RIJIRAJ.M
UL Technology Solutions
ദി ഹാപ്പിനെസ്സ് കോഡ്
അന്നൊരു വെള്ളിയാഴ്ചയായിരുന്നു തിരക്കിട്ട ജോലികളെല്ലാം തീർത്തു ഞങ്ങൾ വീട്ടിലെക്ക് തിരിച്ചു.
ഞങ്ങൾ എന്ന് പറയുമ്പോ ഞാനും വിവേകും.
2 വർഷമായി കല്യാണം കഴിഞ്ഞിട്ട് , ഇപ്പൊ ഇവിടൊരു IT കമ്പനിയിൽ ജോലി ചെയ്യുന്നു.
വല്ലാത്തൊരു ദിവസമായിരുന്നു അന്ന് തല പുകഞ്ഞ ടാസ്കുകൾ , 2 മീറ്റിംഗ് എല്ലാത്തിനും പുറമേ സമയം തെറ്റി വന്ന പിരീഡ്‌സും.
കാറിലെ മുൻസീറ്റിൽ ചാരിയിരുന്ന ഞാൻ എപ്പഴോ ഉറങ്ങി പോയിരുന്നു...
വിൻഡോ ഗ്ലാസിൽ ആരോ മുട്ടിയത് വലിയൊരു മുഴക്കത്തിൽ ന്റെ ചെവിയിൽ പതിഞ്ഞു , തുറന്ന കണ്ണുകൾക്ക് ആദ്യം കാണേണ്ടി വന്നത് മടുപ്പിക്കുന്ന നീണ്ട വരിയിൽ കാത്തു കിടക്കുന്ന വാഹനങ്ങളാണ്, ഗ്ലാസിൽ മുട്ടിയ തിളങ്ങുന്ന കണ്ണുകളുള്ള കൊച്ചു കുട്ടി ട്രാഫിക്കിൽ ചെറിയ കച്ചവടം നടത്തുന്നവരുടെ കൂടെയുള്ളതാണ്, അവൾ വെച്ച് നീട്ടിയ വർണ ബലൂൺ ഞാൻ പത്ത് രൂപ കൊടുത്തു വേടിച്ചു , ചെറിയ ചിരിയും പാസാക്കി അവൾ നടന്നകന്നു...
തുറന്ന ഗ്ലാസ്സിനകത്തേക്ക് തിങ്ങി നിന്ന ശബ്ദ കോലാഹലങ്ങൾ കേറി വന്നു , പാതി മിഴിഞ്ഞ കണ്ണുകളിലേക്ക് ബ്രേക്ക് ലൈറ്റുകളുടെ ചുവന്ന വെളിച്ചം ചൂഴ്ന്നിറങ്ങി, നിർത്തിയിട്ട സ്കൂട്ടറിന്റെ പിന്നിൽ അമ്മയോട് ചേർന്നിരുന്ന കൊച്ചു സുന്ദരി എന്നെ തന്നെ നോക്കിയിരുന്നു....
വിവേക് : നല്ല തിരക്കാണ് , എപ്പഴാണാവോ ഒന്ന് ഫ്രീ ആയി കിട്ടാ... നീ ഓക്കേ അല്ലെ ?
മനസ്സ് മടുപ്പിക്കുന്ന ട്രാഫിക് ബ്ലോക്കിൽ കിടക്കുമ്പോഴും അവൻ എന്റെ അസ്വസ്ഥതകളെ പറ്റി ചോദിക്കാൻ മറന്നിരുന്നില്ല.
വൈകാതെ ഞങ്ങൾ അപ്പാർട്മെന്റിലെത്തി പാർക്കിങ്ങിൽ വണ്ടിയൊതുക്കി സെക്യൂരിറ്റി ചേട്ടനൊരു ഹായ് പറഞ്ഞു ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു.. ” Lift Under Maintenance, Use Stairs “ എന്നെഴുതി വെച്ച മഞ്ഞ ബോർഡ് ,
നീണ്ട കോഡിൽ ഒളിഞ്ഞു കിടന്ന 404 ഫാറ്റാൽ error പോലെ തോന്നി.
