Nithin Eldho Abraham
Fakeeh Technologies Trivandum
ഒരു ഫിലോസോഫിയും കുറച്ചു സിംബോളിസവും
ഇതൊരു കഥയല്ല. കഴിവില്ലാത്ത ഒരു കഥാകാരന്റെ ഒരാഴ്ച നീണ്ടു നിന്ന ആത്മവ്യഥ മാത്രമാണ്.
വർക്ക് ഫ്രം ഹോം - ഡേ 282:
"മലയാള സാഹിത്യ ചരിത്രം കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ മൂന്ന് പ്രധാന വഴി തിരിവുകൾക്കു സാക്ഷ്യം വഹിക്കുന്നു,
ഒന്ന് കാല്പനിക കാലഘട്ടം അഥവാ റോമാന്റിസിസം,
രണ്ട ആധുനികം അഥവാ.. "
"മതി മതി. ചരിത്രം വേണ്ട. ഒരു ചെറു കഥ ഒപ്പിക്കാനുള്ളത് അതിലുണ്ടോ എന്ന് നോക്കിയാൽ മതി."
"കുറേ ഗൂഗിൾ ചെയ്തു ഒപ്പിച്ചതാ. ചെറുകഥ കൂടെ നോക്കാം.. ആ കിട്ടി ചെറുകഥ പ്രസ്ഥാനം.. ബഷീർ, ഒ വി വിജയൻ, വി കെ എൻ, എൻ എസ് മാധവൻ"
"ന്യൂ ജെൻ ആരെങ്കിലും മതി ഇതൊക്കെ ഔട്ട് ഡേറ്റഡ് ആയി!"
"ന്യൂ ജെൻ ആണെങ്കിൽ സുഭാഷ് ചന്ദ്രൻ, ഇന്ദുഗോപൻ, വി ജെ ജെയിംസ്, സന്തോഷ് ഏച്ചിക്കാനം"
"ആരെയും കേട്ടിട്ട് പോലും ഇല്ല, പിന്നെ പുസ്തകങ്ങളുടെ കാര്യം പറയണോ ?"
"ഓരോരുത്തരുടേയും പുസ്തകങ്ങൾ പി ഡി എഫ് ഡൌൺലോഡ് ചെയ്തു വെയ്ക്കാം. അതിൽ കൊള്ളാവുന്ന ഒരെണ്ണം എടുത്തു അതുപോലെ ഒരെണ്ണം ഇറക്കാം."
"എയ് അത് വേണ്ട .അത് നമ്മുടെ എത്തിക്‌സിനു ചേരില്ല!"
"ഓ ശരി. അല്ലെങ്കിലും ഒരു ചെറു കഥ എഴുതാൻ അത്ര വായനയുടെ കാര്യം ഒന്നും ഇല്ല. കാലിക പ്രസക്തിയുള്ള ഒരു തീം അതിൽ കുറച്ചു ഫിലോസഫി പിന്നെ കുറച്ചു സിമ്പോളിസം അവസാനം ഒരു മെസ്സേജ്. പ്രൈസ് ഉറപ്പാ!.
"ഓക്കേ എന്നാൽ ഇപ്പോൾ തന്നെ പണി തുടങ്ങിയേക്കാം"
"അപ്പോൾ ആഖ്യാനം എങ്ങനെ ?"
"എന്ന് വെച്ചാൽ?"
"നറേഷൻ എങ്ങനെ ആണെന്ന്?"
"ഓ അത് നാടകീയ സ്വഗതാഖ്യാനം മതി"
"എന്ന് വെച്ചാൽ?"
"എന്ന് വെച്ചാൽ ഇതുതന്നെ. soliloquy. ആത്മഗതങ്ങളിലൂടെ കഥ പറച്ചിൽ"
.......
വർക്ക് ഫ്രം ഹോം - ഡേ 283:
"ആദ്യം കാലിക പ്രസക്തിയുള്ള ഒരു തീം. അതിപ്പോൾ എങ്ങനെ കിട്ടും..നീ പത്രം വായിക്കാറില്ലല്ലോ? "
"പത്രം ഒക്കെ ഔട്ട്‍ ഡേറ്റഡ് ആയി. ട്രോള് പേജുകളിൽ #currentaffairs ടാഗ് സെർച്ച് ചെയ്തു നോക്കിയാൽ മതി എല്ലാം കിട്ടും!"
"നോക്കട്ടെ. ഫുട്ബോൾ , ഇരട്ട ചങ്കൻ , നരബലി , കഷായം, വർക്ക് ഫ്രം ഹോം.. ഇതിൽ കുറെ ഉണ്ടല്ലോ! ഏത് വേണം?"
"തിരക്ക് പിടിക്കല്ലേ!. തീം ഓർഗാനിക് ആയിട്ടു വരണം. അത് കിട്ടിയാൽ പിന്നെ എളുപ്പം അല്ലേ!."
