Skip to main content
Srishti-2022   >>  Poem - Malayalam   >>  തിരിഞ്ഞോട്ടം

George Manamel

UST Trivandrum

തിരിഞ്ഞോട്ടം

കുറവുകളേറെ തിരിഞ്ഞൊരു കാലമെന്നറിഞ്ഞു ഞാൻ നിനയ്ക്കുന്നു തിരികെനടക്കണം

 

പിഴവിൻറെ വളവുകളതെല്ലാം തിരഞ്ഞവിടൊരുവട്ടമെങ്കിലും പതറാതെനിൽക്കണം

 

കരുത്തിൻറെ ചുമരിൽ ഞാൻ കരുതാതെ കോറിയ കപടതകളൊക്കെയും കഴുകിക്കളയണം

 

കരണീയമെന്തെന്നതറിയാതെ കാലുഷ്യം കലർത്തിയ ചിന്തയിൽ തിരിച്ചറിവേകണം

 

പതിരുകൾ മാത്രമെന്നറിഞ്ഞു ഞാൻ പരതിയപ്പാടത്തിന്നോരത്തെ പടവുകളുടയ്ക്കണം

 

മാറ്റമുൾക്കൊള്ളാതെയിനിയും നിലകൊള്ളും താന്പോരിമതൻറെ മതിലുകളിടിക്കണം

 

അലിവാർത്തിരമ്പിയ പുഴകളുടെ നദികളുടെ ഗതിയതു തടഞ്ഞൊരാ തടയണമുറിയ്ക്കണം

 

നേരിന്റെ കാണാനേർവഴികൾ തടുത്തോരാ കൂർത്തമുൾവേലികൾ ചുവടേ തകർക്കണം

 

അന്നിരുളിൻറെ തീരാക്കയങ്ങളിൽ തരംപാർത്ത യക്ഷഗന്ധർവ്വൻമാർ മറഞ്ഞുവോ അറിയണം

 

നിലാവെള്ളിശകലങ്ങൾ ദിനം കാത്തു പരതിപ്പിടഞ്ഞൊരാ വഴികളിൽ നിർഭയം നടക്കണം

 

കാഴ്ചമറച്ചു വെയിൽ കാണാതിടംകൊണ്ട കാർമേഘപാളികൾ ചുരന്നുവോ അറിയണം

 

കണ്ണുനീർപുഴയിൽ ഞാൻ തുഴയാനൊരുക്കിയ കടലാസുതോണികൾ നനഞ്ഞുവോ നോക്കണം

 

വിളവിന്റെ കാലത്തു വീതുളിയെറിഞ്ഞു മുറിച്ചൊരാ ചില്ലകൾ തളിർത്തെങ്കിൽ കാണണം

 

തണലേകാനപ്പോഴും മടിയൊട്ടുമില്ലെങ്കിൽ തിരികെ ഞാൻ ചെല്ലുമ്പോൾ വിയർപ്പൊന്നകറ്റണം

 

നേർത്ത നൊമ്പരത്തിന്റെയുൾക്കാമ്പുകൾ തൊട്ടു തഴുകിത്തലോടിയാ മുറിവുകളുണക്കണം

 

വീര്യം തികയാതെ വിഷംവീണ്ടുമിറ്റിച്ചു നീലിച്ച ചുണ്ടിൽ തേൻതുള്ളികൾ പകരണം

 

ചീറിത്തിമിർത്തൊരെൻ പൊയ്യാട്ടക്കഥകളിൽ കാമ്പില്ലായിരുന്നെന്നു കാറിക്കരയണം

 

നെഞ്ചകം നീറ്റിയ മോഹഭംഗങ്ങളതിലൊന്നിനു പോലും കഥയില്ലെന്നു പറയണം

 

നുണകളുടെ ചതികളുടെ കാണാപ്പുറങ്ങളിൽ കരുനീക്കമാർക്കെന്നു കണ്ടൊന്നറിയണം

 

പിഞ്ചുകാലടികൾ പിഴച്ചുവീഴാൻ കൂർത്തകന്മുനകളാരങ്ങു പാകിയെന്നറിയണം

 

പിൻകാലടികളിലൊന്നുപോലും ഒട്ടുമിടറാതെ വിറയാതെ ചവിട്ടിത്തികയ്ക്കണം

 

ഇനിയും മരിക്കാൻ വിധിയില്ലാതോർമകൾ വഴിയരികിൽ പുഴുവരിച്ചുണ്ടെങ്കിൽ നീക്കണം

 

ജീർണ്ണിച്ചു മണ്ണായ് മറയേണ്ട ബോധ്യങ്ങൾ നരകിച്ചു കാണുകിൽ സംസ്കരിച്ചീടണം

 

കാക്കതീണ്ടാത്തൊരാ ബലിച്ചോറുരുളകൾ മനസ്സിന്റെ ഓരത്തു വീണ്ടും ഒതുക്കണം

 

അരവയറിന്നവധിമുടക്കാൻ പാഞ്ഞോടിച്ചെന്നച്ഛൻറെ കാലൊച്ച കാത്തൊന്നു നിൽക്കണം

 

അമ്മക്കുമാത്രം വിളമ്പാനറിയുമാ തണലിന്റെ മടിയിലെ മണമൊന്നു മുകരണം

 

എന്നും ദഹിക്കാതെ ശേഷിച്ചിടാനായാ മണ്ണിൽ നിന്നൊരുതരി വായിൽ നിറയ്ക്കണം

 

തലമുറകൾ തളിരിട്ടു പടരാനൊരുക്കിയപ്പടിവാതിലിൽ ഒരു പൊൻതിരിയെരിക്കണം !

 

**ഭൂതകാലത്തിൽ സംഭവിച്ചുപോയ പിഴവുകളൊക്കെയും ഒരു അവസരം കിട്ടിയിരുന്നെങ്കിൽ തിരുത്താമായിരുന്നു എന്ന് നാം പലപ്പോഴും ആഗ്രഹിക്കാറുണ്ട്. ഒരു തിരിച്ചു പോക്ക് അസാധ്യമാണെങ്കിലും, കഴിഞ്ഞുപോയ പല സന്ദർഭങ്ങളും അതിലും മികച്ചതായി കൈകാര്യം ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ചിലപ്പോഴെങ്കിലും ഓർക്കാറുമുണ്ട്. ഒരു "തിരിഞ്ഞോട്ടം" സാധ്യമായിരുന്നെങ്കിൽ ...