Skip to main content
Srishti-2022   >>  Article - Malayalam   >>  അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

 

                    വളരെ പണിപ്പെട്ട് സംഘടിപ്പിച്ചെടുത്ത മയിൽപ്പീലി. അത്രയും തന്നെ സൂക്ഷ്മതയോടെ പുസ്തകത്തിനുള്ളിൽ ഒളിപ്പിച്ചു. ദിവസവും നോക്കും മയിൽപ്പീലി പ്രസവിച്ചിട്ടുണ്ടോ എന്നറിയാൻ. ആകാംക്ഷയായിരുന്നു ഉള്ളിൽ. പിന്നീടെപ്പോഴോ, കൂട്ടത്തിൽ നിന്നടർന്നു വീണ ഒരു കുഞ്ഞു പീലി കണ്ട് വിശ്വസിച്ചു, അത് മയിൽപ്പീലിയുടെ കുഞ്ഞാണെന്ന്; പീലി പ്രസവിച്ചതായ കുഞ്ഞ്. എല്ലാവരെയും അതൊന്നു കാണിക്കാൻ എന്ത് ആവേശമായിരുന്നു. അതൊരു കുട്ടിക്കാലം…, കുറച്ചുക്കൂടി വളർന്നപ്പോൾ മനസിലായി, ആ വിശ്വാസം തെറ്റാണെന്ന്. ആരോ പറഞ്ഞുവെച്ച നുണ ഒരു വിശ്വാസമായി കൊണ്ടുനടന്നിരുന്ന ഇതുപോലെ ഒരു കുട്ടിക്കാലം പലർക്കുമുണ്ടായിരിക്കാം. ഒരുപക്ഷെ, ഇന്ന് കണ്ടുവരുന്ന പല അന്ധവിശ്വാസങ്ങളുടെയും വിത്ത് ചെറുപ്പത്തിൽ കൊണ്ടുനടന്ന രസകരമായ ആ അനുഭവത്തിൽ വിതക്കപ്പെട്ടതായിരിക്കാം. ഇന്ന്, പക്ഷെ കുട്ടികൾ അത്തരം വിശ്വാസങ്ങളൊന്നും കൊണ്ടുനടക്കുന്നില്ല. അവർ വളർന്നു, മാനസികമായും അറിവിന്റെ തലത്തിലുമൊക്കെ കാലത്തോടൊപ്പം അവർ നടന്നു കയറി. ഒത്തിരിയേറെ അന്ധവിശ്വാസങ്ങളുടെ ഇരുളിൽ മാറു മറയ്ക്കാതെ വീടിന്റെ പിന്നാമ്പുറങ്ങളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന സ്ത്രീജനങ്ങൾ ഇന്ന് അരങ്ങത്തേയ്ക്കുണർന്ന് പുരുഷനോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്ന നിലയിലേക്കുയർന്നു. ചാത്തനും, ചാമുണ്ടിയും, മറുതയുമൊക്കെ നമ്മുടെ കേരളീയ കുടുംബങ്ങളെ താലോലിച്ചിരുന്ന ഒരു