Skip to main content
Srishti-2022   >>  Article - Malayalam   >>  അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

Ashly Alosious

Wipro

അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

വിശ്വാസം അന്ധമാകുമ്പോൾ

പ്രബുദ്ധ കേരളം എന്നതിൽ നാം മലയാളികൾ ഒരുപാട് അഭിമാനിക്കുന്നു. പോയ കാലങ്ങളെ അപേക്ഷിച്ച് നാം ഇന്ന് പല രംഗങ്ങളിലും മറ്റുള്ളവർക്ക് ഒപ്പമോ അതോ മുൻപിലോ എത്തിയിരിക്കുന്നു. സാമൂഹിക നിലവാരത്തിലുണ്ടായ കേരളത്തിന്റെ മാറ്റം മറ്റുള്ളവർക്ക് അനുകരണീയമാണ്. വിദ്യാഭ്യാസ രംഗത്തുണ്ടായ കേരളത്തിൻറെ ഉയർച്ച തന്നെയാണ് ഇവയ്‌ക്കെല്ലാം മൂലകാരണം. ഈ ഖ്യാതികൾക്കെല്ലാം കോട്ടം തട്ടുന്ന ചിലതാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. പ്രബുദ്ധതയിലും സാക്ഷരതയിലും അഹങ്കരിക്കാതെ ഒരു സ്വയം വിലയിരുത്തലിനു സമയമായി എന്നതാണ് സൂചനകൾ കാണിക്കുന്നത്. ശാസ്ത്രവും സാങ്കേതിക വിദ്യയും ഇത്രയധികം പുരോഗതി പ്രാപിച്ച കാലത്തു മനുഷ്യക്കുരുതി പോലുള്ള അനാചാരങ്ങൾ നടത്താൻ തക്കവണ്ണം അന്ധവിശ്വാസം അത്രയധികം വേരൂന്നിയിരിക്കുന്നു എന്നത് സാക്ഷരകേരളത്തെ ഞെട്ടിപ്പിക്കുന്നതാണ്. ആഭിചാരം, ദുർമന്ത്രവാദം, കൂടോത്രം മുതലായവ ഇന്നും നമ്മുടെയിടയിൽ നിലനിൽക്കുന്നു എന്നത് ആശങ്കാജനകമാണ്. മനുഷ്യൻറെ വിവേചന ശക്തിയും ബുദ്ധിയും ചോദ്യം ചെയ്യപ്പെടുന്നു. മാനുഷികമൂല്യങ്ങൾ കാറ്റിൽ പറത്തിയുള്ള ഇത്തരം അനാചാരങ്ങൾ നമ്മെ ദിനപ്രതി നടുക്കുന്നു.

 

