Skip to main content
Srishti-2019   >>  Short Story - Malayalam   >>  നീലക്കണ്ണുകളുള്ള മാലാഖ

നീലക്കണ്ണുകളുള്ള മാലാഖ

Written By: Santhosh Udayanan
Company: EY

Total Votes: 0

കൊച്ചി കായൽ. എന്നെ എന്നും മോഹിപ്പിച്ചിരുന്നു അതിന്റെ ശാന്തത. പ്രക്ഷുബ്ദ്ധമായ കടലിനെ പുണരുമ്പോഴും ശാന്തത കൈവിടാത്ത അവിശ്വസനീയമായ പക്വത. എന്റെ മനസ്സ് കലങ്ങി മറിഞ്ഞ പല സന്ദർഭങ്ങളിലും ശാന്തത അനുഭവിക്കുവാൻ അവളുടെ തീരങ്ങൾ തേടി ഞാൻ പോയിട്ടുണ്ട്. വിശാലമായ കായൽപ്പരപ്പിലെ കുഞ്ഞോളങ്ങളോട് എന്റെ ഇഷ്ടവും ഇഷ്ടക്കേടും, വേദനയും പരിഭവവും, ആഗ്രഹങ്ങളും എല്ലാം പലപ്പോഴും പങ്കിട്ടിട്ടുമുണ്ട്. ബാല്യത്തിലും കൗമാരയൗവനങ്ങളിലും കൊച്ചിയിൽ അവധിക്കാലം ചിലവിടാൻ പോകുമ്പോഴെല്ലാം ഇതാവർത്തിക്കുമായിരുന്നു. ഒരു പക്ഷേ, കൂടിക്കാഴ്ചകൾ പിന്നീടും ജീവിതത്തിന്റെ ഭാഗമാക്കുവാൻ ഞാൻ ആഗ്രഹിച്ചിരുന്നു.

വളരെ വർഷങ്ങൾക്ക് ശേഷം ഞങ്ങൾ വീണ്ടും കണ്ടു. ഔദ്യോഗിക യാത്രയുടെ ഭാഗമായി താമസത്തിനായി കൊച്ചി കായലിനോട് ചേർന്നുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള ഹോട്ടൽ തിരഞ്ഞെടുത്തതും പഴയ ഓർമ്മകളുടെ പ്രേരണയാൽ ആകണം. പ്രകൃതി ഏറ്റവും സുന്ദരിയാകുന്നത് സായന്തനത്തിന്റെ സിന്ദൂരപ്രഭയിൽ ആണല്ലോ! കൊച്ചി കായലിനും സൗന്ദര്യം പകർന്നു നൽകി അന്തിയോളം പണി എടുത്ത് തളർന്ന സൂര്യൻ അങ്ങ് ചക്രവാളത്തിൽ വിശ്രമത്തിനായി ചുവടുകൾ വച്ചു തുടങ്ങിയിരുന്നു. പകൽ സമയത്ത് പലപ്പോഴും മഴമേഘങ്ങൾ മൂടിപ്പുതപ്പിച്ചിട്ടും തണുപ്പിച്ചിട്ടും യാത്രാവേളയിൽ പൂർണ്ണകായനായി സ്വർണ്ണപ്രഭയിൽ തന്റെ വിടവാങ്ങൽ രാജകീയമാക്കിയ സൂര്യനെ നോക്കി ഞങ്ങൾ ഇരുന്നു. ഞാനും, കുഞ്ഞോളങ്ങളാൽ സുന്ദരിയായ കൊച്ചി കായലും.

