Skip to main content
Srishti-2022   >>  Article - Malayalam   >>  അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

Dileep Perumpidi

TCS

അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

 

ഇന്ത്യയിൽ വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സംസഥാനങ്ങളിൽ ഒന്നാണ് കേരളം . പലപ്പോഴും കേരളത്തിലെ സാമൂഹിക സൂചികകൾ വികസിത രാജ്യങ്ങളോടാണ് തുലനം ചെയ്ത് കാണപ്പെടാറുള്ളത് . എന്നിട്ടും അടുത്തകാലങ്ങളായി ഇവിടെ ഉയർന്നുകേൾക്കുന്നത് അന്ധവിശ്വാസ സംബന്ധമായ ഒട്ടേറെ ഞെട്ടിക്കുന്ന സംഭവങ്ങൾ ആണ് . നരബലിയും , മൃഗബലിയും , ദുർമന്ത്രവാദവും , യുവതിയെ പട്ടിണിക്കിട്ടുകൊന്നതും , ഒരു കുടുംബത്തിലെ നാലുപേരെ കൊന്നു കുഴിച്ചിട്ടതും എല്ലാം അടുത്തകാലത്തായി കേരളസമൂഹത്തെ ഞെട്ടിച്ച ചില ദൃഷ്ടാന്തങ്ങൾ മാത്രമാണ് . ഇതിനു പുറമെ ദിനംപ്രതി മാധ്യമങ്ങളിലൂടെ അന്ധവിസ്വത്തിന്റെ പേരിൽ നടക്കുന്ന ചെറുതും വലുതുമായ ഒട്ടനവധി സാമ്പത്തിക തട്ടിപ്പുകൾ പുറത്തുവന്നുകൊണ്ടേയിരിക്കുന്നു . ഇതൊക്കെ പുറത്ത് അറിഞ്ഞവയാണെങ്കിൽ, ഇനിയും പുറത്തുവരാത്തതായി എത്രമാത്രം ഉണ്ടാകും എന്ന ചിന്ത ഒരേസമയം കേരള സമൂഹത്തെ നാണിപ്പിക്കുകയും പേടിപ്പിക്കുകയും ചെയുന്നു .

 

അന്ധവിശ്വാസങ്ങളുടെ കാര്യ കാരണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനും മുൻപ് എന്താണ് അന്ധവിശ്വാസം എന്ന് നിർവചിക്കേണ്ടതുണ്ട് . നാം ഏതെങ്കിലും മാര്ഗങ്ങളിലൂടെ കാണുകയോ കേൾക്കുകയോ ചെയുന്ന ഒരു കാര്യത്തെ സാമാന്യ ബുദ്ധിക്ക് നിരാകാത്തതാണെങ്കിലും അത് പറയുന്ന ആളുടെയോ വസ്തുവിന്റെയോ സംഘടനയുടെയോ വിശ്വാസ്യതകൊണ്ട് നാം വിശ്വസിക്കുകയും അതിനനുസരിച്ച് ജീവതത്തിൽ പ്രവർത്തിക്കുകയും ചെയുന്നു . ഇത് തീർച്ചയായും ആപേക്ഷികമാണ് . എന്റെ വിശ്വാസം മറ്റൊരുവന് അന്ധവിശ്വാസം ആയിരിക്കാം . അതിന്റെ പരിണിത ഫലങ്ങളും പലതാകാം . കൊടും ക്രൂരകൃത്യം മുതൽ ആർക്കും ബുദ്ധിമുട്ടില്ലാത്ത സ്വകാര്യ ആചാരങ്ങൾ വരെ ആയിരിക്കാം.

 

