Skip to main content
Srishti-2022   >>  Poem - Malayalam   >>  കാട്ടുദൈവം

കാട്ടുദൈവം

കാടൊന്നളക്കണം , കാടിന്റെ മക്കളിൽ എണ്ണമെടുക്കണം .

കാടളന്ന്  ഇന്നെനിക്കതിര്‌  തീർക്കണം .

മഴവന്നു ഛായങ്ങൾ മാഞ്ഞുപോകും  പോലെന്റെ -

കാടിന്ന്  മാഞ്ഞു മറഞ്ഞുപോകേ ....

 

കാടറുത്ത്  പകുത്തവർ,

മഴുവെറിഞ്ഞു മരങ്ങളെ ഒളിഞ്ഞു മറിച്ചവരിവിടെ -

കെട്ടിടകോമരങ്ങൾ നാട്ടി നീളെ നീളെ , 

പിന്നതിൽ മേലെ മേലെ ...

 

കാടുമാന്തി, മലമാന്തിമാറ്റി 

മണ്ണിലെ  തെളിച്ചോലനീരൂറ്റി കുടിച്ചു.

അവനെന്റെ കാടിനെ കപടകൈയാമം വച്ചു .

 

കാട് നീങ്ങി, കാവ്  തീണ്ടിയവർ  നാടൊരുക്കി ,

പിന്നെ  നഗരമാക്കി .

 

മാളമില്ല പാമ്പുകൾ നാടുതേടി.

കാട്ടാനയും കടുവയും സിംഹവും 

നഗരിയുടെ മൃഗശാലകളിൽ -

ഗർജ്ജിച്ചു , മൗനമായി  നടിച്ചു .

 

കാടിന്റെ കറുത്ത  മക്കളെവിടെ ,

കാടിൻ കറുത്തതണലെവിടെ ?

കാടിൻ കറുത്തമണ്ണെവിടെ ?

കാടിന്റെ വെളുത്ത നീരെവിടെ ?

കാടിൻ കുളിരുന്ന നദിയെവിടെ , മരമെവിടെ ... കാടെവിടെ ?

 

നാടിനു ചുറ്റിലും കാടെന്നകാലം കൊഴിഞ്ഞു പോയി.

ഇന്നീശിഷ്ടകാടിന്  ചുറ്റിലും കെട്ടിടകമാനങ്ങൾ മാത്രം.

പണ്ടു കാട് നഗരത്തെ ചുറ്റിയിന്ന് -

നഗരം കാടിനെ ചുറ്റിപിണഞ്ഞുകേറി .

 

കാട്ടുദൈവങ്ങളെ വർണങ്ങൾപൂശി ,

അവർ നാട്ടുദൈവങ്ങളാക്കിടുന്നു.

കറുത്ത ദൈവങ്ങളെ പേരുമാറ്റി ,

ഉടയാടയാഭരണങ്ങൾ ചാർത്തി ,

നഗരിയുടെ ശീതികരിച്ചമുറിയിലേക്ക് പുനഃപ്രതിഷ്ഠിച്ചു.

ഞാൻ , അവരിനിയും അറിയാത്ത കാട്ടുദൈവം.

എന്നെ പേരുമാറ്റി ഉടയാടചാർത്തി,

കൊണ്ടുപോയിടും മുന്നേ കാടൊന്നളക്കണം.

ബാക്കി വച്ചൊരീ മണ്ണൊന്നളന്നു അതിരുതീർക്കണം