Ananthu Mohan
SRS Global Technologies Pvt Ltd
ദാമോദരൻ മെമ്മോറിയൽ ട്രോഫി
മുതലമല പഞ്ചായത്തിൽ ഉൾപ്പെട്ട ഗ്രാമമാണ് ‘കിക്കിരിമുട്ടം’, പൊതുവെ ആധുനികതാ എത്തിച്ചെരാത്ത പ്രദേശംകൂടിയാണത്. BA’യ്ക്ക് അഡ്മിഷൻ എടുക്കാൻ കോളേജിൽ പോയ മരണവിളയിൽ മനീഷാണ് ആ നാടുകണ്ട ഏറ്റവും വലിയ പഠിപ്പിസ്റ്റ്. എന്നിരുന്നാലും മനീഷിനു കോളേജിൽ അഡ്മിഷൻ കിട്ടിയില്ല, +2 പാസ്സായാലെ കോളേജിൽ ചേരാൻ കഴിയൂ എന്ന അറിവ് മനീഷിന് അഡ്മിഷൻ എടുക്കാൻ ചെന്നപ്പോളാണ് കിട്ടിയത്. പിന്നെ മരണവിളയിൽ എന്ന വ്യത്യാസ്തമായ വീട്ടുപേരിട്ടത് മനീഷിന്റെ മുത്തച്ഛനാണ്. തെക്കേവീട്, വടക്കേടത്ത്, പടിഞ്ഞാറ്റെത്തിൽ എന്നി ക്ലീഷേ വീട്ടുപ്പേരിന് ഒരു അന്ത്യം എന്നോണമാണ് അക്കാലത്തെ ഫ്രീക്കനായിരുന്ന മനീഷിന്റെ മുത്തച്ഛൻ മരണവിളയിൽ എന്ന വീട്ടുപ്പേരിട്ടത്.
കിക്കിരിമുട്ടത്തെ രണ്ടു പ്രദേശമായി തിരിക്കുന്നുണ്ട്, വടക്ക് കിക്കിരിമുട്ടവും തെക്ക് കിക്കിരിമുട്ടവും. രണ്ടും ഒരു വാർഡ് തന്നെയാണ്,രണ്ടിനെയും തമ്മിൽ തിരിക്കുന്നത് ഒരു കനാലും അതിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു ഗ്രൗണ്ടുമാണ്. അവിടെയാണ് ആ നാട്ടിലെ കൊച്ചുകുട്ടികൾ മുതൽ പണിക്ക് പോവാതെ പുരനിറഞ്ഞു നിൽക്കുന്ന കിളവന്മാർ വരെ വൈകിട്ട് കളിക്കുന്നത്. ഓരോ സീസണിലും ഓരോ കളിയാണ്. ക്രിക്കറ്റ്, ഫുട്ബോൾ മുതൽ ചക്കും ഗോലിയും സാറ്റും വരെയവർ കളിക്കും, അതിൽ തെക്ക് കിക്കിരിമുട്ടത്തെയാളുകളും വടക്ക് കിക്കിരിമുട്ടത്തെയാളുകളും ഉൾപ്പെടും. ആ ഗ്രൗണ്ടായിരുന്നു അവരുടെ വാങ്കഡെയും ചിന്നസ്വാമിയും ലോർഡ്‌സുമെല്ലാം.
ഇടയ്ക്കൊക്കെ കളിയുടെ ഇടയിൽ വാക്ക് തർക്കങ്ങളും വഴക്കുകളും ഉണ്ടാകുമെങ്കിലും അത് കളി തീരുമ്പോൾ മറന്ന് പിറ്റേന്നു കൂടുന്നതാണ് അവരുടെ പതിവ്. പക്ഷെ അന്നത്തെ കളി തുടങ്ങുന്നതിനു മുന്നേ സ്ഥലത്തെ കൊച്ചുകുട്ടികളെല്ലാം കൂടിയുള്ള കളിക്കിടയിൽ എല്ലാം തകിടം മറിഞ്ഞു.
ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ആകാശും അവന്റെ തന്നെ ക്ലാസ്സിൽ പഠിക്കുന്ന കണ്ണനും തമ്മിൽ പൊരിഞ്ഞയടി, തമ്മിൽ തമ്മിൽ തെറി വിളി, അച്ഛനു വിളി, അച്ഛന്റെ അച്ഛനു വിളി. ആ സമയത്ത് ആകാശിന്റെ അച്ഛൻ രമേശനും കണ്ണന്റെ അച്ഛൻ രാജനും തുമ്മിയത് കണ്ടാൽ ഇന്നായിരുന്നേൽ പറഞ്ഞേനെ അവർക്ക് കോറോണയാണെന്ന്.
വഴക്കിന്റെ അടിസ്ഥാനകരണമൊന്നുമില്ല, കണ്ണനും ആകാശും ഒരു ടീമായിരുന്നിട്ടുകൂടി ആകാശിന്റെ റൺഔട്ട് ഔട്ടാണെന്ന് കണ്ണൻ പറഞ്ഞു. കണ്ടത്തിലെയും നാട്ടിലെ ഗ്രൗണ്ടിലെയും കളിയിൽ ഒരിക്കലും പൊറുക്കാനാവാത്ത കുറ്റമാണ് കണ്ണൻ ഇവിടെ ചെയ്തിരിക്കുന്നത്.
അടി അതിന്റെ മുർദ്ധന്യാവസ്ഥയിലെത്തി, ഗ്രൗണ്ടിൽ കളിക്കുന്ന പ്രായത്തിൽ മൂത്തവരെല്ലാം രംഗത്തെത്തി. കുറച്ചുപേർ ആകാശിനെ ന്യായികരിച്ചു ചിലർ കണ്ണന്റെ സത്യസന്ധതയെ അഭിനന്ദിച്ചു അവന്റെയൊപ്പവും കൂടി. പറഞ്ഞ് പറഞ്ഞ് വഴക്ക് വലിയവർ തമ്മിലായി. അതിൽ മരണവിളയിൽ മനീഷും ശംഭുവും ജിംബാലു സുജിത്തും ബൈജുവുമെല്ലാമുണ്ട് ഇവരൊക്കെയാണാലോ അവിടുത്തെ മെയിൻ.
പിന്നീട് പിള്ളേരുടെ റോൾ അവിടെ ഇല്ലാണ്ടായി, മുതിർന്നവരുടെ പ്രശ്നമായി. ആകാശിന്റെ അച്ഛൻ രമേശനും കണ്ണന്റെ അച്ഛൻ രാജനും രംഗത്തെത്തി. കുറച്ചുകഴിഞ്ഞപ്പോൾ സ്ഥലം പറഞ്ഞുള്ള പ്രശ്നമായി മാറിയത്. ഏത് നമ്മുടെ തെക്ക് കിക്കിരിമുട്ടവും വടക്ക് കിക്കിരിമുട്ടവും പറഞ്ഞ്, അതിനുകാരണവുമുണ്ട് ആകാശിന്റെ വീട് നിൽക്കുന്നത് തെക്ക് കിക്കിരിമുട്ടത്തും കണ്ണന്റേത് വടക്ക് കിക്കിരിമുട്ടത്തുമാണ്.
വഴക്കിന്റെ അടുത്ത ഘട്ടത്തിൽ രമേശനും രാജനുമായിരുന്നു മുൻപന്തിയിൽ, അവരവർ അവരവരുടെ മക്കളെ ന്യായികരിച്ചു. രമേശിനെ അനുകൂലിച്ച് മരണവിളയിൽ മനീഷും ബൈജുവും കുറച്ചാളുകളും രംഗത്തെത്തി. അതുപോലതന്നെ രാജനെ അനുകൂലിച്ച് ജിംബാലു സുജിത്തും ശംഭുവും കുറച്ചുപേരും രംഗത്തെത്തി.
