Skip to main content
Srishti-2022   >>  Article - Malayalam   >>  അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

Shine Shoukkathali

EY Kochi

അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

"ജ്യോത്സ്യന്റെ ഭാര്യയെ

കാണ്മാനില്ല.

ചന്ദ്രന്‍ അപഹരിച്ചോ

രാഹുവോ, കേതുവോ

തെക്കോട്ടു നടത്തിച്ചോ

ചൊവ്വ പിടിച്ചോ

ശനി മറച്ചോ

അയാള്‍

കവടി നിരത്തിയതേ ഇല്ല.

നേരേ നടന്നു

പോലീസ്‌ സ്‌റ്റേഷനിലേക്ക്."

 

(കുരീപ്പുഴ ശ്രീകുമാർ, ജ്യോത്സൻ)

 

മനോരമ ഓൺലൈനിൽ സ്ഥിരമായ ജ്യോതിഷ പംക്തികളുണ്ട്. "സൂര്യഗ്രഹണം; ഈ നാളുകാർ ഉയർച്ചയിലേക്ക് , ഗ്രഹണഫലം" എന്ന ശീർഷകത്തിൽ ഒക്ടോബർ 26ന് മനോരമ പ്രസിദ്ധീകരിച്ച ബ്രഹ്മശ്രീ ഇടമന നാരായണൻ നമ്പൂതിരിയുടെ ലേഖനത്തിന്റെ പൊരുൾ ശീർഷകത്തിൽ നിന്ന് തന്നെ മനസ്സിലാക്കാൻ കഴിയുന്നത് കൊണ്ട് വിശദീകരിക്കുന്നില്ല. എന്താണ് സൂര്യഗ്രഹണം? സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുമ്പോൾ സൂര്യൻ ഭാഗികമായോ, പൂർണ്ണമായോ മറയപ്പെടുന്നതിനെയാണ് 'സൂര്യഗ്രഹണം' എന്ന് വിശേഷിപ്പിക്കുന്നത്. ഇതല്ലാതെ അതിന് ഭാഗ്യ നിർഭാഗ്യങ്ങളുമായി ഒരു ബന്ധവുമില്ല. സൂര്യഗ്രഹണം പോലെയുള്ള പ്രതിഭാസങ്ങളെ അന്ധവിശ്വാസത്തോടു കൂടി കാണുന്ന ജനത വ്യക്തികളുടെ ജനനവും മരണവും മൂലമാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്ന് പോലും വിശ്വസിക്കുന്നു. അവർ സൂര്യഗ്രഹണത്തെ ജ്യോതിഷവുമായി ചേർത്തുകെട്ടുന്നു.

 

ഈയുള്ളവന്റെ അനിയൻ 2005ൽ ബൈക്ക് അപകടത്തിലാണ് മരിച്ചത്. അതും കേവലം 17 വയസ്സുള്ളപ്പോൾ. അവന്റെ ജാതകത്തിൽ 78 വയസ്സ് വരെ ജീവിക്കുമെന്നും ബാങ്കിൽ ജോലി ചെയ്യുമെന്നും രേഖപ്പെടുത്തിയിരുന്നു. ജാതകം എഴുതിയ ജ്യോത്സ്യനോട് ഇതിനെ പറ്റി ആരാഞ്ഞപ്പോൾ ദുർമരണം പ്രവചിക്കാൻ കഴിയില്ലയെന്ന് മറുപടി ലഭിച്ചു. അപ്പോഴാണ് ജ്യോതിഷം തട്ടിപ്പാണെന്ന് എനിക്ക് മനസ്സിലായത്. ലക്ഷക്കണക്കിന് കിലോമീറ്റർ ദൂരെ കിടക്കുന്ന നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കും മനുഷ്യന്റെ ഭാവിയെ നിയന്ത്രിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതിൽ ഒരു അടിസ്ഥാനവുമില്ലയെന്ന സത്യം വൈകിയെങ്കിലും കണ്ടെത്തി. ജ്യോതിഷത്തെ ഏതെങ്കിലുമൊരു സമുദായവുമായി ബന്ധപ്പെടുത്തി പരിമിതപ്പെടുത്തേണ്ടതില്ല. അറബി ജ്യോതിഷം പോലെയുള്ള തട്ടിപ്പും നമ്മുടെ 'പ്രബുദ്ധ കേരള'ത്തിലുണ്ട്. സാമ്പത്തിക ചൂഷണങ്ങൾ നിറഞ്ഞ ഇത്തരം പേക്കൂത്തുകൾക്ക് മറ പിടിക്കാൻ മതങ്ങളെ കൂട്ടുപിടിക്കുന്നത് ദൗർഭാഗ്യകരം തന്നെ.

