Skip to main content
Srishti-2022   >>  Article - Malayalam   >>  കലാസൃഷ്ടികളിലെ ആവിഷ്കാര സ്വാതന്ത്ര്യം

Surya C G

UST Global Campus

കലാസൃഷ്ടികളിലെ ആവിഷ്കാര സ്വാതന്ത്ര്യം

ഒരു നല്ല കലാസൃഷ്ടി ഉടലെടുക്കുവാൻ കടിഞ്ഞാൺ വീഴാത്ത ചിന്താശേഷി അത്യന്താപേക്ഷിതമാണ്. സർഗാത്മകതക്കു നിയന്ത്രണം ഏർപ്പെടുമ്പോൾ ഏതൊരു കലാസൃഷ്ടിയും അതിന്റെ പൂർണവികസനം പ്രാപിക്കുന്നില്ല. ആവിഷ്കാരസ്വാതന്ത്ര്യം ലഭിക്കുമ്പോൾ, കലാകാരനിൽ നിന്ന് ആകർഷണീയവും തന്മയത്വം നിറഞ്ഞവയുമായ കലാസൃഷ്ടികൾ ഉടലെടുക്കുന്നു. അവയിലൂടെ, വൈവിധ്യമാർന്ന സംസ്കാരങ്ങൾ അഭിവൃദ്ധിപ്പെടുന്നു.

 

സാംസ്കാരികവും, സാങ്കേതികവും മറ്റുമായ വികസനങ്ങൾക്കും, അനിയന്ത്രിതമായ ആവിഷ്കാരസ്വാതന്ത്ര്യം വഴിയൊരുക്കുന്നു. പ്രശസ്ത സർഗാത്മക ചിത്രകാരന്മാരായിരുന്ന ലിയോർണാഡോ ഡാവിഞ്ചി, പാബ്ലോ പിക്കാസോ, മൈക്കലാഞ്ചലോ എന്നിവർ, കാലാതീതമായ ചിന്തകൾ കൈക്കൊണ്ട്, ആദ്യകാലങ്ങളിൽ തന്നെ വിമാനത്തിന്റെ ചിത്രങ്ങൾ വരച്ചിരുന്നു. എന്നാൽ, അന്നത്തെ ആളുകൾക്ക്, മനുഷ്യനു പറക്കാൻ കഴിയും എന്ന വസ്തുത സ്വീകരിക്കാൻ പ്രയാസമായിരുന്നു. കാലങ്ങൾ കഴിഞ്ഞപ്പോൾ, ഇന്ന് വിമാനം എന്നത് സർവ്വസാധാരണമായ ഒരു യാത്രാമാർഗമായി മാറിയിരിക്കുന്നു.

 

ആവിഷ്കാരസ്വാതന്ത്ര്യം എന്നത്, ഒരു കലാകാരന്, ചിത്രരചന, കലാസാഹിത്യം, സംഗീതം, സിനിമ, ശിൽപ്പകല, എന്നു തുടങ്ങി ഏതൊരു കലാമേഖലയിലും, സ്വന്തം കാഴ്ചപ്പാടുകളെ നിയന്ത്രണരഹിതമായി ലോകത്തിനു മുൻപിൽ പ്രകാശിപ്പിക്കുന്നതിനുള്ള പൂർണ്ണമായ സ്വാതന്ത്ര്യം, എന്നു വിവരിക്കാം. ഒരു പരിധി വരെ, ഇവയുടെ മേൽ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്താത്ത പക്ഷം, സാർവകാലീനമൂല്യമുള്ള കലാസൃഷ്ടികൾ ലോകത്തിനു ലഭിക്കുന്നു. കലാകാരന്മാർക്ക് അവരുടെ ആശയങ്ങൾ വിലക്കുകൾ കൂടാതെ ആവിഷ്കരിക്കാൻ അനുമതി നൽകുന്ന ഒരു ഭരണകൂടം ആ സമൂഹത്തിന്റെ തന്നെ വികസനത്തിനു പരോക്ഷമായി വഴിയൊരുക്കുന്നു എന്നു ചരിത്രം തെളിയിക്കുന്നു.

