Skip to main content
Srishti-2022   >>  Poem - Malayalam   >>  കാമിനി

Sooraj M S

Tata Elxsi

കാമിനി

എന്‍ മിഴികളില്‍ നിറയുന്ന സൗഭാഗ്യയോഗത്തില്‍,

സ്പര്‍ദ്ധകൊണ്ടുഴറുന്നു ബാക്കിയാമിന്ദ്രിയം.

ലോകം കൊതിക്കുമാ കാഴ്ചയെന്മുന്നിലെ-

-ത്തിച്ച ദൈവമേ സ്മരിക്കുന്നു നിന്നെ ഞാന്‍.

പടവിലുറഞ്ഞയെന്‍ നഗ്നപാദങ്ങളും,

ശൈത്യം മറന്നു തന്‍ തോഴനാം കണ്ണിനായ്.

ഭൂവില്‍ ജനിച്ചയാ അപ്സരസൗന്ദര്യം,

ഭൂലോകം മറന്നു, ജലകേളിയില്‍ മഗ്നയായ്.

 

 

ആടിയുലയുമാ കേശഭാരത്തില്‍നിന്നാ-

-ടിത്തിമര്‍ത്തൊരു ബിന്ദുപോലെന്മനം.

ലജ്ജവിട്ടുണരുന്നു വിടരുന്നു ഇതളുകള്‍,

തകരുന്നു പൊടിയുന്നു ഹൃദയമാ കാന്തിയില്‍.

ഗതിയെ മറന്നു നിന്‍ നയനസൂനങ്ങളില്‍,

നിശ്ചലം നിലകൊണ്ടു പ്രാണനാം പവനനും.

കഠിനമാം ശിലയോ, ജ്വലിക്കുന്ന തീയോ,

നീറുന്ന ഭൂവോ, ഉരുകുമെന്‍ മനമോ,

പുഷ്പ്പിക്കലെങ്കിലോ അധരങ്ങള്‍ നിന്നുടെ,

അലിയും സകലതും, ആ മന്ദസ്മിതത്തില്‍.

 

 

കൈക്കുമ്പിളില്‍ നിന്നുടെ ആസ്യമാശിച്ചു ഞാന്‍,

നുകരാന്‍ കൊതിച്ചു നിന്‍ അധരമാം പുഷ്പത്തെ.

ആ കൂന്തലിന്‍ വാസനയറിയാന്‍ കൊതിച്ചൊരെന്‍,

നക്തയാം നാസയോടെന്തുഞാന്‍ ചൊല്ലേണ്ടു.

ഇച്ഛയുടെ നാമ്പുകള്‍ തളിര്‍ക്കുന്നു, കിതയ്ക്കുന്നു,

വിടരുന്ന മിഴിയില്‍ നിന്നൊഴുകുമാ ദൃഷ്ടിയില്‍.

തോള്‍ ചേര്‍ന്നുനിന്നൊരെന്‍ തോഴനാം കൗമുദി,

നിശ്ശബ്ദം നിരീക്ഷിച്ചു നാരിയുടെ കാന്തിയെ.

 

 

ജലമെന്ന വസ്ത്രം ഉതിര്‍ത്തുമാറ്റീയവള്‍,

നീരാടല്‍ കഴിഞ്ഞു, പാദങ്ങള്‍ ചലിച്ചു.

വെട്ടിത്തിളങ്ങുമാ അംഗലാവണ്യത്തില്‍,

നിദ്രവിട്ടെന്നിലുണര്‍ന്നൊരാ നാഗം.

ഒരുവേള നിന്നുടെ മേനി കാണാനായി,

ചിറകുകള്‍ താഴ്ത്തിയാ വിഹഗങ്ങളൊക്കെയും.

ശാഖകള്‍ക്കിടയിലൂടെത്തിനോക്കിയൊരു,

കള്ളച്ചിരിയോടെ തിങ്കള്‍ക്കലയും.

 

 

ഹരിതഭൂ ദര്‍ശിച്ച ഗോക്കള്‍ കണക്കെ,

ഉഴലുകയാണെന്‍റെ മിഴികള്‍ നിന്‍ മെയ്യില്‍.

