Skip to main content
Srishti-2022   >>  Poem - Malayalam   >>  ചിത്രത്തിൽ വരയ്ക്കാത്തത്

ചിത്രത്തിൽ വരയ്ക്കാത്തത്

രണ്ടു പെണ്കുട്ടികൾ 

 

വരച്ച ഒരു പോലുള്ള രണ്ടു ചിത്രങ്ങൾ.

 

അവരോ 

 

തികച്ചും അപരിചിതർ!

 

നിയോഗങ്ങളുടെ ചുരങ്ങളിലോ 

 

ജനിമൃതിയുടെ  ചെരിവുകളിലോ 

 

കണ്ടുമുട്ടാത്തവണ്ണം വിദൂരമായ 

 

ദൂരങ്ങൾ പേറുന്നവർ..

 

നിഴലുകൾ പോലും പരസ്പരം

 

സ്പർശിക്കാത്തവണ്ണം 

 

അകലത്തെ ആവാഹിച്ചവർ.

 

*

 

അവരുടെ ചിത്രങ്ങൾക്കകത്തോ 

 

ഒരുപോലെ ഒരു ദീർഘവൃത്തം!

 

വൃത്തത്തിനകത്ത്‌ ഇളംനീലച്ചായം..

 

നടുക്കു ചാരനിറത്തിൽ ഒരു മരം..

 

അതിന്റെ ചോട്ടിൽ നിൽക്കുന്ന സ്വന്തം നിഴൽചിത്രം..

 

പച്ച ചില്ലയിൽ പലേടത്തും ഇടവിട്ടു 

 

ചുവന്ന ചായപ്പൂക്കൾ..

 

കവിളിൽ തൊട്ടു തലോടാൻ 

 

എന്നവണ്ണം വൃത്തത്തിനു പുറത്തു 

 

നിന്നും നീട്ടി വരുന്ന രണ്ടു കരങ്ങൾ!

 

*

 

എന്റെയും നിന്റെയും സ്വപ്നങ്ങൾ ഒരു പോലെ എങ്കിൽ,

 

ഉറക്കത്തിൽ നീ മാത്രം ഇടയ്ക്കിടെ 

 

ഞെട്ടി ഉണരുന്നതെന്തിന്?

 

ഞാനും നീയും വരക്കുന്ന ചിത്രങ്ങൾ

ഒന്നു തന്നെ എങ്കിൽ,

 

വരക്കുമ്പോൾ നീ കൂടെക്കൂടെ

 

ഇമകൾ തടവുന്നതെന്തിന്?

 

ഏതു ദുരനുഭവങ്ങളുടെ വെന്തുപൊള്ളലുകളിലാണ്, 

 

നീണ്ടു വളരുന്ന ആ കൈകളിൽ നിന്നും

 

നിന്റെ നിഴൽചിത്രം തെറിച്ചു മാറുന്നത്?

 

*

 

നമുക്കിടയിൽ അറിയാത്ത സൗഹൃദം പോറ്റി,

 

കാണാത്ത ദൂരങ്ങൾ താണ്ടി,

 

എന്റെ ശീർഷകം ഞാൻ നിനക്കും ചാർത്തിക്കൊട്ടേ?

 

ഇതാ, അച്ഛൻ ലാളിക്കുന്ന മകൾ!