Skip to main content
Srishti-2022   >>  Article - Malayalam   >>  അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

Aswathy V S

Infosys Limited

അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

 

സാക്ഷരകേരളം - അന്ധവിശ്വാസങ്ങളാൽ സമൃദ്ധമോ?

 

കേരളം - ദൈവത്തിന്റെ സ്വന്തം നാട് ,വിദ്യാഭ്യാസത്തിലും സാക്ഷരതയിലും ഇന്ത്യയിലെ മറ്റു ഏത് സംസ്ഥാനത്തേക്കാളും മേൽകോയ്മ കേരളത്തിന്‌ അവകാശപ്പെടാം. എന്നാൽ അടുത്തിടെ പുറത്തു വരുന്ന പല വാർത്തകളും കേരളത്തെ അന്ധവിശ്വാസങ്ങളുടെ സ്വന്തം നാടായി മാറ്റികൊണ്ടിരിക്കുകയാണ്. ലോകത്തിനു തന്നെ മാതൃകയാണെന്ന് ഊറ്റം കൊള്ളുന്ന മലയാളികൾക്ക് നാണിച്ചു തല താഴ്ത്തേണ്ടി വന്ന സംഭവമാണ് അടുത്തിടെ ഉണ്ടായത്. പ്രാചീനകേരളത്തിൽ നില നിന്നിരുന്ന ഒരു അന്ധവിശ്വാസത്തെ തിരികെ കൊണ്ട് വന്നതിൽ കേരളം കുപ്രസിദ്ധി നേടിയിരിക്കുന്നു.

 

 

യുക്തിസഹചമല്ലാത്ത വിശ്വാസങ്ങൾ അവയെ തുടർന്നുണ്ടാകുന്ന ആചാരങ്ങൾ ഇവയെയാണ് നമ്മൾ അന്ധവിശ്വാസത്തിന്റെ പരിധിയിൽ ഉൾപെടുത്തുക. മതത്തിലൂന്നിയും അല്ലാതെയും ഇത്തരം വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നത് സാക്ഷര കേരളത്തിന്‌ അപമാനകരമാണ്. പ്രാചീന കേരളത്തിൽ നിലവിൽ ഉണ്ടായിരുന്ന ബലി കൊടുക്കൽ കർമ്മം അടുത്തിടെ കേരളത്തിൽ പുന:അവതരിച്ചിട്ടുണ്ട്.ഇലന്തൂരിലെ നരബലി ഒരു ഒറ്റപ്പെട്ട സംഭവമല്ല. പൂവാറിലെ ഇരട്ട കൊലപാതകവും, നെയ്യാറ്റിൻകരയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയും നന്ദൻകോട് കൊലപാതകവുമൊക്കെ ഈ ശ്രേണിയിലുള്ളതാണ്.

 

ഒരാളുടെ വിശ്വാസങ്ങൾ മറ്റൊരാളുടെ കൊലപാതകത്തിലേയ്ക്ക് നയിക്കുന്നു എന്നതോർക്കുമ്പോൾ തന്നെ പേടിതോന്നുന്നു. അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെട്ട മനുഷ്യർ അതിക്രൂരന്മാരും കൊലപാതകികളുമൊക്കെയായി മാറിക്കൊണ്ടിരിക്കുന്നു. തന്റെ വിശ്വാസസംരക്ഷണത്തിനു രക്തബന്ധങ്ങളെ പോലും കൊന്നു കളയുന്ന ഒരവസ്ഥയിലേക്ക് കേരളം മാറുമ്പോൾ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ പുതുക്കി പണിയേണ്ടതില്ലേ എന്നുള്ള ചോദ്യവും ഉയരുന്നുണ്ട്. അടുത്തിടെ കാമുകനെ കഷായം കൊടുത്ത് കൊന്നു കളഞ്ഞ ഗ്രീഷ്മ എന്ന പെൺകുട്ടിയെ നമുക്ക് ഓർമ്മയുണ്ടാകും. വിവാഹം കഴിക്കുന്ന ആൾ മരിച്ചു പോകുമെന്ന് ജ്യോത്സൻ പറഞ്ഞതിനാൽ കാമുകനെ വിഷം കൊടുത്തു കൊന്ന യുവതി പഠിക്കാനൊക്കെ മിടുക്കിയായ ഒരു പെൺകുട്ടിയായിരുന്നു. വിദ്യാഭ്യാസം യുക്തിപരമായ ചിന്തകളെ പോലും സ്വാധീനിക്കില്ലെന്നു തോന്നുന്നു.

