Skip to main content
Srishti-2022   >>  Short Story - Malayalam   >>  നസീമ

നസീമ

നസീമ ആദ്യമായി ആൻഫ്രാങ്കിന്റെ കഥ കേൾക്കുന്നത് തൻറെ ഉപ്പൂപ്പയിൽ നിന്നാണ് . അബു എന്നാണ് അവൾ ഉപ്പൂപ്പയെ സ്നേഹപൂർവ്വം വിളിച്ചിരുന്നത്. വാഹിദിലെ ജോലിത്തിരക്കുകളിൽ ഉപ്പയും ഉമ്മയും മുഴുകുമ്പോൾ അവൾക്ക് കൂട്ടായി എന്നും അബുവാണ് ഉണ്ടായിരുന്നത്.

ആൻഫ്രാങ്കിന്റെ കഥ അബു പറഞ്ഞത് മുതൽ അവളുടെ കുഞ്ഞു മനസ്സിൽ ഏറെ വിഷമിപ്പിച്ച കാര്യം ഇത്രെയൊക്കെ ത്യാഗം സഹിച്ചിട്ടും ആനിന്‌ രക്ഷപ്പെടാനായില്ലല്ലോ ? 'അബു ആനിനെ രക്ഷപെടുത്താൻ കഴിയുമോ?' കൊണ്ടു വരുമല്ലോ ...ഉപ്പൂപ്പ കഥകൾ പറയാറില്ലേ അതുപോലെ ആനിനെ മോളുടെ കഥകളിലൂടെ കൊണ്ട് വന്നു കൂടെ. ഉപ്പൂപ്പയുടെ വാക്കുകൾ കേട്ട നസീമ തന്റെ കുഞ്ഞിപെൻസിലും ബുക്കുമെടുത്ത് ആനിനെ വേണ്ടി എഴുതിത്തുടങ്ങിയത്. '' ആൻ ഒളിച്ചിരുന്ന സ്ഥലം ആര്യന്മാർ കണ്ടെത്തി എന്നാൽ അവർക്ക് പിടികൊടുക്കുന്നതിന് മുൻപേ ആൻ വാനിലേക്കുയർന്നു. അതിനു കാരണം കുഞ്ഞു നസീമ അവൾക്കൊരു ചിറക് നൽകിയിരുന്നു. ആ ചിറക് വിടർത്തി അവൾ രക്ഷപ്പെടുകയായിരുന്നു.

അബുവിൻറെ പക്കൽ അവൾ എഴുതിയ കഥയുമായി ഓടിച്ചെന്ന് ഇങ്ങനെ പറഞ്ഞു അബു ആൻ രക്ഷപ്പെട്ടല്ലോ...അവൾ ചിറകു വിടർത്തി മാലാഖയെപ്പോലെ ഉയർന്നു പൊങ്ങി. അതു കേട്ട് അബു വാത്സല്യത്തോടെ അവളുടെ തലയിൽ തലോടിക്കൊണ്ട് ചോദിച്ചു...ആൻ രക്ഷപ്പെട്ടാൽ മതിയോ ബാക്കിയുള്ളവരെ രക്ഷപ്പെടുത്തേണ്ട? ''അയ്യോ അബു അത് ഞാൻ മറന്നു പോയി ''.

അബു ഞാൻ ബാക്കിയുള്ളവരെ കൂടി രക്ഷപ്പെടുത്തിയിട്ട് ഇപ്പോൾ വരാം . അവളുടെ നിഷ്കളങ്കമായ സംസാരം കേട്ട് അബു പുഞ്ചിരിച്ചു. അവൾ വീണ്ടും എഴുതിത്തുടങ്ങി. തൻറെ ചിറകുമായി ആൻ ജർമ്മൻ വീഥികളിലൂടെ ഉയർന്ന് പൊങ്ങുന്നത് ജർമ്മൻ ജനങ്ങൾ അത്ഭുതത്തോടെ വീക്ഷിച്ചു. അവൾക്കെതിരെ ആക്രോശിച്ചെടുക്കുന്ന ആര്യന്മാർക്ക് നേരെ അവളൊരു പ്രകാശം പുറപ്പെടുവിക്കുന്നു. ആ പ്രകാശമേറ്റ് ആര്യന്മാർ കുറച്ചു നേരത്തേക്ക് അനങ്ങാതാവുന്നു. പിന്നീട് അവർ പെട്ടന്ന് ആനിനോടൊപ്പം നീങ്ങുന്നു. അത് വരെ ഹിറ്റ്ലറിന് ജയിവിളിച്ചവർ മനുഷ്യർക്ക് വേണ്ടി ജയി വിളിച്ചു .'നിനക്ക് അങ്ങനെ തന്നെ വേണം ഹിറ്റ്‌ലർ ' കുഞ്ഞു നസീമ മനസ്സിൽ പറഞ്ഞു.