"പിന്നെ ഒരു ഫിലോസോഫിയും കുറച്ചു സിംബോളിസവും. പണി തീർന്നു!"
.......
വർക്ക് ഫ്രം ഹോം - ഡേ 284:
"അടുത്തത്?"
"വർക്ക് ഫ്രം ഹോം"
"ഇതൊരു നല്ല തീം ആണ്. ഇത് നന്നാവും!"
"ഇത് തന്നെ അല്ലേ കഴിഞ്ഞ ഏഴു തീം എടുത്തപ്പോഴും പറഞ്ഞത്. ഒരു വരി പോലും ഇതുവരെ എഴുതിയില്ല!"
"റൈറ്റേർസ് ബ്ലോക്ക് എന്ന് കേട്ടിട്ടില്ലേ . ഒന്ന് തുടങ്ങികിട്ടിയാൽ പിന്നെ തീരുന്ന വരെ ഒറ്റ പോക്ക് ആയിരിക്കും. എന്തായാലും ഫിലോസോഫി കിട്ടിയാലോ അപ്പോൾ പിന്നെ ഇത് നടക്കും"
........
വർക്ക് ഫ്രം ഹോം - ഡേ 285:
"എന്നെപോലെ സാധാരണ ഒരു ഐ ടി തൊഴിലാളി വെള്ളിയാഴ്ചകളിൽ പണി എടുക്കാറില്ല . ഫ്രൈഡേ ഈസ് ദി ഡേ ഓഫ് പ്രൊക്രാസ്റ്റിനേഷൻ എന്നാണ് എന്റെ തന്നെ മഹത് വചനം."
.........
വർക്ക് ഫ്രം ഹോം - ഡേ 286:
നാടകീയ സ്വഗതാഖ്യാനം അവസാനിപ്പിക്കുവാൻ അവൻ തീരുമാനിച്ചു. അവനു "ഞാൻ" എന്ന് എഴുതി മടുത്തിരിക്കുന്നു . ഇനി "ഞാൻ" ഇല്ല "അവൻ" മാത്രം.
എങ്കിലും നോട്ട്പാഡ് ഇപ്പോഴും ശൂന്യമായി ഇരുന്നു , ഒരു വരി പോലും ഇല്ലാതെ. എഴുതിയതൊക്കെ അവൻ backspace അടിച്ചു കളഞ്ഞിരുന്നു. അവന്റെ പ്രതീക്ഷകളുടെ അമിത ഭാരം താങ്ങാൻ ഉള്ള കെൽപൊന്നും ആ എഴുതിയവയ്ക്ക് ഇല്ലായിരുന്നു.
പെട്ടെന്ന് ഒരു ഇമെയിൽ നോട്ടിഫിക്കേഷൻ. ചെറു കഥ എൻട്രികൾ വന്നു തുടങ്ങിയിരിക്കുന്നു.
ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടിരുന്ന കഥകൾ . ഐ ടി വർക്ക് ഫ്രം ഹോം അനുഭവങ്ങൾ , നാടിന്റെ അന്ധവിശ്വാസങ്ങളും ആചാരങ്ങളും , പ്രകൃതിരമണീയതയുടെ തട്ടി കൂട്ടു കഥകൾ.
ഇതിലും നന്നായി എഴുതാൻ സാധിക്കും എന്നവന് അറിയാം. അറിയാം എന്നല്ല ഉറപ്പാണ് . ആത്മവിശ്വാസത്തിൽ തുടങ്ങി അമിത വിശ്വാസവും കടന്നു പുച്ഛത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ അവൻ എത്തി നിന്നു.
കണ്ണിൽ കണ്ട ആദ്യത്തെ ചെറുകഥ അവൻ വായിച്ചു തുടങ്ങി, തീർക്കാനല്ല!.
"കിഴക്കൻ മലകളെ പിൻപറ്റി സൂര്യൻ യാത്ര ആരംഭിച്ചു. ജനാലക്കിപ്പുറം ആ കാഴ്ച നോക്കി നിന്ന അവളുടെ അരികിലേക്ക് ഒരു തണുത്ത ശീതക്കാറ്റ് വീശി വന്നു . സ്വപ്നങ്ങളും പ്രതീക്ഷകളും മരിച്ച അവളുടെ ശരീരം മരവിച്ചത് അവൾ കാര്യമാക്കിയില്ല . ഒരുപക്ഷെ അന്ന് അവളെ അറിയാൻ ശ്രമിച്ചത് ആ കാറ്റു മാത്രമായിരിക്കും. മൂകമായ ആ ശീതകാറ്റ് മാത്രം!"
"മതി വെറും കാല്പനിക പൈങ്കിളി!"