തീണ്ടലും തൊടീലും നിലനിന്നിരുന്ന ഇന്നലെകളിൽ നിന്ന് കേരളം വളരെയധികം ഇന്ന് മുന്നോട്ടുപോയിരിക്കുന്നു. ആ മാറ്റം തീർച്ചയായും നമ്മുക്ക് കൈവന്ന വിദ്യ കൊണ്ടുവന്നതാണ്. എന്നിരുന്നാലും എവിടെയൊക്കെയോ ആ ഇന്നലെയുടെ ഓർമ്മചിത്രങ്ങൾ മിന്നിമറയുന്നുണ്ടോയെന്നു ഒരു സംശയം. തീണ്ടലും തൊടീലും മാത്രമല്ല മനുഷ്യ വിശ്വാസത്തിനൊപ്പം ഒരു പക്ഷെ അതിനും മുകളിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളും ആ ഓർമകളിൽ ഉൾപ്പെടുന്നു. കുട്ടിക്കാലത്ത് സ്കൂളിൽ പോകുന്ന വഴി ഉപ്പന്റെ (ഒരു പക്ഷി) വാലിൽ നോക്കി തുപ്പിയാൽ അന്ന് അടി കിട്ടില്ല, രണ്ടു മൈനയെ കണ്ടാൽ തല്ലു കിട്ടില്ല, എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കുമ്പോ പല്ലി ചിലച്ചാൽ അത് സത്യം (കാലക്രെമേണ പല്ലി മാറി കാളിങ് ബെല്ലും ഫോൺ ബെല്ലും ഒക്കെ ആയി). ഇങ്ങനെ എത്രയെത്ര വിശ്വാസങ്ങൾ നമ്മുക്ക് ചുറ്റും ഉണ്ടാരുന്നു. അതൊക്കെ കാലത്തിന്റെയും മനുഷ്യന്റെയും നിഷ്കളങ്കതയായിരുന്നുവെന്നു വേണമെങ്കിൽ പറയാം. പക്ഷെ ആ ഇന്നലകളിൽ നിന്നും മാറി ഇന്നിലേക്കാകുമ്പോൾ അവ പലതിന്റെയും ഒരു തുടക്കമായിരുന്നുവോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇവ മനുഷ്യൻറെ യുക്തിക്കും നീതിക്കും നിരക്കാത്ത മറ്റു പാലത്തിലേക്കുമുള്ള അക്ഷരം കുറിക്കൽ മാത്രമായിരുന്നുവെന്ന് കാലം തെളിയിക്കുന്നു. യുക്തിസഹമല്ലാത്ത വിശ്വാസങ്ങളും അവ ഉണ്ടാക്കുന്ന അനാചാരങ്ങളും സാക്ഷര കേരളത്തിൽ നാൾക്കുനാൾ ഏറിവരുന്നു. മനുഷ്യൻറെ സാമാന്യ ബുദ്ധിയെ കവച്ചുവെക്കുന്ന ആചാരങ്ങളും വിശ്വാസങ്ങളും ഉയർന്നു വരുന്നു. വിവിധ ജാതിമതങ്ങൾക്കനുസരിച്ചു അവയുടെ രൂപത്തിലും ഭാവത്തിലും വ്യത്യാസങ്ങൾ ഉണ്ടെന്നു മാത്രം.

 

അന്ധവിശ്വാസങ്ങൾ ഒരുതരത്തിൽ മനുഷ്യന്റെ വിശ്വാസരാഹിത്യത്തിൽ നിന്നോ അതോ ഭയത്തിൽ നിന്നോ രൂപം കൊള്ളുന്നു. അടിസ്ഥാനപരമായി അന്ധവിശ്വാസങ്ങൾ തഴച്ചു വളരുന്നത് മനുഷ്യന്റെ ഭയത്തിലും എളുപ്പത്തിൽ കാര്യങ്ങൾ നടക്കണം എന്ന മടിയിലും അത്യാഗ്രഹത്തിലുമാണ്. ശാസ്ത്രീയപരമായി യാതൊരു അടിസ്ഥാനവും ഇല്ലാത്ത പലവിശ്വാസങ്ങളും ഇത്തരത്തിൽ മനുഷ്യന്റെ ഭയത്തിലും അത്യാഗ്രഹത്തിലും വേരൂന്നിയിരിക്കുന്നു.

 

നമ്മുടെയിടയിൽ നിലനിൽക്കുന്ന എന്നാൽ അത്ര ഗൗരവം എന്ന് നമ്മുക്ക് തോന്നാത്ത ചില ഉദാഹരണങ്ങൾ നോക്കാം. ഇരിക്കുമ്പോൾ കാലുകൾ ആട്ടാൻ പാടില്ല , ആട്ടിയാൽ ദോഷം. രാത്രി നഖം വെട്ടിയാൽ ദോഷം, പെൺകുട്ടികൾ കാലിനു മുകളിൽ കാല് കയറ്റിവെച്ചു ഇരുന്നാൽ ദോഷം, അത്താഴം കഴിഞ്ഞു കുളിച്ചാൽ ദോഷം, പൂച്ച കുറുകെ ചാടിയാൽ ദോഷം, സന്ധ്യക്ക്‌ കിടന്നുറങ്ങിയാൽ ദോഷം, 13 എന്ന സംഖ്യക്കു ദോഷം,  ഇങ്ങനെ ദോഷങ്ങളുടെ പട്ടിക നീളുകയാണ്. ഇവയിൽ ചിലതെങ്കിലും എന്തൊക്കെയോ ഉദ്ധേശശുദ്ധിയോടെ രൂപം കൊണ്ടവയാണെങ്കിലും തലമുറകൾ പിന്നിട്ടപ്പോളെക്കും ആ ഉദ്ദേശശുദ്ധി എന്തായിരുന്നുവെന്ന് പകർന്നു നല്കാൻ ആരുമില്ല, അതുകൊണ്ടുതന്നെ മേല്പറഞ്ഞവയെല്ലാം അന്ധവിശ്വാസങ്ങളുടെ പട്ടികയിലേക്ക് എത്തിക്കഴിഞ്ഞു.

