Skip to main content
souparnika

 

Srishti-2019   >>  Article - Malayalam   >>  മലയാളികൾ കടമെടുത്ത ജീവിത ശൈലികൾ

മലയാളികൾ കടമെടുത്ത ജീവിത ശൈലികൾ

Written By: Anas Abdul Nazar
Company: ENVESTNET

Total Votes: 25

മലയാളികൾ കടമെടുത്ത ജീവിത ശൈലികൾ

 

നീൽ ആം സ്‌ട്രോങ് ചന്ദ്രനിൽ കാലുകുത്തുമ്പോൾ അവിടെ സ്വീകരിക്കാൻ ചായക്കടക്കാരൻ ചന്ദ്രേട്ടനുണ്ടാരുന്നു എന്ന് തമാശ മട്ടിൽ പറയാറുണ്ട്. മലയാളിയുടെ അതിജീവന സാമർത്യത്തെയും കഠിന പ്രയത്നത്തെയുമൊക്കെ പ്രതിപാദിക്കാനാണ് അങ്ങനെ പറയാറുള്ളതെങ്കിലും മലയാളിയില്ലാത്ത മേഖല ലോകഭൂപടത്തിൽ കണ്ടുപിടിക്കുക ശ്രമകരമാണെന്നുള്ളതാണ് യാഥാർഥ്യം. ഭ്രാന്താലയം എന്ന് വിശേഷിപ്പിക്കപ്പെട്ട, പല സാമൂഹിക ഉച്ച നീചത്വങ്ങളും സർവ രൗദ്രതയും പുറത്തെടുത്താടിയിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും കേരള മോഡൽ എന്ന വികസനമാർഗത്തിലൂടെ രാജ്യത്തിന് മാതൃകയായവരാണ് മലയാളികൾ. അതെ! മലയാളികൾ വ്യത്യസ്തരാണ്.

 

തെരഞ്ഞെടുപ്പിലൂടെ ഏഷ്യയിലാദ്യമായി അധികാരത്തിലേറിയ ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലൂടെയാണ് കേരളത്തെ മലയാളികൾ ലോകത്തിനു പരിചയപ്പെടുത്തിയത്. എവിടെയും വ്യത്യസ്തരാകുക എന്ന ത്വര മലയാളിയുടെ രക്തത്തിലലിഞ്ഞു ചേർന്നതാണെന്നു തോന്നുന്നു. അതിനായുള്ള വ്യഗ്രതയിൽ അറിഞ്ഞോ അറിയാതെയോ പലതിനെയും അനുകരിക്കും, പല ജീവിത ശൈലികൾ പരീക്ഷിക്കും, ചിലതൊക്കെ നിത്യജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്യും.

 

അതൊക്കെ ഒരു കാലം

 

അച്ഛനപ്പൂപ്പന്മാരായി അല്ലേൽ അമ്മയമ്മൂമ്മമാരായി കൈമാറിവന്ന ഒരു ശൈലിയാണ് 'അതൊക്കെ ഒരു കാലം' എന്നത്. അത്തപ്പൂവിറുക്കാനായി തൊടിയിലേക്കു പായുന്ന മുത്തശ്ശിയെം കൂട്ടുകാരെയും നോക്കി ഒരു നെടുവീർപ്പോടെ അവരുടെ അച്ഛൻ അല്ലെങ്കിൽ മുത്തശ്ശൻ അന്ന് പറഞ്ഞിട്ടുണ്ടാകാം, അതൊക്കെ ഒരു കാലമെന്ന്.. ഒപ്പം കൂട്ടിച്ചേർത്തിട്ടുമുണ്ടാകണം, തന്റെയൊക്കെ കുട്ടിക്കാലത്തായിരുന്നു ശെരിക്കുള്ള ഓണമെന്ന്....

 

യുഗങ്ങൾക്കിപ്പുറം മണ്ണ് കാണാനില്ലാത്ത ടെക്നോപാർക്കിലേക്കു ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളമൊരുക്കാൻ പ്ലാസ്റ്റിക് പൂക്കളുമായി പോകുന്ന മകനെ അല്ലെങ്കിൽ മകളെ കണ്ട് പുതു യുഗത്തിലെ അച്ഛനും അമ്മയുമൊക്കെ നെടുവീർപ്പോടെ പറയാറുണ്ട്, അതൊക്കെ ഒരു കാലമെന്ന്.