ചരിത്രമുണ്ടായിരുന്നു. ചാത്തനെ സേവിച്ച് സമ്പത്ത് കരസ്ഥമാക്കാനും, ശത്രുക്കളെ ഇല്ലായ്മ ചെയ്യാനുമൊക്കെ കേരളീയ മനസിന് മടിയില്ലായിരുന്നു. ഒടിയനേം കാപ്പിരിയെയും ഒക്കെ കൂട്ടുപ്പിടിച്ച് ശത്രുസംഹാരം നടത്തിയിരുന്നവരുടെയുംകൂടി നാടാണിത്. കളമെഴുതിയ തറകളിൽ നിലവിളക്കും കർപ്പൂരവുമൊക്കെ കത്തിച്ചുണ്ടാക്കിയ പുക നിറഞ്ഞ അന്തരീക്ഷത്തിൽ നിറഞ്ഞാടിയ മന്ത്രവാദത്തിന്റെ ഭീകരത എത്ര കുടുംബങ്ങളെ തച്ചുടച്ചില്ല! ശരീരത്തിൽ കടന്നുകൂടിയ ബാധയെ ഒഴിപ്പിക്കുന്നതോടൊപ്പം എത്ര ജീവിതങ്ങൾ തകർന്നടിഞ്ഞു. തമ്പ്രാൻമാരുടെ നടത്ത വഴികൾ തന്റെ നിഴലു കൊണ്ടുപ്പോലും അശുദ്ധമാകാതിരിക്കാൻ വഴിയിറമ്പുകളിൽ മറഞ്ഞിരിക്കുന്ന അടിയാളന്മാരുടെ ചിത്രം ഓർക്കുന്നില്ലേ? അതുപോലും ഈ അബദ്ധജടിലമായ വിശ്വാസങ്ങളുടെ ബാക്കിപത്രമായിരുന്നില്ലേ? നിരക്ഷരതയും ദാരിദ്ര്യവും കൈക്കോർത്ത പഴയ കേരളീയ ഗ്രാമങ്ങൾ ഇത്തരം അന്ധവിശ്വാസങ്ങളുടെ ഈറ്റില്ലമായതിൽ അതിശയിക്കാനൊന്നുമില്ല.  ഒപ്പം അറിവിന്റെ വെളിച്ചം പരക്കാത്തതിന്റെ അപരിഷ്കൃതത്വം കൂടിയാവുമ്പോൾ അന്ധവിശ്വാസങ്ങൾ തഴച്ചു വളരാൻ ഇതിൽ കൂടുതലായെന്തു വേണം…? വിവിധങ്ങളായ വിശ്വാസങ്ങളുടെ ആകത്തുകയാണ് ഓരോ മനുഷ്യനും. ഓരോ വ്യക്തിയും പലവിധ വിശ്വാസങ്ങൾ വച്ചുപുലർത്തുന്നുണ്ട്. ഒരേ ആശയം തന്നെ രണ്ടു വ്യക്തികളിൽ വ്യത്യസ്തങ്ങളായ മനോഭാവങ്ങളായിരിക്കും ഉണർത്തുക. അത് രണ്ടു തരത്തിലുള്ള വിശ്വാസങ്ങൾക്ക് കാരണമാകും. ചിലത് ചിലപ്പോൾ സത്യത്തോട് നീതി പുലർത്തണമെന്നില്ല. ചെറുപ്പംമുതലേ, നമ്മുടെ കുടുംബാന്തരീക്ഷവും സാഹചര്യങ്ങളും സമൂഹവുമൊക്കെ നമ്മുടെ വിശ്വാസം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

