Skip to main content
souparnika

 

Srishti-2019   >>  Article - Malayalam   >>  സൃഷ്ടി പ്രതി സംഹാരം

സൃഷ്ടി പ്രതി സംഹാരം

Written By: ABIN JACOB
Company: QBURST TECHNOLOGIES

Total Votes: 16

'അമ്പിളി അമ്മാവനെ' സ്വന്തം കൈകളിലൊതുക്കാൻ കൊതിച്ചിരുന്ന, നേടിത്തരാമെന്ന പൊള്ളയായ വാഗ്‌ദാനങ്ങൾ നിഷ്കളങ്കമായി വിശ്വസിച്ചിരുന്ന ബാല്യത്തിലൂടെ കടന്നു പോയിട്ടുള്ളവരാണ്‌ മനുഷ്യനായി പിറന്ന ഓരോരുവനും. ഈ പ്രപഞ്ചത്തിന്റെ ആവാസവ്യവസ്ഥയെ തന്നെ നിലനിർത്തുന്ന സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമൊക്കെ അവന്റെ കഥകളിലെയും കവിതകളിലെയും കൗതുകമുണർത്തുന്ന കഥാപാത്രങ്ങളായിരുന്നു. അതിൽനിന്നും മെനഞ്ഞെടുത്ത സങ്കല്പങ്ങളും, സ്വപ്നങ്ങളും പകർന്ന അടങ്ങാത്ത അഭിനിവേശം അവനെ പ്രപഞ്ചോല്പത്തി തേടിയുള്ള തീരായാത്രയിൽ ചന്ദ്രനെന്ന ഇടത്താവളവും കടന്നു മുന്നേറുന്നതിന് പ്രാപ്‌തനാക്കി. ഇത്തിരിക്കുഞ്ഞനായ അവന്റെ ഭാവനയ്ക്ക് മുന്നിൽ പ്രപഞ്ചം പോലും എത്രയോ ചെറുത്.

 

നമുക്കിന്ന് അറിവുള്ള അല്ലെങ്കിൽ നാം ഇന്ന് അനുഭവിക്കുന്ന ഓരോ മനുഷ്യനിർമിതിക്കും പിന്നിലുള്ള അക്ഷീണ പ്രയത്‌നത്തിന്റെയും നിരന്തര പഠനങ്ങളുടെയും ചരിത്രം നമ്മിൽ ഊർജ്ജമുള്ളവാക്കുന്നവയാണ്.എന്നാൽ അതിനും പിന്നിൽ അത്തരമൊരു ആശയത്തിന് മുള പൊട്ടിയത് എങ്ങുനിന്നെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന്, ആദിമകാലത്ത് യാതൊരു പ്രായോഗികതയും അവകാശപ്പെടാനില്ലാതിരുന്ന ‘പറക്കുന്ന മനുഷ്യൻ’ എന്ന വെറുമൊരു ഭ്രാന്തൻ ആശയമാണ് ഇന്ന് ശിരസ്സിനുമീതെ നമ്മെ നിഴലിലമർത്തി പരിഹസിച്ചു പറന്നകലുന്ന വിമാനം. പറക്കുന്ന യന്ത്രത്തിന്റെ ഉപജ്ഞാതാക്കളായി റൈറ്റ് സഹോദരന്മാരെ ലോകം വാഴ്ത്തുമ്പോഴും അത്തരമൊരു കാല്പനിക സൃഷ്ടിയെ മനസ്സിൽ താലോലിച്ചു, ചിറകുവിടർത്തി പറക്കാൻ കൊതിച്ച ഭ്രാന്തന്മാർ മുൻതലമുറകളിലും ജീവിച്ചിരുന്നു.സീതാദേവിയെ അപഹരിച്ചുക്കൊണ്ടുപോകുവാൻ പുഷ്പകവിമാനം വിഭാവനം ചെയ്ത വാല്മീകി പോലും ആ സംഘത്തിൽ ഉൾപ്പെടുന്നു. എന്നാൽ എന്തുകൊണ്ടാവും രാമായണം ഹൃദിസ്ഥമാക്കി പരിലാളിക്കുന്ന നമ്മുടെ പൂർവികർ സംഭവ്യമല്ലാത്ത ഇത്തരമൊരു മണ്ടൻ ആശയത്തെക്കുറിച്ച് ആകുലപ്പെടാതിരുന്നത്? മൃഗങ്ങളാൽ വലിക്കപ്പെട്ടിരുന്ന വാഹനങ്ങളല്ലാതെ മറ്റൊന്നും ചിന്തനീയമല്ലാതിരുന്ന കാലത്ത് ഇത്തരത്തിലുള്ള നുണപ്രചാരണങ്ങൾ പടച്ചുവിടുന്നതിൽ പണ്ഡിതരായ ഗുരു ശ്രേഷ്ഠർ നടുക്കം രേഖപ്പെടുത്തേണ്ടതായിരുന്നില്ലേ? തപശ്രേഷ്ഠനായ രാവണന് ദൈവം പ്രസാദിച്ചു നൽകിയ സമ്മാനമാണെന്ന് അവകാശപ്പെടുന്നതു പോലുള്ള അന്ധമായ ഉത്തരങ്ങളിൽ നിന്നും അല്പംകൂടി ലളിതവും വിശ്വസിനീയവുമായത്, നർമബോധമുള്ള സമകാലീന ആസ്വാദകരിൽ നിന്നും കടംകൊള്ളാം - “കഥയിൽ ചോദ്യമില്ല !”. അതെ, ഇതിഹാസമാണ്, വാല്മീകിയുടെ മഹത്തായ ആവിഷ്കാരമാണ്, സർവ്വോപരി കലയാണ്.

