Skip to main content
souparnika

 

Srishti-2019   >>  Short Story - Malayalam   >>  നിറം പൂശിയ നിഴലുകള്‍

നിറം പൂശിയ നിഴലുകള്‍

Written By: Sooraj M S
Company: Tata Elxsi

Total Votes: 1

നിറം പൂശിയ നിഴലുകള്‍

1

   ഉറപ്പുവരുത്താന്‍ വേണ്ടി ഞാന്‍ വീണ്ടും ഒന്നുകൂടി നോക്കി. എന്‍റെ നോട്ടം കണ്ടിട്ടാവണം ആ പെണ്‍കുട്ടി പെട്ടെന്ന് തല വെട്ടിച്ചു. അതെആ പെണ്‍കുട്ടി ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്.

 

    കാന്റീനിൽ വളരെ കുറച്ചു ആളുകളെ ഇപ്പോഴുള്ളൂ. അല്ലെങ്കിലും മൂന്ന് മണി കഴിഞ്ഞു ഉച്ചയൂണ് കഴിക്കുന്നവര്‍ കുറവായിരിക്കുമല്ലോ. പരമാവധി ആളുകള്‍ കുറഞ്ഞിരിക്കാന്‍ വേണ്ടിത്തന്നെയാണ് ഈ സമയം തിരഞ്ഞെടുത്തത്. പക്ഷെ എന്നിട്ടും ഞാന്‍ ഭയന്നതു തന്നെ സംഭവിച്ചിരിക്കുന്നു! റാമിനോടൊപ്പം പൊതുസ്ഥലത്തേക്ക് വരാന്‍ എനിക്കിപ്പോഴും ഭയമാണ്. ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വിചിത്രനായ മനുഷ്യനാണ് റാം. പരിഷ്കൃത ജീവിതത്തെ വെറുക്കുന്നവര്‍ ഉണ്ടാകാം ശരി തന്നെ. യുക്തിവാദവുംപ്രകൃതി പ്രാര്‍ത്ഥനയുമെല്ലാം അംഗീകരിക്കാന്‍ കഴിയുന്നത് തന്നെ. പക്ഷെ അത് ഒരു മനുഷ്യനെ ഇത്രയധികം സ്വാധീനിക്കുമോറാം എന്നും എനിക്കൊരു അത്ഭുതമായിരുന്നു.

    ഞാന്‍ വീണ്ടും എന്‍റെ സുഹൃത്തിന്‍റെ പ്രവൃത്തിയെ അറപ്പോടെ നോക്കി. തന്‍റെ ഊണ്പാത്രത്തില്‍ നിന്ന് മേശയിലേക്ക്‌ വീണുപോയ ചോറിന്‍റെ വറ്റുകള്‍ പെറുക്കിയെടുത്തു സ്വന്തം വായിലേക്ക് നിക്ഷേപിക്കുകയാണ് കക്ഷി. മ്ലേച്ചമായ കാഴ്ച! ആദ്യമായിട്ടല്ല റാമിന്‍റെ ഈ വൃത്തിഹീനമായ പ്രവൃത്തി ഞാന്‍ കാണുന്നത്. എന്നിരുന്നാലും ഉള്ളിലെവിടെനിന്നോ ഒരു ഓക്കാനം തികട്ടിവന്നു. ഞാനത് കടിച്ചമര്‍ത്തിപിന്നെ വന്ന വഴിയെ പറഞ്ഞയച്ചു. റാമിന്‍റെ ഈ വിചിത്ര പ്രവൃത്തിയാണ് നേരത്തെ കണ്ട പെണ്‍കുട്ടിയുടെ കണ്ണുകളില്‍ ജിജ്ഞാസ കുത്തിനിറച്ചു ഇങ്ങോട്ടേക്ക് വിട്ടത്.

    ഓഫീസ് ക്യാന്റീനിലെ ഒരു ആളൊഴിഞ്ഞ മൂലയിലാണ് ഞങ്ങള്‍, അതായത് ഞാനും റാമും ഇരിക്കുന്നത്. ഞങ്ങള്‍ ഇരുന്ന ടേബിളില്‍ നിന്ന് കുറച്ചു മാറിതൊട്ടടുത്ത നിരയില്‍ ഏകദേശം മധ്യഭാഗത്തായാണ് ആ പെണ്‍കുട്ടി ഇരിക്കുന്ന ടേബിള്‍. അവളോടൊപ്പം അവള്‍ക്കഭിമുഖമായി ഒരു ചെറുപ്പക്കാരനും ഇരിക്കുന്നുണ്ട്അവളുടെ കാമുകനാകണം. ആ യുഗ്മമിഥുനങ്ങളെ കണ്ടിട്ടാണെന്ന് തോന്നുന്നുക്ഷണത്തിന്‍റെ  ഔപചാരിതകകള്‍ പോലുമോര്‍ക്കാതെ ഗീതയുടെ മുഖം മനസ്സില്‍ തെളിഞ്ഞു. ഒരു ദീര്‍ഘനിശ്വാസമെടുത്തു കണ്ണുകള്‍ ഇറുക്കിയടച്ച് ഞാന്‍ ഓര്‍മകളെ ചവിട്ടിപ്പുറത്താക്കി. കണ്ണ് തുറന്നത് വീണ്ടും റാമിലേക്ക്. പെട്ടെന്ന് അവന്‍ തലയുയര്‍ത്തി എന്നെ നോക്കി. ഒരു ചോദ്യത്തിന്‍റെ മുഖഭാവം. മുഖഭാവത്തില്‍ നിന്ന് വാക്കുകളുടെ ഏണിപ്പടികള്‍ ചവിട്ടിയിറങ്ങി ചോദ്യം പുറത്തേക്കു വന്നു.

എന്താ കഴിക്കുന്നില്ലേ?”

ഞാന്‍ അവനില്‍ നിന്നും കണ്ണുകള്‍ പറിച്ചു എന്‍റെ മുന്നിലിരിക്കുന്ന പിഞ്ഞാണത്തിലേക്ക് നട്ടു. ഒരു കരസ്പര്‍ശം പോലുമനുഭവിക്കാതെ കന്യകയായി നിലകൊണ്ടിരിക്കുന്ന ഊണിന്‍പാത്രം.

നിന്‍റെ മനസ്സിനെ എന്തോ അലട്ടുന്നുണ്ടല്ലോ വിഷ്ണുഎന്തായാലും പറഞ്ഞോളൂ

ഞാന്‍ ആഗ്രഹിച്ച ചോദ്യം. എന്നിട്ടും വായില്‍ നിന്ന് പുറത്തുവരാന്‍ കഴിയാതെ വാക്കുകള്‍ നാണിച്ചു നിന്നു. മനസ്സിലുള്ളത് തുറന്നു പറയാന്‍ തന്നെയാണ്കുറച്ചു ആപല്‍ക്കരമായിരുന്നിട്ടു കൂടി റാമിനോടൊപ്പം ഊണ് കഴിക്കാം എന്ന് തീരുമാനിച്ചത്. ഈ വൈചിത്ര്യത്തിനും മ്ലേച്ചതയ്ക്കും അപ്പുറത്ത് ആരും മനസ്സിലാക്കാത്ത മൂര്‍ച്ചയേറിയ ഒരു മസ്തിഷ്കം റാമിനുണ്ട്. ഈ അവസ്ഥയില്‍ എന്നെ സഹായിക്കാന്‍ ആര്‍ക്കെങ്കിലും കഴിവുണ്ടെങ്കില്‍ അത് റാമിന് മാത്രമാണ്.

എന്‍റെ മനസ്സ് അവന്‍ വായിച്ചെടുത്തെന്നു തോന്നുന്നു. പ്ലേറ്റില്‍ നിന്ന്‍ കുറച്ചകലെയായി കിടന്ന ഒരു വറ്റ്അത് അവന്‍റെ പാത്രത്തില്‍ നിന്നുള്ളതല്ലെന്നു എനിക്കുറപ്പായിരുന്നു. നേരത്തെ ഭക്ഷണം കഴിച്ചവര്‍ ഉപേക്ഷിച്ചിട്ടുപോയ അവശിഷ്ടമാകാം. അവനത് സാവധാനം കൈ നീട്ടിസൂക്ഷ്മതയോടെ വിരലുകള്‍ക്കുള്ളിലാക്കി. തന്‍റെ മുഖത്തിനു നേരെ അതുയര്‍ത്തി പിടിച്ചു അവന്‍ എന്നോടായി പറഞ്ഞു.

എന്നില്‍ നിന്ന് ഒന്നും ഒളിച്ചുവെക്കാന്‍ നിനക്കാവില്ല വിഷ്ണു. ഞാനല്ലേ നിന്‍റെ ബെസ്റ്റ് ഫ്രണ്ട്

ബെസ്റ്റ് ഫ്രണ്ട്അല്ലനീ ഒരിക്കലും എന്‍റെ ഉത്തമ സുഹൃത്തല്ലപക്ഷെ നീ എന്‍റെ സുഹൃത്താണ്. എന്‍റെ ഒരേ ഒരു സുഹൃത്ത്. അതുകൊണ്ട് മാത്രം നീ ഒരു ഉത്തമ സുഹൃത്താകുമോഒരിക്കലുമില്ലഅവസാന നാളുകളില്‍ പലപ്പോഴും റാമിന്‍റെ പേരില്‍ ഗീതയുമായി തര്‍ക്കിക്കാറുള്ളത് ഞാനോര്‍ത്തു.

റാം നേരത്തെ കയ്യിലെടുത്ത ഉച്ഛിഷ്ടം വായിലേക്കെറിഞ്ഞു.

ഗീതഅവള്‍ എന്‍റെ കാമുകിയാണ്അല്ല ആയിരുന്നു എന്നതാണ് വ്യാകരണപരമായി ശരിയായ വാക്ക്. എന്നില്‍ നിന്ന് ഈശ്വരന്‍ അവളെ തട്ടിയെടുക്കും വരെ! ഗീതയെ നഷ്ട്ടപ്പെട്ടതിനു ശേഷം ഇന്നാദ്യമായാണ് റാമിനെ കാണുന്നത്. പരമാവധി കൂടികാഴ്ചകള്‍ ഒഴിവാക്കി എല്ലാവരില്‍ നിന്നും അകന്നു കഴിയുകയായിരുന്നു. പക്ഷെ എത്ര നാള്‍ ഇങ്ങനെ ഒളിച്ചുനടക്കാനാകുംആരോടെങ്കിലും മനസ്സ് തുറന്നു സംസാരിച്ചില്ലെങ്കില്‍ ഹൃദയം വിങ്ങിപ്പൊട്ടുമെന്നു തോന്നി.

നീ എന്താണ് ഒന്നും കഴിക്കാത്തത്?”

റാമിന്‍റെ ശബ്ദം എന്നെ ഓര്‍മകളില്‍ നിന്നുണര്‍ത്തി.