സാരല്ല... ദേഷ്യം. ആവണ്ട എന്ന രീതിയിലൊരു നോട്ടം തന്ന് അവൻ എന്നെയും തള്ളി കോണിപ്പടികൾ കേറി മുകളിലെത്തി...
ഡോറിന് മുന്നിലെത്തി കീ എടുക്കാനായി തിരഞ്ഞ ഹാൻഡ്ബാഗ് കാറിന്റെ ബാക്ക്സീറ്റിരിപ്പുണ്ട്, തിളച്ചു കേറിയ ദേഷ്യത്തിൽ തലയിൽ കൈ വെച്ച് ഞാൻ മുകലിലൊട്ട് നോക്കി.
ചെറിയ ചിരിയോടെ എന്റെ തോളിൽ തട്ടി അവൻ ബാഗ് എടുക്കാനായി താഴോട്ട് തന്നെ നടന്നു.
നിസ്സഹായമായ ന്റെ കണ്ണുകൾ ദേഷ്യവും, സങ്കടവും കുമിഞ്ഞു കൂടിയപ്പോൾ കണ്ണീരിനാൽ നിറഞ്ഞിരുന്നു, അനിയത്രിതമായ ചിന്തകൾ കൂടുതൽ വേട്ടയാടിക്കൊണ്ടേയിരുന്നു.
അകത്തു കേറി ഫ്രിഡ്ജിൽന്ന് അര കുപ്പി വെള്ളവും കുടിച്ചു കുറച്ചു നേരം ഒന്നും മിണ്ടാണ്ട് സോഫയിൽ തന്നെ ഇരുന്നു , മുഷിപ്പ് മാറ്റാനായി നേരെ കുളിക്കാനായി നടന്നു, ഷവറും തുറന്ന് ന്തൊക്കെയോ ആലോചിച്ചു തല തണുക്കുവോളം അവിടെ തന്നെ നിന്നു.
കുളിച്ചു തലയും തോർത്തി പുറത്ത് വന്നപ്പോ എനിക്ക് അവൻ വെച്ച് നീട്ടിയ ആവി പറക്കുന്ന കോഫിക്ക് വലിയ സ്നേഹത്തിന്റെ മധുരമായിരുന്നു.
ബാൽകണിയിൽ ഞങ്ങൾ കോഫിയും കുടിച്ചൊരുപാട് നേരം സംസാരിച്ചോണ്ടിരുന്നു. പൊടിഞ്ഞിറങ്ങിയ ചാറ്റൽ മഴയിൽ അവിടം ചെറുതായൊന്ന് തണുത്തു, പതിഞ്ഞു വീശിയ തെന്നൽ അവന്റെ മുഖത്തും, മുടിയിലും തലോടി വീശിയൊഴിഞ്ഞു... എന്നെ മാത്രം നോക്കി നിന്ന ആ കണ്ണുകളിൽ അഗാധമായ സ്നേഹം എനിക്ക് കാണാം.
അവൻറെ കൈയും പിടിച്ചു ഞാൻ വിദൂരദയിലേക്ക് കണ്ണുകളയച്ചു... ഉയർന്നു നില്ക്കുന്ന വലിയ കെട്ടിടങ്ങൾ , നിർത്താതെയോടുന്ന വാഹങ്ങളുടെ പൊടി വെളിച്ചം... കണ്ടുമടുത്ത കാഴ്ച്ചകൾ.
" ഡാ നമുക്ക് അമ്മടെ വീട്ടിലേക്ക് ഒന്ന് പോയാലോ ? ഒറ്റപ്പാലത്തിക്ക് !
"ഓ പോവാലോ , നാളെ തന്നെ പോവാം, എവിടേലും പോയാലോ ന്ന് ഞാനും മനസ്സിൽ വിചാരിച്ചിരുന്നു"
എന്തിനാ, ഏതിനാ എന്നൊന്നും അവൻ എന്നോട് ചോദിച്ചില്ല, ഈ തിരക്കിൽ നിന്നും ഒരു മാറ്റം ഞാൻ ആഗ്രഹിക്കുന്നുണ്ടെന്ന് എന്നെക്കാൾ കൂടുതൽ അവനറിയാം...