എന്തൊക്കെ കാരണങ്ങളാൽ അന്ധവിശ്വാസങ്ങൾ ഉണ്ടായി എന്ന് നമുക്കൊന്ന് പരിശോധിക്കാം . മതങ്ങൾ തന്നെയാണ് അതിൽ ഒരു മുഖ്യ കാരണം . ആദിമ മനുഷ്യൻ പരിണാമത്തിലൂടെ കടന്ന് ഗോത്രങ്ങളും പിന്നീട് അവ പലതും ചേർന്ന് മതങ്ങളും ഉണ്ടായി . കൂട്ടങ്ങൾ അല്ലെങ്കിൽ സമൂഹം ആയി നിലനിൽക്കാൻ അന്ന് മതം അത്യാവശ്യമായിരുന്നു. ഇന്നത്തേത് പോലെ നിയമങ്ങളും ഭരണ സംവിധാനങ്ങളും ഇല്ലാത്ത കാലത്ത് ഭയത്തിലൂടെ സന്മാർഗ ബോധം നിലനിർത്താനും അക്രമങ്ങൾ കുറക്കാനും അതിനു സാധിച്ചിരുന്നു . ഒരു വ്യക്തി എന്നുള്ള നിലക്ക് അവന് ശുഭപ്രതീക്ഷയോടെ മുന്നോട്ട് പോകാനും മതങ്ങൾ സഹായിച്ചു . എന്നാൽ പിന്നീട് അത് പലരും ദുരുപയോഗം ചെയ്യാൻ തുടങ്ങി . പല മതങ്ങളിലെയും കഥകളും സന്ദർഭങ്ങളും അവരവരുടെ ആവശ്യങ്ങൾക്കനുസരിച്ച് വ്യാഖ്യാനിക്കപ്പെടുകയും അത് മനുഷ്യരാശിയിൽ ചോദ്യം ചെയ്യപ്പെടാത്ത അന്ധവിശ്വാസങ്ങളായി വളരുകയും ചെയ്തു.

 

 

മതപരവും ആചാരപരവും മാത്രമായി ഒതുങ്ങുന്നതല്ല അന്ധവിശ്വാസം എന്നതാണ് നാം തിരിച്ചറിയേണ്ടത്. വിശാലമായി ചിന്തിച്ചാൽ താൻ ഉൾപ്പെടുന്ന ഒരു പ്രസ്ഥാനത്തിനോ കൂട്ടത്തിനോ വേണ്ടി അടിയുറച്ച് വിശ്വസിക്കുകയും ശരിതെറ്റുകളെ തിരിച്ചറിയാൻ പറ്റാത്തവണ്ണം അവ നമ്മുടെ കാഴ്ചയെ മറക്കുകയും ചെയുന്നത് എന്തും അന്ധവിശ്വാസം ആയി കാണാവുന്നതാണ്. താൻ പറയുന്ന രാഷ്ട്രീയം മാത്രമാണ് ശരി എന്ന് ശഠിക്കുകയും അതിനെതിരെ നിൽക്കുന്നവരെ വകവരുത്തുകയും ചെയ്യുന്നതും അന്ധവിശ്വാസം തന്നെയാണ്. തീവ്രമായ ദേശിയവാദമോ , പ്രാദേശികവാദമോ, അന്ധമായ വീരാരാധനയും അന്ധവിശ്വാസത്തിന്റെ വേറിട്ട രൂപങ്ങൾ തന്നെയാണ് .

 

ഭീതിയും പ്രലോഭനവും ആണ് അന്ധവിശ്വാസങ്ങളെ ചതിയിലേക്കും ദുരാചാരങ്ങളിലേക്കും നയിക്കുന്നത് . തനിക്കോ തന്റെ കുടുംബത്തിനോ വരാനിരിക്കുന്ന ദുരന്തങ്ങളെ കുറിച്ചോ സാമ്പത്തികമായ നഷ്ടങ്ങളെ കുറിച്ചോ പറഞ്ഞ് ഭയപ്പെടുത്തുകയും അതിൽ നിന്നും രക്ഷനേടാൻ ചെയേണ്ട കാര്യങ്ങൾ പറയുകയും ചെയുന്നു . ചെറുതായെങ്കിലും വിശ്വാസം ഉള്ള ആളുകൾ ഒരു അപകടസാധ്യതയെ ഒഴിവാക്കാൻ പറഞ്ഞപടി ശിരസ്സാ വഹിക്കുന്നു. അത്യാഗ്രഹവും കുറുക്കുവഴിയിലൂടെ വിജയം നേടാൻ ഉള്ള മലയാളിയുടെ മനസ്സും ഇതിന് മറ്റൊരു കാരണമാണ്.

 

അന്ധവിശ്വാസങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പലതാണ്. നരബലിയും മൃഗബലിയും തുടങ്ങിയ മാരക ക്രൂരകൃത്യങ്ങൾ മുതൽ ഒരാളുടെ ദൈനംദിന കാര്യപ്രാപ്തിയെ ബാധിക്കുന്ന ആചാരങ്ങൾ വരെയാകാം അത് . ആദ്യം പറഞ്ഞവ ഒരു സാമൂഹിക വിപത്താണ് എങ്കിൽ അവസാനം പറഞ്ഞത് തികച്ചും വ്യക്തികതമാണ് . നരബലിയുടെ കാര്യം തന്നെ എടുക്കുക അതിന് പ്രകടവും ഗുപ്‌തവും ആയ പലതരം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കഴിയും . പ്രകടമായ പ്രശ്നം ചിലരുടെ മരണത്തിലേക്കും ജയിൽ വാസത്തിലേക്കും നയിച്ചതാണെങ്കിൽ ഗുപ്തമായ പ്രശ്നങ്ങൾ അളക്കാനാകാത്തതും ദൂരവ്യാപകവുമാണ്. കുറ്റകൃത്യം നടന്ന സ്ഥലത്തിനടുത്തുള്ള ചെറിയ കുഞ്ഞുങ്ങളുടെ കാര്യം തന്നെ എടുക്കുക. അവരുടെ വീടുകളിൽ സംഭവത്തെ കുറിച്ച് നിരന്തരം സംസാരിക്കുന്നത് അവർ കേൾക്കുന്നു. കൊലപാതകം നടന്ന വീടോ സ്ഥലമോ നിത്യവും കാണേണ്ടിവരുന്നു . പൈശാചികമായ കൃത്യങ്ങൾ അവരുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്നു . അവരുടെ മാനസികവും സ്വാഭാവികവും ആയ വ്യക്തിത്വ രൂപീകരണത്തെ തന്നെ ബാധിക്കുകയും ചെയ്യുന്നു . അന്ധവിശ്വാസങ്ങൾ ഒരു ദുർബല സമൂഹത്തെ സൃഷ്ടിക്കുകയും മയക്കുമരുന്നിനും ഗുണ്ടായിസത്തിനും അക്രമത്തിനും വേരോടാനുള്ള വിളനിലം സൃഷ്ടിക്കുകയും ചെയ്യുന്നു.

 

അന്ധവിശ്വാസങ്ങളെ എങ്ങിനെ നേരിടാം എന്നുള്ളതാണ് നാം പരമമായ ചിന്തിക്കേണ്ടത് . ഒരു വ്യക്തി എന്നുള്ള നിലയിൽ നമ്മിലേക്ക് തന്നെ നോക്കി തിരുത്തലുകൾ വരുത്തുക എന്നുള്ളതാണ് ആദ്യം ചെയേണ്ടത് . നമ്മളിൽ എല്ലാവരിലും അന്ധവിശ്വാസം ഉണ്ട് എന്ന കയ്‌പേറിയ സത്യം അംഗീകരിക്കുക . വായനയും ലോകപരിചയവും വ്യക്തിഗതമായ പോരാട്ടത്തിന് അത്യന്താപേക്ഷിതമാണ് . ചിലരുടെ അന്ധവിശ്വാസങ്ങൾക്ക് അവരോളം തന്നെ പ്രായമുണ്ട് . ചിലർ മതപരമായോ ആചാരപരമായോ അവരുടെ ആത്മവിശ്വാസത്തിനും സന്തോഷത്തിനും വേണ്ടിചെയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് കുഴപ്പങ്ങൾ ഒന്നും വരുത്തുന്നില്ലെങ്കിൽ അതിനെ ഒരിക്കലും നിയമപരമായി നേരിടാൻ നമുക്ക് കഴിയില്ല . അങ്ങനെയുള്ള നിയമനിര്മാണങ്ങൾ ഒരുപക്ഷെ അയാളുടെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കൈകടത്തൽ ആയി വ്യാഖ്യാനിക്കപ്പെട്ടേക്കാം . ഒരുപക്ഷെ അവരുടെ അസ്തിത്വം തന്നെ അന്ധവിശ്വാസങ്ങളിൽ ഊന്നിയായിരിക്കാം . നമ്മുടെ ചിന്തകൾ അടിച്ചേല്പിക്കുന്നതോ അപഹസിക്കുന്നതോ അവരുടെ ചിന്തകളിൽ മാറ്റം വരൻ സഹായിക്കില്ല. അതിനർത്ഥം നമ്മൾ അങ്ങനെയുള്ളവരെ അവരുടെ പാട്ടിന് വിടണം എന്നല്ല . അവർ അന്ധവിശ്വാസങ്ങളിൽ ഊന്നിയ കുറ്റകൃത്യങ്ങളുടെ ഇരകൾ ആകാനുള്ള സാധ്യത വളരെ കൂടുതലാണ് .അന്ധവിശ്വാസി എന്ന ചാപ്പ കുത്താതെ സംയമനത്തോടെ അവരെ ബോധവൽക്കരിക്കാൻ ശ്രമിക്കുകയും സമൂഹത്തിൽ ഉണ്ടാകുന്ന അന്ധവിശ്വാസ സംബന്ധമായ കുറ്റകൃത്യങ്ങളെ കാണിച്ചുകൊടുക്കുയുമാണ് വേണ്ടത് .

