Gokul G R
UST Global
ഇരുട്ടിൽ നിന്നും വെളിച്ചത്തിലോട്ട്
എന്റെ ജീവിതത്തിൽ ഞാൻ ഏകാന്തത അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ആരോ എന്നെ ശക്തമായി ബന്ധിച്ചിരിക്കുന്നു . എവിടെയാണ് ഞാൻ എന്നുപോലും എനിക്ക് മനസ്സിലായില്ല . ആ ബന്ധനം പൊട്ടിക്കുവാൻ തിരിഞ്ഞും മറിഞ്ഞും ഒക്കെ ഞാൻ പരിശ്രമിച്ചു .പക്ഷെ അത് സാധ്യമായിരുന്നില്ല .നാളുകൾ കടന്നുപോയി , എങ്ങനെ ഈ ഇരുട്ടിൽ നിന്നും മുക്തമാകും എന്നതായിരുന്നു എന്റെ ചിന്ത മുഴുവനും .
അങ്ങനെയിരിക്കെ ഒരു ദിവസം പുറത്തു വലിയൊരു നിലവിളി ഞാൻ കേട്ടു . ആ നിലവിളി എന്റെ കാതുകളിൽ തുളച്ചുകയറി . അതുവരെ എനിക്ക് ഉണ്ടായിട്ടില്ലാത്ത ഒരു അസ്വസ്ഥത എനിക്ക് അനുഭവപ്പെട്ടു തുടങ്ങി . ആരാണ് നിലവിളിക്കുന്നത് ? ഒച്ച വച്ചു നോക്കിയാലോ ? ആരെങ്കിലും വന്നു രക്ഷിക്കാതിരിക്കില്ല എന്ന് എനിക്ക് തോന്നി . ആശ്ചര്യം തന്നെ ആരോ എന്നെ ആ ബന്ധനത്തിൽ നിന്നും രക്ഷപെടുത്താൻ നോക്കുന്നു . അയാൾ എന്നെ കെട്ടിയിട്ടിരുന്ന ചരട് മുറിച്ചുമാറ്റി .സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല ഞാൻ പൊട്ടിക്കരയുകയായിരുന്നു ആ സമയം .നാളുകൾക്കു ശേഷം ആദ്യമായി സൂര്യൻ എന്നെ തഴുകുന്നത് എനിക്ക് അനുഭവപ്പെട്ടു.
പുറത്തേയ്ക്കു വന്ന എനിക്ക് സന്തോഷമായെങ്കിലും , പല ചോദ്യങ്ങൾ ഇപ്പോഴും എനിക്ക് ബാക്കിയാണ് .ആരാണ് ?
എന്തിനാണ് എന്നെ ബന്ധിച്ചത് ? . ഈ ചോദ്യങ്ങളുടെ ഉത്തരം തേടി ആയിരുന്നു പിന്നെ എന്റെ സഞ്ചാരം .
ഇത്രെയും നാളത്തെ ഒറ്റപെട്ട ജീവിതത്തിൽ നിന്നും വന്ന എന്നോട് കാണുന്നവർക്ക് ഒക്കെ സ്നേഹം മാത്രമായിരുന്നു .പലരും എന്നെ സന്തോഷത്തോടെ കെട്ടിപിടിച്ചു ,മുത്തങ്ങൾ തന്നു . ഇത്രെയും നാളത്തെ ഒറ്റപ്പെടൽ കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല, അവർ പറയുന്നതും ചോദിക്കുന്നതും ഒന്നും എനിക്ക് മനസ്സിലാക്കാൻ പറ്റിയിരുന്നില്ല , തിരിച്ചു പ്രതികരിക്കാനും . കുറച്ചുകാലം എടുത്തെങ്കിലും ബാക്കിയുള്ളവർ പറയുന്നത് മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചു തുടങ്ങിയിരുന്നു .
എന്റെ ചോദ്യങ്ങളുടെ ഉത്തരവുമായി രണ്ടുപേർ എന്റെ ജീവിതത്തിലോട് കടന്നുവന്നു . അവർ എന്നോട് അവരാണ് എന്നെ ബന്ധിച്ചിരുന്നത് എന്ന സത്യം തുറന്നു പറഞ്ഞു . എന്തെന്നറിയില്ല അവരോടു ദേഷ്യമായിരുന്നില്ല എനിക്ക് തോന്നിയത് മറിച്ചു സ്നേഹം മാത്രമായിരുന്നു .
