Skip to main content
Srishti-2022   >>  Article - Malayalam   >>  സാമൂഹിക മാധ്യമങ്ങൾ: പ്രതിസന്ധിയും പ്രതിവിധികളും

Nithin Eldho Abraham

Fakeeh Technologies Trivandum

സാമൂഹിക മാധ്യമങ്ങൾ: പ്രതിസന്ധിയും പ്രതിവിധികളും

"നിയന്ത്രണങ്ങളിലാത്ത  മാധ്യമം  നിന്റെ  കൈയിലുള്ള  ആയുധം  പോലെ!. അതൊരു  പട്ടാളക്കാരന്റെ  തോക്കോ  ഒരു  തീവ്രവാദിയുടെ  വാളോ ആകാം."

 

കൊറോണ  കാലം. ഒറ്റയ്ക്ക്  ഒരു  റൂമിൽ  ക്വാറന്റീൻ  ഇരിക്കുന്ന  ഞാൻ. പക്ഷെ  ഒറ്റയ്ക്ക്  ആണെന്ന ഒരു  തോന്നൽ  ഒരു  നിമിഷം  പോലും  എന്നെ അലട്ടുന്നില്ല. എന്നത്തേയും  പോലെ  തന്നെ  വാട്സ്ആപ്പ്, സ്റ്റാറ്റസ് , ഇൻസ്റ്റ, നെറ്റ്ഫ്ലിക്സ്, ട്വിറ്റെർ. ജീവിതത്തിനു  പ്രത്യേകിച്ച്  ഒരു   മാറ്റവും  വന്നില്ല. പെട്ടെന്ന്  ഒരു  ഇരുപതു  കൊല്ലം  പുറകോട്ട്  പോയി. ചിക്കൻ  പോക്സ്  കാരണം  ഇതുപോലെ  ക്വാറന്റീൻ  ഇരിക്കുന്ന  കാലം. അന്ന്  പക്ഷെ  നിരാശയുടെ  ഘട്ടം  കഴിഞ്ഞു  ക്ലിനിക്കൽ  ഡിപ്രെഷനിൽ  എത്തിയ  സാഹചര്യം. ശാസ്ത്ര സാങ്കേതിക  വളർച്ചയുടെ  ഈ  ഉപകരണങ്ങൾ  നമ്മളെ  സ്വാധീനിക്കുന്നത് എങ്ങനെയുമാകാം. വിദേശ  രാജ്യത്തു  പാസ്പോർട്ട് കളഞ്ഞു  പോയാൽ  നമുക്ക് നേരെ  വിദേശ കാര്യ മന്ത്രിയിനെ  ട്വീറ്റ്  ചെയ്യാം. വർഷങ്ങൾക്  മുന്നേ  നഷ്ടപെട്ട  സൗഹൃദം  ഒറ്റ  നിമിഷം  കൊണ്ട്  തിരിച്ചു  പിടിക്കാം. ഇതെല്ലാം  ഈ ആധുനിക  ഉപകരണങ്ങൾ  നമുക്ക് തന്ന  പ്രത്യേകാനുകൂല്യങ്ങൾ  ആണ് .എന്നാൽ  ഒന്നും ഒരിക്കലും  വെളുപ്പും  കറുപ്പും  അല്ല , "ഷേഡസ്  ഓഫ്  ഗ്രേ", ചാരനിറമാണ്  എല്ലാത്തിനും. ഈ  പ്രത്യേകാനുകൂല്യങ്ങൾ  നമുക്ക് സൗജന്യമല്ല  പകരം  നമ്മൾ  കൊടുക്കുന്നത് എന്താണെന്നു നമ്മളറിയുന്നതു  പോലുമില്ല.