 

അടുത്തയിടയ്ക്ക്, ഉത്തർ പ്രദേശിലെ, ബൽബീർ കൃഷ്ണൻ എന്ന ചിത്രകാരന്റെ 'മൈ ബെഡ് ഓഫ് റോസസ്' എന്ന സ്വവർഗരതിയെ പറ്റി പരാമർശിക്കുന്ന ചിത്രപ്രദർശനം, ഏതാനും സദാചാരികളുടെ ഭീഷണിയെത്തുടർന്ന് ഹൈദരാബാദിലെ മ്യൂസ്‌ ഗാലറിയിൽ നിന്നു റദ്ദാക്കുകയുണ്ടായി. 'സ്വവർഗരതി' എന്നത് ഭാരതസംസ്കാരത്തിനെതിരാണ് എന്നു പരാമർശിച്ചാണ് സദാചാരികൾ ഭീഷണി മുഴക്കിയത്. എന്നാൽ, ഒരാളുടെ ലൈംഗികത സ്വയം തിരഞ്ഞെടുക്കപ്പെട്ടതല്ലെന്നും, ജൈവജനിതകഘടകങ്ങളുടെയും, വളരുന്ന ചുറ്റുപാടുകളുടെയും മറ്റും അടിസ്ഥാനത്തിൽ നിർണയിക്കപ്പെടുന്നതാണെന്നും ശാസ്ത്രം തെളിയിക്കുന്നു. ഈ തിരിച്ചറിവ് ലോകത്തിനു പകർന്നു കൊടുക്കുക എന്നതാവാം ചിത്രകാരൻ തന്റെ ചിത്രങ്ങളിലൂടെ ഉദ്ദേശിച്ചിരുന്നത്. ഇത്തരം നിയന്ത്രണങ്ങൾ മുഖേന, മികച്ച കലാസൃഷ്ടികളാണ് സമൂഹത്തിനു നഷ്ടമാകുന്നത്.

 

"ഓരോ കുട്ടിയും ഒരു കലാകാരനാണ്. വളരുമ്പോഴും കലാകാരനായി തുടരുക എന്നതാണ് പ്രയാസം." പ്രശസ്തചിത്രകാരനായിരുന്ന പാബ്ലോ പിക്കാസോയുടെ വാക്കുകളാണ് ഇവ. ഇന്ന് കലാകാരന്മാർ നേരിടുന്ന നിയന്ത്രണങ്ങൾ കണക്കിലെടുക്കുമ്പോൾ, ഈ വാക്കുകളുടെ പ്രാധാന്യം നമ്മൾ തിരിച്ചറിയുന്നു. 'പദ്മാവത്', 'മദ്രാസ് കഫെ', 'രാം ലീല', 'ആൻ ഇൻസിഗ്നിഫിക്കൻറ് മാൻ' തുടങ്ങി നിരവധി ചിത്രങ്ങൾ ഈയിടെ അനേകം വിവാദങ്ങൾക്ക് ഇരയാക്കപ്പെട്ടിരുന്നു. ഏതാനും ചിലർ കലാസൃഷ്ടികൾക്കുമേൽ നിയമപരമായ മേൽനോട്ടത്തെ അനുകൂലിക്കുമ്പോൾ, മറ്റു ചിലർ കലാസൃഷ്ടികളുടെ നിയന്ത്രണരഹിതമായ ആവിഷ്കരണത്തെ പിന്തുണയ്ക്കുന്നു.

 

ആവിഷ്കാരസ്വാതന്ത്ര്യം ഉത്കൃഷ്ടമായ കലാസൃഷ്ടികൾക്കു ജൻമം നൽകുവാൻ ഒരു പരിധി വരെ അനിവാര്യം തന്നെയെങ്കിലും, അപൂർവ്വം ചില സന്ദർഭങ്ങളിൽ ഇത്തരം സ്വാതന്ത്ര്യം വിപരീതഫലങ്ങളിൽ കലാശിക്കുവാൻ ഇടയാകാറുണ്ട്. ഉദാഹരണത്തിന്, സിനിമ മുതലായ മാധ്യമങ്ങൾ മുഖേന, പുകവലി, മദ്യപാനം, മയക്കുമരുന്ന് എന്നീ അനാരോഗ്യകരമായ ശീലങ്ങൾ വ്യാപിപ്പിക്കുമ്പോൾ, ഭരണകൂടം അവയുടെമേൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. അതു പോലെ തന്നെ, ശാരീരികവും, മാനസികവുമായ വൈകല്യങ്ങൾ നേരിടുന്നവരെ പരിഹസിക്കുകയും, അവഗണിക്കുകയും ചെയ്യാൻ പ്രേരിപ്പിക്കുംവിധം കലയെ ഉപയോഗിക്കുമ്പോൾ, കുട്ടികളടക്കമുള്ള, സ്വാധീനഭേദ്യമായ ഒരു സമൂഹത്തിന്മേൽ തെറ്റായ പ്രഭാവം ചെലുത്തപ്പെടുന്നു. മറ്റു ചില സന്ദർഭങ്ങളിൽ, സാമൂഹ്യവിരുദ്ധർ, കലാസൃഷ്ടികൾ എന്ന ഭാവേന ഭരണകൂടത്തിന്റെ അനിയന്ത്രിതനിയമസംവിധാനം ചൂഷണം ചെയ്യുകയും, തെറ്റായതും, രാജ്യദ്രോഹകരവുമായ ആശയങ്ങൾ ഹിതകരമായ ഭാവങ്ങളിൽ വ്യാപിപ്പിക്കുന്നതിനായി ഉപയോഗിക്കുകയും ചെയ്യുന്നു.

