Skip to main content
Srishti-2022   >>  Article - Malayalam   >>  അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

SAM-07: Keerthana U R

TCS

അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

യുക്തിക്കുനിരക്കാത്തതും അമാനുഷികവുമായ കാര്യങ്ങളെ ചേർത്തുപിടിക്കാൻ മനുഷ്യരെന്നും തത്പരരാണ്. കാലത്തിനൊപ്പം സഞ്ചരിച്ചു മനുഷ്യൻ പുരോഗമനവാദികളാകുമെന്ന പ്രവചനത്തെ മാറ്റിമറിച്ചുകൊള്ളുന്ന പ്രവർത്തികളാണ് ഇങ്ങുനമ്മുടെ കൊച്ചുകേരളത്തിൽപോലും നടക്കുന്നത്. സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന കേരളീയർ, മനുഷ്യമാംസം ഭക്ഷിച്ചു കൊണ്ടും ലോക ശ്രദ്ധ ആകർഷിക്കുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ആധുനിക ശാസ്ത്രത്തെ നോക്കുകുത്തിയാക്കുന്ന പ്രവർത്തികൾക്ക് അന്ത്യമുണ്ടാകുന്നിടത്ത് നാം സ്വതന്ത്രരാകും.

 

നാനാത്വത്തിൽ ഏകത്വമെന്ന് വിശ്വസിക്കുകയും, നാനാ ജാതിമതസൗഹാർദം മുറുകെപിടിക്കുകയും ചെയ്യുന്ന നാം എന്തുകൊണ്ട് മനുഷ്യനെതന്നെ അന്ധവിശ്വാസത്തിന്റെപേരിൽ കൊന്നുതിന്നുന്ന ആലോചനവരെ എത്തിപ്പെട്ടു എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. മതത്തോടും സംസ്കാരത്തോടും ബന്ധപ്പെടുത്തിയാണ് ഇത്തരം പ്രവർത്തികൾ ഏറെക്കുറെ നടക്കുന്നതെന്ന കാര്യത്തിൽ തർക്കമില്ല. വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള വൈരുധ്യം ചിലപ്പോളൊക്ക മനുഷ്യന് തിരിച്ചടിയാകുന്നുണ്ട് . എല്ലാകാലത്തും എല്ലായിടത്തും മനുഷ്യർ ഒരിക്കലെങ്കിലും അന്ധവിശ്വാസത്തിന് കീഴ്പ്പെട്ടിട്ടുണ്ടാകുമെന്ന കാര്യത്തിലും സംശയമില്ല.

 

മന്ത്രവാദവും മറ്റും ഇന്നും കേരളത്തിൽ അരങ്ങുവാഴുന്നതിന്റെ തെളിവുകളാണ് ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്ന പല സംഭവങ്ങൾക്കും പിന്നിൽ. മറ്റുള്ളവരിലെ അന്ധവിശ്വാസത്തെ ചൂണ്ടിക്കാണിക്കുകയും എന്നാൽ സ്വയം അന്ധവിശ്വാസിയാണെന്ന് അംഗീകരിക്കാതെയുമുള്ള പ്രവണത ജനങ്ങൾക്കിടയിൽ ഉള്ളപ്പോൾ നരഹത്യ പോലുള്ള നീചപ്രവർത്തികൾ നടക്കുന്നതിൽ അത്ഭുതമെന്തെന്ന് ചോദിക്കേണ്ടിവരും. ഒരുതരത്തിൽ പറഞ്ഞാൽ ആളുകളുടെ വിശ്വാസങ്ങളാണ് ഭൂരിഭാഗം സമയങ്ങളിലും കാലക്രമേണ അന്ധവിശ്വാസങ്ങളായി രൂപാന്തരപ്പെടുന്നത്. പുരോഗമനം താഴേക്കു പോയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പലപ്പോഴും നിസ്സഹായരായിപോകുന്ന ചില മനുഷ്യരുണ്ട്. തങ്ങൾക് നേരെയുണ്ടായ ക്രൂരകൃത്യങ്ങൾക്കൊടുവിൽ നീതിലഭിക്കുമെന്ന പ്രതീക്ഷയുമായി നിയമത്തെ വിശ്വസിച്ചിരിക്കുന്നവർ. നിയമവും മാധ്യമങ്ങളും ശക്തമായ ഈ കാലഘട്ടത്തിലും ഇത്തരം പ്രവർത്തികളിലേർപ്പെടാൻ ആളുകൾക്കുണ്ടാകുന്ന ധൈര്യം നിയമപഴുതുകളാണോ? മനുഷ്യനെ കൊന്നുതിന്നാലും ആരും ചോദിക്കാനുണ്ടാകില്ലെന്ന വിശ്വാസമാണോ? എന്തുതന്നെയായാലും നീതി ലഭിക്കേണ്ടവർക്ക് നീതി ലഭിച്ചേ മതിയാകു!

 

അന്ധവിശ്വാസം പ്രചരിപ്പിക്കാതെയിരിക്കുകയാണ് നാം ആദ്യം ചെയ്യേണ്ടത്. വിഷമസന്ധിക്ക് പരിഹാരം കാണാനോ, ഉന്നതിയുണ്ടാകാനോ ഒരിക്കലും മന്ത്രവാദവും മറ്റും സഹായിക്കില്ലന്ന് നാം വരും തലമുറയെ പറഞ്ഞു മനസിലാക്കികൊടുക്കേണ്ടതുണ്ട്. ആത്മവിശ്വാസവും ആത്മധൈര്യവും കൊണ്ടാണ് മുന്നേറണ്ടതെന്ന് കാട്ടികൊടുക്കണം.വിജത്തിന് കുറുക്കുവഴിയില്ലെന്നും, അവ നേടിയെടുക്കാൻ പറ്റിയില്ലെങ്കിലും പരിശ്രമത്തിനാണ് ഏറ്റവും വലിയ വിലയെന്നും മനസിലാക്കികൊടുക്കണം. വരും തലമുറയെങ്കിലും ലഹരി പദാർത്ഥങ്ങളിലെന്നോണം അന്ധവിശ്വാസങ്ങളിൽ നിന്നും മുക്തമായി ജീവിക്കണം. സാക്ഷരരായ നാം ഒപ്പമുള്ളവരെയും കഴിയുന്നത്ര ബോധവാന്മാരാക്കണം. നമ്മിലെ വിശ്വാസങ്ങൾ അന്തമാകുന്നിടത്ത് കടിഞ്ഞാണിടണം കപടരഹിതവും മനുഷ്യതപരവുമായ ഒരു നാളേയ്ക്കായി നമ്മുക്കൊന്നിച്ചു പോരാടാം.