 

മിക്കവരും അന്ധവിശ്വാസമായ ജ്യോതിഷത്തെ ശാസ്ത്രവുമായി ബന്ധപ്പെടുത്തിയാണ് വിശദീകരിക്കാറുള്ളതെന്നത് വലിയ വൈരുധ്യം തന്നെ. ജ്യോതിഷത്തിലെ അബദ്ധങ്ങൾ വിശകലനം ചെയ്യുകയാണെങ്കിൽ ഒരുപാട് പറയാനുണ്ട്. സ്ഥലപരിമിതി മൂലം ചുരുക്കിപ്പറയാം. ജനന സമയമെന്ന സങ്കൽപം തന്നെ അബദ്ധമാണ്. കുട്ടി പല ഘട്ടങ്ങളിലൂടെ ജനിക്കുന്നത് ഗർഭപാത്രത്തിൽ വെച്ചാണ്. ജനനസമയത്തെ പുറത്തേക്ക് വരുന്ന സമയം മാത്രമായി പരിമിതപ്പെടുത്തുവാൻ കഴിയില്ല. ഇന്ന് സിസേറിയൻ പോലെയുള്ള സംവിധാനങ്ങളുള്ള കാലമാണെന്ന വസ്തുത മറക്കരുത്. പല ഇരട്ടകുട്ടികൾക്കും തന്റെ സഹോദരങ്ങളിൽ നിന്ന് വ്യത്യസ്തമായ ഭാവിയാണ്. മറ്റൊരു കാര്യം. രാശിയുടെ ഷെയ്പ്പാണത്രെ അതിൽ ജനിക്കുന്നവരുടെ സ്വഭാവം നിർണ്ണയിക്കുന്നത്. ഉദാഹരണത്തിന് ചിങ്ങ രാശിക്ക് സിംഹത്തിന്റെ രൂപമായതിനാൽ ആ രാശിയിൽ ജനിക്കുന്നവർ കാട്ടിലെ രാജാവായ സിംഹത്തെ പോലെ നേതാവാകുമത്രെ! ചൂടുള്ള ഗ്രഹമായ ചൊവ്വയെ യുദ്ധമായി ബന്ധപ്പെടുത്തിയാണ് പറയാറ്. അതിന്റെ സാന്നിധ്യം പട്ടാളക്കാരുടെ സ്വഭാവമായി ഗണിക്കുന്നു. ഇനിയും നിരത്താൻ പറ്റിയ ഉദാഹരണങ്ങളുണ്ട്. കൂട്ടമരണങ്ങൾ എടുത്തുനോക്കൂ. മരിച്ചവരുടെ മരണസമയങ്ങൾ ജാതകത്തിൽ പലതായിരിക്കുമല്ലോ. ജാതകത്തിൽ പറയുന്നതിൽ നിന്ന് മാറി എങ്ങനെ ഒരേ സമയത്ത് അവർ മരിക്കുന്നു? ഇതെല്ലാം തന്നെ ജ്യോതിഷം തട്ടിപ്പാണെന്ന നിഗമനത്തിൽ എത്തിച്ചേരാൻ നമ്മളെ സഹായിക്കുന്നു.

 

ഏതെങ്കിലും ജ്യോതിഷി സുനാമി, പ്രളയം, കോവിഡ് തുടങ്ങിയ അപകടങ്ങളെ പറ്റി മുന്നറിയിപ്പ് തന്ന് ജനങ്ങൾക്ക് രക്ഷകരായി മാറിയിട്ടുണ്ടോ? കോവിഡ് സമയത്ത് പോലും ധന ആകർഷണ ഭൈരവ യന്ത്രങ്ങളുടെ പരസ്യങ്ങൾ നാം മാധ്യമങ്ങളിൽ കണ്ടു. മനോരമ പോലെയുള്ള മുഖ്യധാര മാധ്യമങ്ങൾ ജ്യോതിഷത്തെ പ്രൊമോട്ട് ചെയ്യുമ്പോൾ ശരാശരി മലയാളിക്ക് പോലും അത്ഭുതമില്ല. സമൂഹത്തിൽ അത്രയും രൂഢമൂലമായി അന്ധവിശ്വാസങ്ങൾ. വായനക്കാരെ കിട്ടുകയെന്നതാണല്ലോ ഇപ്പോൾ മാധ്യമ ധർമ്മം. വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ വരും മാസങ്ങളിൽ മഴ കുറവായിരിക്കുമെന്ന് ഒരു പ്രസിദ്ധ ജ്യോതിഷൻ പ്രവചിക്കുകയും കേരളം പ്രളയത്തിന് സാക്ഷിയാകുകയും ചെയ്തത് മലയാളികൾ മറന്നിട്ടുണ്ടാവില്ല. അദ്ദേഹത്തിന്റെ പംക്തിയും ഈ ലേഖനം എഴുതുന്ന സമയത്ത് മനോരമ ഓൺലൈനിലുണ്ടെന്ന് അറിയുമ്പോൾ ഒരു ശരാശരി മലയാളി പോലും ഞെട്ടും!

 

റഫറൻസ്

https://www.manoramaonline.com/astrology/star-predictions/2022/10/25/effect-of-solar-eclipse-2022-in-each-birth-star.html

https://www.manoramaonline.com/astrology/star-predictions/2022/11/07/weekly-prediction-by-kanippayyur-november-06-to-12.html