 

രോഗം ഭേദമാകാൻ, ഐശ്വര്യവും ജോലിയും ലഭിക്കുന്നതിനു, പ്രേതബാധ ഒഴിപ്പിക്കൽ, ശത്രു നാശം എന്നിവയ്ക്കൊക്കെ മന്ത്രവാദികളെ കാണാൻ പോകുന്ന മലയാളികളുടെ കണക്കെടുത്താൽ ഞെട്ടിപോകും.

 

എല്ലാ പ്രശ്നങ്ങൾക്കും ഇത്തരം മനുഷ്യരിൽ പരിഹാരമുണ്ട്. പൂജ നടത്തൽ, വെള്ളം ജപിച്ചു നൽകൽ, നെയ്യ് ജപിച്ചു നൽകൽ, മൃഗബലി, അഗ്നി ശുദ്ധി വരുത്തൽ, എന്നിങ്ങനെ പോകുന്നു പരിഹാരക്രീയകൾ. വിദ്യാസമ്പന്നരായ മനുഷ്യർ പോലും ഇത്തരം കപട സന്യാസിമാരുടെ വലയിൽ അകപ്പെട്ടു പോകുന്നുവെന്നത് ഖേതകരമാണ്.

 

മാനസിക പ്രശ്‌നങ്ങൾ നേരിടുന്ന സ്ത്രീകളും കുട്ടികളുമാണ് ഏറ്റവും കൂടുതൽ ചൂഷണം നേരിടുന്നത്. മന്ത്രവാദവും, ഹോമവും, ജിന്ന് ഒഴിപ്പിക്കലുമാണ് ഇതിനൊക്കെയുള്ള പരിഹാരക്രീയകൾ. ഇത്തരം മനുഷ്യർ കാരണം ശരിയായ ചികിത്സ പോലും രോഗികൾക്ക് ലഭിക്കാറില്ല. ഒടുവിൽ ചികിത്സാ നിഷേധങ്ങൾ രോഗിയുടെ മരണത്തിലേയ്ക്ക് പോലും നയിച്ചിട്ടുണ്ട്. മാനസിക രോഗികളുടെ മേൽ ആഭിചാര ക്രീയകൾ പ്രയോഗിച്ചു പരമാവധി മുതലെടുപ്പ് നടത്തുന്നുണ്ട് ഈ കപട സന്യാസിമാർ.

 

ചൊവ്വാദോഷമുള്ള പെൺകുട്ടികളാണ് ഇത്തരം പെൺകുട്ടികളുടെ അടുത്ത ഇര. രണ്ടു പേർ ഒരുമിച്ചു ജീവിക്കുന്നതിനെ പോലും എതിർക്കുന്ന ഈ വിശ്വാസങ്ങൾക്ക് ഈ നൂറ്റാണ്ടിൽ എന്ത് സ്ഥാനമെന്നു പോലും മനുഷ്യർ ചിന്തിക്കുന്നില്ല.

