Skip to main content
Srishti-2022   >>  Short Story - Malayalam   >>  ബന്ധം

ബന്ധം

'ഹലോ, സേതുവല്ലേ' അർദ്ധരാത്രി ഉറക്കത്തിനിടയിൽ വന്ന ഫോൺകോൾ കണ്ടപ്പോൾ തന്നെ തോന്നി എന്തോ അപകടം ഉണ്ടായിട്ടുണ്ട് എന്ന്. അല്ലെങ്കിൽ സമയത്ത് മാധവേട്ടൻ വിളിക്കേണ്ടതില്ല. ' മാധവേട്ടാ, എന്താ രാത്രിയിൽ, ശബ്ദത്തിൽ എന്തോ ഒരു പതർച്ച പോലെ!' എന്റെ മീനു പോയെടാ, അവളെന്നെ വിട്ടു പോയി' സംസാരത്തോടൊപ്പം കരച്ചിലും ഉയർന്നു കേട്ടു ഉടൻ തന്നെ ഫോൺകോൾ കട്ടാകുകയും ചെയ്തു.

'നീ വേഗം ഇറങ്ങ് നമുക്ക് മീനുചേച്ചിയുടെ വീട് വരെ പോണം'സേതു ബാത്റൂമിൽ നിന്നും ഇറങ്ങിവന്ന മൃദുലയോട് പറഞ്ഞു. എത്ര ചോദിച്ചിട്ടും സേതു മൃദുലയോട് കാര്യം പറഞ്ഞില്ല, ഒടുവിൽ കാര്യം അറിയാതെ കാറിൽ കയറില്ല എന്നായപ്പോൾ അർദ്ധരാത്രിയിൽ തേടിയെത്തിയ ദുഃഖസത്യം മൃദുലയോട് പറഞ്ഞു. ഉറക്കെയുള്ള ഒരു കരച്ചിൽ പ്രതീക്ഷിച്ച സേതുവിനെ നോക്കി ഒരു ദീർഘ നെടുവീർപ്പിട്ടുകൊണ്ട് 'പോകാം' എന്ന് പറഞ്ഞു അവൾ കാറിൽ കയറി.

അവർ മരണവീട്ടിൽ എത്തിയപ്പോൾ ചില ബന്ധുക്കളും അയൽവീട്ടുകാരും അവിടെയുണ്ടായിരുന്നു. മൃദുലയെക്കണ്ടതും മാലിനിയുടെ ദുഃഖം അണപൊട്ടിയൊഴുകാൻ തുടങ്ങി. മാലിനിയെ തോളോട് ചേർത്ത് അവൾ അകത്തേക്ക് ചെന്നു.

കേറിചെല്ലുന്ന വിശാലമായ ഹാളിൽ കിടത്തിയിരുന്ന മീനാക്ഷിയുടെ മുഖം കണ്ടതും മൃദുലയുടെ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ അടർന്നുവീണു, കണ്ണുനീർ ഒരു പുഴയായി തീരാൻ അധികനേരം വേണ്ടിവന്നില്ല, അവൾ മീനാക്ഷിയുടെ (ശവശരീരം എന്ന് പറയുന്നില്ല) അടുത്തിരുന്ന് കൈകൾ തന്റെ കൈകൾക്കുള്ളിൽ മുറുക്കെപ്പിടിച്ചു. ശോഷിച്ചുപോയ കൈകൾ.

'അയ്യോ അമ്മേ, ദാ മീനു എന്നെ തല്ലുന്നു, അമ്മേ മദല എന്റെ തലമുടിക്ക് പിടിച്ചു വലിച്ചു. ദേ, എന്നെ മദല എന്ന് വിളിച്ചാലുണ്ടല്ലോ, എന്റെ പേര് മൃദുല എന്നാ.