 

എഴുപതു ശതമാനത്തോളം ജലത്താൽ ചുറ്റപ്പെട്ടിരിക്കുന്ന വിശാലമായ ഈ ഭൂമിയുടെ ചെറുതുരുത്തുകളിൽ രൂപപ്പെട്ട മാനവിക സംസ്കാരം പൈതൃകമായി കൈമാറിപ്പോരുന്നത് വാമൊഴികളിലൂടെയോ വരമൊഴികളിലൂടെയോ മാത്രമല്ല, തനതായ കലാരൂപങ്ങളെയും ആശ്രയിച്ചാണ്. അങ്ങിനെ രൂപപ്പെട്ടിട്ടുള്ളതാണ് ഇതിഹാസങ്ങളും അനുഷ്ഠാനകലകളും നാടൻപ്പാട്ടുകളും. അവയെല്ലാം അടുത്ത  തലമുറയോട് സംവദിക്കുന്നത് പൂർവ്വികരുടെ ജീവിതത്തെക്കുറിച്ചും ആ സമൂഹത്തിന്റെ അതിജീവനത്തെക്കുറിച്ചുമാവാം. അവരനുഭവിച്ച യാതനകുളം വേദനകളും അവരറിഞ്ഞ നന്മയെയും തിന്മയെയും സൂചിപ്പിക്കുന്ന ഉപദേശങ്ങളും തങ്ങളുടെ പിൻഗാമികൾക്കായി പൂർവ്വികർ ഈ കലാരൂപങ്ങളിൽ വരച്ചിടുന്നു. സമ്പന്നവും വിഭിന്നവുമെന്ന് അവകാശപ്പെടുന്ന ഭാരതീയസംസ്കാരവും അത്തരത്തിൽ കലാരൂപങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഇന്ന് വിസ്‌മൃതിയുടെ പടുകുഴിയിലേക്ക് തള്ളപ്പെടുവാൻ ഊഴം കാത്തുനിൽക്കുന്ന പല കലാരൂപങ്ങളെയും ജീവവായു നല്കി നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിക്കുമ്പോൾ അവ നല്കിയ സേവനമെന്തായിരുന്നു എന്നും, അവയ്ക്ക് പകരംവയ്ക്കാൻ മറ്റെന്താണ് നാം കരുതിയിരിക്കുന്നതെന്നുമുള്ള വിഷയങ്ങൾ ഒഴിവാക്കുന്നത് ആ സൃഷ്ടി പേറിയ സംസ്കാരത്തിനെ അടക്കുന്ന ശവപ്പെട്ടിയിൽ ഉറപ്പിക്കുന്ന അവസാനത്തെ ആണിയാവുന്നു.