 

"ബിഗ്  ബ്രദർ ഈസ്  വാച്ചിങ്"

 

1949ഇൽ പ്രസിദ്ധീകരിച്ച  ശ്രീ  ജോർജ് ഓർവെലിന്റെ  ലോകപ്രസിദ്ധമായ  നോവലായ  "1984" ഇൽ  ഭാവിയിൽ  നടക്കുവാൻ  സാധ്യതയുള്ള ഒരു  രാഷ്ട്രീയ  സാമൂഹിക  സാഹചര്യം വരച്ചു  കാട്ടുന്നു. ഇന്നും  വളരെ  പ്രസക്തമായി  തോന്നുന്ന  ആ  നോവലിന്റെ  പല  ഭാഗങ്ങളും  ഇന്ന്  നമ്മൾ  നേരിട്ട്  അനുഭവിക്കുന്നു . പ്രോപഗണ്ടയുടെ  ഭാഗമായി  ഒരു  ഗവണ്മെന്റ്  തന്നെ  വ്യാജ  വാർത്തകൾ കൊണ്ട്  ഒരു  സമൂഹത്തെ  നിയന്ത്രിക്കുന്നു. സ്വകാര്യത  വെറും  ഭാവനായി  മാറുന്നു. എപ്പോഴും തുറിച്ചു  നോക്കുന്ന  ഒരു  മുതിർന്ന  സഹോദരൻ  നമ്മുടെ  കൂടെയുണ്ടെന്ന്  നിരന്തരം  ഓർമിപ്പിക്കുന്നു. ഫോൺ  ടാപ്പിംഗ്  മുതൽ  പെഗാസസ്  വരെ  ഇന്നത്തെ  അധികാര  കേന്ദ്രങ്ങൾ  നമ്മുടെ  സ്വകാര്യതയിൽ  നടത്തുന്ന  കടന്നുകയറ്റം  അതിൽ  ചിലത്  മാത്രം. അറിഞ്ഞതിലും  എത്രയോ  അധികമാണ്  ആ  നിരീക്ഷകന്റെ റേഞ്ച്.

 

"കേംബ്രിഡ്ജ് അനാലിറ്റിക്ക  അഥവാ  മനഃശാസ്ത്ര  യുദ്ധ  തന്ത്രം"

 

ഡൊണാൾഡ്  ട്രംപ്ന്റെ യു എസ്  പ്രസിഡന്റ്  വിജയം  പലർക്കും  അവിശ്വസനീയം   ആയിരുന്നു. ഇലക്ഷന്  തൊട്ട് മുന്നേ  വരെയുള്ള  സാധ്യതാപട്ടികയിൽ പുറകിലായിരുന്ന  ട്രംപ്ന്റെ ഈ  വിജയം  പല  അന്വേഷണങ്ങൾക്കും  വഴി  വെച്ചു. അങ്ങനെയാണ്  ഫേസ്ബുക്  ഉപയോഗിക്കുന്നവരുടെ സ്വകാര്യ  വിവര  ശേഖരണം നടത്തി കൃത്യമായി ഒരു ഗൂഢലക്ഷ്യത്തോടെ  നടത്തിയ  ഒരു തിരഞ്ഞെടുപ്പ്  പ്രചരണത്തിന്റെ  കഥകൾ  ലോകം  അറിയുന്നത്. കേംബ്രിഡ്ജ് അനാലിറ്റിക്ക എന്ന  കമ്പനി  നടത്തിയ ഡിജിറ്റൽ  പ്രചരണങ്ങൾ എതിർ  സ്ഥാനാർത്ഥിയായിരുന്ന  ഹിലരി  ക്ലിന്റനു  എതിരെയുള്ള  വ്യാജ  വാർത്തകൾ  മുതൽ  ഡീപ്  ഫേക്  വാർത്തകൾ  വരെ  ഉൾപ്പെടുത്തിയിരുന്നു. ഒരു  വാർത്തയ്ക്കു  പോലും  ഫേസ്ബുക്കിനെ  ആശ്രയിക്കുന്ന  നമുക്കു  അതിന്റെ  അപകടം  ഇപ്പോഴും  വ്യക്തമായിട്ടില്ല. നമ്മുടെ  ഇന്നത്തെ  സ്വഭാവ  രൂപീകരണവും ചേരി  തിരിവുകളും  ഡിജിറ്റൽ  മാർകെറ്റിംഗിന്റെ  മനഃശാസ്ത്ര  യുദ്ധ  തന്ത്രത്തിന്റെ  ഭാഗമാണെന്ന്  നമ്മുക്കു  ഇപ്പോഴും  വിശ്വസിക്കാൻ  സാധിച്ചിട്ടില്ല.