എപ്പോഴോ പെയ്ത മഴയുടെ ഓർമ്മ പുതുക്കി തണുത്ത കാറ്റ് എന്നെ തഴുകി പോകുന്നുണ്ടായിരുന്നു. പറയാൻ ഒത്തിരിയുണ്ടായിരുന്നു ഞങ്ങൾക്ക്. കാലവും ജീവിതവും വരുത്തിയ മാറ്റങ്ങൾ. പലരും കുത്തിക്കോറി വരച്ചേൽപ്പിച്ച മുറിപ്പാടുകൾ. വിടരും മുമ്പേ കൊഴിഞ്ഞു പോയ കൊച്ചു സ്വപ്നങ്ങൾ. നെഞ്ചിലും നിനവിലും പേറി നടന്ന മോഹങ്ങൾ ഓർമ്മകളായ കഥകൾ. അങ്ങനെ എന്തെല്ലാം, എന്തെല്ലാം.

രാത്രിയുടെ ആദ്യയാമങ്ങളിൽ എപ്പോഴോ കായൽപ്പരപ്പിൽ തിളങ്ങുന്ന രണ്ട് ചെറിയ നീലമുത്തുകൾ ഞാൻ കണ്ടു.അത് എന്റെ അടുത്തേക്ക് വരുന്നതു പോലെ. അല്ല, എന്റെ അടുത്തേക്ക് തന്നെ. മുത്തുകൾ അല്ല അത്. തിളങ്ങുന്ന നീലക്കണ്ണുകൾ! വിടർന്ന നീലക്കണ്ണുകൾ! വിടർന്ന തിളങ്ങുന്ന നീലക്കണ്ണുകളുള്ള ഒരു മാലാഖ! മേനിയഴകിനേക്കാൾ മുഖമഴകിനാൽ വർണ്ണിക്കപ്പെട്ടു മാത്രം പരിചിതമായ അവളുടെ കണ്ണുകൾക്ക് എന്തൊരു ഭംഗി! അഴിച്ചിട്ട മുടിയിഴകളും ചെറിയ വട്ടമുഖവും നീലക്കണ്ണുകളുമുള്ള അവൾക്ക് ചിത്രകാരൻമാരുടെ കരവിരുതിനെക്കാൾ ഭംഗി തോന്നുന്നു.

മാലാഖമാർക്ക് ഭാഷയുണ്ടോ? അവൾക്ക് എന്റെ ഭാഷ മനസ്സിലാകുമോ? എന്റെ ഹൃദയത്തിന്റെ ഭാഷ! തിരികെ എന്നോട് എന്തെങ്കിലും പറയുമോ? എന്തു പറയാൻ! എപ്പോഴും ചിരിക്കുന്ന അവൾക്ക് എന്തുണ്ടാവും പറയാൻ! മാലാഖമാർക്ക് ആഗ്രഹങ്ങളും പ്രതീക്ഷകളും കാണില്ലല്ലോ. അവയുണ്ടെങ്കിൽ നിരാശ കൂടെ ചേരും. അപ്പോൾ അവർക്ക് പ്രണയവും ഉണ്ടാകില്ല. അത് പേറ്റുനോവിനേക്കാൾ വേദനാജനകമാണല്ലോ. പിന്നെ എങ്ങനെ ചിരിക്കാൻ പറ്റും. ചിരിക്കാത്ത മാലാഖമാരുണ്ടോ? അങ്ങനെ ഒരു ചിത്രകാരനും കണ്ടിട്ടുണ്ടാവില്ല, ഞാനും.

എന്റെ ഏകാന്തത ഒഴിവാക്കാനായി കായൽ കരുതിവച്ച ഉപഹാരമാണോ നീലക്കണ്ണുകൾ? ഒഴുകി വരുന്ന എല്ലാ നദികളുടെ പ്രഹരവും ഏറ്റുവാങ്ങി ഏറെ ദൂരം താണ്ടി അലറിച്ചിരിക്കുന്ന കടലിന്റെ രൗദ്രവും ഉൾക്കൊണ്ട്, ചെറുഓളങ്ങളാൽ പുഞ്ചിരി തൂകുന്ന കായലിന്റെ വിശാലതയും പക്വതയുമില്ലെങ്കിലും, വിടർന്ന നീലക്കണ്ണുകൾ എനിക്ക് ഊർജ്ജവും പ്രസരിപ്പുമേകി തുടങ്ങിയിരിക്കുന്നു.

