Meera Joseph
Saasvaap Techies Pvt Ltd
(അ)ശാന്തിതീരം
(അ)ശാന്തിതീരം
ബെത്ലേഹേം ഉറങ്ങുകയാണ്……!
……തൂവെള്ളമഞ്ഞിന്റെ പുതപ്പ് ഗ്രാമത്തെ മൊത്തം ആവരണം ചെയ്തിരിക്കുന്നു. ചൂളം വിളിയോടെത്തുന്ന കാറ്റിൽ മഞ്ഞിൻ കണങ്ങൾ ഇടതടവില്ലാതെ വീണുക്കൊണ്ടിരുന്നു. വീശിയടിച്ച നേർത്ത കാറ്റിൽ കാതോടുകാതോരം മന്ത്രിക്കുന്നത് ഒരു പ്രവാചക ശബ്ദമാണോ…? മഞ്ഞിൽ ഇലയുതിർത്ത മരങ്ങൾക്കിടയിലൂടെ ഒളിഞ്ഞുനോക്കുന്ന ചന്ദ്രൻ... ആരെയാണാവോ തിരയുക…? പകലിന്റെ ആലസ്യത്തിൽ സുഖസുഷുക്തിയിൽ മയങ്ങുന്ന ഗ്രാമവാസികൾ, ഒരല്ലലുമില്ലാതെ… ഭാഗ്യം ചെയ്തവർ. ഗ്രാമം ഉറങ്ങുകയാണ് ……!
……ഉണരുന്ന പട്ടണത്തിന്റെ നെഞ്ചിലൂടെ പ്രഭാത സവാരിക്കിറങ്ങി നടക്കുന്ന ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും കാലടി ശബ്ദം വ്യക്തമായി കേൾക്കാം. എന്തെല്ലാം തരത്തിലുള്ള വേഷവിധാനങ്ങളാണ് അവരുടേത്. മൊബൈൽ ഫോണിലൂടെ വരുന്ന പാട്ടിന്റെ ഈരടികളിൽ ത്രസിച്ചു നടക്കുന്ന സവാരിക്കാർ. കൊച്ചു വർത്തമാനം പറഞ്ഞു നടക്കുന്നവരും കുറവല്ല. നാട്ടിൽ അലയുന്ന ചില പട്ടികൾ അവരോടൊപ്പം കൂടിയിട്ടുണ്ട്. ചിലരതിനെ താലോലിക്കുന്നു, ചിലരതിനെ ആട്ടുന്നുമുണ്ട്. റോഡിൽ തിരക്ക് വർദ്ധിക്കുന്നതോടെ സവാരിക്കാരുടെ ശബ്ദം അപ്രത്യക്ഷമായി. വാഹനങ്ങളിൽ നിന്ന് വരുന്ന പുക ആകെ അസ്വസ്ഥത ഉളവാക്കി. വടക്കുനിന്ന് വരുന്ന ജാഥ ഗതാഗത തടസ്സം സൃഷ്ടിച്ചു. കിടപ്പാടംപ്പോലും നഷ്ടപ്പെടാൻ പോകുന്ന തുറമുഖതൊഴിലാളികൾക്ക് വേണ്ടി, അവർക്ക് പിന്തുണ പ്രഖ്യാപിക്കുന്ന ജാഥക്കാർ. ഏതോ വലിയ വാഹനം തട്ടി മറിഞ്ഞുവീണ ബൈക്ക് യാത്രക്കാരന് ചുറ്റും ഓടിക്കൂടുന്ന മനുഷ്യർ. ചീത്ത വിളികളുടെ കീർത്തനത്തിൽ രാത്രിയുടെ കരിമ്പടം ഏറ്റുവാങ്ങി പട്ടണം മയക്കത്തിലേക്ക്……!