 

ഭക്ഷണത്തിലെ കടമെടുക്കൽ

 

തൊടിയിൽ വളരുന്ന പൂവിൽ നിന്നും പ്ലാസ്റ്റിക് പൂവിലേക്കുള്ള ദൂരത്തിനിടയിൽ മലയാളിയ്ക്ക് മാറ്റങ്ങളൊരുപാട് സംഭവിച്ചു. തറവാടെന്നാൽ മൂന്നു - നാലു തലമുറകളിൽ പെട്ട ഒരു കൂട്ടം ആൾക്കാരുടെ സംഗമ ഭൂമിയായിരുന്ന കാലത്തു നിന്നും മൂന്നോ നാലോ പേരടങ്ങുന്ന ഒന്നായത് പരിണമിച്ചു. കപ്പപ്പുഴുക്കും കഞ്ഞിയുമായി രാത്രികൾ ആഘോഷമായിരുന്ന കാലം, റെസ്റ്റോറന്റ് സംസ്കാരത്തിന് വഴിമാറി.

 

ഊബർ ഈറ്റ്സും സുമാറ്റോയുമൊക്കെ നിത്യജീവിതത്തിലൊഴിച്ചു കൂട്ടാനാകാത്തതായി.

 

ആകെയൊരാശ്വാസം, അടുക്കളയുടെ മൂലയിലിരുന്ന പഴങ്കഞ്ഞി പോലുള്ള ചില വിഭവങ്ങൾക്ക് സ്റ്റാർ ഹോട്ടലുകളിലെ മേശപ്പുറങ്ങളിലേക്കു സ്ഥാനക്കയറ്റം കിട്ടി എന്നുള്ളതാണ്.

 

പാനീയങ്ങളിലും മാറ്റങ്ങൾ വന്നു. ഇളനീരിന്റെയും സംഭാരത്തിന്റെയുമൊക്കെ സ്ഥാനം ടിന്നിലടച്ചത് കയ്യടക്കിയതിനൊപ്പം തന്നെ പലനിറത്തിലും രുചിയിലുമുള, എവിടുന്നു വന്ന് എന്ന് പോലും നിശ്ചയമില്ലാത്ത നിരവധി പാനീയങ്ങൾ നമ്മുടെ തീന്മേശകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

 

ഇതിന്റെയെല്ലാം ബാക്കി പത്രം ജീവിത ശൈലീ രോഗങ്ങളാണെന്നുള്ളതാണ് ഖേദകരമായ വസ്തുത. കുടവയർ ഒരു കാലത്തു ആഢ്യത്വമായിരുന്നെങ്കിൽ ഇന്നത് രോഗാവസ്ഥയുടെ ബാഹ്യലക്ഷണമാണ്. കൊളസ്ട്രോളും ഷുഗറും പ്രെഷറുമൊക്കെ സർവ സാധാരണമായിരിക്കുന്നു. കയ്യിൽ ഇൻസുലിനും കരുതി നടക്കുന്നവരുടെ എണ്ണം കൂടുകയാണ്. മറ്റു പ്രതിരോധ മരുന്നുകളുടെ കാര്യവും അങ്ങനെ തന്നെ.

 

അന്ന് തുളസിയും കറ്റാർ വാഴയും കുരുമുളകും കൽക്കണ്ടും എന്നുവേണ്ട രോഗശമനത്തിനു വേണ്ട മിക്കതും വീട്ടിൽ തന്നെയുണ്ടായിരുന്നു. എന്തിനേറെ, അടുക്കള തന്നൊരു ഡിസ്പെൻസറിയായിരുന്നു.

