Skip to main content
Srishti-2022   >>  Poem - Malayalam   >>  വേരോർമകൾ

Vineeth Krishnan

Infoblox

വേരോർമകൾ

വേരുകൾ തേടിപ്പോകരുത്;

വേരുകൾക്ക് മരണമില്ലത്രേ

 

അത് പടർന്ന് പടർന്ന് പാതാളത്തോളം ചെല്ലും 

പാതാളം താണ്ടിയത് ശൂന്യതയിലേക്കും കടക്കും

 

ജനിച്ചാലുടൻ വേര് മുറിച്ചു കൊള്ളുക

പ്രപഞ്ചത്തോളം പ്രായമുള്ളൊരറുപഴഞ്ചൻവേരിന്റെ ഇങ്ങേയറ്റമാണത്

 

ഇനിയൊരാവശ്യവുമില്ലാത്ത വെറുമൊരു പിടിവള്ളിക്കഷ്ണം

 

പഴയ ഓർമകളുണ്ടാവാനാണത്രേ

വയറ്റിൽ പ്രപഞ്ചത്തോളം ചെറിയൊരു പൊക്കിൾക്കൊടിച്ചുഴി

 

ചുഴിഞ്ഞു ചുഴിഞ്ഞു പോയാൽ

ആ പ്രപഞ്ചത്തോളം തന്നെ പഴയൊരോർമ ഭയപ്പെടുത്തും;

ആദിമവേരിന്റെ ഓർമ

 

പണ്ടൊരാൾ ആ വേര് -തേടിപ്പോയങ്ങേത്തലയോളം ചെന്നെത്തിയത്രേ!

ഓർമകളിലയാൾ ഭയപ്പെട്ടില്ലത്രേ!

 

പകരം പുഞ്ചിരിച്ചുകൊണ്ടേയിരുന്നു

 

ഭയപ്പെട്ടത് മുന്നിലുള്ള വലിയ ലോകമാണ്

ഭയമാകകൊണ്ട്തന്നെ ലോകമയാളെ ദൈവമെന്ന് വിളിച്ചു;

ബുദ്ധനെന്ന് വിളിച്ചു

 

അന്തമില്ലാത്ത ഓർമ്മകളുടെ വേരിന്റെ

രണ്ടറ്റവും കൂട്ടിക്കെട്ടിക്കൊണ്ടയാൾ പറഞ്ഞു ;

 

നോക്കൂ..,

ഈ ചക്രം

ഈ കാണുന്ന ധർമചക്രം,

ഇതാണ് സത്യം

ശുദ്ധം

ശൂന്യം

 

ഇതറിഞ്ഞവൻ ബുദ്ധൻ

ഇതറിഞ്ഞവൻ മാത്രം ബുദ്ധൻ