Skip to main content
Srishti-2022   >>  Poem - Malayalam   >>  എന്നിലേക്ക്...

Raji Chandrika

Navigant India BPM

എന്നിലേക്ക്...

മാറാതിരുന്നെങ്കിലിന്നു ഞാൻ.

മറന്നിട്ടൊരാ പാതിവഴിയിൽ വീണ്ടും നടന്നെങ്കിൽ..

പീലിക്കണ്ണുകൾ വിടർത്തി, മാനത്തൊളിക്കും കൊതുമ്പുവള്ളത്തിൽ ഊഞ്ഞാലാടാൻ കുതിച്ചെങ്കിൽ..

പാലപ്പൂക്കൾ കൊരുത്ത് മാലചാർത്തി,

പായൽ കടവിലൂടെ, നിലാവിന്നോടം തുഴഞ്ഞെങ്കിൽ..

ചേറും ചെറുമനും വഴുതുന്ന വയൽവരമ്പത്തൂടാടി തിമിർത്തെങ്കിൽ 

ചോലപ്പരപ്പിൽ ചെറുപരൽ മീനുപോൽ

നീന്തിത്തുടിച്ചെങ്കിൽ

 പ്ലാവിലച്ചട്ടിയിൽ, കുരുത്തോല വട്ടിയിൽ, മുക്കണ്ണൻ ചിരട്ടയിൽ 

പ്രാതലും പുഴുക്കും വിളമ്പി കളിക്കുവാൻ

ബാല്യത്തിനിന്നും വിശന്നുവെങ്കിൽ.. .

ഈറൻ സന്ധ്യയിൽ ഇറയത്തിണ്ണയിലൊരീരടി കേട്ടെങ്കിൽ, ഈശ്വരനുണർന്നെങ്കിൽ..

തൂശനിലയിൽ ചെറുമണി ചോറും, നെയ്യും, കാച്ചിയ മോരും കുഴച്ചൂട്ടുവാൻ 

അമ്മയെന്നുമെൻ അരികിലിരുന്നെങ്കിൽ..

ആമയോ മുയലോ, മാന്ത്രികക്കുതിരയോ

രാമനോ, രാധയോ, രാക്ഷസനോ

കൂട്ടിനാരെത്തുമാദ്യമെൻ മുത്തശ്ശിക്കഥയിലെന്നോർത്തൊന്നുറങ്ങാൻ കഴിഞ്ഞുവെങ്കിൽ..

തുമ്പയും, തുമ്പിയും, തൂക്കണാക്കുരുവിയും

ചേമ്പിലക്കുമ്പിളിൽ പിടയ്ക്കുന്ന മാനത്തു കണ്ണിയും

ഉച്ച വെയിലിൽ വിയർപ്പുപ്പിനൊപ്പം തിന്ന 

കൊച്ചു വെള്ളരി മാങ്ങതൻ സുഗന്ധവും

ഒറ്റവാഴക്കൈ കുടക്കീഴിൽ ഒത്തുചേരും കുറുമ്പിൻ കലമ്പലും

ഒക്കെ മായാതിരുന്നെങ്കിലിന്നും ...

ഓർമ്മപ്പീലികൾ കൊഴിയാതിരുന്നെങ്കിലിന്നും..

വളരാതിരുന്നെങ്കിലിന്നു ഞാൻ..

വരണ്ട സ്വപ്നങ്ങൾ ചുമന്ന് തളരാതിരുന്നെങ്കിൽ..

ഇളം കാലുകൾ ഇടറി വീഴാതെ ഇനിയും നടന്നെങ്കിൽ..

എന്നിലേക്കു നടന്നെങ്കിൽ...

 

 

Subscribe to Navigant India BPM