Anusree Nath
White Rabbit Group - Kochi
“മഴ കൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻ മനസ്സിൽ “..
സ്കൂൾ കാലത്തെ ഏതോ ഒരു മഴക്കാലത്ത് മനസ്സിൽ കയറി കൂടിയതാണ് ഈ വരികൾ . അതുവരെയും സമീർ ആ വരികൾ മുഴുമിപ്പിചിട്ടില്ലായിരുന്നു. ആ വരികൾ മുഴുമിപ്പിക്കാൻ ശ്രമിച്ചപ്പോഴൊക്കെ തനിക്ക് പ്രചോദനം ആകുന്ന എന്തോ ഒന്ന് ഇനിയും വരാനിരിക്കുന്ന പോലെ അവന്റെ മനസ് പറഞ്ഞു . ഓരോ മഴയിലും അവനാ വരികൾ മൂളുമായിരുന്നു. അവനു തോന്നുന്ന ഈണത്തിൽ.
അന്നും ഒരു മഴ ദിവസം. കോളേജിലെ എല്ലാവരുടെയും കണ്ണ് വെട്ടിച്ചു സിഗരറ്റ് വലിക്കുന്ന ഇടം. അവന്റെതു മാത്രമായ സ്ഥലം . . മഴ തണുപ്പിൽ നല്ല ചൂട് പുക ഉള്ളിലേക്ക് വലിചെടുക്കുന്നതിൽ കവിഞ്ഞ ഹരം തരുന്ന ഒന്നും തന്നെ ഇല്ല. കൂടെ നാരായണേട്ടന്റെ നല്ല ചൂട് ചായ കൂടെ ഉണ്ടെങ്കിൽ പിന്നെ ദിവസം ധന്യമാകാൻ വേറൊന്നും വേണ്ട. അങ്ങനെ തുടങ്ങുന്ന ദിവസങ്ങൾ ആയിരുന്നു സമീറിന് പ്രിയം. അവന്റെ ദേഷ്യം അറിയാവുന്നത് കൊണ്ട് ശല്യം ചെയ്യാൻ ആരും വരികയും ഇല്ല. അവിടെക്കാണ് അനുവാദം ചോദിക്കാതെ അവൾ കയറി വന്നത്.
തന്റെ സ്വകാര്യതയിലേക്ക് ആരും കയറി വരുന്നത് ഇഷ്ടമല്ലാത്തത് കൊണ്ട് ദേഷ്യപെട്ടാണ് സമീർ പ്രതികരിച്ചത്.
നീയെതാ ?
ഞാൻ …അത് ..ഫസ്റ്റ് ഇയർ ഇൽ
ഓഹോ ഫസ്റ്റ് ഇയർ ആണ്.. ഇങ്ങോട്ട് സീനിയേഴ്സ് നു മാത്രമേ വരാനാവു അറിയില്ലേ.?
അത്..ഞാൻ..അറിയാതെ..മഴ പെയ്തപ്പോൾ.. അവൾ കരയാറായി
അവളുടെ പരിഭ്രമവും ഇപ്പം കരയും എന്ന ഭാവവും ഒക്കെ കണ്ടപ്പോൾ സമീർ നു ചിരി ആണ് വന്നത്. പിന്നെ ഇതുവരെ തോന്നാത്ത അവനു പോലും മനസിലാകാത്ത എന്തോക്കെയോയും. പക്ഷെ പുറത്തു കാണിക്കാൻ പറ്റില്ല. സീനിയർ അല്ലെ വില പോവും.
ആ ശരി. ഇതിങ്ങനെ എപ്പഴും ആവര്ത്തിക്കണ്ട . പൊയ്ക്കോ..
അതായിരുന്നു തുടക്കം. അന്ന് രാത്രി ഉറങ്ങും മുൻപ് സമീർ ഓർത്തത് അവളെ പറ്റി ആയിരുന്നു. അവളുടെ ഭാവവും പേടിയും എല്ലാം ഓർക്കുന്തോറും സമീറിന് ചിരി വന്നു. അന്ന് തന്റെ കവിതയ്ക്ക് അവനൊരു വരി കൂടി ചേർത്തിട്ടു
“പ്രണയതിനാൽ മാത്രം എരിയുന്ന ജീവന്റെ തിരികളുണ്ടാത്മവിനുള്ളിൽ”
അവർ വീണ്ടും കണ്ടു. രാഷ്ട്രീയ സമരങ്ങൾക്കിടയിൽ, ലൈബ്രറി യിലെ പുസ്തക ഷെൽഫുകൾക്കു ഇടയിൽ കോളേജിലെ ഇടനാഴിയിൽ. അങ്ങനെ പല അവസരങ്ങളിലും.ഒടുക്കം കോളേജ് ആർട്സ് ഡേ യുടെ അന്ന് രാത്രി അവന്റെ മാത്രം ഇടം അവരുടേതായി മാറി. അവന്റെ കവിതയിലേക്ക് അവനൊരു വരി കൂടി ചേർത്തു വച്ചു.
