Skip to main content
Srishti-2022   >>  Poem - Malayalam   >>  ഋതുകന്യകേ നിന്നെ.

Raji Chandrika

Allianz Technologies

ഋതുകന്യകേ നിന്നെ.

ഋതുകന്യകേ നിന്നെയോർക്കുന്നു ഞാൻ.. 

ഈ തെളിനിലാവിന്നിടനാഴിയിൽ തെല്ലു നേരം 

എന്നോർമ്മയിൽ തെളിയുന്നു നിൻ മുഖം 

ഋതുകന്യകേ നിന്നെയോർക്കുന്നു ഞാൻ..

 

ഗ്രീഷ്മങ്ങൾ പൂത്തു നിന്നെരിയും മനസ്സുമായ് 

ദീർഘനിശ്വാസത്തിലുരുകുന്ന കാറ്റുമായ്

എൻറെ ജീവനിൽ നാമ്പിട്ടൊരായിരം ആശകൾ ചൂടേറ്റു കരിയവേ

ഇന്നു ഞാൻ പിന്നിട്ടൊരീ വഴിത്താരയിൽ നിന്റെയാത്മാവിൻ കനൽക്കാടു തെളിയവേ  

ഓർത്തു ഞാൻ നിൻ മുഖം ഓമലേ 

നിൻ ക്രൂര താണ്ഡവം കണ്ടെൻ മിഴിപ്പൂക്കൾ വാടവേ

ഉടുചേല  കത്തിയൊരു പകൽപക്ഷിയിന്നെന്റെ 

തരളമാം സന്ധ്യയിൽ മുഖമമർത്തീടവേ 

തുടുത്തൊരാ ചക്രവാളത്തിൻ നെറുകിലൊരു കറുത്തമുത്തായി നീ, നിൻ മുഖം മങ്ങവേ  

കേട്ടുഞാൻ നിൻ തേങ്ങൽ , നിൻറെ യാത്രാമൊഴികൾ, പിന്നെയൊരു വർഷകാലത്തിന്നിരമ്പൽ..

 

നിൻറെ നയനങ്ങൾ പൊഴിയുന്ന ബാഷ്പധാരയാം ഇടവപ്പാതിയിൽ 

പിന്നെയൊരു തുലാവർഷപ്പകർച്ചയിൽ..

നിറയുന്ന, കവിയുന്ന, നീർച്ചോലകൾ നീന്തി 

നിറയുന്ന, കവിയുന്ന, നീർച്ചോലകൾ നീന്തിയൊരു കടവിലേക്കണയുന്നു കാലം

ദാഹിച്ചു നിന്നൊരീ ഭൂമിയിൽ നീ തീർത്ത 

സാഗരച്ചുഴികളിൽ നീന്തി വലഞ്ഞു ഞാൻ 

മുങ്ങി മരിക്കുന്നിതായെൻറെയോർമ്മകൾ

മുങ്ങാതെ നീ മാത്രമൊഴുകുന്നു..

പിന്നെയും നിൻ തിരശ്ശീലകൾ മായവേ

പിന്നിലായെന്നെ വിളിപ്പൂ വസന്തം.

 

എന്നോർമ്മതൻ മുറ്റത്തു നീ വരച്ചിട്ടൊരാ പൂക്കളം നോക്കി ഞാൻ നിൽക്കെ 

മലർവീണവീഥികളിലൊരുകുഞ്ഞുകുയിലിൻറെ പൂവിളികൾ കേട്ടു ഞാൻ നിൽക്കെ

നീ തന്ന പുടവയുമുടുത്തു ഞാൻ ഒരു സ്‌മൃതിയിലാരെയോ

വരവേൽക്കുവാൻ കാത്തിരിപ്പൂ 

നിൻറെ  പുലരികളിലൊരു ലതിക ഇതൾനീർത്തി വിടരുമ്പോൾ 

നിൻറെ ഹിമമുടിയിലൊരു  കണിക കുളിർതൂകി മറയുമ്പോൾ

എൻ മുന്നിലൊരു കുമ്പിൾ മലരുമായ് ഒരു കുടം മധുരമായ്

കണി വച്ചുണർത്തുവാൻ എത്തിയിന്നാവണി ..

 

ഋതുകന്യകേ നിന്നെയോർക്കുന്നു ഞാൻ ..

 

നീങ്ങുന്നു ഞാൻ വെറും മണ്ണിലോടെന്തിനോ, നീങ്ങുന്നു നീയുമെന്നൊപ്പം 

ഏതോ നിശീഥത്തിൽ ഞാനുമെന്നോർമ്മകളു- 

മേതോ കൊടുംതണുപ്പേറ്റു  വലഞ്ഞു 

ആയിരം പാളികൾക്കുള്ളിൽ കിടന്നും 

ഞാനാപാദചൂഡം വിറച്ചു 

എൻറെ നെറുകയിൽ നീ മഞ്ഞു പെയ്തു 

എന്നെ നിന്നിളം വിരൽത്തുമ്പുകൾ തൊട്ടു 

നിന്റെ നിശ്വാസത്തിൽ, നിൻറെയുന്മാദത്തിൽ 

നിന്നിൽ നിന്നകലുമ്പോളെൻ മനം നൊന്തു 

നിന്നോടു ചേരുമ്പോളെൻ സ്വപ്നം പൂത്തു..

 

ഋതുകന്യകേ നിന്നെയോർക്കുന്നു ഞാൻ 

ഈ തെളിനിലാവിന്നിടനാഴിയിൽ തെല്ലു നേരം 

എന്നോർമ്മയിൽ  തെളിയുന്നു നിൻ മുഖം 

ഋതുകന്യകേ നിന്നെയോർക്കുന്നു ഞാൻ....