അങ്ങനെ തന്നെ വിളിക്കും മദല, മദല, മദല. ആഹാ നീ പോടീ മീനച്ചട്ടി. അപ്പോഴേക്കും മാലിനിയുടെ വക കമന്ററി തുടങ്ങി. 'അമ്മേ ദേ രണ്ടും കൂടി തമ്മിൽ തമ്മിൽ ചീത്ത പറഞ്ഞും തല്ലിയും ഭയങ്കര വഴക്ക്'. അമ്മ അടുക്കളയിലെ ധൃതിക്കിടയിൽ കയ്യിൽകിട്ടിയ രണ്ട് തവിയുമായി വന്നു, 'എടീ, ദാ രണ്ടും കൂടി തമ്മിൽ തമ്മിൽ തല്ലി ചാക്. മനുഷ്യന് സ്വസ്ഥത തരില്ല, അല്ലെങ്കിലേ ഇവിടെ പണി ഒഴിഞ്ഞ നേരമില്ല, അതിനിടയിൽ ഇതുങ്ങളുടെ പ്രശ്നങ്ങളും. മൂന്ന് പെൺമക്കൾ ഉണ്ടായിട്ടെന്ത് കാര്യം. ഒറ്റയൊരെണ്ണം അടുക്കളയിൽ കേറില്ല, മൂത്തവൾക്ക് പഠിപ്പൊഴിഞ്ഞ നേരമില്ല, എന്നാപ്പിന്നെ ഇളയതുങ്ങൾ നിങ്ങൾക്കെങ്കിലും എന്നെ വന്നൊന്ന് സഹായിച്ചൂടെ. അതെങ്ങനെ, തല്ലൊഴിഞ്ഞീട്ട് നേരമുണ്ടെങ്കിലല്ലേ പറ്റൂ.

നിങ്ങൾ രണ്ടുപേരും സഹോദരങ്ങൾ തന്നെയല്ലേ, നാണമില്ലല്ലോ, അപ്പുറത്തെ ഭവാനിയുടെ വീട്ടിൽപോയി നോക്ക്. അവിടെയുമുണ്ട് പിള്ളേർ, ഇതുപോലെയാണോ'.

അമ്മയുടെ നിർത്താതെയുള്ള ശകാരം കേട്ട് കുഞ്ഞു മീനാക്ഷിയും മൃദുലയും തല്ക്കാലം അടങ്ങി. ഒന്നും മിണ്ടാതെ രണ്ടുപേരും രണ്ടു വഴിക്കു പോയി. അമ്മ രംഗത്തു നിന്നും പോയെന്ന് ഉറപ്പായപ്പോൾ ഓരോ മുറികളുടെ അപ്പുറത്തും ഇപ്പുറത്തും അറ്റത്ത് ഒളിച്ചുനിന്ന് തമ്മിൽ തമ്മിൽ കൊഞ്ഞണം കുത്തിക്കാണിച്ചു രണ്ടുപേരും.

വിവാഹപ്രായം എത്തിയ സമയത്തുപോലും രണ്ടുപേരും എന്തെങ്കിലും കാര്യം പറഞ്ഞ് തല്ല് കൂടുമായിരുന്നു.

പഠിപ്പിസ്റ്റായ മാലിനി ചേച്ചി പഠിച്ച് പഠിച്ച് ഒരു ടീച്ചർ ആയി, ഒരു സർക്കാരുദ്യോഗസ്ഥനെക്കൊണ്ട് അച്ഛൻ ചേച്ചിയുടെ വിവാഹം നല്ല രീതിയിൽ കഴിപ്പിച്ചു.

പിന്നെയുണ്ടായിരുന്നത് രണ്ടു കുറുമ്പികൾ.

വീട്ടിൽ മൃദുലയോടു മാത്രം ശൗര്യം കാണിച്ചിരുന്ന മീനാക്ഷി ഒരു പ്രണയബന്ധത്തിൽ താൻ അകപ്പെട്ടെന്ന് ആദ്യം പറഞ്ഞത് അവളുടെ മദലയോടാണ് (മൃദുല). ഒരു ചമ്മലോടെ തന്നെ നോക്കി നിൽക്കുന്ന മീനാക്ഷിയെ നോക്കി 'അപ്പൊ മീനച്ചട്ടി പ്രേമ വെള്ളത്തിൽ വീണു അല്ലേ, സാരമില്ല. അച്ഛനോട് പറഞ്ഞ് ഞാൻ ശരിയാക്കാം പക്ഷെ പണ്ട് ഒരു പ്രാവശ്യം നീ എന്നെ പീച്ചിയിട്ടു ഓടിക്കളഞ്ഞു അതിനുപകരം ഞാൻ ഇപ്പൊ രണ്ടു പ്രാവശ്യം നിന്നെ പിച്ചും. സമ്മതമാണോ' ചോദിച്ചു.