 

സംസ്കാരങ്ങളിൽ നിന്നും ഗോത്രങ്ങളും, ഗോത്രങ്ങളിൽ നിന്നും ഗ്രാമങ്ങളും, അവയിൽ നിന്നും രാജ്യങ്ങളും വളർന്നപ്പോൾ കലാരൂപങ്ങളുടെ ചുമതലകളും വർദ്ധിച്ചുവന്നു. സഹജീവികൾ തമ്മിലുള്ള കലഹങ്ങളും തർക്കങ്ങളും നിയന്ത്രിക്കാൻ ശക്‌തനായ മൂന്നാമതൊരാൾ എന്ന ബോധ്യത്തിലാവും ഭരണകൂടങ്ങൾ നിലവിൽവരുന്നത്. ശക്‌തനെന്ന സ്വയം ബോധ്യത്തിനപ്പുറം സഹജീവികളെയും ബോധ്യപ്പെടുത്തേണ്ടത് അത്യാവശ്യമെന്ന വെളിപാടിൽ നിന്നും രാജ്യങ്ങളും രാജാക്കന്മാരും രൂപപ്പെട്ടു. ഇംഗിതാനുവർത്തികളായ ജനങ്ങളോട്  വിശദീകരിക്കേണ്ട വിഷയങ്ങളില്ലാഞ്ഞിട്ടാവാം കലാരൂപങ്ങൾ ക്ഷേത്രങ്ങളിലും രാജ്യസഭകളിലും അന്തപുരങ്ങളിലും നയനസുഖമുള്ള അനുഭവങ്ങളായി പരിലസിച്ചു. വേദങ്ങളും പുരാണങ്ങളൂം ദൈവങ്ങളും രൂപവും ഭാവവും പ്രാപിച്ചു. കാലാന്തരത്തില്‍ കനലെരിഞ്ഞുതുടങ്ങിയ ചില ഹൃദയങ്ങളിൽ കലയുടെ വേറിട്ടൊരു മുഖം തെളിഞ്ഞു, പ്രതിഷേധത്തിന്റെ. ചാരംമൂടികിടന്നിരുന്ന നെരുപ്പോടുകളെ അത് ഊതിക്കത്തിച്ചു. ചിത്രങ്ങളും കവിതകളും ആക്ഷേപഹാസ്യധാരകളും തെരുവ്‌നാടകങ്ങളും രക്തരഹിതവിപ്ലവങ്ങൾക്ക് മൂർച്ചയുള്ള ആയുധങ്ങളായി. അധികാരസ്ഥാനങ്ങളിലും ലൗകീകസുഖങ്ങളിലും ഭ്രമിച്ചമർന്നവർ എതിരെ പാഞ്ഞടുക്കുന്ന ഇരമ്പം കേട്ട് പരിഭ്രാന്തരായി. സുബോധത്തിലേക്കുണരുന്ന ജനത അധികാരവർഗ്ഗത്തിനെന്നും ദുസ്വപ്നമായിരുന്നു. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുവാനുള്ള മാർഗ്ഗങ്ങളെല്ലാം ചെന്നുചേർന്നത് ജനത്തെ ഉത്ബോധിപ്പിക്കുന്ന കലാസൃഷ്ടികളെയും കലാകാരന്മാരെയും അടിച്ചമർത്തുന്നതിലേക്കായിരുന്നു. പക്ഷെ വെട്ടുംതോറും ഇരട്ടിക്കുന്ന വ്യാളിയെ പോലെ കലാരൂപങ്ങൾ തീ തുപ്പിക്കൊണ്ടേയിരുന്നു, കാരണം കലാകാരന്മാർ അത്ഭുതം തീർത്തത് പ്രേക്ഷകന്റെ സാമാന്യ ബുദ്ധിയിലല്ല, ഹൃദയത്തിലായിരുന്നു. ലോകചരിത്രത്തിൽ സ്ഥാനംപിടിച്ച വിപ്ലവങ്ങളിലെല്ലാം കലാകാരന്മാർ അവരുടെ ധർമ്മം നിറവേറ്റിയതായി കാണാം. രാഷ്ട്രീയമാവട്ടെ, വർഗ്ഗീയമാവട്ടെ സമൂഹത്തിന്റെ നേർക്കാഴ്ചകൾ ഉയർത്തികാട്ടുവാൻ അവർ മുന്നോട്ട് വന്നുകൊണ്ടേയിരുന്നു. എന്നിരുന്നാലും അർത്ഥവത്തായ സത്യം തുടിക്കുന്ന സൃഷ്ടികളും സൃഷ്ടാക്കളും ഇന്നും പ്രതിപക്ഷം തന്നെ.