ഭക്ഷണം പാഴാക്കാന്‍ പാടില്ല എന്നറിയില്ലേവിശപ്പില്ലെങ്കില്‍ പിന്നെന്തിനാണ് ഭക്ഷണം വാങ്ങിയത്. വാങ്ങിയാല്‍ ഒരു വറ്റ് പോലും കളയാതെ ഭക്ഷിക്കണം. ഞാന്‍ എത്ര വട്ടം നിന്നോടിത് പറഞ്ഞിട്ടുണ്ട്. ഈ കോട്ടും സൂട്ടുമണിഞ്ഞ പരിഷ്കൃത മടയന്മാരെ പോലെയാകരുത് നീ. നോക്കൂഅവര്‍ എന്താണ് കഴിക്കുന്നതെന്ന്‍ നോക്കൂ. വിലകൂടിയ ഫാസ്റ്റ് ഫുഡ്‌ വാങ്ങിക്കുകഎന്നിട്ട് പകുതിയും അതുപോലെ തന്നെ പാഴാക്കുക. ഇങ്ങനെയുള്ളവര്‍ എത്രകാലം ജീവിക്കുംതനിക്ക് ഭാരമായവരെ പ്രകൃതി എന്തിന് തീറ്റിപോറ്റണംവെറുതെയാണോ ആരും കേട്ടിട്ടില്ലാത്ത മാരകരോഗങ്ങള്‍ ഇന്ന് പൊട്ടിമുളച്ചുണ്ടാകുന്നത്ഞാന്‍ പറയുന്നത് നീ കേള്‍ക്കുന്നുണ്ടോ വിഷ്ണുകഴിക്കൂ ഭക്ഷണം കഴിക്കൂ

കര്‍ക്കശ സ്വഭാവമുള്ള അച്ഛനെ അനുസരിക്കുന്ന കുട്ടിയെപോലെഅവന്‍റെ ആജ്ഞാശക്തിയുള്ള വാക്കുകള്‍ ഞാന്‍ അനുസരിച്ചു. ഒരു പിടി ചോറ് വാരി വായിലേക്കിട്ടുലക്ഷ്യസ്ഥാനത്തെത്താതെ കുറച്ചു വറ്റുകള്‍ കയ്യില്‍ നിന്ന് തെറിച്ചു പ്ലേറ്റിനു പുറത്ത് പലഭാഗത്തായി സ്ഥാനം പിടിച്ചു. ആ പാവം വറ്റുകള്‍ ഭക്ഷണത്തില്‍ നിന്ന്  ഉച്ചിഷ്ടം എന്ന പദവിയിലേക്ക് തരംതാഴ്ത്തപ്പെട്ടിരിക്കുന്നു! വായില്‍ വച്ച ഭക്ഷണം ഇറക്കാന്‍ ഞാന്‍ നന്നേ പാട് പെട്ടു. നെഞ്ചിലാകെ എന്തോ ഒരുണ്ട് കൂടിയിരിക്കുന്ന പോലെ. ഗീത തന്നെയാകണം!

പറയൂ വിഷ്ണു എന്താണ് നിന്‍റെ പ്രശ്നം?”

വീണ്ടും ആജ്ഞാശക്തിയുള്ള റാമിന്‍റെ സ്വരം. പുറത്തേക്ക് വരാന്‍ മടിച്ച വാക്കുകളെ അവന്‍ ബലമായി വലിച്ചു പുറത്തേക്കിടുന്ന പോലെ തോന്നി.

എനിക്ക് വയ്യ റാംഎന്നെക്കൊണ്ട് കഴിയുന്നില്ല. അവളില്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല. ആകെ ഭ്രാന്ത് പിടിക്കുന്നത് പോലെ. എല്ലായിടത്തും ഞാന്‍ ഒറ്റയ്ക്കാണെന്നൊരു തോന്നല്‍. അതിന്‍റെ കൂടെ എല്ലാവരുടെയും സഹതാപം കലര്‍ന്ന നോട്ടവുംമടുത്തു. എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയില്ല റാം.

കണ്ണില്‍ ഉരുണ്ടുകൂടിയ ജലകണികകളെ ഞാന്‍ ഇടംകൈ കൊണ്ട് തുടച്ചു മാറ്റി.

നീയെന്താണ് വിഷ്ണു ഇങ്ങനെ കുട്ടികളെപ്പോലെ. എത്ര നാളായി ഗീത നിന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട്. രണ്ടു വര്‍ഷംമൂന്ന് വര്‍ഷംഅതിനു മുന്‍പ് നീ എങ്ങനെയായിരുന്നു. നീ എന്നും ഒറ്റയ്ക്കായിരുന്നു വിഷ്ണു. നീ നേരിടുന്ന സഹതാപവും പുച്ഛവും വെറുപ്പുമൊന്നും നിനക്ക് പുതുമയല്ലപിന്നെന്താണ് നീ ഇങ്ങനെകുറച്ചുകാലത്തേക്ക് ഒരു അതിഥിയെപ്പോലെ അവള്‍ നിന്‍റെ കൂടെയുണ്ടായിരുന്നു. അങ്ങനെ കരുതിയാല്‍ മതി

റാം പറയുന്നത് ശരിയല്ലേഅതെ ശരിയാണ്. പക്ഷെ ശരികളെ ദഹിപ്പിക്കാനാകുന്ന അവസ്ഥയിലല്ല എന്‍റെ മനസ്സിപ്പോള്‍. റാമിന്‍റെ വാക്കുകള്‍ എന്‍റെ ഓര്‍മകളുമായി ഒരു മല്‍പ്പിടുത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നപോലെ തോന്നി. അനുനിമിഷം ശക്തിയാജിക്കുന്ന ബാലിയുടെ കരങ്ങള്‍ പോലെ അവന്‍റെ വാക്കുകള്‍ തീക്ഷ്ണമായിക്കൊണ്ടിരുന്നു.

നിന്നെ സ്നേഹിക്കുന്ന ഒരുപാടുപേര്‍ ഇപ്പോഴും നിന്‍റെ  ജീവിതത്തിലുണ്ട്. നിന്‍റെ ബെസ്റ്റ് ഫ്രണ്ടായ ഞാന്‍, ഇപ്പോഴും നിന്നെ വിട്ടുപോകാതെ നിന്‍റെ കൂടെ കഴിയുന്ന നിന്‍റെ സ്വന്തം ചേച്ചി. ഞങ്ങളെ കുറിച്ചൊന്നും ഒരു ചിന്തയും നിനക്കില്ലാത്തതെന്താണ്ഇനി ഞാനൊരു സത്യം പറയട്ടെ വിഷ്ണു

അവന്‍ ഒരു നിമിഷത്തേക്ക് നിശബ്ദനായിമുന്നോട്ടേക്ക് ആഞ്ഞിരുന്നു. ഇനി പറയാന്‍ പോകുന്നത് അതിപ്രാധാന്യമുള്ളതാണെന്ന മുന്നറിയിപ്പായിരുന്നു അത്.

എനിക്ക് അവളെ...ഗീതയെ ഇഷ്ടമല്ലായിരുന്നു. അവള്‍ വന്ന ശേഷം നീയാകെ മാറി. നമ്മള്‍ തമ്മില്‍ ഒരുപാട് അകന്നു. അവള്‍ നിന്നെ മനുഷ്യനല്ലമറ്റൊരു യന്ത്രമാക്കിയെന്നു വേണം പറയാന്‍. ഇരുകാലില്‍ നടക്കുന്ന കോട്ടും സൂട്ടുമിട്ട മറ്റൊരു യന്ത്രം...ഒരു തരത്തില്‍..അവള്‍... പോയത് നന്നായി..

‘ ”റാം..” ഞാന്‍ അലറിക്കൊണ്ട്‌ കസേരയില്‍ നിന്ന് ചാടിയെഴുന്നേറ്റുഅവന്‍റെ കരണത്ത് കൈ വീശിയടിച്ചു’ ഇല്ലഞാനത് ചെയ്തില്ല.

മസതിഷ്കത്തിലെവിടെയോ ഭൂതകാലത്തില്‍ ചെയ്യേണ്ടിയിരുന്ന പ്രവൃത്തികളുടെ ലിസ്റ്റിലേക്ക് അത് എഴുതിചേര്‍ക്കപ്പെട്ടുഅത്രമാത്രം. അവനെ അടിക്കാന്‍ എന്‍റെ കൈ അനങ്ങിയില്ലക്രൂരമായ അവന്‍റെ വാക്കുകളാല്‍ മരവിക്കപ്പെട്ടുനിസ്സഹായനായിനിശ്ചലനായി എന്‍റെ സകല അംഗങ്ങളും നിലകൊണ്ടു. പുറത്തു വരാന്‍ കൊതിച്ച ആ അലര്‍ച്ച പോലും തൊണ്ടയിലെവിടെയോ യാഥാര്‍ത്യത്തിന്‍റെ കുരുക്കുകളില്‍ അകപ്പെട്ട് അലിഞ്ഞില്ലാതായി.

ലവലേശം പോലും കൂസലില്ലാതെ റാം തുടര്‍ന്നു

എന്താ നിനക്ക് ദേഷ്യം വരുന്നുണ്ടോഞാന്‍ പറഞ്ഞത് സത്യമാണ് വിഷ്ണു. നിങ്ങള്‍ ഒരിക്കലും തമ്മില്‍ ചേരുന്നവരല്ലായിരുന്നു. നീ തന്നെ ആലോചിച്ചു നോക്ക് എന്ത് ചേര്‍ച്ചയാണ് നിങ്ങള്‍ തമ്മിലുണ്ടായിരുന്നത്?  കൂട്ടുകാരായ നമ്മുടെ ഇടയിലുള്ള ഒരുമ പോലും നിനക്ക് അവളുമായില്ല. നമ്മള്‍ ഒരേ ചിന്താഗതിക്കാരാണ്ഒരേ സ്വഭാവവും ആശയവുമുള്ളവരാണ്

എനിക്ക് അവനെ തടുക്കണമെന്നു തോന്നി. എന്ത് സാമ്യതയാണ് എനിക്ക് ഈ വിചിത്ര മനുഷ്യനുമായുള്ളത്. ശബ്ദമുയര്‍ത്താന്‍ ശ്രമിച്ച എന്നെ ഒരിക്കല്‍ കൂടി പരാജയപ്പെടുത്തികൊണ്ട് അവന്‍ തുടര്‍ന്നു

നോക്ക് നമ്മള്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിനു പോലും ഒരേ നിറം..ഹ..ഹ..” ഭ്രാന്തനെപ്പോലെ അവന്‍ ഉറക്കെ ചിരിച്ചു.

ഞാന്‍ അവനെ അടിമുടി നോക്കി പിന്നെ എന്നേയും. ശരിയാണ്കറുപ്പ്. നിറമല്ലനിറമില്ലായ്മ. ഒരു പക്ഷെ എന്‍റെ ജീവിതം പോലെ.

