Skip to main content
Srishti-2022   >>  Poem - Malayalam   >>  ഈയൽ

SAHIL SANAVULLA

Triassic Solutions

ഈയൽ

പൊള്ളുന്ന വെയിലിന്റെ ഉള്ളം നിറയ്ക്കുവാൻ,

മണ്ണും മനവുമൊന്നായി നിനച്ചുവോ.

വർഷം വിഷണ്ണയായി നിലതെറ്റി വീഴുവാൻ,

പിശകുന്നുവോ തെല്ലു മടിയോടെയിന്ന്.

 

മണ്ണിൻ മണിമേടിൽ മാനവും നോക്കി,

മിഴിനീരു വറ്റിയിന്നൊരു ഈയലിരിക്കയായി.

തളിരിട്ട ചിറകുകൾ പതിയെ വിടർത്തിയിന്ന-

ലയുന്ന മേഘവും നോക്കിയിരിക്കയായ്.

 

കരയുന്ന ഭൂമിതൻ ഹൃദയം മുഴങ്ങുന്ന,

അരുതെന്ന വാക്യവും ആകെപ്പരക്കയായി.

പകലിന്റെ പകപോക്കൽ പതിയെ പടരുമ്പോൾ,

ഈയാംപാറ്റയും ഉരുകിയിരിക്കയായ്.

 

സായാഹ്ന സൂര്യന്റെ നയനം മറച്ചിന്ന്,

കാർമേഘശകലങ്ങൾ വീശിയടിച്ചിതോ.

തുരുതുരെ പൊഴിയുന്ന തെളിനീരു വീണിന്ന്,

മണ്ണിൻ മറയെങ്ങോ ഒഴുകി മറഞ്ഞുവോ.

 

അണപൊട്ടുമാവേശ ധ്വനിയും മുഴക്കിയി-

ന്നീയാംപാറ്റകൾ കൂട്ടമായി പാറിയോ.

നനവുള്ള കാറ്റിന്റെ കുളിരും പേറിയിന്ന-

വരോ വെളിച്ചവും തേടിപ്പറക്കയോ.

 

വരവും വിളിച്ചോതി ദുർഗന്ധവും ചൂടി,

അവരിന്നു തിരയുന്നതിരുളിൻ മോക്ഷമോ.

എരിയും വിളക്കിന്റെ നിറവും ബോധിച്ചു,

ചിലരിന്ന് അഗ്നിയിൽ ജീവൻ ത്യജിച്ചുവോ.

 

ചിറകും പൊഴിഞ്ഞിന്ന് ചലനവും മാത്രമായി,

ഓടിക്കിതച്ചുവോ ഒരു നോവ് മാത്രമായി.

ഗൗളിതൻ ചുംബന സുഖവും തേടിയിന്നു,

ചിലരോ തിരക്കിട്ടു ഭോജ്യമായി തീർന്നുവോ.

 

തിരപോലെ വന്നവർ തിരികെയും പോയതോ,

ഒരു നൂറു കനവിന്റെ നിറവും മറന്നിന്ന്.

അകലുമ്പോളവരിന്ന് മഴയെയും നോക്കി,

ചെറുനോവിൻ പുഞ്ചിരി തിരികെ മടക്കിയോ..

Subscribe to Triassic Solutions