 

                    അപ്പോൾ എന്താണ് അന്ധവിശ്വാസം? നമ്മുടെ ബുദ്ധിക്കും യുക്തിക്കും അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളിലുള്ള വിശ്വാസം, അത് നമുക്കോ മറ്റുള്ളവർക്കോ സമൂഹത്തിനോ -ഒരു ഗുണവും വരുത്തുന്നില്ല എന്ന് തന്നെയല്ല, ഉപദ്രവമാവുക കൂടി ചെയ്യുകയാണെങ്കിൽ അതിനെ അന്ധവിശ്വാസമെന്ന് വിളിക്കാം. പ്രകൃതി ശക്തികളെ ഈശ്വരനെന്നോ, ഈശ്വരതുല്യരെന്നോ വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ചന്ദ്രനിൽ മനുഷ്യൻ ചെന്നതും, ചാന്ദ്രികമണ്ഡലം പല നിരീക്ഷണ പരീക്ഷണങ്ങൾക്കും വിധേയമാക്കി എന്നുള്ളതും ഉൾക്കൊള്ളാൻ പറ്റാത്ത ഒരു വിഭാഗം ഇന്നും നമ്മുടെ ഇടയിലുണ്ട്. ഭൂമി ഉരുണ്ടതാണെന്നുള്ള സത്യം ഉറക്കെ വിളിച്ചു പറഞ്ഞതിന് സ്വന്തം സമുദായത്തിൽ നിന്നുത്തന്നെ പീഡനങ്ങളേൽക്കേണ്ടിവന്ന സംഭവങ്ങളും അന്ധവിശ്വാസത്തിന്റെ ക്രൂരതകളിലേക്കാണ് വിരൽ ചൂണ്ടുക. ചൊവ്വാദോഷമുള്ള പെൺകുട്ടികൾ അതെപ്പോലെ ചൊവ്വാദോഷമുള്ള പുരുഷന്മാരെ കാത്തിരുന്ന്, ഒടുവിൽ അവർ കുടുംബത്തിനും സമൂഹത്തിനും മനോവേദനയായി മാറുന്ന കാഴ്ചകൾ നമ്മൾ എത്രയോ കണ്ടിരിക്കുന്നു. ഇത്തരം യുക്തിസഹമല്ലാത്ത വിശ്വാസങ്ങളും അതുണ്ടാക്കുന്ന അനാചാരങ്ങളുമാണ് അന്ധവിശ്വാസത്തിന്റെ പരിധിയിൽ വരുക.

 

                    ഈ അടുത്തകാലത്ത്, അക്ബർ ജോസിന്റെ സംവിധാനത്തിൽ ദിലീപും കാവ്യ മാധവനും ചേർന്നഭിനയിച്ച “സദാനന്ദന്റെ സമയം” എന്ന സിനിമ, അന്ധവിശ്വാസങ്ങളുടെ നീർച്ചുഴിയിൽപ്പെട്ട് തകർച്ചയുടെ വക്കിലേക്ക് വീണുപോകുന്ന ഒരു കുടുംബത്തിന്റെ കഥയാണ് പറയുന്നത്. സദാനന്ദൻ ഒരു സ്കൂൾ ടീച്ചറാണ്. കുട്ടികൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് കൊടുക്കേണ്ട ആൾ. ഒരു പക്ഷെ അത് തന്നെയായിരിക്കും ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ട്രാജഡി. ചെറിയ അന്ധവിശ്വാസങ്ങളിലൂടെ വലിയ ഒരു ദുരന്തത്തിലേക്കാണ് അയാൾ ചെന്നെത്തുക. ചിത്രത്തിന്റെ ഒടുക്കം ഒരു വ്യാവസായിക സിനിമയുടെ പര്യവസാനമാണെങ്കിൽക്കൂടി അത് നൽകുന്ന സന്ദേശം ചെറുതല്ല. അന്ധമായ വിശ്വാസങ്ങളിൽ ജീവിക്കുന്ന സ്കൂൾ ടീച്ചറായ നായകൻ തന്റെ വിദ്യാർത്ഥികളിലേക്ക് നൽകുന്ന സന്ദേശവും അത്തരത്തിലുള്ളതായിരിക്കുമല്ലോ. ഇവിടെ നമ്മൾ മനസ്സിലാക്കേണ്ടത് നിരക്ഷരതയോ, അറിവില്ലായ്മയോ അല്ല, അന്ധവിശ്വാസങ്ങൾക്ക് കാരണമായി മാറുന്നത്., ഒരുപക്ഷെ അത് അതിന്റെ ഒരു ഭാഗമായിരിക്കാം എന്നെയുള്ളൂ.