 

ലോകാരോഗ്യ സംഘടന പറയുന്നത് ആയിരം ആൾക്കാർക്ക് ഒരു ഡോക്ടർ എന്നനുപാതമാണ്. കേരളത്തിൽ അത് 1.5 ആണെന്ന് കണക്കുകൾ കാണിക്കുന്നു. നല്ല കാര്യം! ആരോഗ്യരംഗത്തെ കേരള മാതൃക മലയാളിക്കഭിമാനിയ്ക്കാവുന്നതു തന്നെയാണെന്നതിൽ തർക്കമില്ല. എന്നാൽ ഡോക്ടർമാരുടെയും മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലുകളുടെയുമൊക്കെ എണ്ണം നാൾക്കുനാൾ വർധിക്കുമ്പോൾ ജലദോഷവും പനിയും വരെ ഭീകര വ്യാധികളായി ചിത്രീകരിക്കപ്പെടുന്നു വെന്നുള്ളത് ആശാസ്യമല്ലെന്നുള്ളതാണ് വസ്തുത.

 

വിദ്യാഭ്യാസം

 

പൊതുവെ പറയാനൊക്കില്ലെങ്കിലും മലയാളിയുടെ ഭ്രാന്തമായ ഇംഗ്ലീഷ് ഭ്രമത്താൽ ഞെരിഞ്ഞമർന്ന ഒന്നാണ് മലയാള ഭാഷ.

 

"ജനിക്കും തൊട്ടെൻ മകനിംഗ്ലീഷ് പഠിക്കണം

 

അതിനാൽ ഭാര്യ തൻ പേറങ്ങിന്ഗ്ലണ്ടിലാക്കി ഞാൻ "

 

കുഞ്ഞുണ്ണി മാഷിന്റെ വരികളിൽ എല്ലാം അടങ്ങിയിട്ടുണ്ട്. ഇംഗ്ലീഷ് തെറ്റാണെന്നല്ല, മറിച് മാതൃഭാഷയെ മറന്നു കൊണ്ട് ഇംഗ്ളീഷിന്റെ പുറകെ പോകുമ്പോഴാണ് പൊരുത്തക്കേട് വരുന്നത്. ഭാഷാ വിഷയങ്ങൾ ഭാഷ പഠിക്കാനും, മറ്റുള്ള വിഷയങ്ങൾ ആ വിഷയത്തിൽ പ്രാഗൽഭ്യം നേടാനുമുതകുന്നതാകണമെന്ന കാര്യം മലയാളി പലപ്പോളും വിസ്മരിക്കുന്നു. കാര്യഗ്രഹണത്തിന് ഇംഗ്ളീഷിലുള്ള ഭാഷാപ്രാവീണ്യമില്ലായ്മ പലപ്പോഴും തടസ്സമാകാറുണ്ട്. ഫലമോ, പടിച്ചൊരു ലളിത വിഷയം കൃത്യമായി വിശദീകരിക്കാൻ പല കുട്ടികൾക്കും കഴിയാതെ വരുന്നു. അങ്ങനെയല്ലാത്തവ രുമുണ്ടെന്നുള്ളത് വിസ്മരിക്കുന്നില്ല.

 

അത് പഠിത്തത്തിലെ കാര്യം. ഇനി പഠിക്കാൻ പോകുന്ന കാര്യമോ? കെട്ടിനിക്കുന്ന വെള്ളത്തിലെല്ലാം കാലും നനച്ചു, മാവിലും പ്ലാവിലും കേറിയതിന്റെ ഉരച്ചിലും ചോണനുറുമ്പ് കടിച്ചതിന്റെ തിണിർപ്പുമൊക്കെയായി സ്കൂളിൽ പോകുകയും വരികയും ചെയ്തൊരു കുട്ടിക്കാലം മലയാളിക്കുണ്ടായിരുന്നു. കുഞ്ഞനക്കത്തിനു പറന്നു പോകുന്ന തുമ്പിയെ അതിനേക്കാൾ ജാഗ്രതയോടെ പിടിക്കാൻ ആ കുട്ടിക്കാലത്തു മലയാളിക്ക് കഴിഞ്ഞിരുന്നു. ആ ഏകാഗ്രതയും പഠന മികവും രാജ്യത്തെ തന്നെ എണ്ണം പറഞ്ഞ പ്രതിഭകളെ സൃഷ്ടിക്കുകയും ചെയ്തു.. ലോക പൗരന്മാർക്കും ജൻമം നൽകി. സ്കൂളിലേക്കുള്ള നടത്തം അവന്റെ ആരോഗ്യം നിലനിർത്തുന്നതിനൊപ്പം തന്നെ പ്രകൃതിയോടിണങ്ങി ജീവിക്കാനുമവനെ സഹായിച്ചു. അവനു കളിക്കൂട്ടുകാരൊരുപാട് പേരുണ്ടായിരുന്നു. അണ്ണാനും കാക്കയും പരുന്തും നായയും പൂച്ചയുമെന്നു വേണ്ട സർവ്വചരാചരങ്ങളും അവന്റെ കൂട്ടുകാരായിരുന്നു. ചേറും ചെളിയുമൊന്നും അയിത്തമുള്ളവയായിരുന്നില്ല.

