Lekshmi RS (EY - Trivandrum)
EY Trivandrum
നിഴലുകൾ
പ്രിയപ്പെട്ട എഴുത്തുകാർ പലരും പറഞ്ഞു കേട്ടിട്ടുണ്ട് എഴുതാനായി പേനയും പേപ്പറും എടുത്തു കാത്തിരുന്നാൽ ഒരു കഥയും വരാറില്ല പകരം, നിനച്ചിരിക്കാത്ത നേരത്തു വലിഞ്ഞു കയറി വന്നു ബഹളമുണ്ടാക്കും. ആ വരവിൽ ഒരു കസേരയിട്ട് പിടിച്ചിരുത്തിയാൽ ചിലപ്പോ ബിരിയാണിയും കിട്ടും.
എന്റെ കഥകൾക്ക് എന്നോട് സംവദിക്കാനുള്ള മാധ്യമം എന്റെ സ്വപ്നങ്ങളാണ്. ആരുടേയും ശല്യമില്ലാതെ എന്നെ കിട്ടുന്നത് അപ്പോഴായതു കൊണ്ടാവാം. എന്തെങ്കിലുമൊന്ന് എഴുതണമെന്നു മനസ്സിൽ തോന്നിയിട്ട് കൊറേ നാളായി. ഈയിടയായിട്ട് സ്വപ്നത്തിലും ഞാൻ ബിസിയായതു കൊണ്ടാവാം കഥകളൊന്നും തിരിഞ്ഞു നോക്കാത്തതു.
ഇങ്ങോട്ടു വരാത്തവരെ അങ്ങോട്ട് പോയി കണ്ടു പിടിക്കാമെന്നു ഞാനും കരുതി. അങ്ങനെയൊരു സ്വപ്നത്തിൽ വലിഞ്ഞുകയറി ചെന്ന് ഞാൻ കണ്ടെത്തിയ കഥയാണിത്. കഥയിലേക്ക് കടക്കും മുൻപൊരു കാര്യം പറയാനുണ്ട് "ഈ കഥക്കും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയിട്ടെന്തെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ അത് തികച്ചും സ്വാഭാവികം മാത്രം"
ഒരു ബസ് യാത്രയാണ് സീൻ. സ്വപ്നം ആയതു കൊണ്ട് തന്നെ യാത്രയുടെ തുടക്കവും ഒടുക്കവും വ്യക്തമല്ല. ഭൂരിഭാഗം ആൾക്കാരെയും പോലെ വിൻഡോ സീറ്റ് ആണ് എനിക്കുമിഷ്ടമെങ്കിലും സ്വപ്നത്തിൽ കിട്ടിയത് അതല്ല. ഇഷ്ടപ്പെട്ട സീറ്റ് കിട്ടാത്തത് കൊണ്ട് തന്നെ അതിൽ സ്ഥാനം പിടിച്ചയാളെ ഞാൻ ഇടം കണ്ണിട്ടൊന്നു നോക്കി. ഒരു സ്ത്രീയാണ് കക്ഷി ഒരു 40 വയസ്സ് വരുമായിരിക്കണം. പൊതുവെ 5 മിനുട്ടിൽ കൂടുതൽ വായടച്ചിരുന്നു ശീലമില്ലാത്തതുകൊണ്ട് തന്നെ ഞാനവരോട് സംസാരിക്കാൻ തുടങ്ങി.
സ്വപ്നത്തിലെ ഞാൻ : എവിടേക്കാണ്?
സ്വപ്നത്തിലെ സ്ത്രീ : അറിയില്ല!
ഒരു വക്കീലായതുകൊണ്ടാവാം ആ ഉത്തരം എന്നെ അടുത്ത ചോദ്യത്തിലേക്കു പോകാൻ പ്രേരിപ്പിച്ചു
സ്വപ്നത്തിലെ ഞാൻ: അറിയില്ലേ? എന്ത് പറ്റി അങ്ങനെ?
സ്വപ്നത്തിലെ സ്ത്രീ : ഒരുപാടു പറ്റിയിട്ടുണ്ട് അത് കൊണ്ടാണ് അങ്ങനെ!
സ്വപ്നത്തിലെ ഞാൻ: ബുദ്ധിമുട്ടില്ലെങ്കിൽ നിങ്ങൾക്ക് എന്താണ് പറ്റിയതെന്ന് എന്നോട് പറയു, ഞാനൊരു വക്കീലാണ്
അവരെന്റെ മുഖത്തേക്ക് നോക്കി
സ്വപ്നത്തിലെ സ്ത്രീ : നിങ്ങൾ എങ്ങോട്ടാണോ അങ്ങോട്ടേക്കു തന്നെയാണ് ഞാനും
ഈശ്വരാ പെട്ട് ! ഇതിപ്പോ ഞാനെങ്ങോട്ടാണാവോ? എനിക്കും അറിയാൻ പാടില്ലല്ലോ!