അടി കൊഴുക്കുമെന്ന് ഉറപ്പായപ്പോൾ ചിലരൊക്കെ റേഷൻ കടയിൽ പോകണമെന്നും മുളക് പൊടിപിക്കാൻ പോകണമെന്നുമൊക്കെ പറഞ്ഞ് സ്കൂട്ടായി. ചാനൽ ചർച്ചകളിലെ പോലെ രണ്ടു പക്ഷക്കാരും ഗ്രൗണ്ടിന്റെ മുകളിലുള്ള തങ്ങളുടെ അവകാശത്തെപറ്റി വാതോരാതെപറഞ്ഞു.
വഴക്ക് 2018ലെ പ്രളയത്തിലെ മുല്ലപെരിയാർ ഡാം പോലെ നിറഞ്ഞ് നിന്ന സമയത്ത് വാർഡ് മെമ്പർ 52 ദാമോദരൻ സ്ഥലത്തെത്തി. പുള്ളി 52 തരത്തിലുള്ള ശബ്ദത്തിൽ പ്രസംഗിക്കുമെന്നാണ് പുള്ളിയുടെ പണ്ടുതൊട്ടേയുള്ള അവകാശവാദം, അതുകൊണ്ട് നാട്ടിൽ പൊതുവെ അറിയപ്പെടുന്ന പേരാണ് 52 ദാമോദരൻ. നാട്ടുകാരുടെ അറിവിൽ പുള്ളിക്ക് ആകെ അമ്മാവൻ ബലൂണിൽ നിന്ന് കാറ്റു പോകുന്നപോലെയുള്ള ശബ്ദമെയുള്ളൂ. പിന്നെ 52 എന്നുള്ളത് പ്രകടനപത്രികയിൽ ഉള്ളതുപോലെയുള്ള ഒരിക്കലും സാധ്യമാകാതകാര്യമാണ്.
മെമ്പറിനോട് ജിംബാലു സുജിത് അവിടെ നടന്ന കാര്യങ്ങൾ മലയാളരമയിലെ വാർത്ത പോലെ വിശദീകരിച്ചു. കയ്യിൽ പേപ്പറില്ലാതത്തുകൊണ്ട് റൂട്ട് മാപ്പ് മാത്രം വരച്ചില്ല. ഇപ്പോളത്തെ വിഷയം ഗ്രൗണ്ടാണ്. തെക്ക് വിഭാഗക്കാർ പറയുന്നു ഗ്രൗണ്ട് തങ്ങളുടെയാണെന്ന്, ഇനിം അവിടെ കളിക്കാൻ പോകുന്നത് അവരാണെന്നും വടക്ക് ഭാഗത്തുളളവർ അവിടെ കയറി പോകരുതെന്ന് പോകരുതെന്നും പറഞ്ഞു. തെക്കുള്ളവർ ഇനിം അവിടെ കാലുകുത്തിയാൽ ഷവർമ അറിഞ്ഞിടുന്നപോലെ അറിയുമെന്ന് വടക്ക് ഭാഗക്കാരും പറഞ്ഞു.
‘ഒരു കളിയിൽ തുടങ്ങിവെച്ച വഴക്കല്ലെ ഇത്, അതൊരു മത്സരത്തിലുടെ തന്നെ അവസാനിപ്പിക്കാം’ മെമ്പർ പറഞ്ഞു. രണ്ടു കൂട്ടരും കുറെ തർക്കത്തിനോടുവിൽ അത് സമ്മതിച്ചു.
