Vipinkumar.kp
Binary Fountain Solutions
കാട്ടുദൈവം
കാടൊന്നളക്കണം , കാടിന്റെ മക്കളിൽ എണ്ണമെടുക്കണം .
കാടളന്ന് ഇന്നെനിക്കതിര് തീർക്കണം .
മഴവന്നു ഛായങ്ങൾ മാഞ്ഞുപോകും പോലെന്റെ -
കാടിന്ന് മാഞ്ഞു മറഞ്ഞുപോകേ ....
കാടറുത്ത് പകുത്തവർ,
മഴുവെറിഞ്ഞു മരങ്ങളെ ഒളിഞ്ഞു മറിച്ചവരിവിടെ -
കെട്ടിടകോമരങ്ങൾ നാട്ടി നീളെ നീളെ ,
പിന്നതിൽ മേലെ മേലെ ...
കാടുമാന്തി, മലമാന്തിമാറ്റി
മണ്ണിലെ തെളിച്ചോലനീരൂറ്റി കുടിച്ചു.
അവനെന്റെ കാടിനെ കപടകൈയാമം വച്ചു .
കാട് നീങ്ങി, കാവ് തീണ്ടിയവർ നാടൊരുക്കി ,
പിന്നെ നഗരമാക്കി .
മാളമില്ല പാമ്പുകൾ നാടുതേടി.
കാട്ടാനയും കടുവയും സിംഹവും
നഗരിയുടെ മൃഗശാലകളിൽ -
ഗർജ്ജിച്ചു , മൗനമായി നടിച്ചു .
കാടിന്റെ കറുത്ത മക്കളെവിടെ ,
കാടിൻ കറുത്തതണലെവിടെ ?
കാടിൻ കറുത്തമണ്ണെവിടെ ?
കാടിന്റെ വെളുത്ത നീരെവിടെ ?
കാടിൻ കുളിരുന്ന നദിയെവിടെ , മരമെവിടെ ... കാടെവിടെ ?
നാടിനു ചുറ്റിലും കാടെന്നകാലം കൊഴിഞ്ഞു പോയി.
ഇന്നീശിഷ്ടകാടിന് ചുറ്റിലും കെട്ടിടകമാനങ്ങൾ മാത്രം.
പണ്ടു കാട് നഗരത്തെ ചുറ്റിയിന്ന് -
നഗരം കാടിനെ ചുറ്റിപിണഞ്ഞുകേറി .
കാട്ടുദൈവങ്ങളെ വർണങ്ങൾപൂശി ,
അവർ നാട്ടുദൈവങ്ങളാക്കിടുന്നു.
കറുത്ത ദൈവങ്ങളെ പേരുമാറ്റി ,
ഉടയാടയാഭരണങ്ങൾ ചാർത്തി ,
നഗരിയുടെ ശീതികരിച്ചമുറിയിലേക്ക് പുനഃപ്രതിഷ്ഠിച്ചു.
ഞാൻ , അവരിനിയും അറിയാത്ത കാട്ടുദൈവം.
എന്നെ പേരുമാറ്റി ഉടയാടചാർത്തി,
കൊണ്ടുപോയിടും മുന്നേ കാടൊന്നളക്കണം.
ബാക്കി വച്ചൊരീ മണ്ണൊന്നളന്നു അതിരുതീർക്കണം