'അയ്യടാ, എന്നാ ഇതുകൂടി പിടിച്ചോ' ഒരു നുള്ളുകൂടി കയ്യിൽ കൊടുത്ത് മീനാക്ഷി ഓടി. മൃദുല ചിരിച്ചുകൊണ്ട് ശരിയാക്കിത്തരാം എന്ന ഭാവത്തിൽ നിന്നു.

മാധവനും മീനാക്ഷിയും. പേരിലെ സാമ്യത അവരുടെ ജീവിതത്തിലുടനീളം ഉണ്ടായിരുന്നു. മീനാക്ഷിയുടെ നാട്ടിലെ ബാങ്കിലായിരുന്നു മാധവന് ജോലി. ഒരു ഡിഡി അയക്കാൻ വേണ്ടി ബാങ്കിലേക്ക് ചെന്നപ്പോഴാണ് മീനാക്ഷി മാധവനെ കാണുന്നത്. പിന്നീട് അമ്പലത്തിൽ വച്ചും ബസ്റ്റോപ്പിൽ വച്ചും അവരുടെ കണ്ണുകൾ തമ്മിലുടക്കിയിരുന്നു.

കോളേജ് വിട്ടു വീട്ടിലേക്ക് വരികയായിരുന്ന മീനാക്ഷി പുറകിൽ നിന്നും ഒരു ചുമ കേട്ട് തിരിഞ്ഞുനോക്കി. മാധവൻ മീനാക്ഷിയെനോക്കി ചിരിച്ചു. 'അതേയ് ഒന്ന് നിൽക്കണേ, ഒരു കാര്യം പറയാനുണ്ട്'. 'കാര്യം എന്നോട് പറഞ്ഞാൽ മതിയോ?' പുറകിൽ നിന്നുമുള്ള ശബ്ദം കേട്ട് രണ്ടുപേരും തിരിഞ്ഞുനോക്കി. മൃദുല. 'അതേ മാഷേ ഞാൻ താങ്കൾക്ക് കാര്യം പറയാൻ തോന്നുന്ന ആളുടെ അനിയത്തിയാ. എന്നോട് പറഞ്ഞാൽ പോരെ'.

മാധവൻ മീനാക്ഷിയുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു 'പോരാ, എനിക്ക് പാവക്കുട്ടിയുടെ കൺപീലികളുള്ള കുട്ടിയോടാണ് പറയേണ്ടത്'. ' എന്നാൽ ആയിക്കോ' മൃദുല മുൻപോട്ടു പോകാൻ തുടങ്ങിയതും മീനാക്ഷി കയ്യിൽ പിടിച്ചുനിർത്തി.

'അതേയ്, മീനു, ഞാൻ അങ്ങനെയേ വിളിക്കൂ, ഇയാൾ ബാങ്കിൽ ഡിഡി അയക്കാൻ വന്നില്ലേ, ഞാൻ പേര് അതിൽ നോക്കി മനസ്സിലാക്കിയിരുന്നു, എനിക്ക് മീനാക്ഷി എന്ന് നീട്ടി വിളിക്കാൻ ഒന്നും സാധിക്കില്ല, ഇയാൾ എന്റെയാ. എന്നോടും ഇഷ്ടമാണെന്ന് അറിയാം, എന്നാലും കേൾക്കാൻ ഒരാഗ്രഹം. ഇന്ന് പറയണ്ടാ, ഒരു കട്ടുറുമ്പ് കൂടെയുണ്ട്. നാളെ വൈകുന്നേരം അമ്പലത്തിൽ വരുമ്പോൾ പറഞ്ഞാൽ മതി'. മൃദുല വിട്ടില്ല, 'ഹലോ നിങ്ങളുടെ പാവക്കണ്ണി അമ്പലത്തിൽ വരണമെങ്കിൽ കട്ടുറുമ്പ് കൂടെ വേണം, വീട്ടിൽ മാത്രം ശൗര്യമുള്ള ആളാ ഇദ്ദേഹം. അതുകൊണ്ട് അമ്പലത്തിൽ വിളിച്ചോണ്ട് വരണേൽ എന്നോട് സോറി പറ.

