Skip to main content
Srishti-2022   >>  Short Story - Malayalam   >>  കടൽ

Krishna Chandran K R

Saasvaap Techies Pvt Ltd

കടൽ

കുട്ടിക്കാലത്ത് വിലക്കപ്പെട്ട കാര്യങ്ങളില്‍ ഒന്നായിരുന്നു കടപ്പുറത്തെക്ക് പോകുന്നത്. ആദ്യം ധിക്കരിച്ച ആജ്ഞയും, സഹസികയാത്രയും അതുതന്നെ.

രണ്ടിലോ മൂന്നിലോ പഠിക്കുന്ന കാലം. വള്ളിനിക്കറും സ്ഥാനം തെറ്റി കുടുക്കിട്ട ഷര്‍ട്ടുമിട്ട് ഞാനും ഓടി കൂട്ടുകാരോടപ്പം. ദുരം അധികമൊന്നുമില്ല. തെക്കോട്ട്‌ സ്കൂളിലേക്ക് നടക്കുന്ന ദുരം പടിഞ്ഞാറോട്ട് നടന്നാല്‍ കടപ്പുറമായി.

വിശ്വസിക്കാന്‍ ആവാത്ത വിസ്മയ കാഴ്ചയായി മുന്നില്‍ കടല്‍. കഥകളില്‍ കേട്ടപോലെ സൗമ്യതയും സൌന്ദര്യവുമായിരുന്നില്ല കടല്‍. ഇണങ്ങാത്ത, കൂട്ടിലടക്കപ്പെട്ട ആയിരമായിരം ചീറ്റപുലികളുടെ മുരള്‍ച്ചകളുമായി അവന്‍ കുതറി തെറിച്ചു കൊണ്ടിരിക്കുന്നു.സ്ഥായിയായ അക്ഷമതയോടെ.

അലകളില്‍ താണും പൊന്തിയും കുറെ തോണികള്‍ കരയിലെക്കുവരുന്നു. അതോ കടലിലേക്ക്‌ പോകുന്നുവോ. സത്യനും കൊട്ടാരക്കരയുമൊക്കെ കാണുമായിരിക്കും. പറഞ്ഞത് ബാലനായിരുന്നു. ഞാന്‍ തിരുത്തി, എന്റെ വിജ്ഞാനം വിളമ്പി.'ഇവിടെ പുസല്‍മാന്‍മാർ മാത്രമേ ( ഒരു മുസ്ലിം വിഭാഗം ) കാണു'. ആരും ഞാന്‍ പറഞ്ഞത് ശ്രദ്ധിച്ചില്ല. ഞാന്‍ കുട്ടത്തില്‍ ചെറുതായിരുന്നല്ലോ. ചെറിയ കാര്യങ്ങളെ പറയാവു എന്നും ഉണ്ട്.

കടലിനെപോലെ സദാ ഉലഞ്ഞുകൊണ്ടിരിക്കുന്ന കുടിലുകള്‍, വിവസ്ത്രരായി നടക്കുന്ന കൊച്ചുകുട്ടികള്‍..

കരക്കടുക്കുന്ന തോണിയിലൊക്കെ മത്തി ചാകര. ഈച്ചകളെപോലെ തോണിയിലേക്ക് ആര്‍ത്തു പായുന്ന കുട്ടികള്‍...വരേണ്ടായിരുന്നു എന്ന് തോന്നി എനിക്ക്.

കുറച്ചുനേരം നോക്കിനിന്നു മങ്ങിയ മനസ്സുമായി തിരിച്ചുവരാന്‍ ഒരുങ്ങവെ കറുത്ത ഒരു കൊച്ചുരൂപം ചെറുകുട്ടയില്‍ കുറെ മത്തിയുമായി ഞങളുടെ അടുത്തേക്ക് ഓടിവരുന്നു . ഞങ്ങള്‍ അതിശയിച്ചുപോയി. .ബഷീർ.

ഞങ്ങള്‍ ഒന്നിച്ചെന്നപോലെ പറഞ്ഞു- 'നീ എന്താ സ്കൂളില്‍ വരാത്തെ. നിന്‍റെ പേര് വെട്ടി'.

അവന്‍ പറഞ്ഞു കഴിഞ്ഞ കാറ്റിലും കോളിലും ബാപ്പ കടലില്‍ പോയി . ഇനി വരില്ല. എനിക്ക് എന്‍റെ ഉമ്മയെയും പെങ്ങമാരെയും നോക്കണം. തോണി വലിച്ചുകേറ്റാന്‍ സഹായിച്ചാല്‍ ഇതുപോലെ മീന്‍ കിട്ടും ഇവിടെ വരുന്നവര്‍ക്ക് അത് വില്‍ക്കും. 'പക്ഷെ ഇതിനു നിങ്ങള്‍ പൈസ തരണ്ട'. ..

ഞങള്‍ ഇവിടെ വന്നത് വീട്ടില്‍ അറിഞ്ഞിരിക്കും ശാസനയും ഉണ്ടാവും. പക്ഷെ അതൊന്നും അപ്പോള്‍ ഓര്‍ത്തില്ല. കുട്ടയിലെ മീനുകളുടെ ചത്ത കണ്ണുകള്‍ പോലെ അവന്‍റെ കണ്ണുകള്‍ എന്നെ വേട്ടയാടികൊണ്ടിരുന്നു...