 

ഇന്ന് സ്ഥിതി പതിയെ മാറിത്തുടങ്ങി. വിവിധ സിലബസുകളിൽ പെട്ട ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ കൂണുകൾ പോലെ മുളച്ചപ്പോൾ പലതും നമ്മുടെ കുഞ്ഞുങ്ങൾക്ക് നഷ്ടപ്പെടാൻ തുടങ്ങി. ടൈയും യൂണിഫോമും, എടുത്താൽ പൊങ്ങാത്ത ബാഗുമായി സ്കൂൾ ബസിൽ അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്ര അവന്റെ പ്രകൃതിയോടുള്ള ഇണങ്ങി ചേരലിനെ മാത്രമല്ല തടസ്സപ്പെടുത്തിയത്, മറിച്ചു തുമ്പിയെ പിടിക്കുമ്പോ അവനു സ്വായത്തമാകുമായിരുന്ന ഏകാഗ്രത കൂടിയാണ്, ഒപ്പം കിലോമീറ്ററുകൾ താണ്ടി നടന്നെത്തുമ്പോൾ അവനുണ്ടാകുമായിരുന്ന ആരോഗ്യവും പോയിത്തുടങ്ങി.

 

വൈകുന്നേരം സ്കൂൾ കഴിഞ്ഞാൽ പുസ്തകം മാറ്റി വെച്ച് പാടത്തേക്കോടിയ കുട്ടിക്കാലത്തിന് പകരം വെക്കാൻ ടാബ്ലെറ്റുകളും ഗെയിം കൺസോളുകളുമെത്തി. പക്ഷെ ഗോട്ടികളിക്കുമ്പോ അവനു കിട്ടിയിരുന്ന ഉന്മേഷം അടച്ചിട്ട മുറികൾക്കുള്ളിലിരുന്ന് പബ്‌ജി കളിച്ചാൽ കിട്ടുമോയെന്നത് സംശയമാണ്.

 

അന്നത്തെ മലയാളിക്ക് ഗുരു ദൈവമായിരുന്നു. അധ്യാപകന്റെ കയ്യീന്ന് അടി കിട്ടുന്നതല്ല മറിച്ചു അത് വീട്ടിലറിഞ്ഞാൽ കിട്ടാൻ പോകുന്നതാരുന്നു അന്നത്തെ പേടി. ഇന്ന് പേടി അധ്യാപകനാണ്. അയാൾക്ക്‌ കുട്ടികളെ അടിക്കാനോ വഴക്കു പറയാനോ സാധിക്കില്ല. തലമുറകളെ വാർത്തെടുക്കുന്ന, തൊഴിലുകളുടെ മാതാവായി പരിഗണിക്കപ്പെട്ടിരുന്ന അദ്ധ്യാപനം, ഇന്ന് വെറുമൊരു ജീവിതോപാധിയായി പരിണമിക്കപ്പെട്ടു.

 

കാലം മാറി നമ്മുടെ കോലവും

 

മലയാളിയുടെ ഫാഷൻ ഭ്രമവും മറ്റും പറയാതെ വയ്യ. അനുകരിക്കാൻ നമ്മെ കഴിഞ്ഞേയുള്ളു വേറാരും. കമ്പോളത്തിലിറങ്ങുന്നതെന്തും ഉടനെ കരസ്ഥമാക്കാൻ നമ്മൾ മുന്നിലാണ്. ഇന്ത്യയിലെ ഒന്നാം നമ്പർ കമ്പോളങ്ങളിലൊന്നാണ് നമ്മുടെ കേരളം എന്നത് അഭിമാനമാണോ അപമാനമാണോ നമ്മളിലുണ്ടാക്കേണ്ടത് എന്നാലോചിക്കണം. ഏതായാലും അടിമുതൽ മുടി വരെ സർവതിനും നമ്മൾ ശ്രെദ്ധലുക്കളാണ്.