 

വിവാഹം കഴിഞ്ഞ പെൺകുട്ടികൾ നേരിടേണ്ടി വരുന്ന മറ്റൊരു പഴിയാണ് "തലയിണമന്ത്രം". അങ്ങനെ ഒരു മന്ത്രമുണ്ടോ?. മിക്ക വീട്ടിലും കാണും ഈ മന്ത്രത്തിൻറെ കളി. എവിടെയും രേഖപ്പെടുത്തിയിട്ടില്ലാത്ത വിവാഹം കഴിഞ്ഞയുടൻ പെൺകുട്ടിക്ക് മാത്രം സ്വായത്തമാകുന്ന ഒരു മന്ത്രം. കാലങ്ങൾ പിന്നിട്ടിട്ടും ഈ മന്ത്രത്തിൻറെ കാര്യത്തിൽ മാത്രം നമ്മുടെ സമൂഹം അത്ര പുരോഗതി വരിച്ചിട്ടില്ലന്നു വേണമെങ്കിൽ പറയാം. അവൾ എന്റെ മകനെ വശീകരിച്ചു, തലയിണമന്ത്രത്താൽ വീഴ്ത്തി, അവളുടെ തലയിണമന്ത്രത്താൽ അവനാകെ മാറിപ്പോയി തുടങ്ങിയ വർത്തമാനങ്ങൾ ധാരാളം കേട്ടതാണ് കേരളം. ഇന്ന് ഇതിനു കുറച്ചൊരു അയവു വന്നിട്ടുണ്ടെന്ന് തോന്നുന്നു. വിവാഹശേഷം പുരുഷൻ പങ്കാളിയുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാൽ അതെങ്ങനെ തലയിണമന്ത്രത്തിന്റെ ശക്തിയാകും? അവർക്കു അവരുടേതായ തീരുമാനങ്ങളും തീർപ്പുകളും ഉണ്ടാകുന്നതു സാധാരണമല്ലേ? ഇതുവരെ താൻ വളർത്തിയ മകൻ തന്നേക്കാളേറെ ഇന്നലെ വന്ന ഭാര്യക്ക് വിലകൊടുക്കുമോ എന്ന കേവല ഭയത്തിന്റെ അല്ലെങ്കിൽ ആശങ്കയുടെ ഫലം മാത്രമാണ് ഈ തലയിണമന്ത്രം. ഈ ഭയത്തെയും വിട്ടു കാശാക്കുന്ന ആൾ ദൈവങ്ങൾക്കും പൂജാരികൾക്കും ഇന്നാട്ടിൽ പഞ്ഞമില്ല എന്നത് ഒരു സത്യം മാത്രം. തലയിണമന്ത്രം പോലെ പേരുകേട്ട കുറച്ചു വിശ്വാസങ്ങളാണ് "കണ്ണ് വെക്കുക", "കണ്ണ് കിട്ടുക" ഒക്കെ. കണ്ണുകിട്ടാതിരിക്കാൻ ഇപ്പോളും പല വീടിന്റെയും സ്ഥാപനങ്ങളുടെയും മുന്നിൽ തൂങ്ങിയാടുന്നുണ്ടാവും പച്ചമുളകും നാരങ്ങയും രാക്ഷസരൂപങ്ങളും.