 

എന്തുകൊണ്ട് കല?

 

ഭാഷയും ശൈലിയും ആചാരങ്ങളും മാനവികസംസ്കാരത്തിലെ നൂലിഴപിരിയാത്ത ഘടകങ്ങളായി നില്ക്കുമ്പോൾ കലാരൂപങ്ങൾക്ക് ഇത്തരം ബന്ധനങ്ങളൊന്നുമില്ല. ആശയങ്ങൾ പങ്കുവെയ്ക്കാൻ അടിസ്ഥാനപരമായ മാനുഷികമൂല്യങ്ങളാണ് കലാസ്വാദനത്തിനുള്ള ആധാരം. അർത്ഥവത്തായ ഒരു ചിത്രത്തെ അപഗ്രഥിക്കാൻ ഭാഷ ആവശ്യമില്ലെന്നതുപോലെ നൃത്തരൂപങ്ങളും അവയുടെ മൂലഭാവത്തെ ചുവടുകളിൽ ആവാഹിക്കുന്നു. കലയുടെ വിമർശനാത്മക ശക്തി ബോധ്യപ്പെടുത്താൻ ഏറ്റവും മികച്ച മറ്റൊരുദാഹരണമാണ് കാർട്ടൂൺ. സ്‌ത്രീപീഡന കേസിൽ ആരോപണവിധേയനായ ഒരു ക്രിസ്തീയ മതമേലധ്യക്ഷനെയും അദ്ദേഹത്തെ സംരക്ഷിക്കാനുള്ള സഭയുടെ ശ്രമങ്ങളെയും നിശിതമായി വിമർശിക്കുന്ന കാർട്ടൂൺ ലളിതകലാ അക്കാദമിയുടെ പുരസ്കാരത്തിനർഹമായതിനെ തുടർന്നുണ്ടായ വിവാദങ്ങൾ നേർസാക്ഷ്യം. ഭാഷാഭേദമന്യേ വർഗ്ഗ-വർണ്ണവിവേചനമന്യേ ഏറ്റവും സംവേദനക്ഷമമായ മാധ്യമമായിവേണം കലയെ പരിഗണിക്കേണ്ടത്. വളരെ വ്യക്‌തമായും ലളിതമായും ഉദ്ദേശിക്കുന്ന സന്ദേശം തന്റെ കലാസൃഷ്ടികളിലൂടെ ആസ്വാദകരിലേക്ക് എത്തിക്കുന്നവർ മികച്ച കലാകാരന്മാരാവുന്നു. അതുകൊണ്ടുതന്നെ ആ ശക്തിയുടെ മൂർച്ചയറിഞ്ഞ നേതാക്കന്മാരിന്ന് സൃഷ്ടികള്‍ ജനത്തിലേക്ക് എത്തുന്നതിനുമുമ്പ് തന്നെ തങ്ങൾക്ക് അപ്രിയമായതെല്ലാം മുറിച്ചുനീക്കാൻ ശ്രമിക്കുന്നു. പലപ്പോഴും സർക്കാരിന്റെ എല്ലാവിധ സംവിധാനങ്ങളും അതേ ലക്ഷ്യത്തിനായി ദുരുപയോഗപ്പെടുത്തുന്നു. അങ്ങനെ പിറവിക്കുമുന്നെ കൊല്ലപ്പെട്ട്‌ ചാപിള്ളയായി തീരുന്ന സൃഷ്‌ടികളുമിന്നനേകം.

 

കലാകാരനെന്തിന് സ്വാതന്ത്ര്യം?

 