സ്വപ്നത്തിലെ സ്ത്രീ : നിങ്ങൾക്കും അറിയില്ലല്ലേ ?
ഞാൻ ഒരു ചമ്മിയ ചിരി ചിരിച്ചു. അവർ തുടർന്നു...
"സ്വന്തം വികാരങ്ങളെയും വിചാരങ്ങളെയും നിയന്ത്രിക്കാൻ കഴിയാതെ മറ്റുള്ളവരുടെ മേൽ ശാരീരികവും മാനസികവുമായ മുറിവുകളേൽപ്പിക്കാൻ കഴിവുള്ള ഒരു കൂട്ടം മനുഷ്യരുടെ ഇടയിൽ നിന്നിറങ്ങി വന്നതാണ് ഞാൻ.. ജീവിതത്തിൽ കടന്നു പോയ 40 വർഷങ്ങളിൽ ഞാനെന്റെ നിഴൽ കണ്ടിട്ടില്ല. "
സ്വപ്നത്തിലെ ഞാൻ: എന്താ? നിഴൽ കണ്ടിട്ടില്ലെന്നോ?
സ്വപ്നത്തിലെ സ്ത്രീ : അതെ സത്യമാണ് എന്റെ സ്വന്തം നിഴൽ ഞാൻ ഇത്രയും കാലം കണ്ടിട്ടില്ല. അച്ഛൻ, അമ്മ, ബന്ധുക്കൾ, ഭർത്താവു , മക്കൾ, അങ്ങനെ കുറേ പേരുടെ നിഴലുകളായിരുന്നു എന്റെയൊപ്പം ഇത്രയും നാളും.
തനിച്ചു നടന്നാൽ പോലും എന്റെയുള്ളിലെ ചിന്തകൾ മക്കളുടെ, ഭർത്താവിന്റെ, ചെയ്തു തീർക്കാനുള്ള ഉത്തരവാദിത്തങ്ങളുടെയൊക്കെ നിഴലുകളായി കൂടെ കൂടും. അതിനിടയിലൊരിക്കൽ പോലും ഞാനെന്റെ നിഴൽ തിരഞ്ഞിട്ടുമില്ല കണ്ടിട്ടുമില്ല
നിങ്ങൾ ചോദിച്ചില്ലേ ഞാൻ എവിടേക്കാണെന്നു? ഇതെന്റെ യാത്രയാണ് സ്വന്തം നിഴൽ തേടിയുള്ള യാത്ര! അതിരിക്കട്ടെ നിങ്ങൾ സ്വന്തം നിഴൽ കാണാറുണ്ടോ?
സ്വപ്നത്തിലെ ഞാൻ: നിഴലോ ? പിന്നേ ഞാൻ നടക്കുമ്പോഴൊക്കെ എന്റെ നിഴൽ തന്നെയാണ് കാണാറുള്ളത്
സ്വപ്നത്തിലെ സ്ത്രീ : എന്നാൽ ഭാഗ്യം !
അവർ ചിരിക്കുന്നത് കണ്ടു എനിക്കാകെ സംശയം തോന്നി. പെട്ടെന്ന് ഞാൻ മുകളിലേക്ക് നോക്കി. ബസിന്റെ മേൽക്കൂര പറന്നു പോയിരിക്കുന്നു. സൂര്യൻ എന്റെ ഇടതു വശത്തേക്ക് ചാഞ്ഞു.ഞാനെന്റെ നിഴലെന്നു തെറ്റിദ്ധരിച്ചു മറു വശത്തേക്ക് നോക്കി .
കോട്ടിട്ട കുറെ മനുഷ്യരുടെ നിഴലുകൾ, കോടതി വരാന്ത, വർക്കി സാറിന്റെ നിഴൽ, അതാ അപ്പുറത് തോമസും കുട്ടികളും കാറിൽ ചാരി നിൽക്കുന്നു, പുസ്തകങ്ങൾ നിറഞ്ഞ ഷെൽഫുകൾ... ആ നിഴലുകൾക്കിടയിൽ ഞാനെന്നെ തിരഞ്ഞു.. ആ സ്ത്രീ പറഞ്ഞത് ശരിയാണ്, എന്റെ നിഴലുകളിലും ഞാനില്ല!!!
