Skip to main content
Srishti-2022   >>  Poem - Malayalam   >>  കർമഫലം

കർമഫലം

ഇവിടെയൂറുന്നൊരീ നീർമഞ്ഞുതുള്ളിക്കു

മകരമാസത്തിൻ മിടിപ്പറിയാം

കുളിരുന്ന കാറ്റിനും കൊഴിയുന്നയിലകൾക്കുമറിയുന്ന

ഭാവങ്ങളിനിയുമേറെ

കാറ്റുഞാൻ തഴുകാതെ തലയറുത്തിടുന്നതിന്നുത്തരം

നിങ്ങൾതൻ കയ്യിലുണ്ട്

ഒഴുകുന്ന പുഴകൾക്കുമതിലെ കയങ്ങൾക്കുമറിയാം

വിപത്തിന്റെ സ്പന്ദനങ്ങൾ

വിത്തുപാകീട്ടതിൽ നീർതൊട്ടു വളമിട്ടു

നെഞ്ചോരമെത്തിച്ചു പുഞ്ചിരിച്ചു

ഒരുനാളതിന്റ വിഷക്കായ നിന്നെയാ 

മരണക്കയത്തോളമെത്തിക്കവെ

വിറപൂണ്ടുവെട്ടിയെറിഞ്ഞു നീ മരണത്തിൻ

വിത്തുപാകീടുന്നോരാ കുഞ്ഞുവൃക്ഷം

കരുതുന്നു നീയിനി കയ്ക്കുന്ന വിഷവുമായ് 

പുനർജനിക്കില്ലയാ വൃക്ഷമെന്ന്

നിനക്കും വരുന്നൊരാ തലമുറക്കും നേർ

ചുണ്ടുന്ന ശാഖകൾ ചേർത്തുവെച്ച്

ഇടവപ്പാതിതൻ കുത്തൊഴുക്കിൽ 

നിന്നൊരുകൈവഴിക്കായി കാത്തിരിപ്പൂ

നീപണ്ടുപാകിയ വിത്തിന്റെ വേരുകൾ

അണയാത്ത പകയായ് പ്രതികാരമായ്