കലയെ വാക്കുകൾകൊണ്ട് നിർവചിക്കുവ്വാൻ അസാധ്യം. ഓരോ സൃഷ്ടിയും അതിന്റെ സൃഷ്ടാവിനെ സംബന്ധിച്ച് കലയുടെ പ്രതിഫലനമാണ്. ജീവിതത്തിലെ ഏതൊരു മേഖലയിലെ എന്തു പ്രവർത്തിയിലും താളാത്മകത കണ്ടെത്തുവാൻ സാധിക്കുന്നുണ്ടെങ്കിൽ അതിൽ ആസ്വാദകനൊരു ഇമ്പം തോന്നുന്നുവെങ്കിൽ അത് കലയാണ്. പരിമിതികളില്ലാത്ത തുറന്ന വിഹായസ്സിൽ പരന്നൊഴുകുന്ന മനുഷ്യകല്പനയെ സർവ്വേക്കലിട്ട് നാലതിരുകൾ നിർണയിച്ച് അതിൽ തളച്ചിടുവാനുള്ള ശ്രമം ഒരു മനുഷ്യനെ അന്ധനും ബധിരനും മൂകനുമാക്കുന്നതിന് തുല്യമാണ്. രാജ്യത്ത് സംപ്രേഷണം ചെയ്യപ്പെടുന്ന വിദേശവാർത്തകൾ നിയന്ത്രിക്കുവാനും അതിന്റെ ഉള്ളടക്കത്തിൽ ഇടപെടലുകള്‍ നടത്തുവാനുമുള്ള ചൈനയുടെയും റഷ്യയുടെയും നീക്കങ്ങള്‍ ഇത്തരം ശ്രമങ്ങളോട് ചേർത്തുവായിക്കേണ്ടതുണ്ട്. സ്വതന്ത്രമായി ചിന്തിക്കുവാനും വായിക്കുവാനും അഭിപ്രായം രേഖപെടുത്തുവാനും അനുവദിക്കാതെ  ഭരണകൂടങ്ങള്‍ രൂപപ്പെടുത്തുന്ന അടുത്ത തലമുറ മാംസത്തിനുവേണ്ടി വളർത്തുന്ന ഇറച്ചിക്കോഴികളെ പോലെ ഭൂമിക്ക് ഭാരമാവാനെ തരമുള്ളു.

 

സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും തൂത്തെറിയാൻ നാടകവും സിനിമയും പോലുള്ള കലാരൂപങ്ങൾ എക്കാലവും വഹിച്ചിട്ടുള്ള പങ്ക് നിസ്തുലമാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലും തുടർന്ന് കേരളത്തിലെ ഒന്നാം കമ്മ്യൂണിസ്റ്റ് സർക്കാർ രൂപീകരണത്തില്‍ വരെ ജനപ്രിയ നാടകങ്ങള്‍ക്കുണ്ടായിരുന്ന പ്രാധാന്യം വിസ്മരിക്കാവുന്നതല്ല. കേരളത്തില്‍  മാത്രമല്ല ലോകമെങ്ങും വിപ്ലവകാരികളും അവരുടെ ആദർശങ്ങളും ജനമനസ്സുകളിൽ പ്രതിഷ്ഠിക്കപ്പെട്ടത് കവിതകളുടെയും നാടകങ്ങളുടെയും ചിറകിലേറിയാണ്. ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ പലപ്പോഴും ജനപ്രതിനിധികൾ പോലും കണ്ടില്ലെന്നു നടിക്കുമ്പോഴും ക്രിയാത്‌മകമായ സൃഷ്ടികളിലൂടെ കലാകാരൻമാർ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. എന്നാൽ ആരോഗ്യകരമായ വിമർശനങ്ങൾ പോലും ഇന്ന് അസഹിഷ്ണുതയുടെ കണ്ണാടിയിലൂടെയാണ് അധികാരികൾ വിലയിരുത്തുന്നത്. തുടർന്നുണ്ടാകുന്ന പ്രതികാരനടപടികളുടെ ആക്കംകൂട്ടുവാൻ രാജ്യദ്രോഹ നിയമങ്ങൾ പോലും കലാകാരന്മാർക്കുനേരെ നിർലോഭം പ്രയോഗിക്കപ്പെടുന്നു.

 

ഓരോ കലാസൃഷ്ടിയും അതുല്യമാണ്, അതിന്റെ പൂർണ്ണത എന്നത് സൃഷ്ടാവിന്റെ തൃപ്തിയാണ്. അതിൽ പല കോണിൽ നിന്നുമുള്ള നിയന്ത്രണങ്ങളും കൈകടത്തലുകളും ഉണ്ടാവുമ്പോൾ സൃഷ്ടിയുടെ തനിമയും വ്യക്‌തിത്വവും നഷ്ടപ്പെടുന്നു. ചുരുക്കത്തില്, വേറിട്ട കലാസൃഷ്ടികളെല്ലാം കപടമൂല്യങ്ങളുടെ കത്രികകളിലൂടെ കടന്നുവരുമ്പോൾ ഒരച്ചില് വാർത്തെടുത്തപോലെ സമാനമായിത്തീരുന്നു.