വല്ലാത്തൊരു വീർപ്പുമുട്ടലെനിക്കനുഭവപ്പെട്ടു, ഒരു വശത്തേക്ക് ആരോ മറിച്ചിടുന്നത് പോലെ തോന്നി. നോക്കിയപ്പോ വിൻഡോ സീറ്റിൽ ആ സ്ത്രീയില്ല. സൂര്യൻ പോയി.. ഞാൻ എത്തി വലിഞ്ഞു ജനലിലൂടെ പുറത്തേക്കു നോക്കി. ബസ് ഒരു കടൽത്തീരത്ത് കൂടിയാണിപ്പോൾ പോകുന്നത്. നിറയെ കാറ്റാടി മരങ്ങൾ നിറഞ്ഞൊരു കടൽത്തീരം. കുറെ അവ്യക്തമായ കാഴ്ചകൾ.. ഒരു തിരക്ക് പിടിച്ച കവലയിൽ ബസ് നിർത്തി, ഞാനിറങ്ങി.
അതൊരു തെരുവായിരുന്നു. സിനിമയിലും മറ്റും കണ്ടിട്ടുള്ള ജൂതത്തെരുവ് പോലൊരെണ്ണം. നിറയെ മാലകൾ, സിൽവർ വളകൾ, മൂക്കുത്തികൾ, കണ്ണാടികൾ, ബൊഹീമിയൻ സ്റ്റൈലിലുള്ള ഉടുപ്പുകളും ബാഗുകളും. കാറ്റിൽ അപ്പൂപ്പൻ താടികൾ ആരോ ഊതി വിട്ട കുമിളകൾ പോലെ അലസമായി പാറി പറന്നു നടക്കുന്നു.
ആഹാ വളരെ കാലമായി ആഗ്രഹിച്ചതാണ് ഇത് പോലൊരു തെരുവിൽ ചുമ്മാ തെണ്ടി നടക്കണമെന്ന്. കെട്ടു പൊട്ടിയ പട്ടം പോലെ ഞാനോടി.. ഒരു കടയിൽ നിന്നും മറ്റൊരു കടയിലേക്കു. ഇഷ്ടമുള്ളതെല്ലാം വാരി കൂട്ടി. ഇഷ്ടമുള്ളതെല്ലാം വാരിയണിഞ്ഞു. വർക്കി സാറിനെ ഭയന്ന് വാങ്ങാനും അണിയാനും ഭയന്ന നാഥ് മൂക്കുത്തി അതും ഞാനെടുത്തു. കടയിലെങ്ങും ആരുമില്ല. ഇഷ്ടമുള്ളതെല്ലാം കിട്ടിയ സന്തോഷത്തിൽ ഞാൻ മുന്നോട്ടു നടന്നു.ദൂരെ കടൽത്തീരം കാണാം. സൂര്യൻ അസ്തമിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി..കടൽതീരം ലക്ഷ്യമാക്കി ഞാനോടി. വഴിയിലൊരാൾ ഐസ്ക്രീം നീട്ടി. മനസ്സിത്രയും സന്തോഷിച്ച നിമിഷങ്ങൾ മുന്പുണ്ടായിട്ടില്ലെന്നു തോന്നി. ഐസ്ക്രീം വാങ്ങി കുടിച്ചു ഞാൻ വീണ്ടുമോടി.
മണൽത്തട്ടിൽ മുട്ടുകുത്തി നിന്ന് മണൽ വാരിയെറിഞ്ഞു. ഷാരൂഖാൻ ഒരു സിനിമയിൽ പറഞ്ഞ പോലെ തിരമാലകളോടൊപ്പം കബഡി കളിച്ചു. ഓരോ തിരയും എനിക്ക് പ്രിയപ്പെട്ട ചിപ്പികൾ തന്നു. ഞാനവയെല്ലാം ആർത്തിയോടെ പെറുക്കിക്കൂട്ടി. പെട്ടെന്ന് സൂര്യന്റെ വെയിൽ കണ്ണിലേക്കടിച്ചു. മുഖം കൈ കൊണ്ട് മറച്ചു ഞാൻ പിറകിലേക്ക് നോക്കി.
ഞാൻ, എന്റെ നിഴൽ!!
പെട്ടെന്ന് മറുവശത്തു നിന്നും ഒരു കൂട്ടം നിഴലുകളുടെ സുനാമി തിര വന്നെന്നെ മുക്കി. ശ്വാസം കിട്ടുന്നില്ല. ഞാൻ പിടഞ്ഞു. തിര മൂക്കിലേക്ക് കയറി, അവസാന ശ്വാസം വലിക്കുന്നത് പോലെ എനിക്ക് തോന്നി.
ഞാൻ ഞെട്ടിയെണീറ്റു!!!!