നേരത്തെ കണ്ട പെണ്‍കുട്ടിയുടെ മുഖത്ത് അന്ധാളിപ്പ് പരക്കുന്നത് ഞാന്‍ കണ്ടു. അത് സാവധാനം ഭീതിയിലേക്ക് വഴിമാറുന്നു. റാമിന്‍റെ അട്ടഹാസം അവളെ പേടിപ്പിച്ചിരിക്കണം. സംഗതി വഷളാകുന്നതിനു മുന്‍പ് സംഭാഷണം അവസാനിപ്പിച്ചു ഇവിടെ നിന്ന് പുറത്ത് കടക്കണം.

എന്‍റെ പ്ലേറ്റിന് ചുറ്റും കിടന്നിരുന്ന ഉച്ഛിഷ്ടം ചൂണ്ടി കാട്ടി അവന്‍ പ്രസംഗം തുടര്‍ന്നു

എന്താണിത് വിഷ്ണുഇനി ഞാന്‍ പറഞ്ഞു തരണോ” അവന്‍ ദേഷ്യത്തോടെ എന്നെ നോക്കി. ജ്വലിക്കുന്ന കണ്ണുകള്‍, അവന്‍റെ വാക്കുകളുടെ അതേ ആജ്ഞാശക്തി ആ കണ്ണുകള്‍ക്കും ഉണ്ട്.

എന്‍റെ കൈ പതിയെ നീണ്ടു. എന്താണ് ചെയ്യുന്നതെന്ന് എന്‍റെ ബോധമണ്ഡലത്തില്‍ തെളിയുന്നതിനു മുന്നേആ ഉച്ചിഷ്ടം ഞാന്‍ വായിലാക്കി. അവന്‍ എന്നെ നോക്കി ചിരിച്ചുവിജയിയുടെ ചിരി. പെണ്‍കുട്ടിയുടെ മുഖത്തെ ഭീതി ബീഭല്‍സതയ്ക്ക് വഴിമാറിയിരിക്കുന്നു. അവള്‍ തന്‍റെ കാമുകനോട് എന്തോ പറയുന്നു. ദാ ഇപ്പോള്‍ അയാളും തിരിഞ്ഞു നോക്കുന്നു. ഞാന്‍ പെട്ടെന്ന് എഴുന്നേറ്റുശരവേഗത്തില്‍ തിരിഞ്ഞ് പുറത്തേക്ക് നടന്നു.

വിഷ്ണു..” പുറകില്‍ അവന്‍റെ വിളി ഞാന്‍ കേട്ടു. ആജ്ഞാശക്തിയുള്ള വിളി. കാലുകള്‍ തളരുന്നുഇല്ല.. നില്‍ക്കരുത്.

വിഷ്ണൂ..” അവന്‍ വീണ്ടും വിളിച്ചു. ഇരുകൈകള്‍ കൊണ്ടും ചെവി പൊത്തി ഞാന്‍ പുറത്തേക്ക് ഓടി.

 

2

    ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോഴേക്കും സമയം ഏഴു കഴിഞ്ഞിരുന്നു. അകത്തു  കടന്നു വാതില്‍ അടച്ചപ്പോള്‍ തന്നെ മനസ്സിന് എന്തെന്നില്ലാത്ത ഒരു സമാധാനം തോന്നി. മൗനം തിങ്ങിനിറഞ്ഞ അന്തരീക്ഷം. മറ്റുള്ളവര്‍ക്ക് ഒരു പക്ഷെ അതൊരു ശ്വാസംമുട്ടലായി തോന്നാമെങ്കിലും എനിക്ക് അതൊരു ആശ്വാസം തന്നെയാണ്. ചോദ്യങ്ങളില്‍ നിന്നും അതിനെക്കാളും ഭയങ്കരമായ തുറിച്ചുനോക്കുന്ന നേത്രഗോളങ്ങളില്‍ നിന്നും ഒരു രക്ഷപ്പെടല്‍. സ്വീകരണമുറിയിലെ കസേരയില്‍ എപ്പോഴോ വലിച്ചെറിയപ്പെട്ട വസ്ത്രങ്ങള്‍ക്ക് മീതെ കയ്യിലിരുന്ന ബാഗും ഞാന്‍ ചുഴറ്റിയെറിഞ്ഞു. എന്നിട്ട് പ്ലാസ്റ്റിക്‌ നിര്‍മിതമായ ആധുനികയുഗത്തിന്‍റെ ചാരുകസേരയില്‍ സാവധാനം കിടന്നുകണ്ണുകളടച്ചു. ദിവസത്തില്‍ സ്വസ്ഥത അനുഭവിക്കുന്ന ഏതാനും നിമിഷങ്ങള്‍ ഒരു പക്ഷെ ഇതായിരിക്കും. മറ്റുള്ളവന്‍റെ സ്വകാര്യതയിലേക്ക് എന്തിനെന്നറിയാതെ എത്തിനോക്കുന്ന വിറളിപിടിച്ച സമൂഹത്തില്‍ നിന്നുംഡെഡ്-ലൈന്‍ മീറ്റ് ചെയ്യാന്‍ തൊഴിലാളികളെ യന്ത്രങ്ങളാക്കുന്ന കോട്ടണിഞ്ഞ മുതലാളിമാരില്‍ നിന്നുംപിന്നെ സ്വയം നീറിപുകയാന്‍ തീരുമാനിച്ചുറപ്പിച്ച സ്വന്തം മസ്തിഷ്കത്തില്‍ നിന്നും ഒരു ഒളിച്ചോട്ടം. നിമിഷങ്ങള്‍ മാത്രമേ ഈ ഒരു ഒളിച്ചോട്ടത്തിന് ദൈര്‍ഘ്യമുള്ളൂഅത് നന്നായറിയാം. അടുക്കളയില്‍ നിന്ന് ശബ്ദം കേട്ട് ചേച്ചി സ്വീകരണ മുറിയില്‍ എത്തുന്നത് വരെയുള്ള ചുരുക്കം ചില നിമിഷങ്ങള്‍ മാത്രം. പിന്നെ ആ പാവത്തിന്‍റെ ആവലാതികളായി.

എന്താടാ മിണ്ടാതെ ഒളിച്ചിരിക്കുകയാണോ?”

അതേ ആ നിമിഷങ്ങള്‍ അവസാനിച്ചിരിക്കുന്നു. കണ്ണ് തുറന്നു ചേച്ചിയെ നോക്കി ചിരിച്ചെന്നു വരുത്തി. തൊട്ടടുത്തുള്ള കസേരയില്‍ ചേച്ചി വന്നിരുന്നു. വിശേഷങ്ങള്‍ അറിയാനാണ്. എന്ത് വിശേഷം പറയാനാണ്ആവര്‍ത്തനവിരസമായ മറ്റൊരു ദിനം. സഹതാപം വാരിപൂശിയ മുഖങ്ങള്‍, ചൂഴ്ന്നുനോക്കുന്ന ഒളികണ്ണുകള്‍, പരിഹാസച്ചുവയുള്ള അടക്കം പറച്ചിലുകള്‍!!

ചോദ്യചിഹ്നമേന്തിയ കണ്ണുകളുമായി ചേച്ചി ഇപ്പോഴും എന്തിനോ കാത്തിരിക്കുന്നു

ഇന്ന് റാമിനെ കണ്ടിരുന്നു

എന്തിനാണ് ഞാനത് പറഞ്ഞതെന്നറിയില്ല. ഒരു പക്ഷെ വിശേഷം പറച്ചിലില്‍ നിന്നുള്ള ഒരു രക്ഷപ്പെടലിനു വേണ്ടിയായിരിക്കാം. ചേച്ചിയുടെ മുഖഭാവം മാറി.

നിന്നോട് ഞാന്‍ എത്ര വട്ടം പറയണംഎന്താ വിഷ്ണു നീ മനസ്സിലാക്കാത്തത്

മൗനമാണ് ഉത്തമമെന്നു എനിക്ക് തോന്നി. തല വീണ്ടും മെല്ലെ കസേരയിലേക്ക് ചായ്ച്ചു

അവനെ പറ്റി നിനക്കറിയാവുന്നതല്ലേഎന്തിനാണ് ഇങ്ങനെ മറ്റുള്ളവരുടെ മുന്‍പില്‍ അപഹാസ്യനാവുന്നത്. നിന്‍റെ അസുഖത്തെ കുറിച്ചെങ്കിലും നീ ചിന്തിക്കണ്ടേ മോനേ..

അസുഖം!! ഭ്രാന്ത് എന്ന് പറയൂ ചേച്ചി എന്തിനാണ് ഈ മാന്യത

മനസ്സിന്‍റെ വീര്‍പ്പുമുട്ടലിനെ ഭാരമേറിയ വാക്കുകളാല്‍ സ്വതന്ത്രമാക്കിയ സന്തോഷത്തില്‍ ഞാന്‍ തലയുയര്‍ത്തി ആ സ്ത്രീയെ നോക്കി. കണ്ണുകള്‍ കലങ്ങിയിരിക്കുന്നുപരാജയം അംഗീകരിച്ച മുഖഭാവം.

എന്തിനാണ് ചേച്ചി കരയുന്നത്ആര്‍ക്ക് വേണ്ടിയാണ്ഈ ഭ്രാന്തന് വേണ്ടിയാണോഈ ഭൂമി കറങ്ങുന്നത് പോലും എന്നെ തോല്‍പ്പിക്കാനാണ്. ഓരോ നിമിഷവും ഇഞ്ചിഞ്ചായി അത് എന്നെ കൊല്ലുന്നു. രോഗമായിപ്രണയമായിവിരഹമായി,... ചില മനുഷ്യര്‍ ഇങ്ങനെയാണ് ചേച്ചിപരാജിതരാവാന്‍ വേണ്ടി മാത്രം ജനിച്ചവര്‍. ഈ ലോകത്തിന്‍റെ ഓരോ ചലനവും നമ്മളെ തോല്‍പ്പിക്കാന്‍ വേണ്ടിയാണ്

മോനേദയവു ചെയ്ത് നീ ഞാന്‍ പറയുന്നത് ഒന്ന്‍ കേള്‍ക്കു..” ഇനിയും എന്നെ വേദനിപ്പിക്കരുതേ എന്ന അപേക്ഷയായിരുന്നു ആ സ്ത്രീയുടെ വാക്കുകളില്‍, എന്നാല്‍ ആ അപേക്ഷക്ക് കടിഞ്ഞാണിടാന്‍ കഴിയുന്നതായിരുന്നില്ല എന്നിലെ രോഷം.

റാമിനെ കാണരുത് എന്നാണോഎനിക്കാവില്ല ചേച്ചിഎന്നെ കൊണ്ടാവില്ല. ഈ വീടിനു പുറത്ത് എന്നെ മനുഷ്യനായി കണക്കാക്കുന്ന ഒരേ ഒരു വ്യക്തി അവനാണ്. ഒരു പക്ഷെ ഒരു ആത്മഹത്യയെക്കുറിച്ച് ഞാന്‍ ചിന്തിക്കാതിരിക്കുന്നത് പോലും അവന്‍ കാരണമായിരിക്കും

പക്ഷേമോനേ അവന്‍ നിന്‍റെ..

