Skip to main content
Srishti-2022   >>  Article - Malayalam   >>  അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

Divya Rose R

Oracle India Pvt Ltd

അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

ഈ ഇടയ്ക്കു ഇൻസ്റ്റാഗ്രാം നോക്കുന്നതിനിടയിൽ  ഒരു റീൽസ് കാണാൻ ഇടയായി. പഴയ കാമുകിക്ക് സമ്മാനപൊതിയും പണ്ട് ചിലവാക്കിയ കാശും തിരിച്ചു കൊടുക്കുന്ന കാമുകൻ. പലപ്പോഴും കാമുകിയുടെ വീട്ടിൽ സന്ദർശനം നടത്തിയിട്ടും കഷായം കുടിപ്പിക്കാത്തതിന്റെ നന്ദി രേഖപ്പെടുത്താൻ വന്നതാണത്രേ കാമുകൻ. ക്ലൈമാക്സിൽ ഇനിയും പത്തുപതിനാറു വീടുകൾ കേറാനുണ്ടെന്നു പറഞ്ഞു കാമുകൻ പിരിയുമ്പോൾ, ഒരു നിമിഷം ചിരിച്ചു എങ്കിലും അടുത്ത നിമിഷം അതെന്നെ ചിന്തിപ്പിച്ചു. ഏതോ ഒരു ജോത്സ്യൻ പറഞ്ഞ പ്രവചനം കാരണം നശിച്ചത് രണ്ടു കുടുംബങ്ങൾ ആണ്. ഇത്രത്തോളും സാക്ഷരത കൈവരിച്ചിട്ടും കേരളത്തിൽ ഇന്നും ഇത്തരം അന്ധവിശ്വാസങ്ങൾ നടന്നു വരുന്നു എന്നത് നമ്മൾ ഓരോരുത്തരുടെയും തല കുനിപ്പിക്കുന്ന ഒന്നാണ്.

 

 

ഇത്തരത്തിൽ കേരളത്തെ മുഴുവൻ ജനതയെയും ഞെട്ടിച്ച മറ്റൊരു വാർത്തയായിരുന്നു രണ്ടു സ്ത്രീകളെ നരബലിക്കു ഉപയോഗിച്ചു എന്നത്. അന്ധവിശ്വാസത്തിന്റെ അങ്ങേയറ്റം ആണിത്. സന്തോഷവും സമൃദ്ധിയും ലഭിക്കാൻ ആണ് ഈ നരബലികൾ നടത്തിയത്. എന്റെ സന്തോഷം അത് മറ്റുള്ളവന്റെ അതികഠിനമായ ദുഃഖം ആണെങ്കിലും കുഴപ്പമില്ല എന്ന് ചിന്തിക്കുന്ന ഒരു സമൂഹം ആണ് നമുക്ക് ചുറ്റും ഉള്ളത് എന്ന് തന്നെയാണ് ഈ വാർത്തകൾ ചൂണ്ടി കാട്ടുന്നത്. പെട്ടന്ന് ധനികനാവണം എന്ന ചിന്തയും ശാസ്ത്രത്തിനെ കുറിച്ച് വേണ്ട അറിവില്ലായ്മയുംആയിരിക്കണം ഈ കുറ്റകൃത്യങ്ങളുടെ പിന്നിൽ. ഭക്തിയും അന്ധവിശ്വാസവും തമ്മിൽ ഉള്ള അന്തർധാര വളരെയധികം വലുതാണെന്ന സാമാന്യ ബോധം ആണ് നമുക്കൊരുത്തർക്കും ആദ്യം വേണ്ടത്. എന്നെ ആശ്ചര്യപ്പെടുത്തുന്നത്, ഇത്രയുമൊക്കെ നടന്നിട്ടും എന്ത് കൊണ്ടാണ് നമുക്ക് ഇതിനു എതിരെ ഒരു നിയമം കൊണ്ട് വരാൻ സാധിക്കാത്തതു? എവിടെ ആണ് നമ്മൾ പിന്നോട്ട് നീങ്ങുന്നത്? മന്ത്രവാദത്തിനും അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതിനുമെതിരെ നിയമം ഉണ്ടെങ്കിലും, പാരമ്പര്യമായി നിലനില്‍ക്കുന്ന അനുഷ്ഠാനങ്ങളും, ആചാരങ്ങളുമുണ്ട്. അവ നിയമം കൊണ്ട് തടുക്കാനാവില്ല എന്നാണു "നിയമം" പറയുന്നത്. കൂടുതൽ ആധുനികമായ പാതയിൽ സഞ്ചരിക്കണം എന്ന ആഗ്രഹത്തിൽ നമ്മൾ മറന്നു പോകുന്നത് ഈ നാടിന്റെ പൈതൃകത്തെയും സംസ്കാരത്തിനെയും ആണ്. ഇത് കണ്ടു വളരുന്ന അടുത്ത തലമുറയുടെ അവസ്ഥ ശോചനീയം ആയിരിക്കും.