ഹോ !!! മുഴുവൻ വിയർത്തു കുളിച്ചു. ഫോണെടുത്തു, മക്കളുടെ ഫോട്ടോയുള്ള വോൾപേപ്പറിൽ സമയം 4.37. അലാറം അടിക്കാൻ ഇനിയും ഒരു മണിക്കൂർ കൂടെ.എഴുന്നേൽക്കണോ വേണ്ടയോ എന്നാലോചിക്കുന്നതിനിടയിൽ മോന്റെ കാൽ വന്നു ദേഹത്തേക്ക് വീണു. മെല്ലെ അവനെ തിരിച്ചു കിടത്തി ഞാൻ എഴുന്നേറ്റു കുറച്ച വെള്ളം കുടിച്ചു. തലക്ക് ആകെ ഭാരം. ഒരു ചായ കുടിച്ചേക്കാമെന്നു കരുതി നേരെ അടുക്കളയിലേക്കു വിട്ടു ചായ ഇട്ടു കുടിച്ചു.
വീണ്ടും ഒരു വർക്കിങ് ഡേയിലെ റ്റുടു ലിസ്റ്റുകൾ എന്റെ മുന്നിൽ നിരന്നു. സമയം സൂപ്പർഫാസ്റ്റു പോലെ പോയി. ഇപ്പോൾ 8.30 മാണി. തോമസും മക്കളും പോകാൻ റെഡിയായി. കൂട്ടത്തിലെപ്പോഴോ ഞാനും. കാറിൽ കയറി, മക്കളെ സ്‌കൂളിൽ വിട്ട ശേഷം എന്നെ ബസ്റ്റോപ്പിൽ വിടാൻ ഞാൻ പറഞ്ഞു. എന്തിനാ ഏതിനാ എന്നൊക്കെ ചോദ്യങ്ങൾ വന്നു. ഒരു ക്ലൈന്റിനെ കാണണമെന്ന് മാത്രം പറഞ്ഞു, വ്യക്തമല്ലാത്ത ഉത്തരങ്ങൾ ഭർത്താക്കന്മാരെ ചൊടിപ്പിക്കുമെന്നോ മറ്റോ ഒരു ചൊല്ലില്ലേ? ഉണ്ടോ? ഇല്ലേ? ആഹ് എന്നാലുണ്ട്..
ഞാനാ ബസ്റ്റോപ്പിലിറങ്ങി. കുറച്ചു നേരം വന്നതും പോയതുമായ ബസുകൾ നോക്കി. പിന്നെ ഫോണെടുത്തു വാട്സാപ്പ് ഓപ്പൺ ചെയ്തു, "ഞാനിന്നു കോടതിയിലേക്കില്ല, ഡീറ്റെയിൽസ് എല്ലാം വർഷക്ക് മെയിൽ അയച്ചിട്ടുണ്ടെന്നു" വർക്കി സാറിന് മെസ്സേജ് അയച്ചു. രണ്ടു ടിക്ക് വീണത് കണ്ടതും ഫോൺ ഓഫ് ചെയ്തു ബാഗിലിട്ടു. ഒരു KSRTC ബസ് എന്നെ ലക്ഷമാക്കി വന്നു. കന്യാകുമാരി ബോർഡ്. ഒന്നും ആലോചിച്ചില്ല അതിൽ കയറി. വിൻഡോ സീറ്റുകളിലേതിലെങ്കിലും ഒരു സ്‌ത്രീയുണ്ടോയെന്നു ഞാൻ നോക്കി. ഒന്നിലുമില്ല. ബസിന്റെ മധ്യഭാഗത്തുള്ള വിൻഡോ സീറ്റിൽ ഞാനിടം പിടിച്ചു. അവസാന സ്റ്റോപ്പിലേക്ക് ടിക്കറ്റ് എടുത്തു.
ബാഗിൽ നിന്ന് വെള്ളമെടുത്തു കുടിച്ചു. കോളേജ് കാലത്തിനു ശേഷം ബസിൽ കയറിയ കാലം മറന്നു. നഗരങ്ങളുടെയും ചെറിയ കവലകളുടെയും ശ്വാസം എന്നെ തട്ടി പിറകിലേക്ക് പോയി. ഇതുവരെ അനുഭവിക്കാത്ത ഒരു തരാം ഉണർവ് മനസ്സിന് അനുഭവപ്പെട്ടു. എനിക്ക് വേണ്ടിയൊരു യാത്ര. ചിന്തകളോരോന്നും ജനൽ കാഴ്ചകളായി പിറകിലേക്ക് മായുന്നു. മുന്നിലേക്ക് നോക്കിയാൽ വേഗത്തിലോടുന്ന എന്റെ നിഴൽ കാണാം. അതിനു പിറകെ ഞാനും പോവുകയാണ്. കന്യാകുമാരിയിലേക്ക്...
മിഡിൽ ലൈഫ് ക്രൈസിസിലൂടെ കടന്നു പോകുന്ന നമ്മളോരോരുത്തർക്കും ഇങ്ങനൊരു യാത്ര അനിവാര്യമാണ്. മറ്റെല്ലാ നിഴലുകളെയും പിന്നിലാക്കി സ്വന്തം നിഴൽ തേടിയുള്ള യാത്ര