ഞാന്‍ കയ്യുയര്‍ത്തി ചേച്ചിയെ തടഞ്ഞു. ആ വാചകം പൂര്‍ത്തിയായാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ എനിക്കറിയാം. എന്‍റെ തലച്ചോറില്‍ കുടിയേറാന്‍ തക്കം പാര്‍ത്ത്ആ വാചകത്തിന് പിന്നില്‍ ഒളിച്ചിരിക്കുന്ന പിശാചുക്കളെ ഞാന്‍ കണ്ടു.

ചേച്ചി സാരിതലപ്പ് കൊണ്ട് മുഖം പൊത്തി അമര്‍ത്തികരഞ്ഞു. പരാജിതയായി അവര്‍ സാവധാനം പിന്‍വാങ്ങി. ഞാന്‍ വീണ്ടും കസേരയിലേക്ക് തല ചായ്ച്ചു. നിസ്സഹായയായ ആ സ്ത്രീയുടെ മേലില്‍ നേടിയ ജയം എന്‍റെ ചുണ്ടിന്‍റെ കോണിലെവിടെയോ ഒരു ചെറുചിരി കോറിയിട്ടു.

 

3

    കണ്ണ് തുറന്നയുടനെ കൈ നീട്ടിയത് അലാറം ക്ലോക്കിന് നേരെയാണ്പുലര്‍ച്ചെ 10.30. സമയത്തിനു എന്‍റെ ജീവിതത്തിന്‍ മേലുള്ള മേധാവിത്വം എന്നേ അവസാനിച്ചതാണ്എന്നിരുന്നാലും ശീലങ്ങള്‍ മാറുന്നില്ല തന്നെ! രാവിലെ എപ്പോഴോ ആണ് ശരിക്കുറങ്ങിയത്. നിദ്ര പോലും ദുഃസ്വപ്നങ്ങളെ  പേടിച്ച് അകന്നു നില്‍ക്കുന്ന അതിഭയാനകമായ അവസ്ഥ.

കുറച്ചു നാള്‍ ഓഫീസില്‍ നിന്ന് ലീവെടുത്തു. ചേച്ചിയുടെ ഉപദേശമാണ്. ലീവ് എഴുതികൊടുത്തപ്പോള്‍ എന്തോ ഉപകാരം ചെയ്തത് പോലുള്ള സന്തോഷമായിരുന്നു മാനേജരുടെ മുഖത്ത്. പലപ്പോഴും അര്‍ദ്ധരാത്രിവരെ ഇരുന്നു പണിയെടുത്ത് പ്രൊജക്റ്റ്‌ കംപ്ലീറ്റ്‌ ചെയ്തപ്പോള്‍ പോലും അയാളുടെ മുഖത്ത് ഇങ്ങനെയൊരു സന്തോഷം കണ്ടിട്ടില്ല. റാമിനോട് ഇന്ന് കോഫീ ഷോപ്പില്‍ വരാന്‍ പറഞ്ഞിട്ടുണ്ട്. അവനോടു ചില കാര്യങ്ങള്‍ അത്യാവശ്യമായി സംസാരിക്കേണ്ടിയിരിക്കുന്നു. ഉടനെ തന്നെ ചില തീരുമാനങ്ങളെടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ കൈ വിട്ടു പോകുന്ന അവസ്ഥയിലാണ്. ചേച്ചിയോട് മറ്റെന്തെങ്കിലും കള്ളം പറഞ്ഞു വേണം പുറത്തുകടക്കാന്‍, സിനിമയ്ക്കെന്നോ മറ്റോ പറഞ്ഞേക്കാം. അതാകുമ്പോള്‍ ചേച്ചിക്കും സന്തോഷമാകും. ഓഫീസിലും വീട്ടിലും മാത്രമായി എന്‍റെ ജീവിതം ഒതുങ്ങിപോകുന്നതിനെ പറ്റി പലപ്പോഴും അവര്‍ സങ്കടം പറയാറുണ്ട്. എന്നാണു അവസാനമായി സിനിമ കണ്ടത്ഓര്‍മയില്ലഗീതയോടൊപ്പമാണെന്നത് തീര്‍ച്ച. എന്തോ വല്ലാത്തൊരു താത്പര്യമായിരുന്നു അവള്‍ക്ക് സ്ക്രീനിലെ ജീവിതങ്ങളോട്. രണ്ടു മണിക്കൂര്‍ മാത്രം ആയുസ്സുള്ള വെള്ളിത്തിരയില്‍ ജീവിക്കുന്ന ഒരു കൂട്ടം നിറം പൂശിയ നിഴലുകള്‍. എന്താണ് മനുഷ്യര്‍ക്ക് ഇതിനോട് ഇത്ര കമ്പംഒരു സാധാരണ മനുഷ്യന്‍റെ മനസ്സിന്‍റെ ഗതി ഒരിക്കലും എന്നെ കൊണ്ട് തിരിച്ചറിയാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

ചേച്ചിയോട് യാത്ര പറഞ്ഞിറങ്ങി. വിചാരിച്ചതുപോലെ തന്നെ സിനിമയ്ക്കാണെന്ന് പറഞ്ഞപ്പോള്‍ ആദ്യമൊന്നു അവിശ്വസിച്ചെങ്കിലും പിന്നെ സന്തോഷിച്ചു. ഞാന്‍ ഒരുപാട് പറ്റിക്കുന്നുണ്ട് ആ പാവത്തിനെ. എന്തായാലും ഇന്ന് ചില കാര്യങ്ങള്‍ തീരുമാനിക്കണം.

റോഡിന്‍റെ തിരക്കില്‍ നിന്നും കുറച്ചു ഉള്‍വലിഞ്ഞാണ് കോഫീ ഷോപ്പിന്‍റെ സ്ഥാനം. ബിസിനസ് മാഗ്നറ്റുകള്‍ ആശയസംവാദത്തിനുംബുദ്ധിജീവികള്‍ ഏകാന്ത ചിന്തയ്ക്കുംയുവസാഹിത്യകാരന്മാര്‍ എഴുത്തിനും വേണ്ടി തിരഞ്ഞെടുക്കുന്ന പാശ്ചാത്യസംസ്കാരം അപ്പടി പകര്‍ത്തിയ ഒരു മുന്തിയയിനം കോഫീഷോപ്പ്. ഒരു സാധാരണക്കാരന്‍റെ മൂന്നു നേരത്തെ ഭക്ഷണത്തിന്‍റെ തുകയാകും ഇവിടുത്തെ ഒരു നല്ല കോഫിക്ക്. ഈ നഗരത്തില്‍ റാം ഏറ്റവും കൂടുതല്‍ വെറുക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണിത്. അതുതന്നെയാണ് കൂടികാഴ്ചയ്ക്ക് ഈ സ്ഥലം തിരഞ്ഞെടുക്കാന്‍ എന്നെ പ്രേരിപ്പിച്ച ഘടകവും. എന്‍റെ തീരുമാനങ്ങള്‍ക്ക് തന്നെയാണ് എന്നും പ്രാധാന്യം എന്ന് അവന്‍ മനസ്സിലാക്കട്ടെ.

ഇവിടെ നിന്നും റാം യാതൊന്നും പാനിക്കില്ല എന്നുമാത്രമല്ല ഞാന്‍ എന്തെങ്കിലും കഴിക്കുന്നതും ഇഷ്ട്ടപെടില്ല എന്നെനിക്കുറപ്പായിരുന്നു. ഒരു കോള്‍ഡ് കൊക്കോ ലാറ്റെ’ ഞാന്‍ ഓര്‍ഡര്‍ ചെയ്തു. തണുത്ത ലഹരിയെ ഒരിറക്ക് നുകര്‍ന്ന് കണ്ണുകളടച്ചു റാമിനോട് പറയേണ്ടുന്ന കാര്യങ്ങളെ പറ്റി ഞാന്‍ ഒന്ന് അവലോകനം ചെയ്തു. സാവധാനം കണ്ണുതുറന്നപ്പോള്‍ തൊട്ടുമുന്നിലിരിക്കുന്ന റാമിനെയാണ് കണ്ടത്. എനിക്കഭിമുഖമായി ടേബിളിനു എതിര്‍വശമുള്ള സ്റ്റൂളിൽ കയറി ചമ്രം പടിഞ്ഞിരിക്കുകയാണ് കക്ഷി. നരച്ചു തുടങ്ങിയ ഒരു പഴഞ്ചന്‍ ഷര്‍ട്ടും മുഷിഞ്ഞ ഒരു പാന്റ്സുമാണ് അവന്‍റെ വേഷം. നരച്ചുതുടങ്ങിയ ആ പച്ച ഷര്‍ട്ടില്‍ ആര്‍ത്തിയോടെ വന്നിരിക്കുന്ന ഈച്ചകളെ ഞാന്‍ കണ്ടു. പെട്ടെന്ന്‍ സംശയം മാറ്റാനായി സ്വന്തം ദേഹത്ത് കിടന്നിരുന്ന നനുത്ത പ്രീമിയം കോട്ടൻ ഷര്‍ട്ടിലേക്ക് ഞാനൊന്ന് നോക്കിഅതെ കടും പച്ച നിറമുള്ള നനുത്ത പ്രീമിയം കോട്ടന്‍ ഷര്‍ട്ട്!!

എന്തിനാ വിഷ്ണു നീ എന്നെ ഇങ്ങോട്ടേക്ക് വിളിപ്പിച്ചത്ഈ മന്ദബുദ്ധികള്‍ക്കൊപ്പം!!

ചുറ്റും കണ്ണോടിച്ചു കൊണ്ട് അവന്‍ പറഞ്ഞു. അവന്‍ ഉദേശിച്ചത് ചുറ്റും ചിതറിയിരിക്കുന്ന ബിസിനസ് മാഗ്നറ്റുകളെയുംബുദ്ധിജീവികളെയുംയുവസാഹിത്യകാരന്മാരെയുമാണ്.

എനിക്ക് പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ നിന്നോട് സംസാരിക്കാനുണ്ട്

എന്ത് തന്നെയായാലും പെട്ടെന്ന് പറയൂ. ഇവിടെയിരിക്കുന്ന ഓരോ നിമിഷവും എനിക്ക് എന്നോട് തന്നെ അറപ്പ് തോന്നുന്നു” അസ്വസ്ഥനായി കൈകള്‍ കൂട്ടിത്തിരുമ്മിക്കൊണ്ട് അവന്‍ പറഞ്ഞു.

എനിക്ക് പറയാനുള്ളത് നീ കഴിഞ്ഞ ദിവസം ഗീതയെ പറ്റി പറഞ്ഞ കാര്യങ്ങളാണ്. അത് എനിക്ക് ഒട്ടും തന്നെ അംഗീകരിക്കാന്‍ കഴിയുന്നവയല്ല

ഹ ഹ ഹ...

അവനുറക്കെ ചിരിച്ചുഅല്ല അട്ടഹസിച്ചു. പരിഹാസത്തിന്‍റെ തുപ്പല്‍ ചീറ്റിക്കൊണ്ടുള്ള അട്ടഹാസം.