“ഒരു ചുംബനത്തിനായി ദാഹം ശമിക്കാതെ എരിയുന്ന പൂവിതൾ തുമ്പുമായി പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ മധുരം പടർന്നൊരു ചുണ്ടുമായി വെറുതെ പരസ്പരം നോക്കിയിരിക്കുന്നു നിറമൌന ചഷകത്തിൻ ഇരുപുറം നാം..”
അനുവാദം ചോദിക്കാതെ കയറി വന്നവൾ അനുവാദം ചോദിച്ചു കൊണ്ടാണ് ഇറങ്ങി പോയത്. മതത്തിന്റെയും ആചാരങ്ങളുടെയും വേലികെട്ടുകൾക്കിടയിൽ നിന്ന് വീട്ടുകാരെ സങ്കടപ്പെടുത്തി അവന്റെതാവാൻ കഴിയില്ലെന്ന് അവൾ പറഞ്ഞു. പ്രാണൻ പിരിയുന്ന വേദനയോടെയാണെങ്കിലും അവളുടെ സന്തോഷങ്ങളിലേക്ക് അവൻ അവളെ പറഞ്ഞു വിട്ടു.
“സമയകല്ലോലങ്ങള്‍ കുതറുമീ കരയില്‍ നാം മണലിന്റെ ആര്‍ദ്രമാം മാറിടത്തില്‍…
ഒരു മൗനശില്പം മെനഞ്ഞുതീര്‍ത്തെന്തിനോ പിരിയുന്നു സാന്ധ്യവിഷാദമായി…ഒരു സാഗരത്തിന്‍ മിടിപ്പുമായി…”
യാത്ര പറഞ്ഞവൾ പോയ രാത്രി ഈ വരികൾ എഴുതി അവനാ കവിത അവസാനിപ്പിചു.
അവിടുന്നങ്ങോട്ട് ജീവിതത്തിൽ കൂട്ടായത് മദ്യവും പിന്നെ രഘുവേട്ടനും മീരേച്ചിയും അടങ്ങിയ പുതിയ സൌഹൃദ വലയവുമാണ് . അവൾക്കു പങ്കിട്ടു കൊടുത്ത അവന്റെ ഏകാന്തത ഇനിയൊരാൾക്ക് കൂടെ പകുത്തു നൽകില്ലെന്നവൻ ഉറപ്പിച്ചു. അവനതാവില്ലായിരുന്നു . സ്വപ്നങ്ങളിലൂടെയും കവിതകളിലൂടെയും അവളെപ്പോഴും അവനൊപ്പമുണ്ടായിരുന്നു .
ദിവസങ്ങൾ എണ്ണപ്പെട്ടു എന്ന് ഡോക്ടർ പറഞ്ഞപ്പോൾ പണ്ടൊരിക്കൽ അവളുടെ മടിയിൽ കിടന്നു മരിക്കണം എന്ന് കളിയായി പറഞ്ഞതാണവനൊർമ്മ വന്നത്. അന്നവൾ പിണങ്ങികൊണ്ട് അവന്റെ കൈ തണ്ടയിൽ ഒരു നുള്ള് വെച്ച് കൊടുത്തു. ഇപ്പോഴവൾ അടുത്തുണ്ടായിരുന്നെങ്കിൽ .മരണമെത്തുന്ന നേരത്ത് അവളെന്റെ അരികത്തു ഇത്തിരി നേരം ഇരുന്നെങ്കിൽ അവളുടെ മടിയിൽ തലവെച്ചു മരിക്കാനായെങ്കിൽ .അവസാന ശ്വാസത്തിൽ അവളുടെ ഗന്ധം നിറഞ്ഞിരുന്നെങ്കിൽ ….
“അതുമതി ഈ ഉടൽ മൂടിയ മണ്ണിൽ നിന്നിവന് പുൽക്കൊടിയായി ഉയിര്ത്തെൽക്കുവാൻ ”
സമീർ തന്റെ അവസാന കവിത എഴുതാൻ ഇരുന്നു…