Skip to main content
Srishti-2022   >>  Poem - Malayalam   >>  എത്ര മഴവില്ലുകളെയാണ് ഞാൻ ശേഖരിച്ചുവെച്ചിരുന്നതെന്നോ?

Vinod Kadungoth

Tata Elxsi

എത്ര മഴവില്ലുകളെയാണ് ഞാൻ ശേഖരിച്ചുവെച്ചിരുന്നതെന്നോ?

അവൾ ഏഴാം തരത്തിൽ പഠിക്കുമ്പോൾ ഓലമേഞ്ഞ ക്ലാസ്സ്മുറിയിലെ 
ചോർച്ചയിലൂടെ ഞാൻ ഒലിച്ചിറങ്ങുമ്പോഴാണ്
അവളെ ആദ്യമായി കാണുന്നത്. 
അന്ന് ഡെസ്കിൽ തുറന്നിട്ട നോട്ടുപുസ്തകം നനച്ചുകളഞ്ഞെന്ന് പറഞ്ഞ് അവളുടെ നല്ല കൈപ്പടയിൽ നിന്ന് എന്നെയവൾ തട്ടിമാറ്റി.
സാരമില്ല പോട്ടെ..
ഇന്റെർവെല്ലിന്ന് ഒരുനോക്കുകൂടി കാണാലോ എന്നുവെച്ച് 
സ്കൂൾ മുറ്റത്ത് ഞാൻ നിന്നു പെയ്തു... 
പെയ്ത് പെയ്ത് തീർന്നതല്ലാതെ 
ആ മുറിപ്പാവാടപെണ്ണ് ക്ലാസ്സ്‌ മുറിവിട്ട് പുറത്തുവന്നില്ല.
എന്നിട്ടും,വൈകുന്നേരംവരെ അവൾ വരുന്ന ഇടവഴിയിൽ കാത്തുനിന്നു.
പക്ഷേ, കുടചൂടി..
മുഖം മറച്ച്‌ 
എന്നെ നോക്കാതെ 
അവൾ നടന്നുപോയി. 
ചിലപ്പോൾ എതിരെവന്ന ശങ്കരേട്ടനെ കണ്ടുഭയന്നിട്ടാകണം 

അവളെങ്ങനെ നടന്നുപോയത്.
രാത്രിയിൽ ആരും കാണതെ 
അവൾ എന്നെ കൈനീട്ടി തൊട്ടുനോക്കുമെന്നും
കുളിരണിയുമെന്നും മോഹിച്ച് ,
അവളുടെ ജനലരികിലെ മുല്ലപ്പൂവള്ളികളിൽ ഞാൻ കാത്തിരുന്നു.
പക്ഷെ ജനാലകൾ തുറക്കപ്പെട്ടതേയില്ല.
ഒരു വർഷകാലംമൊത്തം ഞാൻ അവളുള്ളിടത്തെല്ലാം ആർത്തുപെയ്തു..
മരക്കൊമ്പുകളിൽ ഒളിച്ചിരുന്ന് 
അപ്രതീക്ഷിതമായി അവളിലേക്ക് എടുത്തുചാടാൻ കാറ്റിനെ ഒരുപാടുവട്ടം ചട്ടംകെട്ടി.. 
വേനലിലും ഇടക്കൊക്കെ അവളെ കാണാൻവേണ്ടിമാത്രം പൊള്ളുന്ന വെയിലിലൂടെ ഞാൻ ഇറങ്ങി നടക്കാറുണ്ടായിരുന്നു.
എന്നിട്ടും,
എന്റെ പ്രണയത്തിന്റെ ഒഴുക്കിലേക്ക് 
ഒരു ചെറുകളിവള്ളം പോലും അവൾ സമ്മാനിച്ചില്ല...
അവൾക്കുകൊടുക്കാൻ എത്ര 
മഴവില്ലുകളെയാണ് ഞാൻ ശേഖരിച്ചുവെച്ചിരുന്നതെന്നോ..?