നോക്ക് വിഷ്ണുനിന്‍റെ ഓരോ പ്രവൃത്തികളും ഞാന്‍ പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് തെളിയിക്കുകയാണ്. ഇതിനു മുന്‍പ് ഒരിക്കലെങ്കിലും നീ എന്നെ എതിര്‍ത്തു സംസാരിച്ചിട്ടുണ്ടോനോക്കൂഅവള്‍ നിന്നെ എത്രമാത്രം മാറ്റിക്കളഞ്ഞെന്ന്! നീ നിന്‍റെ ചുറ്റും ഒന്ന് നോക്കൂആര്‍ക്കൊപ്പമാണ് നീ ഇരിക്കുന്നതെന്ന്?”

ഞാന്‍ നോക്കിതല വലത്തേക്ക് തിരിച്ചു വലതുഭാഗം മുഴുവന്‍ നോക്കി പിന്നെ ഇടത്തേക്ക് തിരിച്ചു ഇടതുഭാഗം മുഴുവന്‍ നോക്കി. ബിസ്സിനസ്സ് മാഗ്നറ്റുകള്‍, ബുദ്ധിജീവികള്‍, യുവസാഹിത്യകാരന്മാര്‍..

കാണുന്നില്ലേ വിഷ്ണുഇതാണോ നിന്‍റെ ലോകംനമ്മുടെ ലോകംഗീത നിന്നെ എത്രമാത്രം മാറ്റിയെന്നു നോക്കു. ഇനി ഒരു തിരിച്ചുപോക്ക്...അതിനു നീ തന്നെ വിചാരിക്കണം വിഷ്ണു. ഞാന്‍ പറയുന്നത് കേള്‍ക്കൂശ്രദ്ധിച്ചു കേള്‍ക്കൂ....

വീണ്ടും ആ ആജ്ഞാശക്തിയുള്ള വാക്കുക്കള്‍. ഞാന്‍ ഇരുകൈകള്‍കൊണ്ടും ചെവിപൊത്തി അവന്‍റെ ശബ്ദത്തിന് മേലെ അലറി. ബിസ്സിനസ്സ് മാഗ്നറ്റുകളില്‍ ചിലര്‍ തിരിഞ്ഞു നോക്കിബുദ്ധിജീവി കണ്ണടയ്ക്കു മുകളിലൂടെ ചൂഴ്ന്നു നോക്കിയുവസാഹിത്യകാരിലൊരുവന്‍ പുസ്തകത്തില്‍ നിന്ന് തല പൊന്തിച്ചു നോക്കി. നിശ്ചലമായ അഞ്ചു നിമിഷങ്ങള്‍. ബിസ്സിനസ്സ് മാഗ്നറ്റുകള്‍ വീണ്ടും ചര്‍ച്ചയിലേക്ക് തിരിഞ്ഞു. ബുദ്ധിജീവി കണ്ണട വീണ്ടും മൂക്കിലേക്ക് കുത്തികയറ്റിയുവസാഹിത്യകാരന്‍റെ തല വീണ്ടും പുസ്തകത്തിലേക്ക് കുമ്പിട്ടു. ലോകം വീണ്ടും ചലിച്ചു തുടങ്ങി.

ഇല്ല റാം. നിനക്കിനിയും മനസ്സിലായിട്ടില്ല. ഇനി എന്നില്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ നിനക്കാവില്ല. എന്‍റെ ജീവിതത്തിലുണ്ടായിരുന്ന ഒരേ ഒരു സന്തോഷംഅത് നീ കാരണം അസ്തമിച്ചു. എന്നിട്ടും ഞാന്‍ നിന്നോട് ക്ഷമിച്ചു

ഞാന്‍ കാരണമോനീയെന്തൊക്കെയാണ് വിഷ്ണു ഈ പുലമ്പുന്നത്

അതേ റാം. നീ തന്നെനീയാണ് ഗീതയെ എന്നില്‍ നിന്നും അകറ്റിയത്

നീയെന്താ പിച്ചും പേയും പറയുകയാണോ വിഷ്ണു?”

റാംനീ സ്കിസോഫ്രീനിയ’ എന്ന് കേട്ടിട്ടുണ്ടോചുറ്റുമുള്ള നിഴലുകള്‍ക്ക് പോലും സ്വന്തം മസ്തിഷ്കം ജീവന്‍ നല്‍കുന്ന അപൂര്‍വമായ രോഗാവസ്ഥ. മറ്റുള്ളവര്‍ കാണാത്തത് കാണേണ്ടിയും കേള്‍ക്കാത്തത് കേള്‍ക്കേണ്ടിയും വരുന്ന ജനിതകശാപം

അവന്‍റെ കണ്ണുകളില്‍ ഭീതി പടരുന്നത് ഞാന്‍ കണ്ടു. അവന്‍റെ ചുണ്ടുകള്‍ വിറയ്ക്കുന്നു. എന്‍റെ മുന്നിലിരിക്കുന്ന രൂപത്തെ അസ്വസ്ഥത കാര്‍ന്നു തിന്നുന്നത് എനിക്ക് വ്യക്തമായി കാണാം. പെട്ടെന്ന്‍ അവന്‍ കസേരയില്‍ നിന്നെഴുന്നേറ്റുതിടുക്കത്തില്‍ കോഫീ ഷോപ്പിനു പുറത്തേക് നടന്നു. വാതിലിനു സമീപമെത്തി ഒരു നിമിഷം അവന്‍ നിശ്ചലനായി നിന്നു,  പിന്നെ തിരിഞ്ഞുനോക്കി എന്നോടായി പറഞ്ഞു.

ഇന്ന് അര്‍ദ്ധരാത്രി ഞാന്‍ പറയുന്നിടത്ത് നീ വരണം വിഷ്ണു. പഴയ വിഷ്ണുവിനെ നമുക്ക് തിരിച്ചുകൊണ്ടു വരണം. മറക്കണ്ട അര്‍ദ്ധരാതി...

 

4

    മണിക്കൂറുകള്‍ വേണ്ടി വന്നു ഒരു തീരുമാനമെടുക്കാന്‍. എന്നിട്ട് ഒടുവില്‍ ഞാനിവിടെഅര്‍ദ്ധരാത്രിയുടെ അന്ധകാരത്തില്‍ കുളിച്ചു അവനെയും കാത്ത്!! തൊട്ടുമുന്നില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന ആ റയില്‍വേ പാളത്തിനു മുന്നില്‍ ഞാന്‍ നിന്നു. എന്തിനായിരിക്കും അവന്‍ ഇവിടേയ്ക്ക് വരാന്‍ പറഞ്ഞത്ചേച്ചി അറിയാതെയാണ് പുറത്തുകടന്നത്. പാവം നല്ല ഉറക്കത്തിലായിരുന്നുകുത്തിനോവിക്കുന്ന ചിന്തകളില്‍ നിന്ന്‍ താത്കാലികമായ ഒരു രക്ഷപ്പെടല്‍. വിളിച്ചുണര്‍ത്തി വീണ്ടും ഭൗതികജീവിതത്തിൻ്റെ വേദനകളിലേക്ക് പറഞ്ഞയക്കാന്‍ തോന്നിയില്ല.

ചുറ്റും ഒളിച്ചിരുന്ന് കണ്ണിലേക്ക് തുറിച്ചുനോക്കുകയാണ് അന്ധകാരം. എന്തിനെന്നറിയാതെ ഞാനും തിരികെ തുറിച്ചുനോക്കി. ഇരുട്ടിനെ ഞാന്‍ എന്തുമാത്രം സ്നേഹിച്ചുവോ അത്ര മാത്രം ഗീത അതിനെ വെറുത്തിരുന്നു. റാം പറഞ്ഞ ആ ചേര്‍ച്ചയില്ലായ്മ’ പെട്ടെന്ന് എന്‍റെ മനസ്സിലേക്ക് കടന്നു വന്നു. അവന്‍ പറഞ്ഞത് ശരിയാണോഎനിക്ക് ചേരുന്നവളായിരുന്നില്ലേ ഗീതഈശ്വരാ! ഞാന്‍ എന്തൊക്കെയാണ് ഈ ചിന്തിക്കുന്നത്. ഒരിക്കലും ഗീതയെ പറ്റി ഞാന്‍ ഇത്തരത്തില്‍ ചിന്തിക്കാന്‍ പാടില്ല. എന്തുകൊണ്ടാണ് റാമിന് അവളോട് ഇത്ര വെറുപ്പ്സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ആ പെണ്‍കുട്ടിയെ ആര്‍ക്കാണ് വെറുക്കാന്‍ കഴിയുകശരിയാണ് ഗീത എന്‍റെ ജീവിതത്തിലേക്ക് വന്നതില്‍ പിന്നെ ഞാന്‍ റാമുമായി അകന്നു. പക്ഷെ അത് സ്വാഭാവികമല്ലേഒരുവന്‍ സ്വന്തം ജീവിതപങ്കാളിയോട് തന്നെയല്ലേ കൂടുതല്‍ സമയം ചിലവഴിക്കേണ്ടത്. എന്തുകൊണ്ടാണ് അവനത് മനസ്സിലാക്കാത്തത്.

റാമിന്‍റെ ഈ വെറുപ്പിനെ പറ്റി ഗീതയ്ക്കും അറിവുണ്ടായിരുന്നിരിക്കണം. ഒരു വര്‍ഷം! അതായിരുന്നു ഡോക്ടര്‍മാര്‍ എന്‍റെ ഗീതയ്ക്കു വിധിച്ച കാലാവധി. ഈശ്വരന്‍റെ കണക്കുപുസ്തകത്തില്‍ ഭിഷഗ്വരന് എന്തവകാശം! അതിനുശേഷം കഷ്ടിച്ച് മൂന്ന് മാസം കൂടി അവള്‍ ജീവിച്ചു. തീവ്രദുഖത്തിന്‍റെ മൂന്ന് മാസം. ആ സമയങ്ങളില്‍ റാം വീണ്ടും എന്‍റെ ജീവിതത്തില്‍ നിത്യസന്ദര്‍ശകനായി. അതിനെ ഗീത കൂടുതല്‍ വെറുത്തു. പ്രണയം കൊണ്ട് ചേര്‍ത്തു പിടിക്കേണ്ടേ അവസാന നാളുകളില്‍ റാമിന്‍റെ പേരില്‍ ഞാന്‍ അവളുമായി കലഹിച്ചു. കണ്ണീരില്‍ കുതിര്‍ന്നതായിരുന്നു ആ ദിനങ്ങളില്‍ അവളുടെ രാത്രികള്‍. എത്രയോ തവണ ചേച്ചി എന്നെ ഉപദേശിച്ചിരിക്കുന്നു അവനുമായുള്ള ചങ്ങാത്തം ഒഴിവാക്കാന്‍. ഞാനത് വകവച്ചില്ല. ഒരു പക്ഷെ ഗീതയുടെ ആയുസ്സ് കുറച്ചതില്‍ ആ കലഹങ്ങള്‍ക്കും ഒരു പങ്കില്ലേഅങ്ങനെയെങ്കില്‍ റാം... അവന്‍ തന്നെയല്ലേ  ഗീതയുടെ മരണത്തിനു കാരണംകൊലപാതകി!! ഞാന്‍ വീണ്ടും ഒരിക്കല്‍ കൂടി ആ വാക്ക് ഉരുവിട്ടു കൊലപാതകി