ഓർഡർ ചെയ്ത ഫുഡും കഴിച്ചു, വേണ്ടതെല്ലാം ബാഗിൽ എടുത്തു വെച്ച് ഉറങ്ങാൻ കിടന്നു.
രാവിലെ നേരം വൈകാതെ തന്നെ ഞങ്ങൾ പാലക്കാട്ടേക്ക് യാത്ര തിരിച്ചു, ഈ തിരക്കിനിടയിൽ നിന്നൊരു ചെറിയ മാറ്റം അനിവാര്യമായിരുന്നു.
റോഡിൽ വാഹനങ്ങൾ കുറവാണ് , ഇടതിങ്ങിയ പട്ടണത്തിലെ ശബ്ദ കോലാഹലങ്ങൾ ഒന്നും കേൾക്കാനില്ല , നോക്കെത്താ ദൂരം വലിയ വയൽ ശേഖരങ്ങൾ കാണാം. വലിയ കെട്ടിടങ്ങളില്ല , വയലുകൾക്ക് നടുവിൽ നിവർന്നു നിൽക്കണ കരിമ്പനകൾ കാണാം,ആകാശം മുട്ടെ പരന്നു കിടക്കണ മലനിരകളും...
വീടിന്റെ മുറ്റത്തേക്ക് കാർ കേറില്ല പടിപ്പുരക്കടുത്ത് വണ്ടിയൊതുക്കി ഞങ്ങൾ അകത്തേക്ക് നടന്നടുത്തു. ഉമ്മറത്തെ ചാരി കസേരയിലിരുന്ന് നെറ്റിയിൽ കൈയും വെച്ച് ഞങ്ങളെയും നോക്കാണ് മുത്തശ്ശൻ , അടുത്തെത്തിയപ്പോഴാണ് ഞങ്ങളെ മനസിലായത്. അപ്പോഴേക്കും അമ്മമ്മയും കോലായിലെത്തിയിരുന്നു, പ്രതീക്ഷിക്കാതെയുള്ള ഞങ്ങളുടെ വരവ് അവരുടെ സന്തോഷം ഇരട്ടിയാക്കി, ചിരിച്ചോണ്ടിരുന്ന അവരുടെ മുഖത്ത് ന്തോ ഒരു വെളിച്ചം ഞാൻ കണ്ടു.
ഉച്ചയൂണും കഴിഞ്ഞു വെയിലൊതുങ്ങിയപ്പോൾ ഞങ്ങൾ പുറത്തേക്കിറങ്ങി, ഞാൻ ചുറ്റും നോക്കി... വർഷമിത്ര കഴിഞ്ഞിട്ടും ഇവിടം വലിയ മാറ്റങ്ങളൊന്നുമില്ല. മുറ്റത്തെ തുളസി തറയും, മൂവാണ്ടൻ മാവും, തൊടിയിലെ മരങ്ങളും, തൊഴുത്തും പശുക്കളും , എല്ലാം അതുപോലെ തന്നെയുണ്ട്...
പടിപ്പുര കടന്ന് എന്നെയും തേടി വന്നു കുഞ്ഞു തെന്നൽ ജീവിതത്തിന്റെ ഏറ്റവും മനോഹരമായ ബാല്യകാലത്തേക്ക് എന്നെ കൈപിടിച്ചു..
മൂവാണ്ടൻ മാവിന്റെ കൊമ്പിൽ തൂങ്ങിയാടുന്ന ഊഞ്ഞാലായിലെ 5 വയസ്സുകാരിയുടെ ചിരി എനിക്ക് മാത്രം കേൾക്കാം, എന്നെയും വിളിച്ചവൾ പടിപ്പുരയിലേക്കോടി ,യാന്ത്രികമായി കൂടെ ഞാനും...
വീടിനു പുറത്തായി പരന്നു കിടക്കുന്ന വയൽ പച്ചപ്പണിഞ്ഞു അതിമനോഹരമായിരുന്നു, മുറുക്കി ചോപ്പിച്ച ചുണ്ടിൽ നെൽകതിരുമായി ഒരു പച്ചതത്ത എങ്ങോട്ടോ പറന്നകന്നു.
