Skip to main content
Srishti-2022   >>  Poem - Malayalam   >>  എഴുത്തെഴുന്നേൽപ്പ്

Sarath Chandran Pulluttiparambil

EY

എഴുത്തെഴുന്നേൽപ്പ്

മറവീ, നിന്നുടെ മാറാലപ്പുര

നിറയാൻ മാത്രം യാതൊന്നും

കരുതീലാ ഞാ, നൊറ്റക്കരുവിൽ

നീറീ, മദ്ദിനരാത്രങ്ങൾ.

 

മൃതനോ, കേവല, മാതന്നോ* കൈ-

മുതലായുള്ളൊരു നിർമമത.

ആവർത്തത്തിന്നായിരമിഴകളിൽ

നാവു പെടും കർമോന്മുഖത.

 

എന്നെ നോക്കി വിടർന്ന സുമത്തിനു-

മെന്നോടേറ്റൊരു വൈരിക്കും,

മോശം പറയരുതൊരു വിധമൊക്കും

മൂശയിൽ പൊട്ടിയ ഭാവങ്ങൾ!

 

എങ്കിലുമോരോ നരനും പാരിൽ

ശങ്കയിലനുദിനമുഴലുമ്പോൾ

കാണില്ലെന്നോ, യെളുതെന്നാലും

വെന്നിയ സ്വന്തം കൊടുമുടികൾ?

 

മൊഴിയാകാതെ, വികാരാവേഗ-

പ്പൊഴിയിൽ തട്ടിയുടഞ്ഞാലും,

ദൂരത്തേതോ തീരത്തീരടി

വരയും കടലിന്നല പോലെ.

 

കവിത തിളച്ച മനസ്സിൻ മൺകല-

മാകുലമരിമണി തേടുമ്പോൾ,

കാണാമവികലമെന്നു പുകഴ്ത്തിയൊ-

രേണിൽ കവിയുടെ പോറലുകൾ.

 

എഴുതുമ്പോൾ കരമിടറുകിലും, പഴി 

പറയാൻ വയ്യാ പ്രായത്തെ,

മിഴികളിരുട്ടു കുടിക്കുകിലും, നൊടി വെറുതെയിരിക്കാനാവില്ല.

 

ഞാനെഴുതുന്ന കുറിപ്പു കവർന്നു

കുതിക്കാനോങ്ങും ദൗഹിത്രൻ

പോലെ മറവീ, യരികിൽ നിൽപ്പൂ

കുസൃതീ, മായ്ക്കാൻ നീയെല്ലാം!

 

എന്നിലെയിത്തിരി തീയുടെ തിരി നീ

ചെന്നു കെടുത്തും മുന്നം ഞാൻ,

വാക്കുകൾ കൊണ്ടു പടർന്നാ-

ലൊക്കുകി, ലങ്കിതമായാൽ തൂലികയാൽ.

 

മായ്ച്ചു കളഞ്ഞൊരു ലതയിൽ പൂക്കൾ

വായ്ച്ചു തുടങ്ങും മാന്ത്രികത.

അനുമാനിക്കാമവയുടെ ഗന്ധം

തൊട്ടാ ചെടിയുടെയാകെ കഥ!

 

*ആതൻ (അർഹതൻ, arahant) - ബുദ്ധന്റെ ഉപദേശങ്ങളാൽ പരിപൂർണ്ണമായി ഉൽബുദ്ധനായവൻ.