എന്‍റെ മുന്നില്‍ നീണ്ടു കിടന്ന റെയില്‍വേ പാളത്തിലേക്ക് ഞാന്‍ വീണ്ടും നോക്കി. ഒരു പക്ഷെ ഇത് ദൈവം എനിക്ക് തന്ന അവസരമായിരിക്കും. അല്ലെങ്കില്‍ എന്തുകൊണ്ട് അവന് ഇന്നത്തെ കൂടികാഴ്ചയ്ക്ക് ഈ സ്ഥലം തന്നെ തിരഞ്ഞെടുക്കാന്‍ തോന്നി. ചേച്ചി പറഞ്ഞതു പോലെ അവനെ ഒഴിവാക്കാന്‍ സമയമായിരിക്കുന്നുഎന്നെന്നേക്കുമായി! പുറകില്‍ നിന്ന്‍ ഒരു തള്ള്. നീതിയുടെ ചക്രത്തിനടിയില്‍ പെട്ട് ആ കൊലപാതകിവിചിത്രമനുഷ്യന്‍ അവസാനിക്കും! ഒരു പക്ഷെ ഇത് നേരത്തെ ചെയ്തിരുന്നെങ്കില്‍ എന്‍റെ ഗീതയെ രക്ഷിക്കാന്‍ എനിക്കായേനെ..

 “ആണോ വിഷ്ണുഅത് നിനക്കുറപ്പുണ്ടോ?”

പെട്ടെന്ന് പിന്നിലെ ശബ്ദം കേട്ട് ഞാന്‍ ഞെട്ടിത്തിരിഞ്ഞു. തിളങ്ങുന്ന കണ്ണുകളുമായി അന്ധകാരത്തില്‍ നിന്ന് അവന്‍ മുന്നോട്ടേക്ക് വന്നുറാം!!

നിനക്കുറപ്പുണ്ടോ വിഷ്ണുഎന്നെ ഒഴിവാക്കിയിരുന്നെങ്കില്‍ നിന്‍റെ ഗീതയെ നിനക്ക് രക്ഷിക്കാന്‍ കഴിയുമെന്ന് നിനക്കുറപ്പുണ്ടോമരണത്തില്‍ നിന്ന്‍ നിനക്കവളെ രക്ഷിക്കാന്‍ കഴിയുമായിരുന്നോഅവളെ കാര്‍ന്നുതിന്നിരുന്ന അര്‍ബുദത്തില്‍ നിന്ന് നിനക്കവളെ രക്ഷിക്കാന്‍ കഴിയുമായിരുന്നോപറയൂ വിഷ്ണു...

ഇവന്‍...ഇവന്‍ എങ്ങനെ എന്‍റെ മനസ്സ് വായിച്ചുഈ വിചിത്രമനുഷ്യന്‍ എങ്ങനെയോ എന്‍റെ മനസ്സിനുള്ളില്‍ കയറിപ്പറ്റിയിരിക്കുന്നു. ഞാന്‍ അവനു നേരെ അലറി

കൊലപാതകി..വായടയ്ക്ക്. ഇനിയും നിന്‍റെ മന്ത്രവിദ്യയില്‍ ഞാന്‍ വീഴില്ല. നീയാണ്നീ കാരണമാണ് എനിക്ക് ഗീതയെ നഷ്ടപെട്ടത്. എന്‍റെ ജീവിതത്തില്‍ ഉണ്ടായിരുന്ന ഒരേ ഒരു വെളിച്ചം അത് നീ ഊതിക്കെടുത്തി. അതാണ്‌ സത്യം

അല്ല വിഷ്ണു അതല്ല സത്യം. അത് നീ ചമഞ്ഞുണ്ടാക്കിയനീ വിശ്വസിക്കാനിഷ്ടപ്പെടുന്ന സത്യം. അര്‍ബുദം..അതാണ്‌ ഗീതയുടെ ജീവന്‍ കവര്‍ന്നത്

ഗീതയുടെ പുഞ്ചിരിക്കുന്ന മുഖം എന്‍റെ മനസ്സില്‍ തെളിഞ്ഞു. എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന മുഖം. അതാ അവളുടെ പുഞ്ചിരി മായുന്നുകണ്ണുകള്‍ നിറയുന്നുനിറഞ്ഞൊഴുകുന്നു..

റാം നീയാണ്...നിന്നെ പറ്റിയുള്ള തര്‍ക്കങ്ങളാണ് അവളുടെ ആയുസ്സ് കുറച്ചത്. മെച്ചപ്പെട്ടുകൊണ്ടിരുന്ന അവളുടെ ആരോഗ്യം അതോടെ നശിച്ചു. കരഞ്ഞ മുഖത്തോടെയല്ലാതെ അവസാനനാളുകളില്‍ ഞാന്‍ അവളെ കണ്ടിട്ടില്ല....എല്ലാം നീ കാരണം..

അങ്ങനെയാണോ വിഷ്ണു. ഞാനാണോ ഗീതയുടെ മരണത്തിനു കാരണം. അങ്ങനെയെങ്കില്‍ ആരാണ് എന്‍റെ നിലനില്പിന് കാരണം?”

ക്രൂരമായ ഒരു പുഞ്ചിരി അവനില്‍ ജനിക്കുന്നത് ഞാന്‍ കണ്ടു

വിഷ്ണു....ഞാന്‍ നിന്‍റെ വെറും മായാസൃഷ്ടിയാണ്..

ഞാന്‍ അവനെ തുറിച്ചു നോക്കി. ആ വിചിത്രമനുഷ്യന്‍റെ കണ്ണുകളിലെ തിളക്കം മങ്ങുന്നു. ഒരു ഗ്ലാസ്സുപോലെ അവന്‍റെ ശരീരം അതാ സുതാര്യമാകുന്നു. അവനെ ചുറ്റിയ അന്ധകാരത്തിലേക്ക് അവന്‍ സാവധാനം അലിഞ്ഞുചേരുന്നു.

വിഷ്ണു...ഞാനല്ലനീ തന്നെയാണ് ഗീതയുടെ മരണത്തിനു കാരണം. അവള്‍ അര്‍ഹിച്ച മരണം. അവള്‍ നിന്നെ മാറ്റിഎന്നില്‍ നിന്നകറ്റി. ഇനി നിനക്ക് തിരിച്ചുപോകാന്‍ സാധിക്കില്ലപഴയ വിഷ്ണുവാകാന്‍ നിനക്ക് കഴിയില്ല. ഇന്ന് എന്നോടൊപ്പം നീയും ഒടുങ്ങണം. നീ തോല്‍ക്കണം വിഷ്ണുഒരു ഭ്രാന്തനെന്നു മുദ്ര കുത്തി നിന്നെ തിരസ്കരിച്ച ഈ സമൂഹത്തിനു മുന്നില്‍, അതില്‍ നിന്ന് നിന്നെ രക്ഷിക്കാന്‍ ശ്രമിച്ചു പരാജയമടഞ്ഞ ആ പെണ്‍കൊടിക്ക് മുന്നില്‍... നിന്‍റെ യുദ്ധം അവസാനിപ്പിക്കാന്‍ സമയമായിരിക്കുന്നു

സുതാര്യമായ അവന്‍റെ ശരീരത്തെ വിഴുങ്ങുന്ന അന്ധകാരത്തെ ഞാന്‍ കണ്ടു. അതാ അവന്‍ ഇല്ലാതാകുന്നു!! എന്നെന്നേക്കുമായി.. അന്ധകാരത്തെ കീറിമുറിച്ചുകൊണ്ട് ആ ചൂളം വിളി എന്‍റെ കാതില്‍ മുഴങ്ങി. മരണമണി! തലകുനിച്ച്എനിക്ക് മുന്നില്‍ നീണ്ടു നിവര്‍ന്നു കിടന്ന ആ പാളത്തിലേക്ക് ഞാന്‍ സാവധാനം നടന്നു. ചൂളംവിളി അടുക്കുന്നു. പാളത്തിനു നടുവില്‍ മരണത്തെയും കാത്തു ഞാന്‍ നിന്നു. ആരുടെയെക്കെയോ അലര്‍ച്ച എന്‍റെ കാതുകളില്‍ മുഴങ്ങി. ആരൊക്കെയോ അതാ എനിക്ക് നേരെ ഓടിയടുക്കുന്നു. അവരില്‍ മുന്നിലായി..ആ മുഖം ഞാന്‍ തിരിച്ചറിഞ്ഞു....ചേച്ചി...

ഇല്ല...ദയവായി എന്നെ മരിക്കാനനുവദിക്കൂ..” ചൂളം വിളിച്ചു പാഞ്ഞടുക്കുന്ന മരണത്തിനു നേരെ സര്‍വ്വശക്തിയുമെടുത്തു ഞാന്‍ ഓടി. കഴിയുന്നില്ല..കാലുകള്‍ തളരുന്നു..ചുറ്റുമുള്ള അന്ധകാരം എന്‍റെ കണ്ണുകള്‍ കുത്തിത്തുറന്ന് അകത്തേക്ക് കയറി. ബോധമറ്റ്‌ പാളത്തിലേക്ക് വീഴുമ്പോഴും ചേച്ചിയുടെ അലര്‍ച്ച എന്‍റെ  കാതുകളില്‍ വ്യക്തമായി മുഴങ്ങി.