തെക്കും വടക്കും തമ്മിൽ ഒരു ക്രിക്കറ്റ് മത്സരം, തെക്കിന്റെ ക്യാപ്റ്റൻ രമേശനും വടക്കിന്റെ ക്യാപ്റ്റൻ രാജനും. ജിംബാലു സുജിത്തിന് ഉടൻ സംശയം, മത്സരമാകുമ്പോൾ ഒരു പേരൊക്കെ വേണ്ടേയെന്ന് എന്നാലെ കളിക്കൊരു വീറും വാശിയും വരുമെന്നും പറഞ്ഞു. കൂട്ടത്തിൽ ഏറ്റവും വിവരം ഉണ്ടെന്ന് കരുതുന്ന മനീഷ് പറഞ്ഞു ‘മെമ്പറല്ലെ ആശയം മുന്നോട്ടു വെച്ചത്, അപ്പോൾ മെമ്പറിന്റെ പേരിൽ തന്നെ ഇത് അറിയപ്പെടട്ടെ ‘ യെന്ന്. ‘എന്ത് ദാമോദരൻ ട്രോഫിയെന്നോ, അതിൽ ഒരു ഗുമ്മില്ല ‘ ജിംബാലു ഉടനെ പറഞ്ഞു. ‘ദാമോദരൻ ട്രോഫിയല്ല,ദാമോദരൻ മെമ്മോറിയൽ ട്രോഫി ! വെല്യ വെല്യ ട്രോഫിക്ക് മെമ്മോറിയൽ ചേർത്ത് വിളിക്കുന്നത് ഫാഷനാ’ മനീഷ് പറഞ്ഞു.
വെല്യ വെല്യ ട്രോഫിയെന്ന് പറഞ്ഞത് മെമ്പർക്കും ഇഷ്ടമായി. ആ പേര് എല്ലാവരും കൂടിച്ചേർന്ന് അടിവരയിട്ടുറപ്പിച്ചു. കളി അടുത്ത ശനിയാഴ്ച വെക്കാമെന്ന് മെമ്പർ പറഞ്ഞു. ‘അന്ന് തനിക്ക് പറ്റില്ല, ടൗണിൽ ഒരു ഇന്റർവ്യൂ ഉണ്ടെന്ന് മനീഷ് പറഞ്ഞു ‘. സത്യത്തിൽ മനീഷിന്റെ വീട്ടിലെ ആട്ടിൻകുട്ടിയെ കുത്തിവെയിപ്പിനു മൃഗാശുപത്രിയിൽ കൊണ്ടുപോകേണ്ട ദിവസമാണത്. അത് പറയാൻ മരണവിളയിൽ മനീഷിന്റെ അഭിമാനം അവനെ അനുവദിചില്ല. ടൗണിൽ എന്തിന്റെ ഇന്റർവ്യൂ ആണെന്ന് മെമ്പർ ചോദിച്ചപ്പോൾ മനീഷ് മിന്നാരത്തിൽ ലാലു അലക്സ് മോഹൻലാലിനോട് പറയുന്ന അസുഖത്തിന്റെ പേരങ്ങ് കാച്ചി.
എങ്കിൽ ഞായറാഴ്ച നടത്തമെന്ന് മെമ്പർ പറഞ്ഞു, എല്ലാവരും സമ്മതിച്ചു. അതുവരെ നിങ്ങൾക്ക് നിങ്ങളുടെ ടീം രൂപീകരിക്കാമെന്നും പരിശീലനം നടത്താമെന്നും മെമ്പർ പറഞ്ഞു. അതുപോലെ അതുവരെയും ആരും ഗ്രൗണ്ട് ഉപയോഗിക്കരുതെന്നും താക്കിത് നൽകി. രമേശനും രാജനും അവരവരുടെ ഭാഗത്തുള്ളവരെ വെച്ച് ടീം രൂപീകരിച്ചു. തെക്കേടത്ത് ബോയ്സ് വടക്കേടത്ത് കൊമ്പൻമാർ എന്നിങ്ങനെ പേരുമിട്ടു. 30 വയസിൽ താഴെ ആരും ഇല്ലാഞ്ഞിട്ടു കൂടി മനീഷ് തെക്കേടത്ത് ഉള്ളത് കൊണ്ടാണ് ഇതുവരേം ആരും ഉപയോഗിക്കാത്ത തെക്കേടത് ബോയ്സ് എന്ന ഫ്രഷ് പേര് അവര് തിരെഞ്ഞെടുത്തത്. വടക്കേടത്താട്ടെ ജിംബാലു ഒരു കടുത്ത ആനപ്രേമിയാണ്.അടുത്താഴ്ച നടക്കാൻ പോകുന്നത് ആനയൂട്ടല്ലാ ക്രിക്കറ്റാണെന്ന് പറഞ്ഞിട്ടും ജിംബാലു ആ പേരിൽ തന്നെയുറച്ചു നിന്നു വണ്ടി കേറിയിറങ്ങാത്താ പാലാരിവട്ടം പാലം പോലെ.