 

ഇന്ന് ?

 

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കെത്തുമ്പോൾ കലാകാരന്മാർക്കെതിരെയുള്ള അധികാര കേന്ദ്രങ്ങളുടെ നരനായാട്ട് അതിന്റെ പാരമ്യത്തിലാണ്. 2018 - 19 കാലഘട്ടത്തില്‍ ലോകമെങ്ങും രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന കേസുകളുടെ അടിസ്ഥാനത്തില്‍ ‘ഫ്രീമ്യൂസ് ’ എന്ന സ്വതന്ത്ര സംഘടന തയാറാക്കിയ റിപ്പോർട്ട് പ്രകാരം സ്വന്തം സൃഷ്ടികളുടെ പേരിൽ നാല് കലാകാരൻമാർ കൊല്ലപ്പെട്ടിരിക്കുന്നു, പതിനാല് പേർ വധശ്രമത്തിന് ഇരയായി, 60 പേർ തടവിന് ശിക്ഷിക്കപെട്ടപ്പോൾ 97 പേർ അനിശ്ചിതകാലമായി ജയിലില്‍ കഴിയുന്നു. രേഖകളില്ലാത്ത പീഡനങ്ങളുടെ കണക്കുകള്‍ നീളും. വികസനമെന്ന ദിശയില്ലാ ലക്ഷ്യത്തിലേക്ക് മത്സരിക്കുമ്പോഴും അതിർത്തികൾക്കും അധികാരത്തിനും വേണ്ടി പരസ്പരം പോരടിക്കുമ്പോഴും വ്യത്യസ്‌ത തത്വങ്ങളും പ്രത്യയശാസ്ത്രങ്ങളും  മുറുകെ പിടിക്കുന്നവര്‍ പക്ഷെ കലാകാരന്മാർക്ക് നേരെ തിരിക്കുന്ന മുഖവും നയവും ഒന്നാണ്, അടിച്ചമർത്തുക. അതിന്റെ അടിസ്ഥാനം രാഷ്ട്രീയമല്ല, അരാഷ്ട്രീയതയും അസഹിഷ്ണുതയുമാണ്. വിമർശനങ്ങളെയും സത്യത്തെയും ഭയക്കുന്ന അരാഷ്ട്രീയവാദികളാണ് കലാകാരന് സ്വാതന്ത്ര്യം നിഷേധിക്കുന്നത്. കലയുടെയും സാഹിത്യത്തിന്റെയും കൈപിടിച്ചു അധികാരത്തിലേറിയ ചൈനയിലും കൊറിയയിലും റഷ്യയിലുമൊക്കെ ഇന്ന് അഭിപ്രായ സ്വാതന്ത്ര്യം പോലും നിഷിദ്ധമാണ് . അലിഖിത നിയമങ്ങൾ ലംഘിക്കുന്നവർക്കെന്ത് സംഭവിക്കുന്നെന്നു പോലും മാലോകരറിയാത്ത സ്ഥിതിവിശേഷം ഉന്മൂലന രാഷ്ട്രീയത്തെ വാരിപ്പുണരുന്നു.

 

