Skip to main content
Srishti-2019   >>  Poem - Malayalam   >>  മുഖമില്ലാത്ത ലിംഗങ്ങൾ

മുഖമില്ലാത്ത ലിംഗങ്ങൾ

Written By: Indu V.K.
Company: IBS

Total Votes: 0
Vote.

വാക്കുകളിൽ കട്ടപിടിച്ചിരുന്ന

മൂകതയെൻ ഹൃദയധമനി -

നുറുക്കി ചോരയിറ്റീടവേ,

വീണ്ടുമാരോ പറഞ്ഞു 'ഞാനും.. '

ഭിത്തിയിൽ മുട്ടിയാ വാക്കുതന്നെ -

യെല്ലാ ദിക്കുമേറ്റു പറയവേ,

ഉള്ളിലേയുള്ളിലെപ്പൊഴോ 

ജീവനോടെ കുഴിച്ചിട്ടിട്ടുമിപ്പോഴും

കരയുന്ന ആ കുഞ്ഞോർമ്മകളു-

മാരുമേ കേൾക്കാതെ പറഞ്ഞീടുന്നു,

ഞാനും, ഞാനും, ഞാനും....

പണ്ടേ പറയാമായിരുന്നില്ലേയെന്ന്,

ആക്രോശിക്കുന്നവരെ കണ്ടപ്പോ -

ഴാണായോർമ്മകളെന്നെത്തേടി വന്നത്;

പെറ്റിക്കോട്ടിട്ട കാലത്തായിരുന്നുവല്ലോ,

നരകയറിയ കൈകളെന്നെയാദ്യം

അരുതാതെ തഴുകിയത്...

അടഞ്ഞിട്ട വാതിലുകൾക്കുള്ളിലല്ല,

മണിമുഴങ്ങുന്ന ദേവ സന്നിധിയിലാണെന്റെ

വളരുന്ന തളിർ നെഞ്ചം,

 അജ്ഞാത കരങ്ങളിൽ പെട്ടുഴലിയത്;

വേദനയാൽ, അതിശയത്താൽ, സംശയത്താൽ,

 തിരിഞ്ഞു നോക്കുന്നേരം,

ആൾക്കൂട്ടത്തിനിടയിലൊരു ഞരക്കം മാത്രം;

അന്ന് മാത്രമല്ല, വീണ്ടും പലപ്പോഴും,

അരുതാത്ത തലോടലുകൾ, 

മുഖമില്ലാത്ത ലിംഗങ്ങളായിരുന്നു;

ആളു നിറഞ്ഞ വീഥിയുടെ അരികു ചേർന്ന്,

കിന്നാരം പറഞ്ഞു ചിരിച്ചും കൊണ്ട്,

കുഞ്ഞു പാവാടയുടെ ഞൊറികളൊതുക്കി,

അമ്മയെ പറ്റി നടക്കുമ്പോൾ

പോലുമെന്നെയല്ല, ഞൊടിയിടയിലവന്റെ കൈകളിലമർന്നയെന്റെ മാറിടം

മാത്രമാണവൻ കണ്ടത്;

ഉള്ളിലെ ക്രോധം കല്ലായവന്റെ

മേലെറിയുമ്പോളമ്മ മനം കലങ്ങിപ്പോയി;

കൂടുന്ന ജനത്തിനിടയിൽ നിന്ന് അമ്മക്കൈകൾ

വലിച്ചു കൊണ്ടു പോരുമ്പോഴും, തീർന്നിരുന്നിരുന്നില്ല,

അമ്മയുടെ ക്രോധവുമെന്റെ അന്ധാളിപ്പും;

പീടികയിൽ നിന്ന് സാധനം വാങ്ങുമ്പോൾ,

വണ്ടിക്കൂലി കൊടുക്കുമ്പോൾ,

എന്തിനാണിങ്ങനെ കൈകൾ തഴുകുന്നത്?

ആരോടാണ് ഞാൻ പരാതി പറയേണ്ടത്?

ആരോരുമില്ലാത്ത വീഥിയിലരുതാത്ത

ചിത്രകൾ കാട്ടി തന്ന ചേട്ടനോടോ?

അതോ വണ്ടിയിൽ നിന്ന് ഇറങ്ങുന്നേരം,

പിൻഭാഗം തഴുകി,

കാതിലരുതാത്തത് പറഞ്ഞ അപ്പൂപ്പനോടോ?

അറയ്ക്കുന്ന തമാശ പറഞ്ഞ അമ്മാവനെ,

ചിരിച്ചു പ്രോത്സാഹിപ്പിച്ച കണ്ടക്റ്ററോടോ?

അതോ പല്ലിളക്കാനെന്ന വ്യാജേന,

കൈകൾ മാറിലൂന്നിയ ഡോക്ടറോടോ?

ഉത്തര കടലാസ്സു തരുമ്പോഴറിയാതെ മുൻഭാഗം മുട്ടുന്ന മാഷിനോടോ?

അശ്ലീലമല്ലിതു കൂട്ടരേ,

ഒരു സാധാരണ കുഞ്ഞു പെണ്ണായി മാറുന്ന,

മുന്നിലേ നടന്ന, നടക്കുന്ന അരുതുകളാണ്;

ഇതാണോ നേർത്തേ പറയേണ്ടിയിരുന്നത്?

എനിക്കു തെറ്റു പറ്റി, 

എന്റേതാണ് തെറ്റ്,

അരുതാത്ത ചെയ്ത ചേട്ടനല്ല,

മാഷല്ല, കണ്ടക്ടറല്ല, പലചരക്കുകാരനല്ല,

ഡോക്ടറല്ല, അമ്മാവനുമല്ല..

പ്രായമില്ലാ പ്രായത്തിൽ,

നേർത്തെ പറഞ്ഞിരുന്നേൽ,

ഇവരെല്ലാം തെറ്റു മനസ്സിലാക്കിയേനെ,

എന്നെ പത്രങ്ങൾ പ്രകീർത്തിച്ചേനെ...

കഷ്ടം, അല്ലാതെന്തു പറവൂ...

കഷ്ടം, അല്ലാതെന്തു പറവൂ...