……ദൂരെയെവിടെയോ നിന്ന് ഒരു സംഗീതത്തിന്റെ നേർത്ത അലയൊലികൾ കാറ്റിനൊപ്പം അരികണയുന്നു. മഞ്ഞിൻ പുതപ്പിൽ നേർത്ത വരയായി തെളിയുന്ന ഗ്രാമവീഥിയിലൂടെ നടന്നുനീങ്ങുന്ന യാത്രാസംഘത്തിന്റെ നാടൻ രാഗശീലുകളാണോ അത്…? അതോ… മഞ്ഞിന്റെ കൂർത്ത ദംശനമേറ്റ് പിടയുന്ന കുഞ്ഞിനെ പാടിയുറക്കുന്ന അമ്മയുടെ താരാട്ടോ…? അതേ… ഉറങ്ങുന്ന ഗ്രാമത്തിലെ ഉറങ്ങാത്ത മാതൃത്വത്തിന്റെ താരാട്ട്… ഗ്രാമം ഉറങ്ങുകയാണ് ……!
……താരാട്ട് പാടിയുറക്കിയ അമ്മയെ വെട്ടികൊലപ്പെടുത്തിയ മകന്റെ വാർത്ത കേട്ടുണരുന്ന പട്ടണം. ചൂടോടെ വീണുകിട്ടിയ വാർത്തയുടെ സന്തോഷത്തിരക്കിലാണ് പത്രമാഫീസുകളും നാട്ടുകാരും. പോലീസുകാർക്കും, ഈ ദിവസം സമ്മാനിച്ച ഉത്സാഹതിമിർപ്പിന്റെ ആവേശം. ചിലർ മൂക്കത്ത് വിരൽവെക്കുന്നു. പക്ഷെ ഇതൊക്കെ ശ്രദ്ധിക്കാൻ പട്ടണത്തിനെവിടെയാ നേരവും സമയവും. തിരക്കല്ലേ… തിരക്കോട് തിരക്ക്… ശാന്തത നഷ്ട്ടപെട്ട പട്ടണത്തിന്റെ ശാന്തമാവാത്ത രാത്രികളിലേക്കുള്ള യാത്ര……!
……ദൂരെ… ഒരു കുന്നിൻ ചെരിവിലെ കാലിത്തൊഴുത്തിൽ വിരിയുന്ന ഒരു അഭൗമ പ്രകാശം… പ്രകാശത്തിന്റെ പ്രഭാപൂർണിമയിൽ താളം ചവിട്ടുന്ന കാലിക്കൂട്ടങ്ങൾ... ആട്ടിൻപറ്റങ്ങൾ, ഗ്രാമം ഉറങ്ങുകയാണ്……!
……പട്ടണത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ നീണ്ട ക്യു. ചുമയും കുരയുമൊക്കെയായി അണഞ്ഞണഞ്ഞു നീങ്ങുന്ന ക്യുവിന്റെ ഇങ്ങേത്തലക്കൽനിന്ന് അങ്ങേത്തലക്കലേക്കെത്തുമ്പോൾ എന്താണാവോ സംഭവിക്കുക. അതിനിടയിൽ പട്ടികടിച്ച ഒരു സ്ത്രീയെ കൊണ്ടുവന്നു. അവരും ക്യുവിന്റെ ഇങ്ങേ തലക്കൽത്തന്നെ നിന്നു. അമ്മയെ പട്ടികടിക്കുന്നത് കണ്ടപ്പോൾ പട്ടിയെ തല്ലിക്കൊന്ന മകന്റെ പേരിൽ കേസ്. കഷ്ടം ……! പ്രകാശം കെട്ടുപോയ മനസ്സുകൾ. കന്നുകാലികളോ ആട്ടിൻപറ്റമോ ആയി ജനിച്ചാലും മതിയായിരുന്നു എന്ന് അമ്മയുടെ ആത്മഗതം. സന്ധ്യയാവുന്നു ……! ഇപ്പോഴും ക്യു നീണ്ടുത്തന്നെ……!
……കയ്യിലിരിക്കുന്ന കുഞ്ഞിനെ ആരാധനയോടെ നോക്കുന്ന അമ്മ, അമ്മയ്‌ക്കരികിൽ വളർന്ന താടിരോമങ്ങളിൽ വിരലുകളോടിച്ച്, പിതാവെന്ന് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ യുവാവ്. ആ ദിവ്യപൈതൽ മിഴികൾ തുറന്ന് അമ്മയെ നോക്കി. പുഞ്ചിരി പൊഴിഞ്ഞുവീണ അധരങ്ങൾ നുണഞ്ഞുകൊണ്ട്, അമ്മയ്‌ക്കരികെ നിൽക്കുന്ന പിതാവിനെയും……!
