Skip to main content
Srishti-2022   >>  Poem - Malayalam   >>  ജീവന്‍റെ തുടിപ്പുകൾ

Sooraj L V

PIT solutions

ജീവന്‍റെ തുടിപ്പുകൾ

അറിയുന്നുവോ?
നിന്റെ സ്മൃതിമണ്ഡപത്തിന്റെ
വിജനമാം കോണിൽ ഒറ്റയ്ക്കു നില്ക്കുമീ
എന്റെ രൂപം ഓർക്കുന്നുവോ നീ?

ആദ്യമായ് നിന്നെ ഞാൻ കണ്ടയന്നാദ്യമായ്
കരളിന്റെ വേദന കണ്ടറിഞ്ഞാദ്യമായ്
പിന്നെയെന്നാത്മാവിൻ ചൈതന്യ വീചികൾ
എന്നെ വിട്ടെന്തിനോ തേടിയലഞ്ഞു പോയി

അലയുന്ന കാറ്റിന്റെ കൂടെയാ വീചികൾ
ശാന്തിമന്ത്രം തേടി പറന്നു തളർന്നു പോയി
പിന്നെയെന്നോ എന്റെ ഹൃദയമോതി തന്നു
നീ മാത്രമാണീ ദുഃഖകാരണം

നിന്റെ അന്തരാളത്തിനെ ചുട്ടു പൊള്ളിക്കുന്നൊരാ
എന്റെ ജീവനെ ശിഥിലമാക്കുന്നൊരാ
കണ്ണീരിൻ വേദനയെക്കെന്തു ചെയേണ്ടു?
പ്രാണൻ പകർന്നു ഞാൻ എന്ത് ചെയേണ്ടു?

നിന്റെ മാറിലെൻ ശൈശവപുഴയൊഴുകി അലതല്ലി
നിന്റെ സ്നേഹമാം പുഴയിൽ മദിച്ചു നടന്നു ഞാൻ
പിന്നെ ഞാൻ കണ്ടൊരു സംസ്കാര സാഗരം
എന്റെ കൺകെട്ടി നിന്നെ ഞാൻ അമ്പേ മറന്നു പോയി

വിഷ സംസ്കാര വിത്തുകൾ മുളച്ചു വളർന്നവ
ഭൗമ മണ്ഡലം മറച്ചു കളഞ്ഞത്
അതു കണ്ടു നിൻ മനം അലറിക്കരഞ്ഞതും
ഇന്നു ഞാൻ അറിയുന്നു മാപ്പിരക്കുമ്പോഴും

എവിടെ നിന്നാദ്യമായ് തളിരിട്ട നാമ്പുകൾ
അവയിൽ നിന്നാദ്യമായ് നീ തന്ന പൂവുകൾ
അവ പരത്തീടുമാ മധുരമാം ഗന്ധവും
തൊട്ടു വിളിച്ചില്ല എന്റെയാത്മാവിനെ

സാമാജ്യമെന്നൊരാ വ്യർഥ സ്വപ്നങ്ങളെ
പുൽകി പുണർന്നു പാഞ്ഞു നടന്നു ഞാൻ
ഉന്മത്ത മാനസം എന്നോട് ചൊല്ലി നീ
പോവുകയാണിന്നു പ്രപഞ്ചം ഭരിക്കുവാൻ

സങ്കല്പ്പ സൗഭാഗ്യ സ്വപ്ന സൗധങ്ങളും
വീഞ്ഞ് നിറച്ചുള്ള പാന പാത്രങ്ങളും
സൃഷ്ടി സംഹാരത്തിന്റെ മാതൃത്വ രൂപവും
നിന്നെ മറക്കാനെന്നെ തുണച്ചുവോ

ചിന്തകൾ വ്യാപരിച്ചെങ്ങുമെത്താതെയും
എന്റെ മോഹ സ്വപ്നങ്ങൾ തൻ പൂ വിടരാതെയും
സായാഹ് സൂര്യൻ പോലെരിഞ്ഞടങ്ങുമ്പോഴും
ഞാനറിയാതെ എന്തോ തിരഞ്ഞുവോ

ഒടുവിൽ അറിഞ്ഞു, പൊടുന്നനെ ഞാൻ ഞെട്ടി
വാഴ് വിന്റെ കണികയും എന്നെ വിട്ടകലുന്നോ
ജീർണ മാനസം തന്നിൽ അപ്പോൾ തെളിഞ്ഞുവോ
മൃതിയിൽ ലയിക്കുന്ന നിൻ ദുഃഖ ചിത്രം

ആർത്തലയ്ക്കുന്നൊരാ തിരമാലയിൽ പെട്ട്
ആഞ്ഞടിക്കുന്നൊരാ ദൈവ നിശ്വാസത്തിന്റെ
അനിവാര്യമായൊരഗ്നിപാതത്തിൽ പെട്ടെൻ
ആത്മാവ് കടപുഴകി ഞാനേ തകർന്നു പോയി

ഞാൻഎന്നെ വിട്ടെങ്ങോ അകന്നു പോയി
പൂർവികർ തെളിച്ചുള്ള രഥചക്ര പാതകൾ
അവിടേയ്ക്കു തിരിയുമ്പോൾ പിന്നിലുളവായ്
തലമുറകൾ കൈമാറുമാമന്ദഹാസം