 

5

    ഒരിക്കലും പാദമൂന്നാന്‍ ആഗ്രഹിക്കാത്ത ഓര്‍മ്മയുടെ ആ പടവുകള്‍ക്കു മുന്നില്‍ ഞാന്‍ മടിച്ചു നിന്നു. ചാടാന്‍ ശ്രമിച്ചുവഴി മാറി നടക്കാന്‍ ശ്രമിച്ചുകഴിയുന്നില്ല. ഭൂതകാലമെന്ന പിശാച് പിടികൂടിയിരിക്കുന്നു. ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചുഇനി മിഴികള്‍ തുറക്കുന്നത് ഒരു പുതുലോകത്തിലെക്കായിരിക്കണമേ എന്ന് മനമുരുകി പ്രാര്‍ഥിച്ചു. സാവധാനം കണ്ണ് തുറന്നുഈശ്വരന്‍ ചതിച്ചിരിക്കുന്നു. ഡോക്ടര്‍ വിനോദ് ഇപ്പോഴും അവിടെത്തന്നെയുണ്ട്. ഒരു മാറ്റവുമില്ലാതെമനം മടുപ്പിക്കുന്ന ഗന്ധത്തോടെ ഡോക്ടറുടെ മുറിയും. ചുറ്റുമൊന്നു ഗഹനമായി നോക്കിഒരു മാറ്റവുമില്ല. കൃത്രിമത്വം ഛർദിക്കുന്ന അടുക്കും ചിട്ടയുമുള്ള മുറി. ഓരോ വസ്തുവിനും ആ മുറിയില്‍ അതിന്റേതായ സ്ഥാനം കല്‍പിച്ചു നല്‍കിയിട്ടുണ്ട്. ദശാബ്ദം എത്ര കഴിഞ്ഞാലും അണുവിട മാറ്റമില്ലാതെ അതെന്നും അവിടെ തന്നെ തുടരും. ഒരു പക്ഷെ അവയോരോന്നും ആഗ്രഹിക്കുന്നുണ്ടാകും ഒരു മില്ലിമീറ്ററെങ്കിലും ഇടത്തോട്ടോ വലത്തോട്ടോ ഒന്ന് മാറിയിരുന്നെങ്കിലെന്ന്‍! മുറിയുടെ വലതുഭാഗത്തായി ചുവരില്‍ ആ മുറിയിലെ ഏറ്റവും മനോഹരമായ വസ്തുആ പെയിന്റിംഗ് നിലകൊണ്ടു. നട്ടുച്ച നേരത്ത് തിരക്കുള്ള ഒരു സിറ്റിയുടെ ചിത്രീകരണമാണ് പെയിന്റിംഗില്‍. തിരക്കേറിയ ജോലിക്കിടയില്‍ കിട്ടിയ ഉച്ച ഭക്ഷണത്തിന്‍റെ ഇടവേളയില്‍, ധൃതിപ്പെട്ടു ആഹാരത്തിനായി ഹോട്ടലിലേക്കും മറ്റും ചിതറി നീങ്ങുന്ന ജീവനക്കാര്‍. അവരോടൊപ്പം അവരെ പിന്തുടരുന്ന അവരുടെ നിഴലുകളും. ചിത്രത്തില്‍ ഒരു സ്ത്രീ മറ്റൊരു യുവാവിനോട് സംസാരിക്കുന്നുണ്ട്അവരുടെ നിഴലുകളും പരസ്പരം സംസാരിക്കുന്നു. എന്തായിരിക്കും അവ സംസാരിക്കുന്നത്തങ്ങളുടെ യജമാനന്‍മാരെ കുറ്റം പറയുകയായിരിക്കുമോ?

വിഷ്ണു..” ഡോക്ടറുടെ ശബ്ദം. മനസ്സിന്‍റെ താത്പര്യം അവഗണിച്ചു എന്‍റെ ഉടല്‍ ഡോക്ടറിനു നേരെ തിരിഞ്ഞു. ഡോക്ടറുടെ അടുത്തു തന്നെ കസേരയില്‍ കലങ്ങിയ കണ്ണുകളുമായി ചേച്ചി!!

വിഷ്ണുവിഷ്ണു ശ്രദ്ധിക്കുന്നുണ്ടോ?”

ഇല്ലഞാന്‍ ശ്രദ്ധിച്ചില്ല എന്താണദ്ദേഹം പറഞ്ഞത്?

വിഷ്ണുയു നീഡ്‌ ടു ഗോ ബാക്ക് ടു യുവര്‍ മെഡിക്കേഷന്‍സ്. ഭേദമായിത്തുടങ്ങിയ രോഗത്തെ എന്തിനാണ് വിഷ്ണു വീണ്ടും വിളിച്ചു വരുത്തുന്നത്?”

ഓര്‍മയിലെ ഭൂതങ്ങളോട് പൊരുതാന്‍ താത്പര്യമില്ലാത്തതിനാല്‍ ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു.

എനിക്ക് കുഴപ്പമൊന്നുമില്ല ഡോക്ടര്‍. അവന്‍....റാം എവിടെ?”

കുറച്ചുനേരത്തേക്ക് ഡോക്ടറിന്‍റെ കണ്ണുകള്‍ എന്‍റെ മുഖത്ത് തന്നെ തറച്ചു നിന്നു. എന്തോ അന്വേഷിക്കുകയാണ് അദ്ദേഹം.

വിഷ്ണു സത്യത്തെ നിങ്ങള്‍ അഭിമുഖീകരിച്ചേ മതിയാകൂ. സ്കിസ്നോഫ്രീനിയ എന്ന മാനസികരോഗത്തിന് അടിമയാണ് നിങ്ങള്‍. മുന്നിലില്ലാത്ത ശബ്ദങ്ങളും രൂപങ്ങളും മസ്തിഷ്കം തന്നെ സൃഷ്ടിച്ചെടുക്കുന്ന അവസ്ഥ. അങ്ങനെ നിങ്ങളുടെ തലച്ചോറ് സൃഷ്ടിച്ചെടുത്ത ഒരു സാങ്കല്‍പ്പിക കഥാപാത്രം മാത്രമാണ് റാം. ഹി ഡസിന്റ് റിയലി എക്സിസ്റ്റ്! ദയവായി മനസ്സിലാക്കൂ വിഷ്ണു. ഒരു കളിക്കൂട്ടുകാരനില്‍ തുടങ്ങി വര്‍ഷങ്ങളായി ഒരു നിഴല്‍ പോലെ റാം എന്ന സങ്കല്‍പസൃഷ്ടി നിങ്ങളുടെ കൂടെയുണ്ട്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന മരുന്നുകള്‍ക്ക് പോലും മാറ്റാന്‍ കഴിയാത്ത നിങ്ങളുടെ രോഗത്തിന് കുറച്ചൊരു ആശ്വാസമുണ്ടായത് ഗീത എന്ന പെണ്‍കുട്ടി നിങ്ങളുടെ ജീവിതത്തിലേക്ക് വന്നതിനു ശേഷമാണ്..പക്ഷെ..

ഒരു നിമിഷം നിര്‍ത്തി ഒരു ദീര്‍ഘനിശ്വാസമെടുത്തു ഡോക്ടര്‍ തുടര്‍ന്നു

ഗീതയുടെ മരണ ശേഷം നിങ്ങളിലെ രോഗം വീണ്ടും ശക്തിപ്രാപിക്കുകയാണ്...

പെട്ടെന്ന് പെയിന്റിംഗിനു സമീപമായി ഒരു ആളനക്കം. അതെ..അതാ ആ പെയിന്റിംഗിലൂടെ വിരലുകള്‍ ഓടിച്ച്അതിന്‍റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട്‌ അവന്‍...റാം! പെട്ടെന്ന് അവന്‍ തിരിഞ്ഞ് എന്നെ നോക്കിപുഞ്ചിരിച്ചു.

വിഷ്ണൂ...വിഷ്ണു ശ്രദ്ധിക്കുന്നുണ്ടോ?”

ഡോക്ടറുടെ ശബ്ദം. ഞാന്‍ വീണ്ടും കണ്ണുകള്‍ ഇറുക്കിയടച്ചു. മുന്നില്‍ ഓര്‍മയുടെ പടവുകള്‍! ഗത്യന്തരമില്ലാതെ ഞാനാ പടവുകള്‍ കയറി. ഗീതയുടെ മുഖംപുഞ്ചിരിക്കുന്ന ഗീതയുടെ മുഖം. പുഞ്ചിരിയിലും ആ കണ്ണില്‍ നിറയുന്ന വിഷാദം എനിക്ക് കാണാം. പുസ്തകങ്ങളിലും മോണിറ്ററിലും മാത്രമായി ഒതുങ്ങിയിരുന്ന എന്‍റെ കണ്ണുകളിലേക്ക് ജീവിതത്തിന്‍റെ വെളിച്ചം നിറച്ച പെണ്‍കുട്ടി. ചുറ്റുമുള്ളവര്‍ ഭ്രാന്തനെന്ന മുദ്ര പതിപ്പിച്ച് തന്നെ അകറ്റിയപ്പോഴും എന്നിലേക്ക് സ്വയം നടന്നടുത്തവള്‍. ഏകാന്തമായ ഇരുള്‍ നിറഞ്ഞ എന്‍റെ സായാഹ്നങ്ങളെ അസ്തമന സൂര്യന് മുന്നില്‍ ബലി കഴിച്ച്തിരമാലകളുടെ അസൂയാവഹമായ ആക്രോശങ്ങളെ അവഗണിച്ച് എത്രയെത്ര നാളുകള്‍ അവളോടൊപ്പം കൈകോര്‍ത്ത് മണല്‍ത്തരികളെ ചവിട്ടിമെതിച്ച് ഞാന്‍ നടന്നിരിക്കുന്നു. എന്നോട് തോള്‍ ചേര്‍ന്നുഎന്നില്‍ തല ചായ്ച്ച് എന്‍റെ ഗീത! ഞാന്‍ സ്നേഹിച്ച എന്‍റെ നിഴലുകള്‍ പോലും,  വെട്ടിത്തിളങ്ങിയ ആ പെണ്‍കൊടിയുടെ തേജസ്സില്‍ അലിഞ്ഞില്ലാതായി...പക്ഷെ ഇന്ന്...

ഞാന്‍ കണ്ണുകള്‍ തുറന്നു. എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് റാം അവിടെആ പെയിന്റിംഗിന് സമീപം തന്നെയുണ്ട്. അവന്‍ എന്നെ നോക്കുന്നുപിന്നെ തിരിഞ്ഞു ആ പെയിന്റിംഗിലേക്ക്ആ നിഴലുകളിലേക്ക് നോക്കുന്നു. മുന്നില്‍ ഡോക്ടര്‍ ഇപ്പോഴും വാചാലനാണ്. അദ്ദേഹത്തിന്‍റെ വാക്കുകളൊക്കെയും എന്‍റെ കാതുകളെ അവഗണിച്ച് എനിക്ക് ചുറ്റുമായി ഒഴുകി നടന്നു. സഹതാപത്തോടെ ഞാന്‍ അദ്ദേഹത്തെ നോക്കി.

ഡോക്ടര്‍

നിശ്ചലനായി ഉദ്വേഗത്തോടെ അയാള്‍ എനിക്ക് വേണ്ടി കാതോര്‍ത്തു.

ഡോക്ടര്‍, താങ്കള്‍ക്ക് എന്‍റെ രോഗം ഭേദമാക്കാന്‍ കഴിയില്ല. എന്‍റെ രോഗം ഭേദമാകാന്‍ ഈശ്വരന് പോലും താത്പര്യമില്ല. അല്ലെങ്കില്‍ അതിന് കഴിവുണ്ടായിരുന്ന ഒരേ ഒരാളെഎന്‍റെ ഗീതയെ ഈശ്വരന്‍ തിരിച്ചു വിളിക്കില്ലായിരുന്നു. ഞാന്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നതിനു കാരണം തന്നെ എന്‍റെ രോഗമാണ് ഡോക്ടര്‍. എന്‍റെ മസ്തിഷ്കം മാത്രമാണ് എന്‍റെ കൂട്ടുകാരന്‍. ഡോക്ടറിന് അറിയാമോഏകാന്തത ഇഷ്ടപ്പെടുന്നവരെഅന്തര്‍മുഖരെ ഈ സമൂഹത്തിനു വെറുപ്പാണ്. അവര്‍ അവനെ അകറ്റുംഒറ്റപ്പെടുത്തും. മറ്റു കുട്ടികള്‍ അവനെ കളിയാക്കുംഅവനോടൊപ്പം കളിക്കാനും കൂട്ടുകൂടാനും മടിക്കും. അതായിരുന്നു ഡോക്ടര്‍ എന്‍റെ ബാല്യം. അച്ഛനമ്മമാരില്ലാതെ കൂട്ടുകാരില്ലാതെ ഒരു കുട്ടിക്ക് എങ്ങനെ കഴിയാനാകുംഅങ്ങനെ എന്‍റെ മസ്തിഷ്കം എനിക്ക് വേണ്ടി ഒരു കൂട്ടുകാരനെ സൃഷ്ടിച്ചു. എന്‍റെ ചേച്ചിയെപോലെ എന്നെ സ്നേഹിക്കാന്‍ വേണ്ടി മാത്രമായി ഒരാള്‍!