അവരെല്ലാവരും ഒത്തൊരുമിച്ച്‌ നീങ്ങിയത് കോൺസെൻട്രേഷൻ ക്യാംപിലേക്ക് ആയിരുന്നു. തന്നെപ്പോലെ ദുരിതം അനുഭവിച്ച മറ്റുള്ളവരെ കൂടി രക്ഷപ്പെടുത്തുക അതാണ് ആനിന്റെ ലക്‌ഷ്യം. അവളൊരു കുഞ്ഞു മാലാഖയെപ്പോലെ നടന്നു നീങ്ങി അവരോരുത്തരെയും ഒരു മാന്ത്രികനെപ്പോലെ വാനിലേക്ക് എടുത്തുയർത്തി ക്യാപിനെ വെളിയിൽ എത്തിച്ചു. നിറമിഴികളോടെ ആനിനെ നന്ദി പറഞ്ഞ് അവർ ആനിനൊപ്പം നടന്നു നീങ്ങി. 'അബു ആൻ എല്ലാവരേയും രക്ഷപ്പെടുത്തി' നസീ അപ്പോൾ ഹിറ്റ്ലറെ ഒന്നും ചെയ്യുന്നില്ലേ? 'അയ്യോ ഹിറ്റ്‌ലറെ ഒരു പാഠം പഠിപ്പിക്കണം'. അതു പറഞ്ഞ് നസീമ വീണ്ടും എഴുതിത്തുടങ്ങി.

ക്യാംപിലെ തടവുകാരുമായി ആൻ നീങ്ങാൻ തുടങ്ങിയപ്പോൾ ഹിറ്റ്‌ലർ തന്റെ സർവ്വ സന്നാഹങ്ങളുമായി ആനിനെ തടയാൻ വന്നപ്പോൾ ആ തോക്കുകളും പടയാളികളും ആൻ കയ്യുയർത്തിയപ്പോൾ നിശ്ചലമായി നിന്നു. ആൻ ഹിറ്റ്‌ലറെ പതുക്കെ കൈയ്യുയർത്തി ഹിറ്റ്ലറുടെ കുട്ടിക്കാലത്തെ ദുരിതജീവിതം മായിച്ചു കളയുന്നു. എന്നിട്ട് പതിയെ തലയുയർത്താൻ ആൻ ഹിറ്റ്ലറോട് പറയുന്നു. 'നീ ചെയ്തത് എന്തെന്ന് നീ ഓർക്കുന്നുണ്ടോ?' ഹിറ്റ്ലറിൻറെ മിഴികൾ പതിയെ നനയുന്നുണ്ടായിരുന്നു. കൊല്ലണോ ഹിറ്റ്‌ലറെ...നസീമയുടെ കുഞ്ഞു മനസ്സ് ചിന്തിച്ചു. വേണ്ട അത് പാപമാണ് അവൾ സ്വയം പറഞ്ഞു' ...

മോളെ ....അബുവിൻറെ നീട്ടിയുള്ള വിളിയിൽ ഞെട്ടൽ ഒഴിവാകും മുൻപേ അവളെ വാരിപ്പുണർന്ന് നെഞ്ചോട് ചേർത്തിരുന്നു. 'അബു എന്ത് പറ്റി?' കാലാപകാരികൾ ഇങ്ങെത്തി മോളെ നമുക്ക് എത്രെയും പെട്ടന്ന് പോകണം...സ്വേച്ഛാധിപത്യ രാഷ്ട്രമായ വാഹിദിൽ കലാപകാരികളും ഭരണാധികാരി ഖലീഫയും തമ്മിൽ യുദ്ധം നടക്കുന്ന സമയം ആയിരുന്നു അത്. അബു നസീമയുമായി വേഗത്തിൽ പടികൾ ഇറങ്ങിക്കൊണ്ടിരുന്നു. അപ്പോഴാണ് അത് സംഭവിച്ചത് കലാപകാരികളെ ലക്ഷ്യമാക്കി ഉതിർത്ത വെടിയുണ്ടകളേറ്റ് അബുവും കുഞ്ഞു നസീമയും പിടഞ്ഞു വീണു. അവളുടെ അരികിലായി രക്‌തത്തിൽ കുതിർന്ന കുറിപ്പിന്റെ ആദ്യഭാഗത്തിൽ ഇങ്ങനെ കൂട്ടിച്ചേർത്തിരുന്നു.'സമർപ്പണം എൻറെ ആനിനായ്'

ആ കുറിപ്പുകളും ഓർമ്മകളും ദുരിതാശ്വാസ ക്യാംപിൽ നിന്ന് നസീമയുടെ ഉപ്പയും ഉമ്മയും മാധ്യമപ്രവർത്തകനു മുന്നിൽ കണ്ണീരോടെ പറയുമ്പോൾ അവിടെയാകെ ഒരു പ്രകാശം നിറഞ്ഞിരുന്നു. ചിലപ്പോൾ നസീമയാവാം അല്ലെങ്കിൽ ആനാവാം അതുമല്ലെങ്കിൽ ആനിനു വേണ്ടി നസീമയോ നസീമയ്ക്ക് വേണ്ടി ആനോ ആവാം.

Subscribe to Sesame Software Solutions - Kozhikode