പിറ്റേ ദിവസം മുതൽ ആ നാട്ടിലെ മുക്കിലും മൂലയിലും പരിശീലനമായിരുന്നു. പരിശീലനമുണ്ടെന്ന് പറഞ്ഞ് പലരും പണിക്ക് പോയില്ല. ടീമിൽ ഇല്ലാത്തവരും ക്രിക്കറ്റ് എന്ന് കേട്ടിട്ട് പോലും ഇല്ലാത്തവരും പരിശീലനം കാണാൻ വേണ്ടി പണിക്ക് അവധി കൊടുത്തു.
ടീമിലെ ആളുകൾക്കുള്ള ഭക്ഷണം മറ്റു ചിലവുകൾ എന്നിവ ക്യാപ്റ്റൻമാരായ രമേശന്റെയും രാജന്റെയും തലയിലായി. വീട് വിറ്റിട്ടായാലും കുഴപ്പമില്ല കളി ജയിക്കണമെന്ന് തെക്കേടത്ത് ബോയ്സിന്റെ ക്യാപ്റ്റൻ രമേശൻ (ജേഴ്‌സി നമ്പർ 8, കിട്ടിയ പണിയല്ല ) പറഞ്ഞു. കേട്ടപാതി കേൾക്കാത്താ പാതി വീട് എത്ര സെന്റ് ഉണ്ടെന്ന് മനീഷും ചോദിച്ചു.
വടക്കേത്ത് കൊമ്പൻമാരാട്ട് രാജന്റെ പേരിൽ നാട്ടിലെ കടയിൽ പറ്റുവരെ തുടങ്ങി. ഒടുവിലത്തെ വിവരമനുസരിച്ച് 200 പേജിന്റെ ബുക്കിന്റെ പകുതിവരെ പറ്റായെന്നും അത് എഴുതാൻ 2 പേന തീർന്നെന്നും അതും പറ്റിൽ എഴുതിക്കോ എന്ന് രാജേട്ടൻ പറഞ്ഞെന്നു ജിംബാലു കടക്കാരനോട് പറഞ്ഞു.
അങ്ങനെ മത്സരദിവസം വന്നെത്തി, ഗ്രൗണ്ടിന്റെ അടുത്ത് വീടുള്ള ശിവാനന്ദൻ ചേട്ടനാണ് അമ്പയർ. പുള്ളി ആ ഗ്രൗണ്ടിലാണ് പശുവിനെ തീറ്റിക്കുന്നത്, അതാണ് പുള്ളിക്ക് ഗ്രൗണ്ടിനോടുള്ള ബന്ധം അതുവഴി ക്രിക്കറ്റിനോടും.
കളി കാണാൻ നാട്ടിലെ കുട്ടികളും സ്ത്രീകളുമടക്കം സകലമാന ആളുകളും ഒത്തുകൂടി,വാർത്തയറിഞ്ഞ് അയൽ നാട്ടിൽ നിന്നും കുറച്ചുപ്പേരെത്തി. ആളുകൂടിയതുമൂലം അവിടെ പെട്ടി കടകളും കപ്പലണ്ടി കച്ചവടക്കാരും സ്ഥാനമുറപ്പിച്ചു.ആകെ ഒരു ഉത്സവ അന്തരീക്ഷം.