'ഹയ്യോ ക്ഷമിച്ചേക്കണേ, ചതിക്കല്ലേ ' മാധവൻ ചിരിച്ചുകൊണ്ട് നടന്നകന്നു. അന്നാണ് മീനാക്ഷി തനിക്കും മാധവനെ ഇഷ്ടമാണെന്ന് മൃദുലയോട് പറഞ്ഞത്.

മാധവന്റെ അച്ഛനും അമ്മയും വന്നു പെണ്ണുകാണൽ ചടങ്ങുകളൊക്കെ നടത്തിപ്പോയി. പ്രത്യേകിച്ച് ആർക്കും ഒരെതിർപ്പും ഉണ്ടായിരുന്നില്ല. നല്ലരീതിയിൽ തന്നെ കല്യാണം നടന്നു. മീനാക്ഷി ഇനി തന്റെ കൂടെ വീട്ടിൽ കാണില്ല എന്ന കാര്യം ആദ്യം അംഗീകരിക്കാൻ മൃദുലയ്ക്കായില്ല. ചടങ്ങുകളൊക്കെ കഴിഞ്ഞ് മാധവന്റെ വീട്ടിലേക്ക് പോകാനായി കാറിലേക്ക് കയറുന്നതിനു മുന്നേ നിറകണ്ണുകളോടെ മീനാക്ഷി മൃദുലയുടെ അടുത്ത് ചെന്നു. 'ടീ, ചെറുതിലെ രണ്ട് നുള്ള് കടം ഉള്ളതല്ലേ, നീ അതിപ്പോ തന്നേക്ക്'. മൃദുല ഒന്നും പറയാതെ മീനാക്ഷിയെ കെട്ടിപ്പിടിച്ചു. കണ്ണുകൾ തുളുമ്പാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.

അന്ന് രാത്രി അമ്മയോടും മുത്തശ്ശിയോടുമൊപ്പം ഉറങ്ങാൻ കിടക്കുമ്പോൾ അവൾക്ക് വല്ലാത്ത ഏകാന്തത അനുഭവപ്പെട്ടു. തന്റെ അപ്പുറവും ഇപ്പുറവുമായി ഉണ്ടായിരുന്ന രണ്ട് ചേച്ചിമാർ. അവർ പോയപ്പോൾ തനിക്കുണ്ടായ സങ്കടം. അത് പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. പണ്ട് പരസ്പരം കെട്ടിപ്പിടിച്ചു കിടന്നു ഉറങ്ങിയിരുന്ന തങ്ങളെനോക്കി 'ഇത്ര സ്നേഹത്തോടെ കഴിയുന്ന മൂന്നെണ്ണവും എങ്ങനെയാണോ പിരിഞ്ഞിരിക്കാൻ പോകുന്നത്' എന്ന് സ്വയം മുത്തശി പറഞ്ഞു വിതുമ്പിയപ്പോൾ പാതിമയക്കത്തിൽ അത് കേട്ട തനിക്ക് ഒന്നും തോന്നിയില്ല. പക്ഷെ ഇപ്പോൾ മനസ്സിലാവുന്നു.

സേതുവേട്ടനുമായുള്ള തന്റെ വിവാഹവും കഴിഞ്ഞു. പിന്നീട് ഓരോ പ്രാവശ്യവുമുള്ള കണ്ടുമുട്ടൽ ഒരാഘോഷമായി മാറി തങ്ങൾക്ക്. വഴക്ക് എന്ന കാര്യമേ തങ്ങൾ തമ്മിൽ പിന്നെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല.

