Skip to main content
Srishti-2022   >>  Poem - Malayalam   >>  ബാലവേല

Kannan Divakaran Nair

Infosys Limited

ബാലവേല

കാർമേഘമുത്തിൻ മിഴിതോർന്നൊരാനാളിൽ
ചാറ്റൽ  മഴ തോർന്നു വാനം തെളിഞ്ഞപ്പോൾ
വെള്ളിമേഘം  തീർത്ത തൂവലിൻ കെട്ടുകൾ
ആ നീല മാനത്തു പാറിനടക്കുന്നു

തിക്കും തിരക്കും ഒഴിഞ്ഞൊരാപാതയിൽ
വെക്കം നടന്നു ഞാൻ മുന്നോട്ടു നീങ്ങുമ്പോൾ
ഒരു  കൊച്ചുതേങ്ങലെൻ കർണപുടത്തിങ്കൽ
നുരചിന്തിയൊഴുകുന്ന പുഴയായലച്ചുപോയ്

മെല്ലെത്തിരിഞ്ഞു ഞാൻ നോക്കുന്നു സാകൂതം
തെല്ലിട നിർത്തിക്കരയും കുരുന്നിനെ
ചില്ലികൾ കൂർപ്പിച്ചു ചുറ്റും തിരഞ്ഞൊരെൻ
കണ്ണിലുടക്കുന്നു മറ്റൊരു ദേഹവും

ചില്ലറത്തുട്ടുകൾ തേടിത്തളർന്നൊരു
ഭിക്ഷുവിൻ വാട്ടമാക്കണ്ണിൽ നിറയുന്നു
തൻ കുഞ്ഞുപെങ്ങളെ വഴിവക്കിലിട്ടിട്ടു
വിരുതനാമാബാലൻ ചേറിൽ വിയർക്കുന്നു

അംഗവിക്ഷേപങ്ങൾ ചമച്ചാക്കുരുന്നിന്റെ
കണ്ണീർ തുടയ്ക്കുവാൻ കോമാളിയാകുന്നു
പുഞ്ചിരിപ്പൂക്കളാക്കവിളിൽ തിളങ്ങുമ്പോൾ
തഞ്ചത്തിലാബാലൻ കൈക്കോട്ടെടുക്കുന്നു

പട്ടുകുപ്പായങ്ങളിട്ട കുരുന്നുകൾ
പള്ളിക്കൂടത്തിലേക്കാവഴിവക്കിലൂ-
ടാടിക്കളിച്ചു ചിരിച്ചു ചരിക്കുമ്പോൾ
കണ്ണീർ പൊഴിക്കുന്ന ബാലനെക്കണ്ടു ഞാൻ

ആവോളമുണ്ടാക്കുരുന്നിന്റെ താരാട്ടായ്
സ്നേഹം പകരുവാനാഗ്രഹം ജ്യേഷ്ഠന്
സാഹചര്യത്തിന്റെയാവേലിയേറ്റത്തിൽ
മുങ്ങിത്തകർന്നതാണീക്കൊച്ചുബാല്യങ്ങൾ

ഓടിത്തളർന്നൊരീക്കൊച്ചു വയറുമായ്‌
മുണ്ടുമുറുക്കിപ്പണിയുന്നനേരത്തും
തന്നെത്തളർത്തുന്നതീ ചുടുവിശപ്പല്ല
കുഞ്ഞിളം ചുണ്ടിലെ തേങ്ങലിൻ ശീലുകൾ

സോദരസ്നേഹമാക്കൺകളിൽ കണ്ടു ഞാൻ
സാഗരം  തോൽക്കുന്ന മാനസം കണ്ടു ഞാൻ
ചോരന്റെ കാലുകൾ വേദികൾ വാഴുമ്പോൾ
ദൈനംദിനത്തിലെ ചോറിനായ് കേഴുന്നോർ

അന്നത്തെ അന്തിയിൽ  ബാലികാബാലന്മാർ
അന്നത്തിനായിക്കരയേണ്ടി വന്നില്ല
മണ്ണിലായിറ്റിറ്റു വീണു മറഞ്ഞുപോം
കുഞ്ഞുവിയർപ്പുകൾ കുമ്പിളിൽ കഞ്ഞിയായ്

അന്നുവിടർന്നൊരുപുഞ്ചിരി നിത്യവും
ആ മുഖത്തെത്തുമെന്നൊട്ടും ധരിക്കേണ്ട
നീറുന്ന ജീവന്റെ കത്തുന്ന ചൂളതൻ
ചൂടൊന്നു താങ്ങുവാനാകാത്ത താരുണ്യം

ചില്ലിട്ട കൂട്ടിലായ് മേവും  കുരുന്നുകൾ
ചെല്ലക്കിടാങ്ങളായ് വാഴും കുരുന്നുകൾ
ജീവിതഭാരമറിയാത്ത മുത്തുകൾ
എരിവെയിലിലുരുകുന്ന കരളുകൾ കാണണം

വേലയ്ക്കുപോകും കുരുന്നിനെയാ പാഠ-
ശാലയ്ക്കുകീഴിലായ് ചേർത്തുനിർത്തീടുക
ബാലരെ വേല ചെയ്യിക്കുമീ നാടിനെ
കാലയവനികയ്ക്കുള്ളിൽ അയയ്ക്കുക

വേരുള്ള ചിന്തകൾ നാടിന്റെ നാളെകൾ
നേരാം വഴിക്കു നയിക്കുമെന്നോർക്കുക
ചിന്തകൾ വേറിട്ടകൂട്ടരാണീക്കൊച്ചു-
പൈതലിൻ ദേഹത്തു മാറാപ്പ് കേറ്റുന്നോർ

ദൈന്യമീ വേഷങ്ങളാടുന്ന ജന്മങ്ങൾ
കാലമാമീത്തളിർ വേദിയിൽ വളരട്ടെ
സ്നേഹത്തിൻ പാലാഴിതീർക്കുന്ന ഹൃത്തുക്കൾ
നാടിനു വേണ്ടിത്തളരാതുയരട്ടെ