 

                   ഒന്നോർക്കുക, സമ്പൂർണ സാക്ഷരത നേടിയ സംസ്ഥാനമാണ് കേരളം. 1991 ഏപ്രിലിൽ ആണ് സമ്പൂർണ സാക്ഷരത പ്രഖ്യാപനം നടത്തുന്നത്. അന്ന് 90% മാത്രം ഉണ്ടായിരുന്ന സാക്ഷരതാനിരക്ക്, മുപ്പതു കൊല്ലങ്ങൾക്ക് ശേഷം ഇന്ന്, അന്നത്തെ സാക്ഷരതാനിരക്കിനെക്കാളും എത്രയോ ഉയർന്നിട്ടുണ്ടാവും. സാക്ഷരത എന്നതുകൊണ്ട് അക്ഷരങ്ങൾ എഴുതാനും വായിക്കാനും അറിഞ്ഞിരിക്കുക എന്നാണർത്ഥമാക്കുന്നതെങ്കിൽകൂടി, അറിവിനുള്ള ദാഹം ഓരോ കേരളീയ മനസിലും മുളയെടുത്തു തുടങ്ങി എന്നതിന്റെ ശുഭസൂചനയായി ഈ സാക്ഷരതാവർധനവിനെ നമുക്ക് വിലയിരുത്താം. ജില്ല തിരിച്ചുള്ള കണക്കെടുക്കുമ്പോൾ പത്തനംതിട്ട ആയിരുന്നു ഏറ്റവും കൂടുതൽ സാക്ഷരത നേടിയ ജില്ല. എന്നിട്ടോ…? ഈ അടുത്ത ദിവസങ്ങളിൽ പത്തനംതിട്ടയിലെ ഇലന്തൂരിൽ നടന്ന അരുംകൊലയുടെ പിന്നാമ്പുറ കഥകൾ നമ്മോട് സംവദിക്കുന്നത് അന്ധവിശ്വാസങ്ങളുടെ ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങളെക്കുറിച്ചാണ്. സാമ്പത്തികാഭിവൃദ്ധി ഉണ്ടാകാനും എല്ലാ തടസ്സങ്ങളും നീങ്ങാനും നടത്തിയ മനുഷ്യക്കുരുതി ലോക മനസാക്ഷിയെത്തന്നെ ഞെട്ടിക്കുന്നതായിരുന്നു. ഒരു സ്ത്രീയുടെ കുരുതി പരിഹാരം കണ്ടില്ലെന്ന് വന്നപ്പോൾ അടുത്ത സ്ത്രീയെ കൂടി കുരുതി കൊടുത്ത മനുഷ്യക്കൂട്ടങ്ങളെ…! മനുഷ്യൻ എന്ന പേരിനുതന്നെ നിങ്ങൾ അപമാനം വരുത്തിയിരിക്കുന്നു. ഹേ അന്ധവിശ്വാസമേ… ഇത്ര മാത്രം ക്രൂരത പതിയിരിക്കുന്ന ഒരു ചെളിക്കുണ്ടാണോ നിന്റെ അന്തരംഗം. രണ്ടു മനുഷ്യജീവനാണിവിടെ പൊലിഞ്ഞസ്തമിച്ചത്. ഒരിക്കലും പൊറുക്കാനാവാത്തതും മറക്കാനാവാത്തതുമായ മഹാപാതകം തന്നെ… എന്നാൽ പ്രബുദ്ധമെന്ന് നാഴികയ്ക്ക് നാല്പതുവട്ടം പറയുന്ന കേരളീയ മണ്ണിലാണ് ഇത് സംഭവിച്ചതെന്ന് പറയുമ്പോൾ ഹേ, ദൈവത്തിന്റെ സ്വന്തം നാടേ… ഇതിലും വലിയ ലജ്ജാകരമായ മറ്റെന്തുണ്ട്. 