മീനാക്ഷിക്ക് ഒരു കാലത്തും സമയം ഉണ്ടായിരുന്നില്ല. എപ്പോൾ എവിടെ പോകണം എന്ന് പറഞ്ഞു വിളിച്ചാലും അവൾക്ക് സമയം ഇല്ലായിരുന്നു, മാധവേട്ടന്റെ കാര്യങ്ങൾ നോക്കണം, വീട്ടിൽ ധാരാളം പണിയുണ്ട് എന്നൊക്കെയായിരുന്നു എപ്പോഴും പറച്ചിൽ. ഒരു മോൻ കൂടിയായപ്പോൾ പറയുകയേ വേണ്ട. അവൾ സ്വയം ജീവിതം ഉഴിഞ്ഞുവച്ചു കുടുംബത്തിനായി. ഒരു ചെറിയ യാത്ര പോകുന്നതിൽ പോലും അവൾ മകന്റേയും മാധവേട്ടന്റെയും ഇഷ്ടം നടപ്പിലാക്കാൻ ശ്രമിച്ചിരുന്നു. കണ്ണൻ (ഞങ്ങൾ മീനാക്ഷിയുടെ മകനെ വിളിച്ചിരുന്നത് അങ്ങനെയാണ്) വലുതായി അവന്റെ കാര്യങ്ങൾ നോക്കാറായപ്പോഴേക്കും മീനാക്ഷി ഒരു വൃദ്ധയായിക്കഴിഞ്ഞിരുന്നു. ശരീരം കൊണ്ടല്ല മനസ്സ് കൊണ്ട്. അമ്പത്തിയഞ്ച് വയസ്സിൽ തന്നെ മീനാക്ഷിയുടെ രൂപം അറുപത്തഞ്ച് വയസ്സ് പ്രായം തോന്നിച്ചിരുന്നു.

ഇടയ്ക്ക് താൻ എടീ മീനച്ചട്ടി എന്ന് വിളിച്ചപ്പോൾ മാത്രം അവൾ പഴയ മീനാക്ഷിയായി ചിരിച്ചുകൊണ്ട് പറഞ്ഞിരുന്നു ' പോടീ മദലേ'.

കഴിഞ്ഞ ആഴ് കണ്ടപ്പോൾ പോലും അവൾ പറഞ്ഞിരുന്നു. ' മൃദു എനിക്ക് ശരീരമൊക്കെ വല്ലാത്ത വേദന, അധികം ദൂരം നടക്കാൻ കഴിയുന്നില്ല. ഞാൻ ഇനി അധികനാൾ കാണില്ല എന്നാ എനിക്ക് തോന്നുന്നത്. ഞാൻ പോയാൽ നീ കരയുമോടി?'.

'പിന്നെ അതിനു വേറെ ആളെ നോക്കണം ഞാൻ പണ്ടത്തെ ബാക്കി വച്ചിരുന്ന നുള്ളു വച്ചുതരും മരിച്ചാൽ' താനും ചിരിച്ചുകൊണ്ട് പറഞ്ഞു.

അവൾക്ക് ഇടയ്ക്കിടയ്ക്ക് നെഞ്ചെരിച്ചിൽ വരാറുണ്ടായിരുന്നു, താൻ ചോദിക്കുമ്പോഴൊക്കെ ', അത് സാരമില്ല ഇത്തിരി കഴിയുമ്പോൾ മാറും' ഇതായിരുന്നു അവളുടെ മറുപടി. ഒരുപ്രാവശ്യം താൻ നിർബന്ധിച്ച് ഒരു ഡോക്ടറെ കൊണ്ടുപോയി കാണിച്ചു. ഇസിജി എടുത്തപ്പോൾ വേരിയേഷൻ കണ്ടു. ഡോക്ടറുടെ വാക്കുകൾ കേട്ട് ഞെട്ടിപ്പോയി. രണ്ടു പ്രാവശ്യം അവൾക്ക് സൈലന്റ്റ് അറ്റാക്ക് വന്നിരിക്കുന്നു! ഇനി ഒന്നുകൂടി ചിലപ്പോൾ താങ്ങാൻ സാധിച്ചെന്നു വരില്ല.