വീര്‍പ്പുമുട്ടുന്നൊരാ കഞ്ചുകബന്ധന-

മുക്തികൊതിച്ച നിന്‍ മാറിടം കണ്ടു ഞാന്‍.

എന്നുടെ ദൃഷ്ടിക്ക് മറുദൃഷ്ടിയായവ,

ഇരുണ്ടൊരാ കണ്ണാല്‍ തുറിച്ചെന്നെ നോക്കി.

നിന്‍ വിഗ്രഹകാന്തികൊണ്ടെന്നിലുണര്‍ത്തിയ,

കാമാന്ധനാഗമത്, തീണ്ടുന്നു വിഷമിതാ.

യാഗാശ്വമായവന്‍ കുളമ്പടി തീര്‍ക്കുന്നു,

വെട്ടിപ്പിടിക്കുന്നു രോമകൂപം വരെ.

 

 

നിന്‍ വപുസ്സിനെ പുണരുമാ ഈറന്‍കണികയി-

ലൊന്നായി മാറാന്‍ കൊതിച്ചെന്‍റെ മാനസം.

ഒഴുകാന്‍ കൊതിച്ചു നിന്‍ മേനിയിലൂടെ,

അണയാന്‍ കൊതിച്ചു നിന്‍ നാഭിച്ചുഴിയില്‍.

മണിമുത്തുപോലെ തിളങ്ങുന്നവ നിന്‍റെ,

മദരസം പേറും മോഹകേന്ദ്രത്തില്‍.

വികൃതിയതില്‍ ചിലര്‍ താഴേക്ക് നീങ്ങുന്നു,

പൊന്നരഞ്ഞാണ വരമ്പും കടന്ന്.

വരക്കാന്‍ കൊതിച്ചു ഞാന്‍ അംഗുലിയാല്‍ നിന്‍റെ,

നാഭിക്കു താഴെയെന്‍ മാനസവര്‍ണ്ണങ്ങള്‍.

പുളകംകൊണ്ടു ചിരിക്കുന്ന നിന്‍ മുഖം,

പകരം വരച്ചു ഞാന്‍ ഗുഹ്യമായെന്‍ ഹൃത്തില്‍.

 

 

സര്‍വ്വംസഹഭൂമി സഹിക്കുമോ എന്നുള്ളില്‍,

ജ്വലിക്കുമീ കാമവിചാരങ്ങളൊക്കെയും.

വിഷം തീണ്ടും നാഗമോ, ജീവന്‍റെ താതനോ,

എന്നെ പുണരുമീ കാമകല്ലോലിനി.

അവളുടെ തുടകളെ മറയ്ക്കാന്‍ മടിക്കുന്ന,

ഈറനാം ആടപോല്‍ സ്പഷ്ടമെന്‍ തൃഷ്ണയും.

 

 

അനിവാര്യമായൊരു അസ്തമനംപോല്‍,

തമസ്സില്‍ തനിച്ചാക്കിയകലുകയാണവള്‍.

അകലുന്ന നാരിയാണഴകിന്‍റെയൗന്നത്യം,

ആരൊരാള്‍ ചൊല്ലിയാ നേരിന്‍മൊഴികള്‍.

ഓളമായ് ഒഴുകിയാ കാവ്യവചനങ്ങള്‍,

തുടിക്കുമാ നിതംബത്തിലിളകുന്ന തിരപോലെ.

 

 

ആസന്നമൃതി കണ്ട് കത്തിജ്വലിച്ചെന്നില്‍,

കാക്കുമോ ദൈവമേ, അണയുമാ ദീപ്തിയെ.

ചന്ദ്രന്‍ സ്ഫുരിച്ചു, പവനന്‍ ചലിച്ചു,

ദേവനുണര്‍ന്നു, പുഷ്പം ചിരിച്ചു.

ഝടുതിയിൽ നിലച്ചൊരാ കൊലുസിന്‍റെ കൊഞ്ചല്‍,

ആ നാരി തിരിഞ്ഞു, എന്‍ ദീപം ജ്വലിച്ചു.