Skip to main content

പറക്കാനാഗ്രഹിച്ച പൂക്കളാണത്രേ 

പിന്നീട്  പൂമ്പാറ്റകളായ് ജനിക്കുന്നത് 

പാറിപ്പാറിത്തിമിർക്കുന്നതിനിടെ

ഒരര നിമിഷം കൊണ്ട് പൂവിനെപ്പുണർന്നൊരുമ്മ കൊടുക്കുന്നത് 

പഴയ ഓർമ്മകളുള്ളതുകൊണ്ടാണത്രേ 

ചിലപ്പോഴത്, അമ്മയുടെ ഒക്കത്തിരുന്നുകൊണ്ടാകാശം നോക്കി 

നിറഞ്ഞു ചിരിക്കുന്ന കുഞ്ഞനിയനൊരു ചക്കരയുമ്മ 

മറ്റു ചിലപ്പോൾ, അമ്മയുടലിന്റെ മണം നുകർന്നുകൊണ്ടൊരുതുള്ളി

യമ്മിഞ്ഞപ്പാലുനുണഞ്ഞു കൊണ്ട് അമ്മമാറിനമർന്നൊരുമ്മ 

ഓർമ്മകളുള്ളവയാണ് പൂമ്പാറ്റകൾ 

അതുകൊണ്ടാണത്രേ നട്ടുവളർത്തിയവനെങ്കിലും മനുഷ്യനെ കണ്ടാൽ പാറിപ്പറന്നോടിയൊളിക്കുന്നത് 

ഓർമകൾ തികട്ടി വരികയാണ് 

എടുത്ത തണലിനു പകരം മരത്തിന് മരണം പകരുന്നവൻ 

നുണഞ്ഞ പാലിന് നിണമൊഴുക്കി കടം വീട്ടുന്നവൻ 

ഗർഭപാത്രത്തിന്റെ വാടക കാലടിയളന്ന് പകർന്ന്‌  തീർക്കുന്നവൻ 

ഓർമ്മകളുള്ളവയാണ് പൂമ്പാറ്റകൾ

അതുകൊണ്ടു തന്നെ ഭയമുള്ളവയാണ് പൂമ്പാറ്റകൾ 

പറന്നു പോവാൻ പൂവാഗ്രഹിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ

Author
Vineeth Krishnan
Company
vote
0
Category