 

            ഈ സംഭവത്തെ കേരളമനസാക്ഷി ആകെ അപലപിച്ചു. പ്രതികൾക്ക് നേരെ വിരൽചൂണ്ടി. അതിനു കാരണമായ അന്ധവിശ്വാസത്തിന്റെ നീരാളിപിടുത്തത്തെ പ്രതികൂട്ടിൽ നിർത്തി, ശരി തന്നെ. പക്ഷെ ഇന്ന് വാദിഭാഗത്ത്നിന്ന് വിരൽചൂണ്ടുന്ന നാം സ്വയമൊന്ന് ആത്മശോധന ചെയ്യേണ്ടതുണ്ട്. ഇത്രയല്ലെങ്കിൽ കൂടി ചെറിയ ചെറിയ അബദ്ധജടിലമായ വിശ്വാസങ്ങൾ നമ്മുടെ ഉള്ളിലും വിഷം ചീറ്റിയാടുന്നില്ലേ. ഒരു വീടു പണിയുമ്പോൾ സ്ഥാനനോട്ടക്കാരെയും ജ്യോതിഷക്കാരെയും സമീപിച്ച് ദോഷം തീർക്കാൻ നോക്കുന്ന സങ്കുചിത മനസ്ഥിതിയുടെ ഉടമകളല്ലേ നമ്മിൽ ചിലരെങ്കിലും. ഒരു മംഗളകാര്യത്തിനിറങ്ങുമ്പോൾ ഉത്തരത്തിലിരുന്ന് ഒരു പല്ലി എങ്ങാനും ചിലച്ചാൽ വിറക്കുന്ന മനസ്സുകളോട് കൂടിയവരല്ലേ നാം. പിന്നെ അതിന്റെ കാര്യകാരണങ്ങൾ തേടി നമ്മുടെ മനസ്സ് വളരെ ദൂരം സഞ്ചരിക്കുന്നില്ലേ…? വീട് വെഞ്ചിരിക്കാൻ പണിക്കൻ കൊടുത്തയച്ച കുറിപ്പടി അനുസരിച്ച് വെഞ്ചിരിപ്പിന്റെ സമയം ക്രമീകരിക്കുന്നവരല്ലേ നമ്മൾ…? ജാതകവും ജാതകപ്പൊരുത്തവുമെല്ലാം നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു. സ്ത്രീക്കും പുരുഷനും ഉത്തമമായ കാമദേവാകർഷണ ഏലസ്സിനെ കുറിച്ച് വായിച്ചുകേട്ടു. പിണങ്ങിപ്പോയ ഭാര്യ ഭർത്താക്കന്മാരെ തമ്മിൽ കൂട്ടി യോജിപ്പിക്കാനും നഷ്ടപ്പെട്ടുപോയവരെ തിരിച്ചുകൊണ്ടുവരുന്നതിനും ഈ ഏലസ്സ് അത്യുത്തമമാണത്രെ. അങ്ങനെ സാക്ഷര കേരളം ഏലസ്സ് കെട്ടികൊണ്ട് തന്നെ മുന്നോട്ട് പോയികൊണ്ടിരിക്കുന്നു. പിന്നെ പെട്ടെന്ന് പണക്കാരനാകാനുള്ള ഒരു യന്ത്രം ഉണ്ടത്രേ… 'കുബേർ കുഞ്ചി' എന്ന് പറയും. മൂവായിരത്തോളം രൂപ വിലയുള്ള ഈ ധനാകർഷണ യന്ത്രം വാങ്ങിയാൽ നാൽപ്പത്തഞ്ചു ദിവസത്തിനകം പണക്കാരനാകാമെന്നാണ് പറയപ്പെടുന്നത്. ഈ യന്ത്രം വിറ്റ് കോടികളാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘം നേടിയിട്ടുള്ളത്. അതിന്റെ പരസ്യത്തിലൂടെ ചാനലുകാരും പത്രക്കാരും വൻതുക കൈപ്പറ്റിയിടുണ്ടത്രേ. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന പ്രബുദ്ധരും സാക്ഷരരുമായ കേരളീയരിൽ ചിലരെങ്കിലും സ്വയം വിഡ്ഢികളാണെന്ന് സമ്മതിക്കുകയാണ്. പണ്ടാരോ പറഞ്ഞിട്ടുള്ളതുപ്പോലെ, “ലോകത്തിൽ വിഡ്ഢികൾ ഉള്ളിടത്തോളം കാലം ഹൃദയമില്ലാത്തവർക്ക് ജീവിക്കാൻ ഒരു ബുദ്ധിമുട്ടുമുണ്ടാവിലത്രേ”.