പിന്നെയും ഒരു ചോദ്യം ബാക്കിയായിരുന്നു എന്തിനായിരുന്നു എന്നെ ബന്ധിച്ചത്?.അതിനുള്ള ഉത്തരം അവർ പറഞ്ഞത് അവരെയും രണ്ടുപേർ ബന്ധിച്ചിരുന്നു അതുകൊണ്ടാണ് എന്നെ ബന്ധിച്ചരുന്നത് എന്നായിരുന്നു . അതൊക്കെ അന്ന് എനിക്കൊരു കൗതുകമായി തോന്നി .
പിന്നീടങ്ങോട്ട് അവർ എന്നെ കൈപിടിച്ച് അക്ഷരങ്ങളുടെ ലോകത്തോട്ട് കൊണ്ട് പോയി. അവിടെ ഞാൻ കണ്ടത് എന്നെ പോലെ ബന്ധനത്തിൽ നിന്ന് മോചിതരായ കുറച്ചു സുഹൃത്തുക്കളെയായിരുന്നു. അക്ഷരങ്ങൾ പറഞ്ഞു തന്നവരിൽനിന്നും എന്നെ ബന്ധനത്തിൽ നിന്നും മോചിപ്പിച്ച ദൈവത്തിന്റെ മാലാഖമാരെ പറ്റി ഞാൻ പഠിച്ചു .
പിന്നെ സൗഹൃദങ്ങൾ വളർന്നു . സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടയിലാണ് ഞാൻ മനസ്സിലാക്കിയത് ഞാൻ അമ്പലത്തിൽ കാണുന്ന ആളെ എന്റെ ചില സുഹൃത്തുക്കൾ ചർച്ചിലും ചിലർ പള്ളിയിലും കാണാറുണ്ടെന്ന് .
ദൈവം എന്ന നാമത്തിൽ അദ്ദേഹത്തിനെയും പല സ്ഥലങ്ങളിലായി ബന്ധിച്ചിരിക്കുന്നു എന്ന് എനിക്ക് അന്ന് മനസിലായി . മതങ്ങൾ എന്ന മതിലുകൾ ഞാൻ അറിയാതെ അവിടെ വളരുന്നുണ്ടായിരുന്നു .
കാലങ്ങൾ കടന്നുപോയി. പിന്നെ അങ്ങോട്ട് മത്സരങ്ങളായി , ജീവിതത്തിൽ ആരോടൊക്കെയോ ഞാൻ മത്സരിച്ചു തുടങ്ങി . ഞാനറിയാതെ ഞാൻ ചില ശത്രുക്കളെ ഉണ്ടാക്കി .ഇതിനിടയിൽ എന്നെ ബന്ധിച്ചിരുന്നവരെ അറിഞ്ഞുകൊണ്ടല്ലാതെ ഞാൻ എപ്പോഴൊക്കെയോ വേദനിപ്പിച്ചു .
ഞാൻ വേദനിപ്പിച്ചതൊന്നും പക്ഷെ അവർ മനസ്സിൽ വച്ചിരുന്നില്ല എന്നതാണ് കൗതുകം . അവർ എന്റെ ആഗ്രഹങ്ങൾ ഓരോന്നായി വീണ്ടും വീണ്ടും സാധിച്ചുതന്നു .
എന്റെ സന്തോഷത്തിലും ദുഖങ്ങളിലും അവർ പങ്കുചേർന്നു . എന്റെ നന്മയ്ക്കുവേണ്ടി അവർ കഷ്ടപെട്ടുകൊണ്ടേയിരുന്നു .
ഇന്ന് അവരാണ് എന്റെ ദൈവം.
ഇരുട്ടിൽ നിന്നും വെളിച്ചത്തിലോട്ടു വന്നു എന്ന് ചിന്തിച്ചിരുന്ന എനിക്ക് തെറ്റുപറ്റിയിരുന്നു . നീണ്ട പത്തു മാസത്തോളം എന്നെ ബന്ധിച്ചിരുന്ന പൊക്കിള്ക്കൊടിയും ,അമ്മയുടെ ഗർഭപാത്രവും അന്ധകാരം അല്ലായിരുന്നു എനിക്ക് നൽകിയത് എന്ന് ഞാൻ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു .
അവിടെ ആയിരുന്നു ഞാൻ ഏറ്റവും സുരക്ഷിതൻ .അവിടെയായിരുന്നു നന്മയും .