 

 

അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കേരത്തിൽ ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല. അനേകം വര്ഷങ്ങള്ക്കു മുൻപ് തന്നെ നമ്മുടെ ഇടയിൽ ഒരുപാട് അന്ധവിശ്വാസങ്ങൾ ഉണ്ടായിരുന്നു. ചിലതിനു പിന്നിൽ അന്നത്തെ സാഹചര്യം ആയിരുന്നു എങ്കിൽ ചിലതിനു പിന്നിൽ ശാസ്ത്രം തന്നെ ആയിരുന്നു. എന്നാൽ ഇതിലൊന്നും പെടാത്ത വിഭാഗമാണ് ഇന്നും മനുഷ്യരുടെ ജീവൻ വരെ എടുക്കാൻ കെൽപ്പുള്ള ഒന്നായിത്തീർന്നതു. എല്ലാക്കാലത്തും എല്ലാ ദേശത്തും ഏറെക്കുറെ എല്ലാ മനുഷ്യരും ഒരു കാര്യത്തിലല്ലെങ്കിൽ മറ്റൊന്നിൽ അന്ധവിശ്വാസികൾ ആയിരുന്നിട്ടുണ്ട്. ആദിമയുഗങ്ങളിൽ കാട്ടിൽ വേട്ടയാടി നടന്നിരുന്ന പ്രാകൃതമനുഷ്യൻ മുതൽ ആധുനികയുഗത്തിലെ പരിഷ്കൃത മനുഷ്യൻ വരെയുള്ള ചരിത്രം അന്ധവിശ്വാസങ്ങളുടെ ചരിത്രം കൂടിയാണ്. ബോധനിലവാരത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് അന്ധവിശ്വാസങ്ങൾക്കു മാറ്റം വന്നിട്ടുണ്ടെന്നുമാത്രം. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതിൽ മതവും ഒരു പങ്കു വഹിച്ചിട്ടുണ്ടെന്നു കരുതപ്പെടുന്നു. വിഷമസന്ധിക്കു പരിഹാരം കാണാൻ, ബൈബിൾ തുറന്ന് ആദ്യം കണ്ണിൽപെടുന്ന ഭാഗം വായിച്ചു മാർഗദർശനം നേടാൻ കഴിയുമെന്ന ഒരു വിശ്വാസം ചില ക്രിസ്ത്യാനികൾക്കിടയിൽ ഉണ്ട്. അതുപോലെ ഗ്രന്ഥം 'കെട്ടിവായിക്കുന്ന' സമ്പ്രദായം ചില ഹിന്ദുക്കൾക്കിടയിലുമുണ്ട്. പരദേവതയെ ധ്യാനിച്ചുകൊണ്ട്, രാമായണം (മറ്റു പുരാണഗ്രന്ഥങ്ങളും) തുറന്ന് വലതുപുറത്ത് ആദ്യത്തെ ഏഴു വരികളും ഏഴ് അക്ഷരങ്ങളും കഴിഞ്ഞുള്ള ഭാഗം വായിച്ച്, അതിന്റെ അർഥ വ്യാഖ്യാനത്തിലൂടെ ചെയ്യാൻപോകുന്ന കർമങ്ങളുടെ വിജയപരാജയങ്ങൾ കണക്കാക്കുന്ന ഏർപ്പാടാണിത്. മതവുമായി ബന്ധപ്പെട്ട അന്ധവിശ്വാസമാണിവ. മറ്റു ചിലത് കാലഹരണപ്പെട്ട വിജ്ഞാനത്തിന്റെ അവശിഷ്ടങ്ങളായി നിലവിൽ വന്നവയാണ്. ജ്യോതിഷം, മന്ത്രവാദം തുടങ്ങിയവ ഇതിനുദാഹരണങ്ങളായി ചിലർ കരുതുന്നു.