എപ്പോഴും കൂടെക്കാണുമെന്നു കരുതിയ നിഴലുപോലും വെളിച്ചമില്ലാതെയായപ്പോൾ എന്നെ വിട്ടുപോയി. അപ്പോഴും നീലക്കണ്ണുകൾ ഒപ്പമുണ്ടായിരുന്നു എനിക്ക് കൂട്ടായി. അവളുടെ കണ്ണുകൾ പ്രകാശം പരത്തുന്നുണ്ടായിരുന്നു. വെളിച്ചത്തിൽ അവളുടെ മുടിയിഴകൾ ഇളകുന്നത് എനിക്ക് കാണാം. പിന്നെ ചിരിയും. അവൾ ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടാവുമോ ? സ്നേഹിച്ചവർ തള്ളിപ്പറഞ്ഞതിന്റെ വേദന അവൾ അറിഞ്ഞിട്ടുണ്ടാകുമോ ? അന്നും അവൾ ചിരിച്ചുവോ? അറിയില്ല! അവളുടെ നീലക്കണ്ണല്ലാതെ മറ്റൊന്നും എനിക്ക് നോക്കാനും കാണാനും കഴിയുന്നില്ല. അതാകട്ടെ തിളങ്ങിക്കൊണ്ടേയിരുന്നു.

തണുത്ത വീഞ്ഞിനും, ശീതീകരിച്ച മുറിയുടെ കുളിർമ്മയ്ക്കും, ഇമ്പമേറിയ പാട്ടുകൾക്കും, ആകാശത്ത് പരവതാനി വിരിച്ച നക്ഷത്രങ്ങൾക്കുമൊന്നും എന്റെ മനസ്സിനെയോ കണ്ണുകളെയോ അവളിൽ നിന്നകറ്റാൻ കഴിഞ്ഞില്ല. നേർത്ത വെളിച്ചത്തിൽ അവളുടെ നീലക്കണ്ണുകളുടെ ഭംഗി വർദ്ധിച്ചുകൊണ്ടേയിരുന്നു. ചിത്രങ്ങളിൽ കണ്ട മാലാഖമാരുടെ കണ്ണുകൾ വർണ്ണരഹിതമായിരുന്നു. അവൾക്ക് മാത്രം എന്തേ നീലക്കണ്ണുകൾ! അത് എന്നിൽ എന്ത് വികാരമാണ് ഉണർത്തുന്നത്? അറിയില്ല ! അവളുടെ നീലക്കണ്ണുകളിൽ നോക്കിയിരുന്ന് ഞാൻ ഉറങ്ങിപ്പോയി.

രാത്രിയിൽ എപ്പോഴോ ഉണർന്നപ്പോഴും അവൾ അവിടെ തന്നെയുണ്ടായിരുന്നു. പക്ഷേ, നീലക്കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നില്ല. ചിരി മാഞ്ഞിരുന്നു. ഞാൻ ഉണർന്നത് അവൾ അറിഞ്ഞിരുന്നില്ല. മാലാഖമാർക്കും വേദനയുണ്ടാകുമായിരിക്കും. മറ്റാരും അത് അറിയില്ല. ഇല്ല, ഞാനും അറിഞ്ഞില്ല. അവളെപ്പോലെ മറ്റുള്ളവരുടെ വേദനയകറ്റാൻ എനിക്കറിയില്ല. ഞാനുണർന്നത് അവൾ അറിയേണ്ട.പ്രഭാതസൂര്യൻ വീണ്ടും അവളുടെ ചിരിയുണർത്തും, അവളുടെ കണ്ണുകളെ പ്രകാശിപ്പിക്കും. വിടർന്ന നീലക്കണ്ണുകളെ ...

Comment