 

"മീഡിയ ഒരു നിയോ  ജുഡീഷ്യറി?"

 

കോടതിയുടെ  പരിഗണനയിലിരിക്കുന്ന  പല  പ്രമുഖ  കേസുകളും  പൊതുസമൂഹം  ചർച്ച  ചെയുന്നത്  സ്വാഭാവികമാണ് . എന്നാൽ  സാമൂഹിക  മാധ്യമങ്ങൾ  ഈ  ചർച്ചയെ  മാധ്യമ  വിചാരണം  എന്ന  തലത്തിലേക്ക്  ഉയർത്തികൊണ്ട്  വന്നിരിക്കുന്നു . പലപ്പോഴും  ശെരി  തെറ്റുകളുടെ  ഇടയിലെ  നേർരേഖ  വളരെ  ചെറുത്  ആണെന്നിരിക്കെ  ഈ  വിചാരണകൾ  ജുഡിഷ്യറിനെ  പോലും  സ്വാധീനിക്കുവാൻ  ശേഷി  ഉള്ളവ  തന്നെയാണ് . പല  ജഡ്‌ജിമാരും  ഇത്തരം  മാധ്യമങ്ങളിൽ  നിന്ന് മാറി  നിൽക്കണമെന്നു  നിർദ്ദേശമുണ്ടെങ്കിലും  മനുഷ്യൻ  എന്ന  സാമൂഹിക  ജീവിക്കു  ഇതിൽ  നിന്ന്  സ്പഷ്ടമായ  മോചനം  പ്രാപ്യമല്ല. ഇതിൽ  പങ്കാളി  ആകുന്നതോടെ  വസ്തുനിഷ്ഠമായ  വിലയിരുത്തലുകൾ  നമുക്ക്  നഷ്ടപ്പെടുന്നു . മാർക്ക്  ആന്റണിയുടെ  വരവ്  വരെ  ബ്രൂട്സ്നെ  അനുകൂലിച്ച ഒരു  ജനത  ഉണ്ടായിരുന്നു . ഇന്നും  ആ  ജനത  അതുപോലെ  നിലനിൽക്കുന്നു , ആർജവത്തോടെ .

 

"നിരൂപണം  വെറും  ഹോബിയാകുമ്പോൾ "

 

സാമൂഹിക  മാധ്യമങ്ങളുടെ  വരവോടെ  കലയ്ക്കു  ഒരു  പുത്തൻ  പരിവേഷം  പ്രാപിക്കുകയുണ്ടായി . തികച്ചും  സ്വന്തന്ത്രവും  വിപുലവുമായ  ഒരു  വേദി  അവർക്കു  ഒരുങ്ങിക്കിട്ടി . ഇന്ന്  ഷോർട്  ഫിലിം  മുതൽ  കവർ  മ്യൂസിക്  വരെ  ലഭിക്കുന്ന  വമ്പിച്ച  ജനപ്രീതി  ഈ  വേദിയുടെ  ബാക്കിപത്രമാണ് .എന്നാൽ  ഇതിന്റെ  കൂടെത്തന്നെ  വളർന്നു  വന്ന  ഒരു സബ് ടെക്സ്റ്റ് ആണ്  ഡിജിറ്റൽ  നിരൂപണം . ഒരു  കലാസൃഷ്ടി  ആസ്വദിച്ചു  അല്ലെങ്കിൽ  ഇഷ്ടപ്പെട്ടില്ല എന്ന്  പറയുന്നത്  ഓരോരുത്തരുടെയും  അടിസ്ഥാന  അവകാശമാണ് . എന്നാൽ  ഒരു  പ്രോപഗണ്ടയുടെ  ഭാഗമായി  കലാവിഷ്കാരം  പുനഃക്രമീകരിക്കണം എന്നായി  ഇന്നത്തെ  നിരൂപണം. കല  കലക്ക്  വേണ്ടി  എന്നതിൽ  തുടങ്ങി  കല  ജീവിതത്തിനു  വേണ്ടിയും  കഴിഞ്ഞു  ഒരു  പ്രതേക  കല  മാത്രം  ഇവിടെ മതി   എന്ന  അവസ്ഥയിലേക്ക് എത്തി  നില്കുന്നു. 