 

ആണിന് പണ്ട് മുടിവെട്ടാൻ ഒറ്റ ഫാഷനെയുണ്ടായിരുന്നുള്ളൂവെങ്കിൽ ഇന്നത് എണ്ണിയാലൊടുങ്ങാത്തതാണ്. പലതും കാഴ്ചക്കാരിൽ സൃഷ്ടിക്കുന്ന അരോചകം ചെറുതല്ല. പെണ്ണിന്റെ കാര്യവും അത് തന്നെ. കാച്ചെണ്ണ തേച്ചു, ചീകി മിനുക്കിയ കൂന്തൽ മലയാളി പെൺകുട്ടിയുടെ പ്രത്യേകതയായിരുന്നെങ്കിൽ ഇന്നത് പലതരത്തിലുള്ള ഫാഷനുകളുടെ മേച്ചിൽപുറമാണെന്നു പറയാതെ വയ്യ.

 

കാലിലേക്ക് പോയാലോ? ഉപ്പൂറ്റി ഉന്തിയ ചെരുപ്പുകൾ ആരോഗ്യത്തിന് ഹാനികരമാണ് എന്നറിഞ്ഞിട്ടും നമ്മുടെ സ്ത്രീ ജനങ്ങൾക്ക് അതില്ലാതെ പറ്റില്ല എന്നവസ്ഥ വന്നിരിക്കുന്നു.

 

വസ്ത്രധാരണത്തിലും ശൈലീമാറ്റങ്ങൾ പ്രകടമാണ്. എണ്ണിയാലൊടുങ്ങാത്ത തുണിക്കടകളും സ്വർണക്കടകളുമൊക്ക കൊച്ചു കേരളത്തെ വീർപ്പുമുട്ടിക്കുകയാണ്. അക്ഷയതൃദീയയും മറ്റും നമ്മുടെ നാട്ടിൽ ആഘോഷമാക്കപ്പെടുന്നതിന്റെ കാരണവും നമ്മുടെ ആഡംഭര ഭ്രമത്തിന്റെ കച്ചവടമൂല്യമാണ് .

 

ജിയോയും മലയാളിയും

 

2014 ഡിസംബർ മാസം ഇരുപത്തിയെട്ടാം തീയതി മലയാളനാടിനെ സംബന്ധിച്ചു ഒരു പുതുയുഗപ്പിറവിയാണ്. അന്നാണ് ജിയോ കേരളത്തിൽ അവതരിപ്പിക്കപ്പെട്ടത്. സൗജന്യ സേവനങ്ങളുടെ പെരുമഴക്കാലത്തിലൂടെ ഇന്റർനെറ്റിന്റെ മാസ്മരിക ലോകത്തിലേക്ക് തടസ്സങ്ങളില്ലാതെ പ്രവേശിക്കാനവനായി. ഒരു ചെറിയ വിവരത്തിനായി മണിക്കൂറുകൾ ബ്രൗസ് ചെയ്തു കൊണ്ടിരുന്നവരുടെ മുന്നിൽ ഒരു ക്ലിക്കിൽ അതും മൊബൈൽ സ്‌ക്രീനിലൂടെ കാര്യങ്ങൾ അവതരിക്കപ്പെട്ട് തുടങ്ങി .

 

ലോകം മലയാളിയുടെ കൈവിരൽ തുമ്പിലായി. എന്നാൽ പലതും പരതുന്ന കൂട്ടത്തിൽ തങ്ങളിലുണ്ടാരുന്ന നന്മകളെയൊക്കെ ഊർന്നു പോകുന്നത് അവർ സൗകര്യപൂർവം മറന്നു തുടങ്ങി. എതിരാളിക്ക് പോലും ഇഷ്ടപ്പെടുന്ന രീതിയിൽ സരസമായി വിമർശനം നടത്തിയിരുന്ന മലയാളി, ഇന്റർനെറ്റ് ലോകത്തിലെത്തിയപ്പോ അഹങ്കാരത്തിന്റെ അവസാന വാക്കുകളായി മാറിയോ എന്നൊരു സംശയം. പരസ്പരം ചെളി വാരിയെറിയാനുള്ള വേദിയായി സോഷ്യൽ മീഡിയ മാറിയിരിക്കുന്നു. സച്ചിനെ അറിയില്ലായെന്നു പറഞ്ഞ ഷെർപ്പവോയും ഇന്ത്യൻ ബഹിരാകാശ മേഖലയെ കളിയാക്കിയ നാസയുമൊക്കെ മലയാളിയുടെ തനിനിറം കണ്ടു.