 

ഇത്തരത്തിൽ മനുഷ്യനു നിരുപദ്രവകരമായ പല വിശ്വാസങ്ങളും പിന്നീട് മനുഷ്യൻ ഒരുപാടു മുന്നോട്ടുപോയെന്നതിനു തെളിവാണ് കഴിഞ്ഞ ദിവസങ്ങളിലെ പത്രവാർത്തകൾ. വിദ്യകൊണ്ടും സമ്പത്തുകൊണ്ടും സമൂഹമുയർന്നപ്പോൾ അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും തോതുകൂടി ഉയർന്നു. ഐശ്വര്യത്തിനും സമ്പത്തിനും വേണ്ടി പരസ്പരം കൊല്ലാൻ പോലും മടിയില്ലാത്ത ഒരു സമൂഹം. ക്രൂരവും നിഷ്ടൂരവുമായ ഒരു നരബലിക്കാണ് കേരളം ഈയടുത്തു സാക്ഷ്യം വഹിച്ചത്. എന്താ ഇതിനു കാരണം? വിദ്യാഭയസമില്ലാഞ്ഞിട്ടാണോ? അതോ നിലനിൽക്കുന്ന നിയമത്തെയോ നിയമ വ്യവസ്ഥയെയോ ഭയമില്ലാഞ്ഞിട്ടാണോ? അറിയില്ല.

 

വിവിധ മതങ്ങളുള്ള ഒരു മത സൗഹാർദ നാടാണ് നമ്മുടേത്. ഒരു മതവും മനുഷ്യനെ അന്ധവിശ്വാസത്തിലേക്കു നയിക്കുന്നില്ല. ദൈവിക സങ്കൽപ്പങ്ങളും മറ്റു വിശ്വാസങ്ങളും ഓരോ മതത്തിനും വിഭിന്നമാണ്‌. എന്നാൽ ഒരു മതവും ആഭിചാരം ചെയ്യാൻ പറയുന്നില്ല. എല്ലാക്കാലത്തും എല്ലാ നാട്ടിലും മനുഷ്യൻ ഒരു കാര്യത്തിൽ അല്ലെങ്കിൽ മറ്റൊന്നിൽ അന്ധവിശ്വാസികൾ ആയിരുന്നിട്ടുണ്ട്. ആദിമയുഗം തൊട്ട് ആധുനികകാലം വരെയുള്ള ചരിത്രം പരിശോധിച്ചാൽ ഇത്തരത്തിലുള്ള നിരവധി അന്ധവിശ്വാസങ്ങളെ കണ്ടെത്താം. കാലക്രമേണ ചിലതൊക്കെ ഇല്ലാതായി മറ്റു ചിലതോ കൂടുതൽ ശക്തിയാർജിച്ചു എന്ന് മാത്രം. മനുഷ്യമനസ്സിനെ പോലും മരവിപ്പിക്കുന്ന തരത്തിലുള്ള അന്ധവിശ്വാസങ്ങളുടെ പരിണിതഫലത്തിനും ഉദാഹരണങ്ങൾ ധാരാളമാണ്. യുപിയിൽ ഒരു കുടുംബത്തിലെ 14 പേർ ജീവനൊടുക്കിയത് അമാനുഷികശക്തി ആർജിക്കാൻ വേണ്ടിയായിരുന്നു, കുടുംബത്തിന്റെ ഐശ്വര്യത്തിനും ഉന്നമനത്തിനും വേണ്ടിയുള്ള കൊടും വ്രതങ്ങളും അവയെത്തുടർന്നുള്ള  ജീവഹാനിയും, ആദ്യഭർത്താവ് മരണപ്പെടുമെന്നുള്ള പ്രവചനം പൂർത്തിയാക്കാൻ വേണ്ടി കാമുകനെ വിഷം കൊടുത്തു കൊന്നത്, ശിഷ്യന്റെ കൂടോത്രങ്ങളൊന്നും ഫലിക്കാത്തതിന് കാരണം ഗുരുവാണെന്നു പറഞ്ഞു ഗുരുവിനെയും കുടുംബത്തെയും നിഷ്ടൂരമായി കൊലപ്പെടുത്തിയത്, ഇതൊക്കെ വളരെയേറെ കാര്യങ്ങളിൽ ചിലതു മാത്രം. ഇപ്പോളും പുറംലോകമറിയാത്ത സംഭവങ്ങളും ധാരാളം.