ജനാധിപത്യരാജ്യങ്ങളിൽ പോലും ക്രിയാത്‌മകവും ഭാവനാസമ്പുഷ്ടവുമായ സൃഷ്ടികളെ അശ്ലീലമെന്ന് ചാപ്പകുത്തി രാഷ്ട്രീയ -മത ദലാളന്മാർക്ക് കപടസദാചാരവാദികളെ പ്രീണിപ്പിക്കുവാനുള്ള അവസരം സർക്കാർ ഒരുക്കി കൊടുക്കുന്നു. ‘മീശ’ എന്ന നോവലിലെ രണ്ട് സ്ത്രീ കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണത്തിന്റെ പേരിൽ കുറേ ജാതിക്കോമരങ്ങൾ നിറഞ്ഞുതുള്ളിയപ്പോൾ സർക്കാർ കൈകെട്ടി നോക്കി നിന്നതേയുള്ളൂ. സ്വന്തം കുടുംബത്തിന് നേരെ പോലും അസഭ്യവർഷം നീണ്ടപ്പോൾ തകർന്നുപോയ ലേഖകന് നോവൽ പിൻവലിക്കുകയാണുണ്ടായത്. ഹിന്ദുത്വത്തിന്റെ കാവൽഭടന്മാരെന്ന് സ്വയം വിശേഷിപ്പിക്കുന്ന വർഗ്ഗീയവാദികളുടെ പേക്കൂത്തുകൾക്ക് ഭരണകൂടം തന്നെ കുട പിടിക്കുന്നു. സാഹിത്യജീവിതം തന്നെ അവസാനിപ്പിച്ച പെരുമാൾമുരുകനും ഗത്യന്തരമില്ലാതെ തന്റെ സിനിമയുടെ ‘സെക്സി ദ്ദുർഗ്ഗ’ എന്ന പേര് പോലും മാറ്റേണ്ടിവന്ന സംവിധായകനുമെല്ലാം ഇവരുടെ എണ്ണമറ്റ ഇരകളിൽ ചിലർ മാത്രം. എം. എം. കൽബുർഗിയുടെയും, ഗൗരി ലങ്കേഷിന്റെയും, ഗോവിന്ദ് പൻസാരെയുടെയും മരണങ്ങൾ, ധീരമായി കലാപ്രവർത്തനം നടത്തുന്നവർക്ക് വഴിക്കാട്ടുവാൻ തീവ്രവലതുപക്ഷ സർക്കാരും, എളുപ്പം ‘വ്രണപ്പെടുന്ന’ മതഭിംബങ്ങളും ചേർന്നു സ്പോൺസർ ചെയ്തിരിക്കുന്ന ചൂണ്ടുപലകകളായി വേണം കരുതുവാൻ. സദാചാരത്തിന്റെ കാര്യസ്ഥന്മാർ പൂജിച്ചു നൽകിയ പുണ്യപദങ്ങളുടെ നീണ്ട പട്ടികയുമായി കത്രികപിടിച്ച് സിനിമകളെ കാത്തിരിക്കുന്ന CBFCയും അവരുടെ കടമകൾ ഏറ്റവും കൃതാര്ഥതയോടെ നിർവഹിച്ച് വർഗ്ഗീയ പോഷക സംഘടനകളോട് മത്സരിക്കുന്നു. ഭാരതം അഭിമാനിക്കുന്ന ആരാധിക്കുന്ന ഇതിഹാസങ്ങളായ മഹാഭാരതവും രാമായണവും പോലും ഈ കാലയളവിലാണ് ഇറങ്ങിയിരുന്നതെങ്കിൽ, ഇത്തരം അരാഷ്ട്രീയവാദികളുടെ കത്രികയ്ക്കതും ഇരയായേനെ.

 

സ്വാതന്ത്ര്യമാണ് കലയുടെ ആത്മാവ്. ഏതു ചിത്രം വരയ്ക്കുവാനും കറുപ്പ് ചായം മാത്രമേ ഉപയോഗിക്കാവു എന്ന് ശഠിക്കുന്നത്ര ബാലിശമാണ് കലാസൃഷ്ടികള്‍ക്ക് സ്വയം പ്രഖ്യാപിത തമ്പ്രാക്കൾ ഏർപ്പെടുത്തുന്ന നിബന്ധനകള്‍. വിമർശനങ്ങളും ചിത്രീകരണങ്ങളും മറ്റൊരു വ്യക്തിയെയോ പ്രസ്ഥാനത്തെയോ അപമാനിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പിക്കുന്നതിനപ്പുറമുള്ള ഏതൊരു ഇടപെടലും ആവിഷ്കാരസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ്. അത്തരം പ്രവണതകളെ ഭരണകൂടങ്ങള്‍ പിന്തുണയ്ക്കുന്ന കാലത്തോളം നാട്ടിൽ അരാജകത്വം പിടിമുറുക്കും. വാല്മീകിക്കും വ്യാസ മഹിർഷിക്കുംമൊക്കെ അനുവദിക്കപ്പെടുന്ന സ്വാതന്ത്ര്യം പോലും അർഹതപ്പെട്ട സഹജീവിക്ക് നൽകുവാൻ വിലപേശുന്ന മനുഷ്യാ - നിനക്ക് നല്ല നമസ്ക്കാരം !

Comment