വിഷ്ണു,..”

എന്തോ പറയാന്‍ മുതിര്‍ന്ന ഡോക്ടറെ ഞാന്‍ തടഞ്ഞു.

എന്നെ ഞാനായിത്തന്നെ റാം സ്വീകരിച്ചു. വിചിത്രസ്വഭാവി ആയിരുന്നിട്ട് കൂടി ഞാന്‍ അവനെയും സ്വീകരിച്ചു. മറ്റുള്ളവര്‍ എന്നെ ഒറ്റപ്പെടുത്തിയപ്പോള്‍ അവന്‍ എന്നോടൊപ്പം നിന്നു. എന്നോട് സംസാരിച്ചുഎന്നോടൊപ്പം കളിച്ചുഭക്ഷണം കഴിച്ചു. അവനെ കണ്ടു പേടിച്ചരണ്ട മറ്റു കുട്ടികളുടെ മുഖം ഞാനോര്‍ക്കുന്നു. അവര്‍ എന്നെ ഭ്രാന്തന്‍ എന്ന് വിളിച്ചുടീച്ചര്‍മാര്‍ എന്നെ ഭ്രാന്തന്‍ എന്ന് വിളിച്ചു. ഭ്രാന്തന്‍ ജീവിക്കാന്‍ പാടില്ലഅവന്‍ അപകടകാരിയാണത്രേ! എന്നിട്ടും ഞാന്‍ ജീവിച്ചു എല്ലാവരെയും വെല്ലുവിളിച്ചുകൊണ്ടു ഞാന്‍ ജീവിച്ചു. എന്തിനെന്നറിയാതെ ജീവിതത്തോട് പൊരുതി. ആ യുദ്ധം അവസാനിച്ചത് ഞാനാ പെണ്‍കുട്ടിയെ ആദ്യമായി കണ്ടപ്പോഴാണ്. അവള്‍ക്കു മുന്നില്‍ ഞാനെന്‍റെ ആയുധങ്ങള്‍ അടിയറ വച്ചു. ഗീതദൈവത്തിന്‍റെ കണ്ണുകളായിരുന്നു ആ പെണ്‍കുട്ടിക്ക്. അവള്‍ ഭ്രാന്തനിലെ മനുഷ്യനെ കണ്ടുസ്നേഹിച്ചുപരിചരിച്ചു. എന്നെ ഭ്രാന്തന്‍ എന്ന് വിളിച്ച സമൂഹം അവളുടെ പ്രവൃത്തി കണ്ട് നെറ്റി ചുളിച്ചുഅവര്‍ അത്ഭുതപ്പെട്ടുഅസൂയപ്പെട്ടു. ഒരു പക്ഷെ ദൈവം പോലും അസൂയപ്പെട്ടു കാണും. അതല്ലേ അദ്ദേഹം..

കാഴ്ച മറച്ച് മുന്നില്‍ നിന്ന ജലകണികകളെ ഞാന്‍ തുടച്ചു നീക്കി.

ഡോക്ടര്‍ ദയവായി എന്‍റെ മസ്തിഷ്കത്തെ വെറുതെ വിടൂ. എന്‍റെ ചേച്ചിയെ കൂടാതെ എന്നെ സ്നേഹിക്കുന്ന ഒരേ ഒരു വ്യക്തി റാം മാത്രമാണ്.

പെട്ടെന്ന് എന്നെ തടസ്സപ്പെടുത്തിക്കൊണ്ട് ഡോക്ടര്‍ പറഞ്ഞു

വിഷ്ണു..” വാക്കുകള്‍ക്ക് വേണ്ടി അദ്ദേഹം ബദ്ധപ്പെടുന്നത് പോലെ എനിക്ക് തോന്നി.

യു ഡോണ്ട് ഹാവ് എ സിസ്റ്റര്‍....നിങ്ങള്‍ അനാഥനാണ്

എന്തുകൊണ്ടോ ആ വാക്കുകള്‍ എന്നെ ഞെട്ടിച്ചില്ലമസ്തിഷ്കം മരവിപ്പിക്കപ്പെട്ടതുപോലെ എനിക്ക് തോന്നി. ഞാന്‍ തിരിഞ്ഞ് ചേച്ചിയെ നോക്കിഅതാ അവരുടെ മുഖംആ കരയുന്ന മുഖം.....അത് വികൃതമാകുന്നുഅല്ല അത് രൂപം മാറുന്നു...റാമിലേക്ക്...വീണ്ടും തിരികെ ചേച്ചിയിലേക്ക്...

ചേ....ചേച്ചി..” ഞാനുറക്കെ വിളിച്ചുശബ്ദം വിങ്ങുന്നു. ശ്വാസമെടുക്കാന്‍ കഴിയുന്നില്ല

ഞാന്‍ പറയുന്നത് മനസ്സിലാക്കൂ വിഷ്ണു. നിങ്ങള്‍ അനാഥനാണ്...അല്ലെങ്കില്‍ പറയൂ എന്താണ് താങ്കളുടെ ചേച്ചിയുടെ പേര്?”

മോ...മോഹിനി..” ബദ്ധപ്പെട്ടു വാക്കുകളെ ഞാന്‍ ഉന്തി പുറത്തേക്കിട്ടു

ഹ ഹ. മോഹിനി’, ‘റാം’ എല്ലാം വിഷ്ണുവിന്‍റെ അവതാരങ്ങള്‍ തന്നെ അല്ലെ??”

ശ്വാസമെടുക്കാന്‍ കഷ്ടപ്പെട്ടുകൊണ്ട് ഞാന്‍ ഡോക്ടറുടെ മുഖത്തേക് നോക്കി. എന്തോ തമാശ പറഞ്ഞ സന്തോഷത്തിലാണ് അദ്ദേഹം. ചിരിപരിഹാസച്ചുവയുള്ള ചിരി. റാമിന്‍റെ വാക്കുകള്‍ ഞാനോര്‍ത്തു. ഞാന്‍ വീണ്ടും ചേച്ചിയെ നോക്കി. അവര്‍ എന്നെ നോക്കി പുഞ്ചിരിച്ചുസാവധാനം കസേരയില്‍ നിന്നെഴുന്നേറ്റ്‌ പെയിന്റിംഗിനു നേരെ നടന്നു. പെയിന്റിംഗിന് മറുവശത്തായി ചേച്ചി നിന്നു. ഞാന്‍ സൂക്ഷിച്ചു നോക്കി റാമുംചേച്ചിയുംഅവരുടെ നടുക്ക് നിഴലുകളുടെ ആ പെയിന്റിംഗും.. ഞാന്‍ അവരുടെ മുഖത്തേക്ക് നോക്കി. ഇനി നീ എന്തിനാണ് കാത്തിരിക്കുന്നത്?’ അവരുടെ മുഖഭാവം ഞാന്‍ വായിച്ചെടുത്തു.

ഞാന്‍ എഴുന്നേറ്റു. പെയിന്റിംഗിന് നേരെ നടന്നു. തലക്കുള്ളില്‍ എവിടെയോ ഒരു മുഴക്കം. ഞാന്‍ പതിയെ ആ ചിത്രത്തില്‍ തലോടി. തലക്കുള്ളിലെ മുഴക്കം ശക്തമാകുന്നു

എന്താ വിഷ്ണു പെയിന്റിംഗ് ഇഷ്ടമായോ?”

ഡോക്ടര്‍ നിങ്ങള്‍ എന്നെ ജീവിക്കാനനുവദിക്കില്ല. ഈ സമൂഹം എന്നെ ജീവിക്കാനനുവദിക്കില്ല. എന്നെ സ്നേഹിക്കുന്നവരെ എന്നില്‍ നിന്നകറ്റിഎന്‍റെ വേദന കണ്ടു ചിരിക്കാനാണ് നിങ്ങള്‍ക്ക് താത്പര്യം. ഭ്രാന്തനെ ഭ്രാന്തനായി തന്നെ കാണാനാണ് ഈ സമൂഹത്തിനു താത്പര്യം. എന്‍റെ ലോകത്ത് നിന്ന്‍ എന്‍റെ നിഴലുകളെ നിങ്ങള്‍ അകറ്റും..അതുകൊണ്ട് ഡോക്ടര്‍.....ഞാന്‍ പോകുകയാണ് അവരുടെ ലോകത്തേക്ക്നിഴലുകളുടെ ലോകത്തേക്ക്ഗീതയുടെ ലോകത്തേക്ക്..

തലയിലെ മുഴക്കം ഉച്ചസ്ഥായിയിലെത്തിയിരിക്കുന്നുസഹിക്കാനാകുന്നില്ല. മനോഹരമായ ആ പെയിന്റിംഗിലേക്ക് ഞാന്‍ എന്‍റെ തല പതിപ്പിച്ചു. ചുവന്ന ചായം അതിനെ ഒന്നുകൂടി മനോഹരമാക്കിയിരിക്കുന്നു. തലയില്‍ വീണ്ടും മുഴക്കം... വീണ്ടും ശക്തിയായി ഞാന്‍ തല ഭിത്തിയിലിടിച്ചു. പെയിന്റിംഗ് ഭിത്തിയില്‍ നിന്നിളകി താഴെക്ക് പതിച്ചു. ഡോക്ടറുടെ അലര്‍ച്ച ഞാന്‍ കേട്ടു. ആരൊക്കെയോ എന്നെ പിടിക്കുന്നുവലിക്കുന്നു. ഇല്ലഎനിക്ക് പോകണംഅവര്‍ എന്നെ വിളിക്കുന്നു...ചേച്ചിറാംഗീത. ചുറ്റുമുള്ളവരെ ഞാന്‍ വലിച്ചെറിഞ്ഞു. തലയില്‍ വീണ്ടും മുഴക്കം. ഞാന്‍ തല വീണ്ടും ഭിത്തിയിലിടിച്ചുവീണ്ടുംവീണ്ടും..വീണ്ടും..ആ മുഴക്കം അവസാനിക്കുന്നത് വരെ. അതെ ജീവന്‍റെ ആ മുഴക്കം അവസാനിക്കുന്നത് വരെ..

Comment