 

 

താൻ ഒരു അന്ധവിശ്വാസിയാണെന്ന് സമ്മതിക്കാൻ ഒരാളും തയ്യാറല്ല. എന്നാൽ അന്യരിൽ അന്ധവിശ്വാസം കണ്ടെത്താൻ ആർക്കും ഒരു വിഷമവുമില്ല. ഒരു പ്രത്യേകവംശത്തിൽ പെട്ടവർ, പ്രത്യേക സംസ്കാരമുള്ളവർ, പ്രത്യേക വീക്ഷണഗതി പുലർത്തുന്നവർ, തങ്ങളുടേതിൽനിന്നു ഭിന്നമായ വംശവും സംസ്കാരവും വീക്ഷണവും ഉള്ളവരെ അന്ധവിശ്വാസികൾ എന്നു മുദ്രകുത്തുന്നു. ഒരു വ്യക്തിയുടെ വിശ്വാസം മറ്റൊരു വ്യക്തിക്ക് അന്ധവിശ്വാസമായിത്തോന്നാം. ഒരു കാലഘട്ടത്തിന്റെ വിശ്വാസം പിന്നീടൊരുകാലത്ത് അന്ധവിശ്വാസമായി മാറിയെന്നുവരാം. അന്ധവിശ്വാസത്തിന്റെ മനഃശാസ്ത്രപരമായ മറ്റൊരു വശമാണിത്. ക്രിസ്തുമതത്തെ ടാസിറ്റസ് വിശേഷിപ്പിച്ചത് 'വിനാശകരമായ അന്ധവിശ്വാസം' എന്നാണ്. കത്തോലിക്കാസഭ തിരുശേഷിപ്പിനും വിഗ്രഹങ്ങൾക്കും ദിവ്യത്വം കല്പിക്കുന്നത് തികഞ്ഞ അന്ധവിശ്വാസമാണെന്ന് പ്രൊട്ടസ്റ്റന്റുകാർ അധിക്ഷേപിക്കുന്നു. ഹിന്ദുക്കളുടെ ആചാരങ്ങളായ ശവദാഹം, അപരക്രിയകൾ എന്നിവയെ അഹിന്ദുക്കൾ അന്ധവിശ്വാസമെന്നു വിളിക്കുന്നു. സർവോപരി മതങ്ങൾ എല്ലാംതന്നെ അന്ധവിശ്വാസങ്ങളാണെന്ന് ഒരു മതത്തിലും വിശ്വസിക്കാത്ത ഒരാൾക്കു തോന്നാം. ചരിത്രപരമായി നോക്കിയാൽ, പ്രപഞ്ചത്തെപ്പറ്റിയും അതിന്റെ പ്രതിഭാസങ്ങളെപ്പറ്റിയും കൂടുതൽ കൂടുതൽ ശാസ്ത്രീയമായ അറിവു വികസിക്കുന്നതോടെ അന്ധവിശ്വാസങ്ങൾ കുറഞ്ഞുവരേണ്ടതാണ്.