Skip to main content
Srishti-2022   >>  Poem - Malayalam   >>  പ്രളയം ഒരു കലാപം

Suvas .S

UST Global

പ്രളയം ഒരു കലാപം

പ്രളയം കലാപക്കൊടിയുയർത്തി 

പ്രകൃതിയെ സ്നേഹിച്ച മഴയെയും കൂട്ടി 

ഇന്നെൻ പടി വാതിലോളമെത്തി

 

അയിത്തം വരച്ചിട്ട അതിരുകളൊക്കെയും 

എതിരു നിൽക്കാതെ തകർന്നു വീഴെ 

നെഞ്ചിടിപ്പിൻ ആഴമളക്കുവാൻ 

വാതിലിടയിലൂടൊഴുകിയെൻ അരികിലെത്തി 

 

മുട്ടോളമെത്തി കഴുത്തോളമെത്തി

ശ്വാസം നിലയ്ക്കുന്ന വക്കോളമെത്തി 

കുത്തിയൊലിക്കും മഴ തണുപ്പിൽ മുങ്ങി 

ഉറ്റവർ കുമിളയായി മാഞ്ഞു പോയി 

ഓർമ്മകൾ പേറി തളർന്നുറങ്ങാൻ മാത്രം

എന്നെയിന്നിവിടെ ബാക്കിയാക്കി   

 

വിശുദ്ധമാം ദേവാലയങ്ങൾ പോലും 

അശുദ്ധമായ് ചെളിവന്നടിഞ്ഞു കൂടി 

നിശബ്ദനായ് വിശ്വാസി നോക്കി നിൽക്കേ 

വിശ്വാസമെല്ലാം അപ്രസക്തമായി 

 

രക്ഷകനായി കാത്തുകൈനീട്ടി നിൽക്കേ 

ജീവൻ തിരഞ്ഞവരോടിയെത്തി  

കടലിനോടും കടൽത്തിരകളോടും 

പൊരുതി നിൽക്കും മനക്കരുത്തുമായി 

പൊട്ടിപൊളിഞ്ഞ പാഴ്ക്കൂട്ടിൽ നിന്നും 

എത്തി പിടിച്ചേറെ ജീവിതങ്ങൾ 

 

മഴയോടു മല്ലിട്ടൊഴുക്കിൽ തുഴയിട്ട് 

തളരാതെ  തലയെടുപ്പോടെ നിൽക്കേ

മഴ തളർന്നു പെയ്തൊഴിഞ്ഞു 

കൂടെ പ്രളയവും പതിയെ പിൻവലിഞ്ഞു...