താൻ അവളോട് ഇതൊന്നും പറഞ്ഞില്ല. മാധവേട്ടനോട് പറഞ്ഞു, അദ്ദേഹം കൊച്ചുകുട്ടികളേക്കാൾ കഷ്ടമായി കരയാൻ തുടങ്ങി. ഒരുവിധത്തിലാണ് സമാധാനിപ്പിച്ചത്. അവൾക്ക് മനസ്സിന് ടെൻഷൻ ഉണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യുകയോ പറയുകയോ ചെയ്യരുത് എന്ന് പറഞ്ഞേൽപ്പിച്ചു. പൊതുവെ അവളെ ഒന്നുമേ പറയാതില്ല്ലാതിരുന്ന മാധവേട്ടൻ അവളുടെ കാര്യത്തിൽ കുറച്ചുകൂടി ശ്രദ്ധാലുവായി.

ഒരു ദിവസം ഒരു ഫോൺകോൾ വന്നു. വിദേശത്ത് ജോലിക്കായി പോയ മോനും മരുമകളുമാണ് വിളിച്ചത്. അവർക്ക് സ്ഥലം വളരെ ഇഷ്ടപ്പെട്ടു. അവിടത്തെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഡോക്ടർമാർ ആയി അവർക്ക് ജോലി കിട്ടി. ഇനി നാട്ടിലേക്കില്ല. ഇതായിരുന്നു വിളിയിലെ സന്ദേശം.

അന്ന് വൈകുന്നേരം അവൾ തന്നെ വിളിച്ചിരുന്നു കരഞ്ഞുകൊണ്ടാണ് പറഞ്ഞത് 'മൃദു കുട്ടികൾ ഇനി നാട്ടിലേക്കില്ലെന്ന്, അവർ അവിടെ നല്ല രീതിയിൽ സെറ്റിൽഡ് ആയെന്ന്'. അവൾ പറഞ്ഞതിൽ പകുതി സന്തോഷവും പകുതി നൊമ്പരവും തനിക്ക് അനുഭവപ്പെട്ടിരുന്നു.

അവളെ സമാധാനിപ്പിക്കാനായി ' പിന്നെ, അവർക്ക് അവരുടെ കാര്യങ്ങൾ നോക്കണ്ടേ, നിന്നെപ്പോലെ മാധവേട്ടാ എന്നും വിളിച്ചുകൊണ്ട് ഇവിട ഇരുന്നാൽ മതിയോടി മീനച്ചട്ടി".

അപ്പോൾ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു 'പോടീ മദലേ'.

മൃദു, മൃദു മാലിനി ചേച്ചി കുലുക്കി വിളിച്ചപ്പോഴാണ് അവൾ ഓർമ്മകളിൽ നിന്നും ഉണർന്നത്. മീനാക്ഷി ചിരിച്ചുകൊണ്ട് കിടക്കുന്നതായാണ് അവൾക്ക് തോന്നിയത്. അവളെ അവസാനമായി കാണാൻ അവളുടെ കണ്ണൻ കരഞ്ഞുകൊണ്ട് ഓടി വന്നു. അവൻ വരുന്നത് വരെയും അവളെ മൊബൈൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്നു.

എല്ലാ ചടങ്ങുകളും പൂർത്തിയായി. അവസാനമായി മൃദുല അടുത്ത് ചെന്ന് അവളുടെ കയ്യിൽ രണ്ടു നുള്ളു കൊടുത്തു. മീനാക്ഷിയുടെ മുഖം കൈകൾ കൊണ്ട് ചേർത്തുപിടിച്ചുകൊണ്ട് കണ്ണുനീർ അഭിഷേകം ചെയ്ത് അവൾ പറഞ്ഞു "ഒരു കടവും ബാക്കി വേണ്ട എന്റെ മീന............"