വീണ്ടും ഒരെണ്ണം കൂടെ എടുത്തു ആദ്യ വരി വായിച്ചു.
"തണുത്തുറച്ച ശരീരം പട്ടടയിൽ അഗ്നി വിഴുങ്ങുമ്പോൾ,
കത്തിയമർന്നു പുകമറ വായു വരവേൽക്കുമ്പോൾ,
പിനീട് അത് ആകാശം കൈ നീട്ടി സ്വീകരിക്കുമ്പോൾ,
ബാക്കി വന്ന ഒരു പിടി ചാരം ഭൂമി ഏറ്റുവാങ്ങുമ്പോൾ,
ഒടുവിലെ അസ്ഥികൾ ചിതാഭസ്മമായി ഭാരതപ്പുഴയിൽ ലയ്ക്കുമ്പോൾ ,
മനുഷ്യൻ അറിയുന്നു പ്രകൃതി നിയന്ത്രിക്കുന്ന പഞ്ചഭൂതത്തെ,
ജീവനോടെ അല്ലെങ്കിലും!"
ഒരു നിമിഷം, മറന്നു തുടങ്ങിയ ഏതോ ഓർമ്മകൾ തിരിച്ചു വരുന്ന പോലെ.
പെട്ടെന്ന്.
"തനി സംഘി! ഇതിലും നന്നായി എഴുതി കാണിച്ചു കൊടുക്കണം!"
...
വർക്ക് ഫ്രം ഹോം - ഡേ 287:
ഒരു കഥ എഴുതണം എന്ന ആഗ്രഹം അവൻ ഉപേക്ഷിച്ചു. വേണ്ട കഥ വേണ്ട ഒരു വരി എങ്കിലും എഴുതണം. അവന്റെ ഈഗോയ്ക്ക് അതെങ്കിലും വേണമായിരുന്നു.
പക്ഷെ ആ വരി?. എന്തായാലും ഒരു ഫിലോസോഫി വേണം പറ്റുമെങ്കിൽ കുറച്ചു സിംബോളിസവും. ഒരു വരി എങ്കിലും!!
......
വർക്ക് ഫ്രം ഹോം - ഡേ 288:
ഒരു വാക്ക് പോലും ഇല്ലാതെ അവന്റെ നോട്ട്പാഡ് തുറന്നു തന്നെയിരുന്നു . അല്ലെങ്കിൽ ഒരു വരി വേണ്ട. ലോകത്തിലെ മഹത്തായ പല ഫിലോസോഫികളും ഒരു വാക്കിൽ ഉള്കൊള്ളുന്നവയാണ് . അതെ ഒരു വാക്ക് മതി. ലോകത്തിലെ എല്ലാ ഫിലോസോഫിയും എല്ലാ സയന്സും എല്ലാം എല്ലാം ഉൾകൊള്ളുന്ന ഒരു വാക്ക്. അതാണ് എന്റെ ഷോർട് സ്റ്റോറി എൻട്രി. പക്ഷെ ആ വാക്ക്??.
കാലങ്ങൾക്കു മുന്നേ അവൻ വിശ്വാസി ആയിരുന്നപ്പോൾ ഏറ്റവും ആകർഷിച്ച ഒരു വാക്ക്, മറന്നു തുടങ്ങിയ ഒരു വാക്ക് , അവന്റെ മനസ്സിലേക്ക് വീണ്ടും വന്നു . ഗുരുദേവനും അഴിക്കോടും വന്നു.
പക്ഷെ ഈ വാക്ക് അവൻ എഴുതില്ല, മത നിരാകരണം ഒരു അനുഷ്ട പോലെ പിന്തുടരുന്നത് കൊണ്ടല്ല, രണ്ടു ദിവസം മുന്നേ അവൻ ആർക്കോ ചാർത്തി കൊടുത്ത സംഘി ചാപ്പ അവന്റെ തലക്ക് മേൽ വാളായി കിടക്കുന്നത്കൊണ്ട്.
"അല്ലെങ്കിലും വസ്തുതകളെ മാത്രം കണക്കിൽ എടുക്കുന്ന , സയൻസിൽ മാത്രം വിശ്വാസം അർപ്പിക്കുന്ന ഞാൻ വെറും കഥ അല്ല എഴുതേണ്ടത്!".
തൊട്ടു അടുത്ത് തുറക്കാതെ കിടന്ന ഇമെയിൽ തലക്കെട്ടു അവൻ വായിച്ചു "പ്രബന്ധ രചന മത്സരം"
പുതിയ ഒരു ടാബ് തുറന്നു അവൻ സെർച്ച് ചെയ്തു "പ്രബന്ധ രചന കാലഘട്ടങ്ങളിലൂടെ"
..........
വർക്ക് ഫ്രം ഹോം - ഡേ 289: