Skip to main content
Srishti-2022   >>  Poem - Malayalam   >>  ഭയം

Vineetha P

IBS Software

ഭയം

കതകിൽ മുട്ടുന്നാരോ,
ഇരുളിൽവീണ്ടും വീണ്ടും.
തുറന്നു നോക്കാനായി
പേടിയാണെനിക്കിപ്പോൾ.

വിശന്ന നേരം തിന്നു-
പോയതിൻ ബാക്കിപത്രം
ചികഞ്ഞു നോക്കാൻ വന്ന
ഭ്രാന്തന്മാരാണെങ്കിലോ.

അറിയാതെന്നോ പണ്ട്
കുറിച്ച വരികൾക്ക്
പകരം വിരൽ വാങ്ങാൻ
വരുന്നോരാണെങ്കിലോ.

ചിലപ്പോൾ പ്രണയിച്ചു
പോയ സാഹസത്തിന്ന്
വിധിക്കാൻ പുറപ്പെട്ട
ന്യായവാദികളാവാം.

കറുത്ത നിയമങ്ങൾ
എഴുതി വച്ചീടുമ്പോൾ
എതിർത്ത കുറ്റത്തിന്ന്
നിയമപാലകരാകാം.

അറിഞ്ഞ ശാസ്ത്രത്തിനാൽ
ഇരുളൊന്നകറ്റുമ്പോൾ
ഉറക്കം നഷ്ടപ്പെട്ട
യമകിങ്കരരാവാം.

പേരുകൾ പലതാവാ-
മെന്നിരുന്നാലും മുഖം-
മൂടിയൊന്നഴിഞ്ഞെന്നാൽ
എല്ലാരുമൊരുപോലെ.
നിറവും ഭാവങ്ങളും
വേറെയായേക്കാമെന്നാൽ
പറയും ഭാഷക്കെല്ലാം
എത്രയോ‌ സാഹോദര്യം.
പേരിവർക്കൊന്നേയുള്ളൂ
'ഭരിക്കുന്നവൻ', ബാക്കി-
യാടയാഭരണങ്ങൾ
മാറിമാറി വന്നേക്കാം.

ആരുമാവട്ടേ ഇനി
തുറക്കാനാവില്ലെനി-
ക്കോർമ്മകൾ കുഴിവെട്ടി
മൂടുവാൻ പഠിക്കണം.

'
തെറ്റ് കുറ്റങ്ങൾ'ക്കെല്ലാം
മാപ്പുകൾ പറയണം
മിണ്ടാതെയനങ്ങാതെ
ഉറങ്ങി‌ ജീവിക്കണം