 

ചെറിയ കാര്യങ്ങൾക്കു വരെ മലയാളി, പക്വത വിട്ടു പ്രതികരിക്കാൻ തുടങ്ങി. മുഖം കാണാത്തവരുടെ പുസ്തകത്തിൽ മറഞ്ഞിരുന്നു ഇഷ്ടമില്ലാത്തവരെ ആക്രമിക്കാനും മറ്റുള്ളവരുടെ സ്വകാര്യതകൾക്ക് ഭംഗം വരുത്താനും തുടങ്ങി. ഇന്റെർനെറ്റിനോടുള്ള അമിതാസക്തി നമ്മുടെ പുതുതലമുറയെ സ്വസ്ഥതയില്ലാത്തരാക്കി മാറ്റുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

 

സെൽഫി ഭ്രമവും അതിനായുള്ള സാഹസങ്ങളും ജീവിതം കളയേണ്ട അവസ്ഥ വരെ പലരെയും കൊണ്ട് ചെന്നെത്തിക്കുന്നു.

 

ജീവിത സാഹചര്യങ്ങൾ പലതും പക്വതയോടെ കൈകാര്യം ചെയ്യാൻ നമ്മുടെ തലമുറ ബുദ്ധിമുട്ടുന്നു. വിവാഹ മോചനങ്ങളും വിവാഹേതര ബന്ധങ്ങളിലുള്ള വർധനയുമൊക്കെ പുതുമയില്ലാത്ത ഒന്നായിത്തീർന്നിരിക്കുന്നു.

 

പണ്ടൊക്കെ പ്രണയപരാജയങ്ങളുടെ ബാക്കിപത്രം, സുന്ദരമായ വരികളിലൂടെ ജനഹൃദയങ്ങൾ കീഴടക്കുന്ന കവികളും കഥാകാരന്മാരുമായിരുന്നെങ്കിൽ ഇന്നത് ആസിഡ്‌ അറ്റാക്ക് വീരന്മാരെയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ശൈലീ മാറ്റം അവിടെയും പ്രകടം!

 

നിർത്തും മുന്നേ…

 

പഴമയ്ക്കു ഇന്ന് വിലക്കൂടുതലാണ്, സാധാരണക്കാരന് പലപ്പോഴും അത് അപ്രാപ്യവും. അവന്റെ തന്നെ തെരഞ്ഞെടുപ്പുകൾ തന്നെയാണ് അതിന്റെ കാരണവും. തങ്ങളുടെ നമകൾ സൗകര്യപൂർവം മറന്ന് മറ്റുള്ളതൊക്കെ വാരിപ്പുണരാനുള്ള പെടാപ്പാടിലാണ് മലയാളി. നമ്മുടേത് മാത്രമാണ് ശെരി, അതുമാത്രമേ പാടുള്ളൂ എന്ന നിലപാട് ശെരിയല്ല. അത് കൊണ്ട് തന്നെ മറ്റു ജീവിത ശൈലികൾ കടമെടുക്കുന്നതിൽ യാതൊരു തെറ്റുമില്ല. പക്ഷെ ആ തെരെഞ്ഞെടുപ്പ് ബുദ്ധിപൂർവവും വിവേചനത്തോട് കൂടിയതുമായിരിക്കണം. നമ്മുടെ ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ സാധിക്കുന്നതാണോയെന്നും പരിശോധിക്കണം.

 

പഴമയിലേക്ക് പൂർണമായി മടങ്ങാൻ സാധിക്കില്ല, പക്ഷെ ആ നന്മകളിൽ ചിലതു കൂടെ കൊണ്ട് പോകാൻ നമുക്ക് സാധിക്കും. അതങ്ങനെ തന്നെ വേണം താനും, എങ്കിലേ മലയാളി മലയാളിയാകൂ..
Comment