 

കൈവിഷം -കേരളത്തിൽ പ്രചാരത്തിൽ ഉള്ള മുന്തിയ അന്ധവിശ്വാസഅതിലൊന്ന്.ശത്രുത ഉള്ള മനുഷ്യർ നൽകുന്ന ആഹാരമാണ് (അത് പൂജിച്ചോ ഇതുപോലെയുള്ള ക്രീയകൾ ചെയ്തോ നൽകുന്നത് ആകാം ) കൈവിഷമെന്നു പറയുന്നത്.ഇത്തരത്തിൽ ഉള്ള ദോഷങ്ങൾ ഛർദിച്ചു കളയാൻ കേരളത്തിൽ ഒരു ക്ഷേത്രം തന്നെയുണ്ട്. മകൾ പ്രേമിക്കുന്ന ചെക്കൻ അവൾക്ക് എന്തോ കലക്കി കൊടുത്തിട്ടാണ് പ്രേമ ബന്ധം ഉടലെടുത്തതെന്നും ഇതിൽ നിന്നും രക്ഷപെടാൻ മേൽപ്പറഞ്ഞ അമ്പലത്തിൽ പോയി ഛർദിച്ചു കളഞ്ഞാൽ മതി എന്നുള്ള അന്ധവിശ്വാസവുമായി ജീവിക്കുന്ന ഒരു അമ്മയെ അറിവുണ്ട്. ഇത്തരം അറിവുകൾ കൂടുതൽ പേടിപ്പെടുത്തുന്നു.നാളെ മകളെ കൊല്ലണം എന്ന് പറഞ്ഞാൽ ഈ അമ്മ ചെയ്യുമോ?

 

പ്രേമം, സൗഹൃദം ഇത്യാദികൾ കൈവിഷത്തിന്റെ ഫലമായി ഉണ്ടാകുന്നതാണെന്ന് വിശ്വസിക്കുന്ന മനുഷ്യർ ഇവിടെയുണ്ട്.പ്രേമത്തെയും സൗഹൃദത്തെയും മദ്യത്തെയും ഒഴിവാക്കാൻ കപട സന്യാസിമാരെ സമീപിക്കുന്ന സമൂഹം.കോവിഡ് വന്നാലും,കാൻസർ വന്നാലും ആശുപത്രിയിൽ പോകാൻ പാടില്ലെന്നും യേശു അപ്പൻ രക്ഷപ്പെടുത്തുമെന്നു പറഞ്ഞു പ്രാർത്ഥിക്കുന്ന കുറെ മനുഷ്യർ വേറെ ഒരിടത്ത്.സാത്താൻ സേവയിലൂടെ മദ്യത്തിനും മയക്കുമരുന്നിനും അകപ്പെടുന്ന യുവജനങ്ങളും കുറവല്ല. കേണൽ ജിൻസൺ തന്റെ അച്ഛനെയും അമ്മയെയും കൊലപെടുത്തിയത് ഇത്തരമൊരു അന്ധവിശ്വാസത്തിന്റെ പരിധിയിൽ ആയിരുന്നു.

 

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാൻ വേണ്ടിയുള്ള നിർദ്ദിഷ്ട നിയമം 'ദ കേരള പ്രിവൻഷൻ ആന്‍ഡ് എറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്ടീസസ്, സോർസെറി ആൻഡ് ബ്ലാക് മാജിക് ബിൽ’ 2021 എന്ന പേരിലാണ് നിയമ പരിഷ്കരണ കമ്മിഷൻ ഇത് സംബന്ധിച്ച ബില്ലിന്റെ കരട് തയാറാക്കിയെങ്കിലും ഒരു വർഷമായിട്ടും തുടർ നടപടിയുണ്ടായിട്ടില്ല. ഈ നിയമം ശക്തമായി നടപ്പിലാക്കുക ഒപ്പം കുഞ്ഞു ക്ലാസ്സുകളിൽ തന്നെ ഇത്തരം അന്ധവിശ്വാസങ്ങൾക്ക് എതിരായി പ്രവർത്തിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നിവയല്ലാതെ മറ്റു വഴികൾ നമ്മുടെ മുന്നിൽ ഇല്ല. ഇനിയും ഇത്തരം നരബലികൾ ആവർത്തിക്കാതിരിക്കട്ടെ...