ടോസ് കിട്ടിയ തെക്കേടത്ത് ബോയ്സിന്റെ ക്യാപ്റ്റൻ ഇന്റർനാഷണൽ സ്റ്റൈലിൽ ബൌളിംഗ് തിരഞ്ഞെടുത്തു. ജിംബാലുവും രാജനുമാണ് വടക്കേടത്ത് കൊമ്പന്മാർക്ക് വേണ്ടി ബാറ്റിങ്ങിന് ഇറങ്ങിയത്. അവരുടെ ബാറ്റിങ് മികവുകൊണ്ടാണോ ബാറ്റിൽ നിന്നുള്ള കാറ്റുകൊണ്ടാണോ എന്നറിയില്ല ഗ്രൗണ്ടിലെ അത്യാവശ്യം പൊടിയൊക്കെ പറന്നുമാറി. വെയിലായിട്ടും കീപ്പർ നിന്ന സുനിമോൻ ഒട്ടും വിയർത്തതുമില്ല ഈ കാറ്റു കാരണം. സുനിമോൻ പ്രഫഷണൽ കീപ്പറാണ്, വാർക്കപ്പണിക്ക് കട്ട മുകളിലോട്ടു എറിയുമ്പോൾ കറക്റ്റ് പിടിക്കും അതാണ് സുനിമോനെ കീപ്പർ ആകാൻ രമേശന് പ്രചോദനമായത്. ബോൾ പിടിച്ചിട്ടു കട്ട എറിയുന്ന പോലെ ബൗണ്ടറിയിലേക്ക് എറിയല്ലെന്ന് പറഞ്ഞ് മനസ്സിലാക്കിയിട്ടുമുണ്ട്.
നന്നായി തുഴഞ്ഞെങ്കിലും അവർക്ക് ആറു ഓവറിൽ 45 റൺ എടുക്കാനായി. 3 റൺ എടുത്ത ജിംബാലുവും 2 റൺ എടുത്ത രാജനും നോട്ട് ഔട്ടായിരുന്നു. 40 റൺ എടുത്ത എക്സ്ട്രായായിരുന്നു ടോപ് സ്‌കോറർ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ തെക്കേടത്ത് ബോയ്സിന് വേണ്ടി മനീഷ് നിന്നു കറങ്ങിയ കൂട്ടത്തിൽ എങ്ങനെയൊക്കെയോ കുറച്ച് റൺ കിട്ടി. പിന്നെ ക്യാപ്റ്റൻ രാജൻ ഓരോവറിൽ 15 വൈഡ് എറിഞ്ഞപ്പോളെക്ക് വടക്കേടത്ത് കൊമ്പന്മാർ ഏകദേശം ചരിഞ്ഞു.
പൊരിഞ്ഞപോരാട്ടത്തിനൊടുവിൽ തെക്കേടത്ത് ബോയ്സ് ദാമോദരൻ മെമ്മോറിയൽ ട്രോഫി സ്വന്തമാക്കി. കപ്പ് കിട്ടിയ ക്യാപ്റ്റൻ രമേശന് അതിയായ ആഗ്രഹം തന്റെ മകൻ ആകാശിനെ ട്രോഫി ഏല്പിക്കാൻ, ആകാശിനെ അവിടെയൊന്നും കണ്ടതുമില്ല. അതുപോലെ തോറ്റ ക്യാപ്റ്റൻ രാജനാട്ടെ വേഗം വീട്ടിലേക്ക് സ്കൂട്ടാവാൻ മകൻ കണ്ണനെയും തിരക്കി,കണ്ണനെയും ആരും കണ്ടില്ല.
ആകാശിനെയും കണ്ണനെയും തിരക്കി ചെന്നവരാകട്ടെ കണ്ടത് തോളിൽ കയ്യിട്ട് സിപ്പ് അപ്പ് കുടിച്ചുവരുന്ന അവരെയാണ്. കൂടാതെ ആകാശിന്റെ വക ഒരു ചോദ്യവും രമേശനോട് ‘അച്ഛാ കളിയെന്തായി... ഇത് കഴിഞ്ഞിട്ടുവേണം ഞങ്ങൾക്ക് കളി തുടങ്ങാൻ ‘.