 

നൂറു ശതമാനം സാക്ഷരതാ കൈവരിച്ചുവെന്നു പറയുമ്പോളും വിദ്യാസമ്പന്നരെന്നു അഹങ്കരിക്കുമ്പോളും നാം പലപ്പോഴും നമ്മുടെ സാമാന്യബുദ്ധിക്കനുസരിച്ചല്ല നിലപാടുകളെടുക്കുന്നത്, പ്രവർത്തിക്കുന്നത്. സാക്ഷര സമ്പന്നരായ നമ്മൾ തന്നെയാണ് രോഗം വന്നാൽ അത് ബാധയുടെ ഉപദ്രവമാണ് അത് ഒഴിപ്പിച്ചത് മതിയെന്ന ആൾദൈവങ്ങളുടെ വാക്ക് കേട്ട് വിശ്വസിക്കുന്നത്, പണിയെടുക്കാതെ ധനാഗമന യന്ത്രം വീട്ടിൽ വാങ്ങി വെച്ചാൽ മതി പണം ഒഴുകും എന്ന ടെലിമാർക്കറ്റിങ് പരസ്യങ്ങളിൽ കബളിപ്പിക്കപ്പെടുന്നത്, ജാതകത്തിന്റെയും പൊരുത്തത്തിന്റെയും പേരിൽ സമാധാനം നഷ്ടപ്പെടുത്തുന്നത്. ഏറ്റവും ഒടുവിൽ പണത്തിനും അഭിവൃദ്ധിക്കും വേണ്ടി അപരനെ ബലി കൊടുക്കുന്നതും. ഇതിനേക്കാളൊക്കെ ചിന്തിക്കേണ്ടത്  പഠിപ്പും വിവരവും ഉണ്ടെന്നു പറയുന്ന ഈ മനുഷ്യരെ ഇത്തരം പ്രലോഭനങ്ങളിൽ പെടുത്തുന്നതോ പള്ളിക്കൂടത്തിന്റെ വരാന്ത പോലും കണ്ടിട്ടില്ലാത്തവന്മാരാണ് എന്നതാണ്. ഈയവസരത്തിൽ നാം ചിന്തിക്കേണ്ടത് സമ്പൂർണ്ണ സാക്ഷരതാ കൈവശപ്പെടുത്തിയെന്നു പറയുന്ന നാം എന്താണ് യാഥാർഥത്തിൽ പഠിച്ചത്? നല്ലതും ചീത്തയും നന്മയും തിന്മയും വിവേചിച്ചറിയാനുള്ള മനുഷ്യന്റെ കേവല ബുദ്ധി ഏതു ശാസ്ത്രമാണ് കവർന്നെടുത്ത്?

 

തീണ്ടലിന്റെയും തൊടീലിന്റെയും കാലത്തുനിന്നു വളരെയേറെ പരിശ്രമിച്ചിട്ടാണ് നാം ഇന്ന് ഈ കാലഘട്ടത്തിൽ എത്തി നിൽക്കുന്നത്. നാം കൈവരിച്ച വിദ്യാഭാസത്തിന്റെയും അറിവിന്റെയും ആകെത്തുകയാണ് നമ്മുടെ ഇന്നത്തെ ഉയർച്ചയും വളർച്ചയും. അവിടെനിന്നും പ്രാചീനമായ നരബലിയിലേക്കും കടുത്ത അന്ധവിശ്വാസത്തിലേക്കും തിരികെ കേരളം എത്താതെ നോക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. വിശ്വാസം നല്ലതാണു വേണം താനും, പക്ഷെ അതൊരിക്കലും അന്ധമാകരുത്. മനുഷ്യന്റെ യുക്തിയെയും ബുദ്ധിയെയും കളിയാക്കുന്നതാവരുത്. മറ്റൊരാളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്നതാവരുത്. "വിശ്വാസം അതല്ലേ എല്ലാം എന്നല്ല വിശ്വാസവും വേണം ആവശ്യത്തിന്" എന്ന് ചിന്തിക്കാൻ നമുക്കാവണം.