 

സാമൂഹികമായി ഈ വിഷയത്തിൽ എന്തെല്ലാം മാറ്റങ്ങൾ അനിവാര്യമാണ് എന്ന് നോക്കാം . നാം നേടിയ സാക്ഷരത ഇതിനു തടയിടാൻ ഉതകുന്നതല്ല എന്നുതന്നെയാണ് ദിനംപ്രതി കൂടിവരുന്ന സംഭവങ്ങൾ വ്യക്തമാക്കുന്നത് . അന്ധവിശ്വാസ തട്ടിപ്പുകളിൽ ഉൾപ്പെടുന്ന പലരും ഉന്നത വിദ്യാഭ്യാസം നേടിയവരാണ് എന്നതാണ് മറ്റൊരു സത്യം. ഇരകളാക്കപ്പെട്ടവരിൽ മന്ത്രിമാർ ,രാഷ്ട്രീയക്കാർ , ഡോക്ടർമാർ , സിവിൽ സർവീസ് ഉദ്യോഗസ്ഥർ തുടങ്ങി നാനാ തുറകളിൽപെട്ട വിദ്യാസമ്പന്നർ ഉൾപ്പെട്ടിട്ടുണ്ട് . ഇവയെല്ലാം വ്യക്തമാകുന്നത് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിലെ പാളിച്ചകൾ തന്നെയാണ് . പാഠഭാഗങ്ങളിൽ അന്ധവിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുന്നവ ഉൾപെടുത്താതിരിക്കുക എന്നതാണ് ആദ്യം ചെയേണ്ട കാര്യം. അന്ധവിശ്വാസങ്ങളെ നേരിടാൻ പര്യാപ്തമാം വിധം പാഠ്യപദ്ധതി പുനഃക്രമീകരിക്കുകയും വേണം . കുട്ടികളുടെ മാനസിക ആരോഗ്യം വളർത്തുന്നതിനും, അവരുടെ ആശങ്കകളും ആകുലതകളും തുറന്നുപറയുന്നതിനും ഉള്ള അന്തരീക്ഷം വിദ്യാലയങ്ങൾ ഒരുക്കേണ്ടതുണ്ട് .

 

മാധ്യമങ്ങളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പുറത്ത്കൊണ്ടുവരാൻ ജാഗരൂഗരായിരിക്കണം . ഇങ്ങനെയുള്ള കുറ്റകൃത്യങ്ങൾ പുറത്തുകൊണ്ടുവരുന്നതിൽ സ്തുത്യർഹമായ സേവനം ആണ് മാധ്യമങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് .എന്നാൽ പല മാധ്യമങ്ങളും ഇങ്ങനെ ഉള്ള സംഭവങ്ങൾ വരുമ്പോൾ മാത്രം അന്ധവിശ്വാസങ്ങൾക്കെതിരെ ആഞ്ഞടിക്കുകയും അതെ ദിവസം തന്നെ അന്ധവിശ്വാസങ്ങൾ പരത്തുന്ന വാർത്തകളും പരിപാടികളും സംപ്രേക്ഷണം ചെയ്യുന്നതും നാം കണ്ടതാണ് . ഇങ്ങനെയുള്ള ഇരട്ടത്താപ്പുകൾ മാധ്യമങ്ങളുടെ വിശ്വാസ്യതയെത്തന്നെ ബാധിക്കാനും, സമൂഹത്തെ പുറകോട്ട് വലിക്കാനുമേ ഉപകരിക്കുന്നു . പലപ്പോഴും മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും ഇങ്ങനെയുള സംഭവങ്ങൾ ഏറ്റെടുക്കുമ്പോൾ മാത്രമാണ് ഭരണസംവിധാങ്ങൾ ഉണർന്നു പ്രവർത്തിക്കുന്നത് . വാർത്തയുടെ ചൂട് കെട്ടടങ്ങുന്നതോടെ പ്രവർത്തികളും നിലക്കുന്നു. ഇങ്ങനെയുള്ള സംഭവങ്ങളെ സദാസമയം നിരീക്ഷിക്കുന്നതിനുള്ള ഒരു സംവിധാനം കൊണ്ടുവരേണ്ടതുണ്ട് . മാത്രമല്ല ഓരോന്നിനെയും ഒറ്റപ്പെട്ട സംഭവമായി കാണാതെ നൂലിഴകീറി പരിശോധിച്ച് , കുറ്റകൃത്യത്തിലേക്ക് നയിച്ച സാമൂഹിക സാഹചര്യങ്ങളെ തിരിച്ചറിയുകയും അവയെ ഒഴിവാക്കാൻ ഉള്ള ചുവടുകൾ എടുക്കുകയും വേണം . അന്ധവിശ്വാസങ്ങളെ നേരിടുന്നതിന് ക്രിയാത്മകമായ നിയമനിര്മാണങ്ങൾ കൊണ്ടുവരികയും അവയെ ഫലപ്രദമായി വിനിയോഗിക്കുകയും വേണം . 2014 ഇൽ തയാറാക്കിയ "അന്ധവിശ്വാസം തടയൽ ബിൽ " ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല . അന്ധവിശ്വാസങ്ങൾ മതങ്ങളോടും മതങ്ങൾ രാഷ്ട്രീയ പാർട്ടികളോടും ബന്ധപ്പെട്ടുകിടക്കുന്നു എന്നുള്ളതുകൊണ്ട് തന്നെ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കാതിരിക്കാനുള്ള ആർജവം രാഷ്ട്രീയ പാർട്ടികളും കാണിക്കേണ്ടതുണ്ട് . രാഷ്ട്രീയ സാമൂഹിക സംഘടനകൾ പൊതുജനങ്ങൾക്കായി സംവാദ ചർച്ചകളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കേണ്ടതുണ്ട് . കലാ സാംസ്കാരിക വേദികൾക്കും അന്ധവിശ്വാസ നിർമ്മാർജ്ജനത്തിൽ വലിയൊരു പങ്ക് വഹിക്കാനുണ്ട് . അന്ധവിശ്വാസങ്ങളെ ഒരു വാർത്തയായി കാണിക്കാതെ വൈകാരികമായ തലത്തിൽ സമൂഹത്തിലേക്ക് എത്തിക്കാൻ സാഹിത്യവും ചലച്ചിത്രവും പോലുള്ള കലാരരൂപങ്ങൾക്ക് കഴിയും .

