Skip to main content

കൊറോണം!!!

onakkurippu41

Entry No :041

Kiran babu [Quest Global]

 

"അമ്മേ... ഞാൻ കിടക്കുന്നു... നാളെയല്ലേ അത്തം... നേരത്തെ വിളിച്ചേക്കണം... പൂക്കളം ഇടേണ്ടതാണ്...."

പണ്ടെങ്ങോ കേട്ട് മറന്ന ഒരു കാര്യം വീണ്ടും കേൾക്കുന്ന ഭാവത്തോടെ ആയിരുന്നു അമ്മ അത് ശ്രദ്ധിച്ചതും അന്താളിച്ചു നിന്നതും... പക്ഷെ അന്താളിപ്പ് ചെന്ന് അവസാനിച്ചത് ഒരു ചെറു പുഞ്ചിരിയിൽ തന്നെ ആയിരുന്നു...

പിന്നീടുള്ള 10 ദിവസങ്ങൾ ആ മനസ്സിനെ സന്തോഷിപ്പിച്ചതും "ഇനി അങ്ങനെയൊക്കെ എന്ന് ആഘോഷിക്കാനാണ്" എന്ന് നിശ്വസിച്ചു മനസ്സിൽ മൂടിയ ദിവസങ്ങൾ വീണ്ടും വന്നത് തന്നെയായിരുന്നു...

ഡെയ്‌ലി സ്റ്റാറ്റസ് മീറ്റിങ്ങിന് 10 മിനുട്ട് മുൻപ് ഫോണിന്റെ നിലവിളി കേട്ട് ഉണരാറുള്ള മകൻ അതിരാവിലെ എണീറ്റ് പൂക്കൾ ഒക്കെ പറിച്ചു കളം ഇടുന്നതും മറ്റും അമ്മയ്ക്ക് നൽകിയ സന്തോഷം ചെറുതൊന്നുമായിരുന്നില്ല...

തിരുവോണം വന്നു... മക്കളോടും മരുമക്കളോടും ഒപ്പമെല്ലാം സദ്യ കഴിച്ചു കാലും നീട്ടി ഇരിക്കുന്ന സമയത്താണ് "ചേച്ച്യേയ്... ഹാപ്പി കൊറോണം" എന്നും വിളിച്ചു കൂവിക്കൊണ്ട് അമ്മയുടെ സ്ത്രീശക്തി കൂട്ടാളി വരുന്നത്... "ഈ കൊറോണ കാരണം ഓണോം ഇങ്ങനെ ആയി" എന്ന് ഖേദം പ്രകടിപ്പിച്ച കൂട്ടുകാരിയോട് അമ്മ പറഞ്ഞു...

"കൊറോണം... ആരാ പറഞ്ഞെ ഈ ഓണം കൊറോണം ആണെന്ന്... ഇതാണ് ഈ അടുത്ത കാലത്തു ഏറ്റവും ആഘോഷിച്ച ഓണം..."

"സാധാരണ തിരുവോണത്തിന്റെ അന്ന് മാവേലി വന്നു കേറുന്നേനു തൊട്ടു മുൻപ് വന്നു കയറാറുള്ള മക്കൾ ആണ് ഈ തവണ അത്തം മുതൽ 10 ദിവസം പൂക്കളം ഇട്ടതും, സദ്യയ്ക്കുള്ള സാധനങ്ങൾ വാങ്ങി വന്നതും, തുമ്പപ്പൂ പറിച്ചതും ഓണം കൊണ്ടതും... ഇതിൽപ്പരം എന്താ വേണ്ടേ... നാട്ടിലെ ആഘോഷങ്ങൾ അല്ലെ ഇല്ലാണ്ടായുള്ളൂ... വീട്ടിലെ ആഘോഷങ്ങൾ പതിവിലും കേമമായിരുന്നുട്യേ..."

അപ്പോഴാ മനസ്സിലായത് അമ്മയുടെ ആ ഇരിപ്പ് ഓണസദ്യയുണ്ടു വയറു നിറഞ്ഞുള്ള ഇരിപ്പായിരുന്നില്ല.. പോയ്മറഞ്ഞ നാളുകൾ തിരിച്ചുവന്നതിൽ മനസ്സ് നിറഞ്ഞുള്ള ഇരിപ്പായിരുന്നു എന്ന്...