്നു എന്നതാണ് വസ്തുത. ശബരിമല അമ്പലത്തിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീം കോടതി വിധി, സമത്വം ആഗ്രഹിക്കുന്ന , ഇന്ത്യൻ നീതി വ്യവസ്ഥയിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും സ്വീകാര്യം ആകേണ്ടതാണ്. സംഘ പരിവാർ പോലുള്ള തീവ്ര ഹിന്ദു സംഘടനകൾ പോലും ആദ്യ ഘട്ടത്തിൽ അംഗീകരിച്ച ഒരു വിധിയാണ് ശബരിമലയിലെ സ്ത്രീപ്രവേശം. രാഷ്ട്രീയ ലാഭത്തിനു വേണ്ടി വിശ്വാസികളെ മറയാക്കി ഒരു പറ്റം ആളുകൾ അക്രമം അഴിച്ചു വിടുകയാണ് ചെയ്യുന്നത്. .ആചാരങ്ങൾ കാലാനുസൃതം പുതുക്കി പണിയേണ്ടുന്നവയാണ്. പന്ത്രണ്ടു വർഷത്തോളം നീണ്ടു നിന്ന വാദ പ്രതിവാദങ്ങൾക്കും വിവാദങ്ങൾക്കും ശേഷം  2018 സെപ്റ്റംബർ മാസം 28 -ആം തീയതി ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ട് ഉത്തരവായി. മതത്തിൽ വിശ്വസിക്കാനും മതം ആചരിക്കാനും ഉള്ള അവകാശത്തിൽ ലിംഗ വിവേചനം സാധ്യമല്ല എന്ന് ഭരണഘടന നിർദ്ദേശിക്കുന്നു. ഭരണഘടനയുടെ പതിനാലാം വകുപ്പ് എല്ലാ വ്യക്തികൾക്കും തുല്യ അവകാശം നൽകുന്നു.ശബരിമലയിൽ പത്തിനും അന്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ കയറരുത് എന്നുള്ളത് ഭരണഘടനയുടെ അടിസ്ഥാന തത്വത്തിനു തന്നെ എതിരാണ്. അസത്യങ്ങളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിച്ചു കൊണ്ടൊരു ജനതയെ കോടതിക്കും ഭരണഘടനക്കും എതിരെ തിരിക്കാനായും, ആ വഴിയിലൂടെ വരുന്ന രാഷ്ട്രീയ ലാഭത്തിൽ കണ്ണ് നട്ടും ഹിന്ദു വർഗീയ വാദികൾ കേരളത്തിൽ നടത്തുന്ന നാടകമാണ് ശബരിമല വിധിക്കെതിരായ സമരം. 

                                                            നൂറ്റാണ്ടുകളുടെ പഴക്കമുള്ള അനാചാരങ്ങളെ തുടച്ചെറിയേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത ആണ്. നവോത്ഥാന പാത വെട്ടി വരുന്നത് ആചാര ലംഘനത്തിലൂടെ തന്നെയാണ്. ഭരണഘടന നൽകുന്ന ആനുകൂല്യങ്ങൾ ആചാരങ്ങളുടെ പേരിൽ അനുവദിക്കാതിരിക്കുക എന്നുള്ളത് ഒരു ജനാതിപത്യ രാജ്യത്തിന് ഭൂഷണമല്ല.  ഏതൊരു നിയമത്തെയും  വ്യാഖാനിക്കുകയും അത് നില നിൽക്കുമോ എന്നും തീരുമാനിക്കുള്ള പരമാധികാരം ഭരണഘടനാപരമായി നിഷിപ്തമായിരിക്കുന്ന കോടതികൾ അത് ചെയ്യട്ടെ.  ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ എക്കാലവും അങ്ങനെ നില നിൽക്കണം എന്ന് വിശ്വസിക്കുന്ന ജനാധിപത്യ വിശ്വാസികൾ ഭരണഘടനയ്ക്കും, കോടതി വിധികൾക്കും വില കൽപ്പിക്കുകയും നാടിനെ  പിന്നോട്ടടിക്കുന്ന അനാചാരങ്ങൾക്കു ചെവി കൊടുക്കാതെ ഇരിക്കുകയും ചെയ്യുമെന്ന് പ്രത്യാശിക്കാം.

Author
Sujith M S
Author's Email
sujithmsktkl@gmail.com
Author's Phone No
9739603058
Company
vote
0