 

അന്ധവിശ്വാസം എന്നത് സംമൂഹിക തിന്മകളിലെ ഒരു കണ്ണി മാത്രമാണ് . എന്നാൽ അത് മയക്കുമരുന്ന് , മനിഷ്യക്കടത്ത് , അവയവ കച്ചവടം , കള്ളപ്പണം , തീവ്രവാദം തുടങ്ങി പലതിനെയും പരിപോഷിപ്പിക്കുന്നതുമാണ് . അതുകൊണ്ടുതന്നെ അന്ധവിശ്വസങ്ങളെ കീഴ്പെടുത്തൽ മറ്റു സാമൂഹ്യ തിന്മകൾക്കെതിരെ പോരാടാൻ ഊർജമേകുന്നതുമാണ് . കാലാകാലങ്ങളായി നിലനിന്നിരുന്ന പലതരത്തിലുള്ള അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തോല്പിച്ച് തന്നെയാണ് ഈ കാണുന്ന കേരളസമൂഹം സൃഷ്ടിക്കപ്പെട്ടത്. വൈക്കം സത്യാഗ്രഹവും ഗുരുവായൂർ സത്യാഗ്രഹവും പോലുള്ള നൂറുകണക്കിന് ദൃഷ്ടാന്തങ്ങൾ ചരിത്രത്തിൽ കാണാൻ സാധിക്കും . ബുദ്ധിയും വിവേകവും ശാസ്ത്രബോധവും ഉള്ള ഒരു തലമുറ വളർന്നുവരുന്നു എന്നത് പ്രത്യാശ നൽകുന്ന ഒരു വലിയ ഘടകമാണ് . സാങ്കേതിക വിദ്യയുടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും അവർക്ക് ലഭിക്കുന്ന അറിവുകൾ ശാസ്ത്രാവബോധം വളർത്താൻ ഉദകുന്നതാണ് . വിശദമായ പഠനത്തിലൂടെയും കുറിക്കുകൊള്ളുന്ന ചോദ്യങ്ങളിലൂടെയും നെല്ലും പതിരും തിരിച്ചറിയാൻ അവരെ ഇത് സഹായിക്കും എന്നത് നിസ്തർക്കമാണ് . വൈവിധ്യങ്ങൾ നിറഞ്ഞ ഒരു സമൂഹമാണ് കേരളം. മതപരവും രാഷ്ട്രീയപരവും സാമൂഹികവുമായ അഭിപ്രായ ഭിന്നതകളെ മാറ്റിനിർത്തി ഒറ്റകെട്ടായി നേരിട്ടാൽ അന്ധവിശ്വാസം എന്ന തിന്മയെ തുരത്തുകയും ഇന്ത്യക്കുതന്നെ പിന്തുടരാവുന്ന ഒരു കേരള മാതൃക സൃഷ്ടിക്കുകയും ചെയ്യാം .