……മയക്കുമരുന്ന് കൈയിൽ സൂക്ഷിച്ചതിന് ഇരുമ്പഴികൾക്കുളിലായ മകൻ, അവൻ കുറ്റക്കാരനോ നിരപരാധിയോ എന്ന് ആ പിതാവിനറിയില്ല, ഒരുപക്ഷെ അവനെ ആരെങ്കിലും ചതിച്ചതാവും. മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ ഒരു ലക്ഷണവും ആ പിതാവ് അവനിൽ കണ്ടിട്ടുമില്ല. ചങ്കുപൊട്ടി കരയുന്ന അച്ഛൻ. കരയാൻ പോലും ശേഷിയില്ലാതെ നിൽക്കുന്ന അമ്മ. ഒടുവിൽ അപമാനം സഹിക്കാൻ വയ്യാതെ ആത്മഹത്യയിലേക്ക് നീങ്ങുന്നു ആ പിതാവ്. ദൈവമേ വികസനം തകർച്ചയാണോ..? അറിയില്ല …… മയക്കുമരുന്നിന്റെ ആലസ്യത്തിലേക്ക് തെന്നി വീഴുന്ന പട്ടണം. നിദ്ര തഴുകാത്ത ശരീരവുമായി ആ അമ്മ കിടന്നു. നെടുവീർപ്പുകൾക്ക്മീതെ……!
……വീണ്ടും ആ മിഴികൾ ഒരിക്കൽക്കൂടി തുറന്നു. വിടർന്ന മിഴികളിൽ സ്വർണത്തിളക്കം. അധരങ്ങളിൽ പാൽപുഞ്ചിരി. ആ മിഴികൾ അടയുകയായി.
അപ്പോൾ... കനത്ത കാലൊച്ചകൾ... ദീനരോദനങ്ങൾ. റാഹേൽ തന്റെ സന്താനങ്ങളെക്കുറിച്ചു കരയുന്നു. എന്തെന്നാൽ അവൾക്ക് സന്താനങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു. ഗ്രാമം ഉണരുകയായി……!
……മിഴി തുറന്ന പട്ടണത്തിന്റെ നെഞ്ചിലേക്ക് അന്ധവിശ്വാസത്തിന്റെ കനത്ത ബൂട്ടുകളിട്ട് ആഞ്ഞാഞ്ഞു ചവിട്ടുകയാണ്. അവിടെ രണ്ടു ജീവനുകൾ പിടഞ്ഞമരുമ്പോൾ വികസനം കൊണ്ടുവന്ന അശാന്തത നാടെങ്ങും പരക്കുകയായി. ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു. എങ്ങും അക്രമവും കൂട്ടകരച്ചിലുകളും മാത്രം. ഗ്രാമത്തിന്റെ ശാന്തതയിൽനിന്നും പട്ടണത്തിന്റെ വികസനത്തിലേക്ക് നടക്കുകയായിരുന്നു ഞാൻ. വയ്യ …… എന്റെ ചിന്തകളിൽ തീ പടരുകയാണ്. തല വെട്ടിപ്പിളർക്കുന്ന വേദന. ഗ്രാമത്തെക്കാൾ പട്ടണത്തെ സ്നേഹിച്ച എന്റെ മനസ്സ് പിടയുകയാണ്. ഒന്നും കാണാതിരിക്കാനായി എന്റെ മിഴികൾ ഞാൻ മുറുക്കനെ അടച്ചു …… ഗ്രാമത്തിന്റെ ശാന്തതയും ഒപ്പം പട്ടണത്തിന്റെ വികസനവും ഞാനിഷ്ടപ്പെടുന്നു. ഞാൻ ഇഷ്ടപ്പെടുന്ന എന്റെ പട്ടണമേ ഉറങ്ങുക…… ഉറങ്ങുക…… ശാന്തതയോടെ ഉറങ്ങുക., ശാന്തപൂർണമായ ഒരു ജീവിതത്തിലേക്ക് വീണ്ടും ഒരിക്കൽക്കൂടി ഉണരാനായി…………!!!!