 

                   ഈ വക കാര്യങ്ങൾ പിന്തുടരുന്നത് നിരക്ഷരരല്ല, അറിവില്ലാത്തവരുമല്ല. സമൂഹത്തിലെ ഉന്നതന്മാർ പോലും ജ്യോതിഷക്കാരെയും മന്ത്രവാദികളെയും സമീപ്പിച്ച് ഏലസ്സിലും മാന്ത്രികതക്കിടുകളിലും ആശ്വാസം കണ്ടെത്തുന്നത് എത്രയോ ദൗർഭാഗ്യകരമാണ്. ഒരിക്കൽ ദേവാലയത്തിൽനിന്ന് ഇറങ്ങുമ്പോൾ ഒരു നോട്ടീസ് കൈയിൽ കിട്ടി. തലക്കെട്ട് ഇങ്ങനെയായിരുന്നു. "വേളാങ്കണ്ണി മാതാവ് വഴിയായുള്ള അത്ഭുതം. ഈ നോട്ടീസിന്റെ ആയിരം കോപ്പികൾ അച്ചടിച്ചു വിതരണം ചെയ്ത ഒരാൾക്ക് അഞ്ചു ലക്ഷം രൂപ ലോട്ടറി അടിച്ചു. ഇതിനെ നിഷേധിച്ച് നോട്ടീസ് കൈയിൽ കിട്ടിയ ഉടനെ കീറി കളഞ്ഞ ഒരാളുടെ മൂത്തമകൻ മരണപ്പെട്ടു." അതുകൊണ്ട് ഈ നോട്ടീസ് കൈയിൽ കിട്ടിയാലുടനെ ഇതിന്റെ ആയിരം കോപ്പിയെടുത്ത് വിതരണം ചെയ്യണം. അതിന്റെ പിന്നാലെ ഓടാനും കുറെപ്പേരെങ്കിലും കാണും.

 

                   ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഈ അന്ധവിശ്വാസങ്ങളുടെ പുറകെ പായുന്നത് തീർത്തും ദൗർഭാഗ്യകരംതന്നെ. സമ്പൂർണസാക്ഷരത നേടിയ കേരളം ഇതുപോലുള്ള ചില സംഭവങ്ങളുടെപ്പേരിൽ ലോകത്തിന്റെ മുന്നിൽ തലകുനിച്ച് നിൽക്കേണ്ട ഗതികേട് ഇനിയൊരിക്കലും ഉണ്ടാകരുത്. നിരക്ഷരതയോ, സാമ്പത്തികപരാധീനതയോ, അതിനു കാരണം എന്ത്തന്നെയായാലും അത് പരിഹരിച്ചേ ഒക്കൂ… ഒരു നിയമനിർമ്മാണമാണ് അതിനു പരിഹാരമെങ്കിൽ അങ്ങനെ… അന്ധവിശ്വാസങ്ങളുടെ പുറകെ പായുന്നവരെയും അതിന് പ്രചാരണം നൽകുന്ന പത്രക്കാരെയും മീഡിയക്കാരെയും നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇനി മേലിൽ ഒരു “ഇലന്തൂർ” കൂടി ഇവിടെ സംഭവിക്കാതിരിക്കട്ടെ. “ഗ്രീഷ്മമാർ” ഇനിയും ഇവിടെ ഉണ്ടാകാതിരിക്കട്ടെ. നല്ല വിശ്വാസങ്ങൾ മാത്രം വെച്ച് പുലർത്തുന്ന ഒരു ജനത ഇവിടെ പുനർജ്ജനിക്കട്ടെ. അങ്ങനെ ഒരു നവകേരള സൃഷ്ടിക്കായി നമുക്ക് കൈകോർക്കാം…….!