 

ഭാവന എന്നത് വിജ്ഞാനത്തേക്കാൾ മൂർച്ചയേറിയതാണ്. ആവിഷ്കാരസ്വാതന്ത്ര്യം അനുവദിച്ചു കിട്ടുമ്പോൾ, കലാകാരനു സൃഷ്ടികളെ പക്വതയോടെ സമീപിക്കുവാൻ കഴിവുണ്ടായിരിക്കണം. കലാസൃഷ്ടികൾ മതപരവും രാഷ്ട്രീയപരവും ആകുമ്പോൾ, അവ സമൂഹത്തിന്റെ മതവികാരത്തെയും, രാഷ്ട്രീയബോധത്തെയും വ്രണപ്പെടുത്താത്ത വിധം രൂപം കൊടുത്തവയായിരിക്കണം. അല്ലാത്ത പക്ഷം, അവ സാമൂഹികസ്ഥിരത താറുമാറാക്കാൻ കാരണമായിത്തീരുകയും, അതു മൂലം ഭീകരമായ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെടുകയും ചെയ്യുന്നു. ഉദാഹരണത്തിന്, തീവ്രമായ ഈശ്വരവിശ്വാസം നിലനിന്നിരുന്ന ഒരു സമൂഹത്തിൽ, ഒരു ചിത്രകാരൻ അവരുടെ ഈശ്വരസങ്കല്പത്തെ നഗ്നമായി ചിത്രീകരിച്ചത് കനത്ത സാമൂഹികകലാപത്തിനു വഴിയൊരുക്കിയിരുന്നു.

 

പൊതുജനവികാരങ്ങൾ വ്രണപ്പെടാതിരിക്കുവാൻ കലാസൃഷ്ടികളുടെ മേൽ നിയമപരമായ മേൽനോട്ടം ആവശ്യമാണ് എന്നതിൽ സംശയമില്ല. എന്നിരുന്നാലും, അത്തരം മേൽനോട്ടം ഒരു കലാകാരന്റെ വ്യക്തിസ്വാതന്ത്ര്യത്തെ എത്രത്തോളം ഹനിക്കുന്നു  എന്നതും കണക്കിലെടുക്കേണ്ടതുണ്ട്. ഇരുപക്ഷാഭിപ്രായങ്ങളും കോർത്തിണക്കുമ്പോൾ, ഒരു കലാകാരൻ കലാപരമായ പക്വത കൈവരിക്കുകയും, ആവിഷ്കാരകലയിലെ ഉത്തരവാദിത്വങ്ങളുടെ സ്വയം തിരിച്ചറിവ് നേടുകയും, അവയ്ക്കനുസൃതമായ കലാസൃഷ്ടികൾക്കു രൂപം കൊടുക്കുകയും ചെയ്യുന്നതാണ് ഉത്തമം. ഇത്തരത്തിൽ രൂപപ്പെട്ട ഉത്കൃഷ്ടമായ കലാസൃഷ്ടികൾക്കുമേൽ മത, രാഷ്ട്രീയ താത്പര്യാർത്ഥം, കലാപരമായ അവകാശങ്ങൾക്കെതിരായി നിയന്ത്രണം എൽക്കാതിരിക്കുവാൻ ഭരണകൂടവും ശ്രദ്ധിക്കേണ്ടതുണ്ട്.