അവൻറെ കൈയും പിടിച്ചു വരമ്പത്തൂടെ ഞങ്ങൾ നടന്നു, പണ്ട് അച്ഛന്റെ കൂടെ ഉത്സവം കാണാൻ പോയതെല്ലാം മനസ്സിൽ മിന്നിമറഞ്ഞു,
അച്ഛന്റെ തോളത്തിരിക്കുന്ന ആ അഞ്ചു വയസുകാരിയെ എനിക്കിപ്പോഴും മനസ്സിൽ തെളിഞ്ഞു കാണാം.
വരമ്പിനപ്പുറം നിവർന്നു നിന്ന ആൽമരം ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. ആൽത്തറയിൽ എത്രം നേരം വേണമെങ്കിലും മടുപ്പിലാണ്ട് ഇരിക്കാം, സന്ധ്യ മയങ്ങും വരെ ഞങ്ങൾ കഥകൾ പറഞ്ഞിരുന്നു.
ഇരുട്ട് മറയുന്നതിനെ മുന്നേ ഞങ്ങൾ വീട്ടിലെത്തി, ഉമ്മറത്തെ ചെറിയ വെളിച്ചത്തിൽ കാലും നീട്ടിയിരുന്ന് രാമായണം വായിക്കാണ് മുത്തശ്ശി, ചാരുകസേരയിലിരുന്നു എന്തോ വലിയ ആലോചനയിലാണ് കാർനോർ...
പാടത്ത് റാന്തൽ വിളക്കും പിടിച്ചു ആരൊക്കെയോ മീൻ പിടിക്കാൻ ഇറങ്ങീട്ടുണ്ട്, അവരുടെ വലിയ കൂക്കു വിളികൾ ഇവിടെ കേൾക്കാം. തെങ്ങിനിടയിലൂടെ ഒളിച്ചു നോക്കിയ പൂർണചന്ദ്രന്റെ നിലാവെളിച്ചം അവിടം കൂടുതൽ മനോഹരമാക്കി. സംസാരത്തിനിടയിൽ ഞാൻ അവനെ തന്നെ നോക്കിയിരുന്നു, ജീവിതത്തിൽ വെളിച്ചമായി എന്നും കൂടെ നിന്ന് ചേർത്ത് പിടിച്ചതിനു സ്നേഹമല്ലാതെ മറിച്ചൊന്നും തിരിച്ചു കൊടുക്കാനില്ലെന്ന തിരിച്ചറിവോടെ.
ഇത്രയും സമാധാനത്തിലും, സന്തോഷത്തിലും അടുത്തൊന്നും ഉറങ്ങാൻ കിടന്നിട്ടില്ല എന്നത് രണ്ട് പേരുടെയും ചിരിയിൽ വ്യക്തമായിരുന്നു.
രാവിലെ ഉറക്കമുണർന്നപ്പോൾ നെഞ്ചിലെ വലിയ ഭാരങ്ങളെല്ലാം കാറ്റിൽ എവിടെയോ പറന്നകന്നപോൽ തോന്നി.
ഉള്ളിൽ സങ്കടമുണ്ടെങ്കിലും നിറഞ്ഞ ചിരിയോടു കൂടിയാണ് അവർ ഞങ്ങളെ യാത്രയാക്കിയത്, പടിപ്പുരക്കൽ നിന്ന് കൈ വീശി യാത്ര പറയുമ്പോൾ പട്ടുപാവാടയിട്ട 5 വയസ്സുകാരി എന്നെ മാത്രം നോക്കി ചിരിക്കുന്നുണ്ടായിരുന്നു , എന്റെ കണ്ണുകൾ നിറഞ്ഞത് സന്തോഷം കൊണ്ടായിരിക്കാം..
ചെറിയ ജീവിതത്തിലെ വലിയ തിരിച്ചറിവുകളാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്.
നിന്റെ സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും ഉത്തരം നിന്നിൽ തന്നെയാണ്, ' ദി ഹാപ്പിനെസ്സ് കോഡ് '