 

"സ്വാധീന  വലയം  എന്ന  പാണ്ടോറാസ്  ബോക്സ് "   

 

നൈജീരിയയിലെ  രാജാവിന്  വേണ്ടി  സഹായം  അഭ്യർത്ഥിച്ചുകൊണ്ടുള്ള  മെയിലുകൾ  നമ്മളിൽ  പലർക്കും  പലപ്പോഴായി  കിട്ടിയിട്ടുണ്ട്. ആ  സഹായാഭ്യര്ഥന നിരസിച്ചുകൊണ്ട് അവ  ഡിലീറ്റ്  ചെയ്യാനും  നമുക്കു  കഴിഞ്ഞിട്ടുണ്ട് . സാങ്കേതിക  വിദ്യയും  സാമൂഹിക  മാധ്യമങ്ങളും  നമ്മളെ  നിയ്രന്തിക്കുന്ന ഈ  കാല ഘട്ടത്തിൽ  ഇതുപോലെയുള്ള  സൈബർ  ചതിക്കുഴികളിൽ  പെട്ടുപോകുന്നവർ  ഇന്ന്  നിരവധിയാണ്. അതിൽ  അകപ്പെട്ടു  പോകുന്നവരാകട്ടെ കൂടുതലും  ദുർബല വിഭാഗങ്ങളെന്നു  നമ്മൾ വിശേഷിപ്പിക്കുന്നവരാണ്. എളുപ്പത്തിൽ  സ്വാധീനിക്കപ്പെടുന്നവർ. പാണ്ടോറയിലെ  പെട്ടി തുറന്നു വരുന്ന  ദുർഭൂതങ്ങൾ  ഇവരെ  വിഴുങ്ങാൻ  കാത്തുനിൽക്കുന്നു. സൈബർ  കുറ്റകൃത്യങ്ങൾ  ഏറ്റവും  കൂടുതൽ  റിപ്പോർട്ട്  ചെയ്ത  വർഷമാണ്  2022,  ഏകദേശം  7 ലക്ഷത്തോളം  കേസുകൾ. വെബ്സൈറ്റ്കൾ  ഹാക്ക്  ചെയ്തു  മോചന  ദ്രവ്യം  ആവശ്യപ്പെടുന്ന  വൈറസ്  അറ്റാക്കുകൾ  റാംസംവെയർ, വാനാക്രൈ പോലെയുള്ളവ ഇന്നൊരു  സ്ഥിരം  വാർത്തയാകുന്നു.

 

"പ്രതിവിധി  എന്ന  വിഡ്ഢിയുടെ  സ്വർഗം"

 

ജീവിതത്തിന്റെ  സർവ  മേഖലയിലും  സാമൂഹിക  മാധ്യമങ്ങൾ  ശക്തമായ  സ്വാധീന  വലയം  തീർത്തു  കഴിഞ്ഞിരിക്കുന്നു. ഇവയെ  മാറ്റി  നിർത്തികൊണ്ടുള്ള  ഒരു  സാമൂഹിക  ജീവിതം  ഇന്ന്  അപ്രാപ്ത്യമാണ്. എന്നാൽ  ഇതിന്റെ  പരിധി  നിയന്ത്രിക്കാനുള്ള അറിവും  കഴിവും  നമുക്കു  വളർത്തിയെടുക്കുവാൻ സാധിക്കും. വ്യാജ  വാർത്തകൾ  തിരിച്ചറിഞ്ഞു  എത്രയും  വേഗം  തന്നെ  അവ  തടയാനുള്ള മാർഗം  ഡേറ്റ സയൻസ് വഴി പല  സാമൂഹിക  മാധ്യമങ്ങളിലും  ഇന്ന്  പ്രാവർത്തികമായിട്ടുണ്ട് . ഇത്തരം  വാർത്തകൾ  ജനങ്ങളിലേക്കു  എത്തുന്നത്  മുന്നേ  തന്നെ  തടയാനുള്ള പല  മാര്ഗങ്ങളും  സാങ്കേതികപരമായിട്ടും  രാഷ്ട്രീയപരമായിട്ടും  നടത്തേണ്ടതാണ്. സൈബർ  പോലീസും  നാഷണൽ  ഡിജിറ്റൽ  പോളിസിയും  മറ്റും ഇതിലേക്കുള്ള  ആദ്യ  പടികൾ  മാത്രമാണ്.

