Skip to main content
Srishti-2022   >>  Poem - Malayalam   >>  നന്മമരം

Raji Chandrika

Finastra Solutions

നന്മമരം

ഞാനും നീയും പകുത്തിട്ട മണ്ണിൽ

ഞാനും നീയും മതിൽ തീർത്ത മണ്ണിൽ

"നമ്മൾ" എന്നൊരു മരം വളർന്നെങ്കിൽ

അടിയുറച്ച വേരുകൾ പടർന്നിറങ്ങി

അതിർവരമ്പുകൾ തകർന്നെങ്കിൽ

അരിഞ്ഞിടാനാകാത്ത ശിഖരങ്ങൾ വിടർത്തി

അതു തണലായ്‌ നിറഞ്ഞെങ്കിൽ

ജാതിയും മതവും നിറവുമില്ലാതതിൽ

മാറിടും ഋതുക്കൾ വസന്തങ്ങളായെങ്കിൽ

ഒന്നാണ് നമ്മളെന്നോർത്തോർത്തു പാടുവാൻ

കുന്നോളം പക്ഷികൾ ചേക്കേറിയെങ്കിൽ

കൊടികൾ പറക്കാതെ, കാവികൾ തൂങ്ങാതെ

അവിടേയും ഇവിടേയും കൈപ്പത്തി പതിയാതെ

അരിവാളിൻ മൂർച്ചയിൽ നീരുപൊടിയാതെ

കടപുഴകി വീഴാതതു കാടായ്‌ വളർന്നെങ്കിൽ

ഞാൻ ഞാനായിരുന്നെങ്കിൽ നീ നീയായിരുന്നെങ്കിൽ

നാം നാമായി നന്മതൻ നാൻപായിരുന്നെങ്കിൽ

കാട് കാടായിരുന്നെങ്കിൽ നാട് നാടായിരുന്നെങ്കിൽ

നാടിനും കാടിനും നാം കാവലാളായെങ്കിൽ…