Ajay Joy
ULTS Trivandrum
തിരിച്ചുവരാത്ത പെൺകുട്ടി!
നീങ്ങി തുടങ്ങിയ ട്രെയിനിൽ ഓടി കയറുമ്പോൾ ഇരിക്കാൻ ഒരിടം എന്നതായിരുന്നു അയാൾക്കു സ്വപ്നം.എന്നാൽ ജനറൽ കമ്പാർട്മെന്റിലെ ഏറ്റവും സുഖപ്രദമായ സീറ്റ് തന്നെ അയാൾക്കു വേണ്ടി കാത്തിരുപ്പുണ്ടായിരുന്നു "ലഗ്ഗേജ് റാക്ക് ".
വലിഞ്ഞു കയറാൻ ആരും തയ്യാറാകാത്തത് കൊണ്ട് അവിടം ഒഴിഞ്ഞു കിടക്കുയായിരുന്നു.കൈയിൽ ഉണ്ടായിരുന്ന ബാഗ് മുഴുവൻ മുകളിലാക്കി റാക്കിൽ അയാൾ സ്ഥാനം പിടിച്ചു.ഒന്നു നിവർന്നു നിൽക്കാൻ സ്ഥലം ആഗ്രഹിച്ചവനു നടുവ് നിവർത്താൻ സ്ഥലം.!
ചിന്തിച്ചു കാട് കയറാൻ യാത്രകളിലും നല്ലൊരു അവസരമില്ലലോ?! അയാളും എങ്ങോട്ടൊക്കെയോ കാട് കയറി.... ജോലി.. ജീവിതം...ബന്ധങ്ങൾ .. പ്രണയം... നഷ്ട പ്രണയം... അങ്ങനെ അങ്ങനെ.ഈ ചിന്തയുടെ ഭാരം കൊണ്ട് അയാൾ എപ്പോഴോ മയങ്ങിയിരുന്നു.
തൊട്ടു താഴെ ഇരുന്ന പെൺകുട്ടിയുടെ അസാധാരണമായ ശബ്ദം കേട്ടാണ് അയാൾ മയക്കത്തിൽ നിന്നും എഴുന്നേൽക്കുന്നത്.പാതി മയക്കത്തിൽ അവൾ പറയുന്നത് അയാൾക്ക് ആദ്യം മനസിലായില്ല.നിശബ്ദരായ കുറേ മുഖങ്ങൾക്ക് ഇടയിൽ രോഷം കൊള്ളുന്ന ഒരു പെൺകുട്ടി.. നമ്മുടെ നാട്ടിലെ സ്ഥിരം കാഴ്ച ആണല്ലോ..? അധികം നേരം വേണ്ടി വന്നില്ല,അയാൾക്കു കാര്യം മനസിലായി. ആ കുട്ടിയുടെ അടുത്തിരുന്നയാൾ അവളോട് അപമര്യാദയായി പെരുമാറിയിരിക്കുന്നു.
അവൾ അക്ഷരാർത്ഥത്തിൽ പൊട്ടി തെറിക്കുകയായിരുന്നു. അവനു നേരെ കൈ ചൂണ്ടി അവൾ ചോദ്യം ചെയ്തു... അവനു പക്ഷേ ഉത്തരം ഇല്ലായിരുന്നു... മറ്റുള്ളവർ തന്നെ നോക്കുന്നുണ്ടല്ലോ എന്നതായിരുന്നു അവനു അവളുടെ ചോദ്യങ്ങളെക്കാൾ പേടി.
അടുത്തിരുന്ന ആരോ പോലീസിനെ വിളിക്കാൻ ആളെ പറഞ്ഞു വിട്ടു... പക്ഷേ ഒരാളും ആരുടെ പക്ഷവും ചേർന്നില്ല... അവളുടെ വാ അടപ്പിക്കാൻ ചിലരെങ്കിലും നോക്കുകയും ചെയ്തു.പെൺകുട്ടികളുടെ ശബ്ദം പൊങ്ങിയത് അവർക്ക് അരോചകം ആയിരുന്നിരിക്കാം. അവൾ പക്ഷേ അതൊന്നും കാര്യമാക്കിയില്ല.
പെണ്ണ് പറയുന്നതും ഇന്ന് വിശ്വസിക്കാൻ പറ്റില്ലാലോ..??ഇന്നത്തെ കാലത്തു പക്ഷം ചേരാതെ ഇരിക്കുന്നതാണ് ബുദ്ധി... ഈ ബഹളം കേട്ടു അയാൾ മനസ്സിൽ വിചാരിച്ചു.
പോലീസ് വന്നപ്പോൾ രംഗം ഒന്നു ശാന്തമായി. രോഷം കണ്ണീരിന് വഴി മാറി. കാര്യങ്ങൾ ഓരോന്നായി വിവരിക്കുമ്പോൾ അവളുടെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു.ആ കവിളിലൂടെ നിറഞ്ഞൊഴുകിയ കണ്ണുനീരിൽ ഒരു സത്യമുണ്ടായിരുന്നു,അത് അവളെ അശ്വസിപ്പിക്കുന്നതായി അയാൾക്കു തോന്നി.
ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടവളുടെ കണ്ണുനീര്!ആ കണ്ണുനീർ അയാളെയും ചോദ്യം ചെയ്യുന്നതായി അയാൾക്കു തോന്നി.അവളുടെ അടുത്ത് ചെന്നിരുന്ന് ആശ്വസിപ്പിക്കാൻ അയാൾക്ക് തോന്നി.പക്ഷേ ഇനി പോയാൽ എല്ലാവരും എന്ത് വിചാരിക്കും..?എന്നൊരു ചിന്ത
എന്തായാലും ഇറങ്ങുന്നതിനു മുമ്പ് അവളെ ചെന്നു കണ്ട് സംസാരിക്കണമെന്ന് തോന്നി.രണ്ട് നല്ല വാക്ക് പറയണം എന്ന് തോന്നി.. അവൾ കാണിച്ച പ്രീതിരോധത്തിന്.കരഞ്ഞു കലങ്ങിയ കണ്ണുമായി അടുത്ത സ്റ്റോപ്പിൽ ഇറങ്ങാൻ അവൾ എഴുന്നേറ്റു.
കണ്ണീരു വറ്റിയ ആ കണ്ണുകൾ ആരെയോ തിരയുന്നുണ്ടായിരുന്നു ?
പാടുപെട്ടു ആണെങ്കിലും വലിഞ്ഞു കയറിയ റാക്കിൽ നിന്നും ഇറങ്ങി അയാൾ ആ കുട്ടിയെ തിരഞ്ഞു.. അവൾ ട്രെയിൻ ഇറങ്ങി നടന്നിരുന്നു.അൽപം പരിഭ്രമത്തോടെ ആണെങ്കിലും അയാൾ അവളെ പിന്നിൽ നിന്നും വിളിച്ചു.
"ഒന്നു നിൽക്കാമോ?"
അവൾ തിരിഞ്ഞു നോക്കി
"ഞാൻ എല്ലാം കണ്ടിരുന്നു.. ഇയാൾ ചെയ്തതു നന്നായി.. ഒരുപാട് പെൺകുട്ടികൾ ഒന്നും മിണ്ടില്ല.. താൻ പ്രതികരിച്ചല്ലോ..ഇതൊന്നു കണ്ട് പറയണം എന്ന് തോന്നി "
അവൾ രൂക്ഷമായി അയാളെ നോക്കി.
"ഇയാൾക്കെങ്കിലും എന്റെ കൂടെ നിൽക്കാമായിരുന്നു .. അവൻ ചെയ്തതിലും എനിക്ക് വേദനിച്ചത്.. ആരും എന്റെ കൂടെ നിൽക്കാത്തത് ആയിരുന്നു…ഇനിയിപ്പോ പറഞ്ഞിട്ടു എന്തിനാ.. എല്ലാം കഴിഞ്ഞില്ലേ?"
അവൾ മെല്ലെയൊന്നു ചിരിച്ചു.
അയാൾക്കു മറുപടി ഇല്ലായിരുന്നു.
ശരിയാണ്.. ഒരു തെറ്റും ചെയ്യാതെ ആത്മാഭിമാനത്തിന് വേണ്ടി ശബ്‌ദം ഉയർത്തുമ്പോൾ ഏതൊരാളും ആഗ്രഹിക്കും.. കൂടെ ആരെങ്കിലും ഒക്കെ ഉണ്ടായിരുന്നെങ്കിലെന്നു.
"ഇയാളുടെ പെങ്ങളോ അമ്മയോ ആയിരുന്നു എന്റെ സ്ഥാനത്തു എങ്കിൽ ഇയാൾ അവിടെ മിണ്ടാതെ ഇരിക്കുമായിരുന്നോ..?"
എന്താ പറയണ്ടേ എന്ന് അറിയാതെ അയാൾ തല താഴ്ത്തി.. മറുപടിക്ക് വേണ്ടി കാത്തു നിൽക്കാതെ അവളും തിരിച്ചു നടന്നു.
ലോകത്തിലെ ഏറ്റവും വലിയ വേദന ഒറ്റപ്പെടലിന്റെയാണ്. അവളുടെ കണ്ണുനീർ ആ ഒറ്റപ്പെടലിന്റെ കണ്ണുനീർ ആയിരുന്നു.പക്ഷേ അത് മനസിലാക്കാൻ അവിടെ ആർക്കും കഴിഞ്ഞില്ല.
ചില നേരത്ത് വൈകി കിട്ടുന്ന തിരിച്ചറിവുകൾ അർത്ഥശൂന്യമാണ് എന്ന് അയാൾക്കു തോന്നി.
തീർത്തും അർത്ഥശൂന്യം!!ജീവിതം ആരെയും കാത്തു നിൽക്കില്ലലോ.. മനസാക്ഷി പറയുന്നത് കേൾക്കുക!
ജീവിതത്തിൽ ഇനി ഒരിക്കലും കാണിലാത്ത ആ പെൺകുട്ടി അയാളുടെ കണ്മുന്നിൽ നിന്നും എവിടേക്കോ മറഞ്ഞു.
ജീവിതം പോലെ തന്നെ ട്രെയിനും അയാൾക്കു വേണ്ടി കാത്തു നിൽക്കാതെ പിന്നെയും നീങ്ങി തുടങ്ങിയിരുന്നു.!
ശുഭം!