 

സ്വകാര്യ  വിവര  ശേഖരണവും  അതിന്റെ  ഉപയോഗവും  രാജ്യാതിർത്തി  കടന്നു  പോകുന്നത്  തടയാനും  അടിസ്ഥാന  വിവരങ്ങൾ  എൻക്രിപ്ട്  ചെയ്തു സംരക്ഷിക്കുവാനും യൂറോപ്യൻ  യൂണിയൻ പോലെയുള്ള  സംഘടനകൾ തുടങ്ങിയ   പൊതുവായ  വിവര  സംരക്ഷണ  നിയന്ത്രണങ്ങൾ (General Data Protection Regulation) നമുക്ക്  വഴികാട്ടിആയി  നിലനിൽക്കുന്നു . 2017 ലെ പുട്ടുസ്വാമി കേസ്  വിധി  നമ്മുക്ക്  ഒരു  വഴി  തുറന്നു  തന്നിട്ടും  ഇന്നും  പാര്ലമെന്റ്  പാസ്സാക്കാതെ  നീണ്ടു  പോകുന്ന  വിവര  സംരക്ഷണ  നിയന്ത്രണ  ബില്  നമ്മളെ  പുറകോട്ട്  അടിക്കുന്നു.

 

സാധാരണക്കാരന് ഇതിൽ നിന്നുള്ള പ്രതിവിധി  ഒരു  അടിസ്ഥാന  സാമാന്യ  അവബോധം  സൃഷ്ടിക്കുക  എന്നതാണ്. "കോമണ് സെൻസ്  ഈസ്  നോട്  സൊ  കോമണ്  അറ്റ്  ഓൾ" എന്ന്  പറയുന്നത്  പോലെ  ഈ  പ്രതിവിധിയും  എളുപ്പമല്ല . ഒരു  വാർത്ത  അല്ലെങ്കിൽ  ഒരു  വിവരം  നമ്മുടെ  മുന്നിൽ  എത്തുമ്പോൾ അത്  വസ്തുനിഷ്ടമായി  വിലയിരുത്തുക  എന്നതാണ്  ഈ  അവബോധത്തിന്റെ  ആദ്യ  പടി . ഇതിനു  തെളിവുകൾ  അടിസ്ഥാനമാക്കി  ഒരു  ശാസ്ത്രീയ രീതിശാസ്ത്രം  അവലംബിക്കുന്നത് വഴി  കൂന  പോലെ  പൊങ്ങി  വരുന്ന  വാട്സ്ആപ്പ് യൂണിവേഴ്സിറ്റികൾക്കു  നിലനിൽപ്  കാണില്ല. എന്നാൽ  ഈ  രീതിശാശ്ത്രം  പ്രചരിപ്പിക്കുവാൻ  സാമൂഹ്യ  മാധ്യമം  പോലെ  ഫലപ്രദമായ  വഴിയില്ല എന്നത് ഈ  വഴികൾ  ഓരോന്നും അനിവാര്യമായ  തിന്മകളായി നിലനിൽക്കുന്നു.

 

"ഈ  ആയുധവും  നിന്റെ  അടുക്കൽ  വരും . നീ  തീരുമാനിക്കുക  അത്  നിന്റെ  തലയ്ക്കു  മുകളിൽ  ഓങ്ങി  നിൽക്കുന്ന  വാളാണോ  അല്ലയോ എന്ന് ."